കോണ്‍ഗ്രസിലെ പാവം ചാവേറുകള്‍
text_fieldsകോണ്‍ഗ്രസിനെതിരെ, അല്ളെങ്കില്‍ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ ആരെങ്കിലും മോശമായ ഒരു പരാമര്‍ശം നടത്തിയാല്‍ ഉടന്‍ പ്രതിരോധവീര്യവുമായി മാധ്യമങ്ങളുടെ മുന്നില്‍ ചാടിവീഴുന്ന പാര്‍ട്ടി വക്താക്കളാണ് എം.എം. ഹസനും ഷാനിമോള്‍ ഉസ്മാനുമൊക്കെ. വിഷയം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസന്‍െറ നാവ് നീളുന്നതും പാര്‍ട്ടിയുടെ മതേതര പ്രതിബദ്ധത തൊട്ട് ആണയിടുന്നതും ഒന്ന് കാണേണ്ടതു തന്നെയാണ്! കോണ്‍ഗ്രസിന്‍െറ നല്ല കാലത്ത് അബുല്‍ കലാം ആസാദും മറ്റും ആത്മാര്‍ഥതയോടെ നിറവേറ്റിയ ജീവിതനിയോഗത്തിന്‍െറ വര്‍ത്തമാനകാല അപഹാസ്യം എന്ന് അതിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പാര്‍ട്ടിയോടുള്ള അടങ്ങാത്ത കൂറ് തെളിയിക്കാനും കളങ്കമേല്‍ക്കാത്ത മതേതരവാദിയാണെന്ന് സമര്‍ഥിക്കാനുമുള്ള വ്യഗ്രത ഈ ദിശയില്‍ ഏതറ്റം വരെ പോകാനും ഹസനെയും ഷാനിമോളെയുമൊക്കെ പ്രാപ്തമാക്കാറുണ്ട്. എന്നാല്‍, അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള സ്ഥാനാര്‍ഥി വീതംവെപ്പ് പോലുള്ള നിര്‍ണായക ഘട്ടം വരുമ്പോള്‍ ഈ നേതാക്കളോട് പാര്‍ട്ടിയുടെ അമരത്തിരിക്കുന്നവര്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ? പാവം ചാവേറുകളായി നിന്നുകൊടുക്കാനാണോ ഇവരുടെ തലയിലെഴുത്ത് എന്നാരും ചോദിച്ചുപോകും. അത്രക്കും പരിതാപകരമാണ് ഇവര്‍ക്കൊക്കെ കിട്ടുന്ന പരിഗണന.
ഗ്രൂപ്പുതിരിച്ച് തലയെണ്ണി, ജാതിമത സൂത്രവാക്യങ്ങള്‍ കൊണ്ട് ഹരിച്ചും ഗുണിച്ചും പട്ടിക തയാറാക്കിയാലും തിരുത്തിയെഴുതപ്പെടുന്നതല്ല ഇവരുടെയൊക്കെ ശിരോലിഖിതമെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും രമേശ്ചെന്നിത്തലയും ആഴ്ചകളോളം ഉറക്കമിളച്ച് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കിയപ്പോള്‍ ഹസന്‍െറയും എ.എ. ശുക്കൂറിന്‍െറയും ശാഹിദ കമാലിന്‍െറയും കെ.സി. അബുവിന്‍െറയുമൊക്കെ പേര് പാര്‍ട്ടിക്ക് വലിയൊരു ബാധ്യതയായി ഏതോ മൂലയില്‍ കിടന്നു. കോണ്‍ഗ്രസിനു കിട്ടിയ 85 സീറ്റ് വീതം വെച്ചപ്പോള്‍ ഐ. ഗ്രൂപ്പിനു 43ഉം എ. ഗ്രൂപ്പിനു 39 സീറ്റും കിട്ടിയിട്ടും ഇതുവരെ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി വേണ്ടിടത്തും വേണ്ടാത്തിടത്തും നാക്കിട്ടടിക്കാറുള്ള ഹസനു ജയിക്കുന്ന ഒരു മണ്ഡലം നീക്കിവെക്കാന്‍ സാധിച്ചില്ല. തന്‍െറ ആള്‍ക്കാര്‍ക്കുവേണ്ടി സോണിയയുടെ മുന്നില്‍ സുധീരനുമായി മല്‍പിടിത്തം നടത്തിയ ഉമ്മന്‍ ചാണ്ടിക്കു ഹസനൊന്നും ഒരു വിഷയമേ അല്ളെന്ന് ചുരുക്കം. ക്രൈസ്തവവിഭാഗത്തിനു 15 സീറ്റ് സംവരണം ചെയ്തപ്പോള്‍ ഹസന്‍െറ സമുദായക്കാര്‍ക്ക് 12 മതി എന്ന് ഐകകണ്ഠ്യേന തീരുമാനിച്ചുറപ്പിച്ചതുപോലെ. അതോടെ, ഭാര്യവീട് ഉള്‍ക്കൊള്ളുന്ന എറണാകുളത്ത് സീറ്റ് തരപ്പെട്ടാല്‍ കൊള്ളാമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വിളിച്ചുപറഞ്ഞിട്ടും (മുമ്പ് എം.ഐ. ഷാനവാസ് തോറ്റുതോറ്റ് പാളീസായതിന്‍െറ മനോവേദന ‘വാരാദ്യമാധ്യമ’ത്തിലൂടെ ലോകത്തെ അറിയിച്ചതിനു ശേഷമാണല്ളോ വയനാട്ടിലേക്ക് നാടുകടത്തപ്പെട്ടതും വന്‍വിജയത്തോടെ ലോക്സഭയിലത്തെിയതും ). പോയകാലത്ത് ഒരിക്കല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍മാത്രം ജയിക്കുകയും ഇപ്പോള്‍ ഇടതുപക്ഷത്തിന്‍െറ ഉരുക്കുകോട്ടയായി അറിയപ്പെടുകയും ചെയ്യുന്ന ചടയമംഗലമാണ് കനിഞ്ഞുനല്‍കിയത്; തോല്‍ക്കാന്‍ വേണ്ടിതന്നെ.
ജയമുറച്ച സീറ്റ് കിട്ടാന്‍ കോണ്‍ഗ്രസില്‍ എന്താണ് അടിസ്ഥാനയോഗ്യത? അപ്പോഴും ഷാനിമോളും ശാഹിദ കമാലുമൊക്കെ പുറത്തുതന്നെ. ഏഴു മങ്കമാരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി കണ്ടത്തെിയപ്പോള്‍ ശാക്തീകരണത്തിന്‍െറ വഴിയില്‍ ദലിതരെക്കാളും പിന്നാക്കം നില്‍ക്കുന്ന വിഭാഗം എന്ന് സച്ചാര്‍ കമീഷന്‍ അശ്രുപൊഴിച്ച വിഭാഗത്തില്‍നിന്ന് ഒരുത്തിയെങ്കിലുമുണ്ടാവട്ടെ എന്ന് രാഷ്ട്രീയാദര്‍ശത്തിന്‍െറ ധാവള്യം പേറി നടക്കുന്ന സുധീരനുപോലും തോന്നിയില്ല. സമുദായത്തിലെ യാഥാസ്ഥിതിക പണ്ഡിതന്മാരുടെ രോഷമുയരുമെന്ന് പറഞ്ഞ് സ്ത്രീജനതയെ പൂര്‍ണമായും തഴയുന്ന മുസ്ലിംലീഗിന്‍െറ പാത ഹസന്‍െറ പാര്‍ട്ടിയും അനുധാവനം ചെയ്തതാണോ ആവോ? ഉത്തര മലബാറില്‍ ചെന്ന് തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ താനില്ളെന്ന് പറഞ്ഞ് ഷാനിമോള്‍ ഒരുവേള പാര്‍ട്ടിയുമായി പിണങ്ങിയപ്പോള്‍ വെല്ലുവിളി ഏറ്റെടുത്ത് കാസര്‍കോട്ടത്തെി നല്ല മത്സരം കാഴ്ചവെച്ച ശാഹിദ കമാലിന് ഒരവസരം നല്‍കിയില്ല.
