Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനില്‍ക്കാം, സര്‍വ...

നില്‍ക്കാം, സര്‍വ ഇരകള്‍ക്കുമൊപ്പം

text_fields
bookmark_border
നില്‍ക്കാം, സര്‍വ ഇരകള്‍ക്കുമൊപ്പം
cancel

‘ഭീകരര്‍ അങ്കാറയില്‍ സ്ഫോടനം നടത്തിയ ഘട്ടത്തില്‍ ഞങ്ങള്‍ തുര്‍ക്കിയുടെ പക്ഷത്തുനിന്നു. സാങ്കേതികമായി കൊക്കേഷ്യന്‍ വംശജരാണല്ളോ തുര്‍ക്കികള്‍.’ ഇരകളുടെ വംശവും ദേശവും നോക്കി അനുഭാവം പ്രകടിപ്പിക്കുന്ന ഇരട്ടത്താപ്പിനെ പരിഹസിക്കാന്‍ ‘ഇസ്ലാമിക് ന്യൂസ്’ എന്ന വെബ്സൈറ്റാണ് ഈ ഫേസ്ബുക് പോസ്റ്റ് ഉദ്ധരിച്ചത്. തുടര്‍ന്ന് ഇതേ പോസ്റ്റ് ഒന്നുകൂടി തിരുത്തിയും പ്രത്യക്ഷപ്പെട്ടു. പുതിയ പോസ്റ്റിലെ വാക്യം ഇങ്ങനെ വായിക്കാം:

‘തുര്‍ക്കികള്‍ സാധാരണ വെള്ളക്കാരോളം വരില്ളെന്ന് ഒന്നുകൂടി ആലോചിച്ചപ്പോള്‍ വെളിവായിരിക്കുന്നു. അവരത്രമാത്രം യോഗ്യന്മാരൊന്നുമല്ല.’
ഭീകരാക്രമണങ്ങള്‍ നടക്കുന്ന ദിക്കുകളില്‍ ഇരകള്‍ വെള്ളക്കാരാണെങ്കില്‍ അനുഭാവ-ഐക്യദാര്‍ഢ്യ  പ്രകടനം കരകവിഞ്ഞ തോതിലാകും. ഇരകള്‍ അറബ്-മുസ്ലിം പൗരന്മാരാണെങ്കിലോ നേരിയ സഹതാപംപോലും ലഭിക്കാതെ മണ്‍ധൂളികളായി അവര്‍ ഒടുങ്ങും. ‘ഇസ്ലാമിക് ന്യൂസ്’ മാത്രമല്ല, ഇതര മാധ്യമകേന്ദ്രങ്ങളും ഈ പ്രവണതയിലേക്ക് വിരല്‍ചൂണ്ടുകയുണ്ടായി. പാരിസിലും ബ്രസല്‍സിലും സ്ഫോടനങ്ങള്‍ക്ക് തൊട്ടുപിറകെ സംഘടിപ്പിച്ച  ദു$ഖാചരണം നിരീക്ഷിക്കുക. സി.എന്‍ ടവര്‍പോലും ഫ്രഞ്ച്-ബെല്‍ജിയം പതാകകളുടെ വര്‍ണങ്ങള്‍ അണിഞ്ഞായിരുന്നു ഇരകളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സിറിയ, തുര്‍ക്കി, ഇറാഖ്, സോമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ അരങ്ങേറുന്ന സ്ഫോടനങ്ങളില്‍ ഒന്നിനെ തുടര്‍ന്നുപോലും സമാനമായ വര്‍ണാഭ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ എന്തുകൊണ്ട് പ്രത്യക്ഷമാകുന്നില്ല. മൂന്നാം ലോക രാഷ്ട്രങ്ങളിലെ ഇരകള്‍ മനുഷ്യര്‍ അല്ളെന്നാണോ? വെള്ളക്കാര്‍ എന്നതാണോ ഐക്യദാര്‍ഢ്യ പ്രകടനത്തിന്‍െറ പ്രാഥമിക പരിഗണന?