വലിയവായില്‍ എത്ര മതനിരപേക്ഷത പറഞ്ഞാലും എല്ലാ കക്ഷികളും മുന്നണികളും ഓരോ മണ്ഡലത്തിലെയും ജാതിയും മതവും പള്ളിയും സഭയുമൊക്കെ നോക്കിയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. അതാണ് നാട്ടുനടപ്പെങ്കിലും മുസ്ലിം സമുദായത്തിന്‍െറ കാര്യം വന്നപ്പോള്‍ അതും അട്ടിമറിക്കപ്പെട്ടത് കണ്ടില്ളേ? കരുനാഗപ്പള്ളിയും കായംകുളവും ഉദാഹരണം. പാവം യൂനുസ് കുഞ്ഞിനു ഇത്തവണ പുനലൂരില്‍ പോയി തോല്‍ക്കാനാകുമോ യോഗം? സോഷ്യലിസ്റ്റാണെങ്കിലും ഷേക് പി. ഹാരിസിനെ അമ്പലപ്പുഴയില്‍ കാത്തിരിക്കുന്നതും ഇതേ വിധിയല്ളേ? സ്വന്തം നാടായ കായംകുളത്തായിരുന്നെങ്കില്‍ ഈ യുവാവിന്‍െറ സെലക്ഷന്‍ നീതിപൂര്‍വമെന്നു പറയാമായിരുന്നു.
ജെ.എന്‍.യുവില്‍നിന്നത്തെിയ യുവനേതാവ് മുഹമ്മദ് മുഹ്സിന്‍െറ മുന്നില്‍ സി.പി മുഹമ്മദ് പതറാതിരിക്കട്ടെ എന്നും ആര്യാടന്‍ ഷൗക്കത്ത് ജനരോഷത്തിനു ഇരയാവാതിരിക്കട്ടെയെന്നും കോണ്‍ഗ്രസുകാര്‍ നന്നായി പ്രാര്‍ഥിക്കേണ്ടിവരും. അല്ളെങ്കില്‍ മലബാര്‍ മേഖലയില്‍നിന്ന് ഖദര്‍ധാരിയായ ഒരൊറ്റ മുസ്ലിമും നിയമസഭയിലത്തെില്ല. കാരണം, ജയിക്കുന്ന ഒരൊറ്റ സീറ്റിലും അവരെ നിര്‍ത്തിയിട്ടില്ല എന്നതുതന്നെ. സിറ്റിങ് എം.എല്‍.എമാരില്‍ തോല്‍ക്കുന്ന സീറ്റിലേക്ക് ‘പ്രമോഷന്‍’ കിട്ടിയത് കണ്ണൂരില്‍ എ.പി. അബ്ദുല്ലക്കുട്ടിക്ക് മാത്രമാണ്. സി.പി.എമ്മിന്‍െറ ഉറച്ച സീറ്റായ തലശ്ശേരിയില്‍ എ.എന്‍. ഷംസീറിനു മുന്നിലാണ് ‘ജയിക്കാന്‍മാത്രം ജനിച്ച അദ്ഭുതക്കുട്ടി’യെ ഇട്ടുകൊടുത്തിരിക്കുന്നത്. ഇത്ര ചെറുപ്പത്തിലേ രാഷ്ട്രീയാസ്തമയം ദര്‍ശിക്കാന്‍ മാത്രം സി.പി.എമ്മില്‍നിന്ന് കടന്നുവന്ന അബ്ദുല്ലക്കുട്ടി എന്ത് പാപമാണ് ചെയ്തത്? സരിത പേരു വിളിച്ചുപറഞ്ഞതാണോ? അങ്ങനെയെങ്കില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ കളത്തിനു പുറത്തുപോകേണ്ടേ? മൂന്നര പതിറ്റാണ്ടുമുമ്പ് കോട്ടയത്തുനിന്ന് രാഷ്ട്രീയകുടിയേറ്റം നടത്തി ഇരിക്കൂറില്‍ ഒഴിയാബാധയായി മാറിയ കെ.സി. ജോസഫ് എന്ന മുഖ്യമന്ത്രിയുടെ മന$സാക്ഷിസൂക്ഷിപ്പുകാരനെ തൊട്ടു പോകരുതെന്ന് ദുശ്ശാഠ്യത്തോട് സുല്ലിടാന്‍ സതീശന്‍ പാച്ചേനിയെ കണ്ണൂരില്‍ പ്രതിഷ്ഠിച്ചപ്പോഴാണ് എം.