ബ്രസല്‍സിലെ സ്ഫോടനം അപലപിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍, സമീപകാലത്ത് അരങ്ങേറിയ മറ്റു സ്ഫോടനങ്ങള്‍ പരിശോധിക്കുക. തുര്‍ക്കി (38), ഐവറികോസ്റ്റ് (22), പാകിസ്താന്‍ (15), നൈജീരിയ (22), ഈജിപ്ത് (18), സിറിയ (30) ഇവക്കൊന്നിനും മാധ്യമങ്ങളില്‍ അര്‍ഹമായ കവറേജ് പോലും ലഭ്യമായില്ല. മാര്‍ച്ച് 27ന് ലാഹോറില്‍ നടന്ന സ്ഫോടനം ചെറിയതോതില്‍ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം  238 സ്ഫോടനങ്ങള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇതിനകം നടന്നതായി കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇതില്‍ എട്ട് സ്ഫോടനങ്ങള്‍ മാത്രമാണ് യൂറോപ്പില്‍ സംഭവിച്ചത്. ബ്രസല്‍സില്‍ മാത്രം രണ്ടിലേറെ പേര്‍ കൊല്ലപ്പെട്ടു. അതേസമയം, യൂറോപ്പിന് വെളിയില്‍ നടന്ന 10 സ്ഫോടനങ്ങളില്‍ 29 പേര്‍ വീതം കൊല്ലപ്പെട്ടു. 20 എണ്ണത്തില്‍ 20ലേറെ പേരും 13 എണ്ണത്തില്‍ 50ലേറെ പേരും കൊല്ലപ്പെട്ടു. മൂന്ന് എണ്ണത്തില്‍ 75 വീതം പേര്‍ക്കായിരുന്നു ജീവഹാനി.

ഐ.എസ്, ബോകോഹറാം, അല്‍ഖാഇദ, അശ്ശബാബ്, താലിബാന്‍ തുടങ്ങിയ സംഘടനകളുടെ ലക്ഷ്യം വ്യത്യസ്തമായിരിക്കാം. പക്ഷേ, ഇവര്‍ കൊന്നുവീഴ്ത്തുന്നവരില്‍ സിംഹഭാഗവും മുസ്ലിംകള്‍തന്നെ. അമേരിക്കയിലെ കൗണ്ടര്‍ ടെററിസം ബന്‍ററിന്‍െറ കണക്കുപ്രകാരം 80 ശതമാനം മുതല്‍ 90 ശതമാനം വരെ മുസ്ലിംകളാണ് ഈ ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ ഇരകളാക്കപ്പെടുന്നത്.

ഈ ഇരകളുടെ വേദനകള്‍ വേദന അല്ളെന്നും ഇവരുടെ മരണം മരണമല്ളെന്നും ഇവരുടെ ദാരുണത ദാരുണത അല്ളെന്നും വാദിക്കാനാകുമോ?
നമ്മുടെ താല്‍പര്യങ്ങളുമായി പൊരുത്തപ്പെടുന്നവരുടെ പ്രശ്നങ്ങളില്‍ മാത്രം നോവും സഹതാപവും പ്രകടിപ്പിക്കുന്ന രീതി സ്വീകരിക്കാന്‍  അബോധപരമായ വംശവിദ്വേഷം നമ്മെ ഗ്രസിച്ചിരിക്കുകയാണോ? ‘നമ്മള്‍’ എന്നും ‘അവര്‍’ എന്നുമുള്ള വിപരീത ദ്വന്ദ്വങ്ങളായി ലോകജനത വിഭജിക്കപ്പെട്ടതിന്‍െറ പരിണതി എന്ന് ഇതിനെ വിശദീകരിക്കാം. ഈ അപരവത്കരണ വ്യവഹാരത്തിന്‍െറ വേരുകള്‍ കൊളോണിയല്‍ വാഴ്ചക്കാലത്തെയും കുരിശുയുദ്ധ വേളയിലെയും ആഖ്യാനങ്ങളിലേക്ക് നീളുന്നതായി എഡ്വേഡ് സെയ്ദ് നിരീക്ഷിക്കുന്നുണ്ട്.

നാം നമ്മെതന്നെ പ്രധാനമായി കാണുകയും ലോക ജനതയുടെ മറുഭാഗത്തെ അപരന്മാരായി മാത്രം ന്യൂനീകരിക്കുകയും ചെയ്യുന്ന വരേണ്യതയാണ് ഇരകളോടുള്ള സഹതാപശൂന്യതയില്‍ പ്രതിഫലിക്കപ്പെടുന്നത്. പാശ്ചാത്യ ഇരകള്‍ രക്തസാക്ഷികളായി വാഴ്ത്തപ്പെടുമ്പോള്‍ മൂന്നാം ലോകക്കാരും മുസ്ലിംകളുമായ ഇരകള്‍ പരാമര്‍ശം അര്‍