വി. ജയരാജനെപ്പോലും മുട്ടുകുത്തിച്ച അബ്ദുല്ലക്കുട്ടിയെ ചെങ്കോട്ടയിലേക്ക് ആട്ടിയോടിക്കുന്നത്. തങ്ങളുടെ ആള്‍ക്കാരോട് നീതികാണിച്ചില്ല എന്ന് രോഷം കൊള്ളാന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ രാഷ്ട്രീയ നേതാക്കള്‍ക്ക് കാതോലിക്ക ബാവയുണ്ടെങ്കിലും അബ്ദുല്ലക്കുട്ടിക്കുവേണ്ടി കണ്ണീര്‍ പൊഴിക്കാന്‍ ഒരാളും ഇല്ലാതെപോയി.
പഴയ ഗോഡ്ഫാദര്‍ സ്വന്തം ഭാവി തേടി ഉദുമയിലേക്ക് വണ്ടി കയറിയതോടെ അടുത്ത മണ്ഡലത്തില്‍ ചെന്ന് ആത്മാഹുതി നടത്തി രാഷ്ട്രീയജീവിതം അവസാനിപ്പിക്കാനാവുമോ അബ്ദുല്ലക്കുട്ടിയുടെ ദുര്‍ഗതി? തിരുവമ്പാടിയില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ആളെ മാറ്റി, പാവം ഉമ്മര്‍ മാസ്റ്ററെ പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോഴേക്കും കണ്ടില്ളേ താമരശ്ശേരി ബിഷപ്പിന്‍െറയും ശിഷ്യന്മാരുടെയും കലി! സാക്ഷാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മെത്രാന്മാരുടെ കാലുപിടിക്കേണ്ടിവന്നില്ളേ? കെ.സി. അബു എന്ന കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിന്‍െറ പേര് എല്ലാ പ്രാവശ്യവും ഒന്നിലേറെ മണ്ഡലങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കയറിക്കൂടുന്നത് അദ്ദേഹത്തിന്‍െറ സീനിയോറിറ്റിയും ‘കരവിരുതും ’ കൊണ്ടാണ്. എന്നാല്‍, ഡല്‍ഹിയില്‍നിന്ന് ഒൗദ്യോഗിക ലിസ്റ്റ് പുറത്തുവരുമ്പോഴേക്കും അബുവിന്‍െറ പേര് ബാഷ്പീകരിച്ചുപോവുകയാണ്് പതിവ്. ഇക്കുറിയും അതാവര്‍ത്തിച്ചു.പക്ഷേ, ഒരിറ്റ് കണ്ണീര്‍ വാര്‍ക്കാന്‍ ആരും മുന്നോട്ടുവന്നില്ല.
130 വര്‍ഷം പ്രായമുള്ള പാര്‍ട്ടി മുത്തശ്ശിയുടെ സ്വബോധവും സമനിലയും മാത്രമല്ല, മതനിരപക്ഷതര പ്രതിബദ്ധതയും കാലാന്തരേണ കൈമോശം വന്നിരിക്കുന്നുവെന്ന് പരിഭവിക്കുകയേ നിര്‍വാഹമുള്ളൂ. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച ന്യൂനപക്ഷ അനുകൂല ചായ്വ് തിരുത്താന്‍ വേണ്ടിയാണത്രെ ഇത്തവണ ന്യൂനപക്ഷവിഭാഗങ്ങളെ പരമാവധി വെട്ടിയത്. വളരെ നല്ല കാര്യം. വോട്ടര്‍മാരുടെ ജോലി അതോടെ കുറഞ്ഞുകിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
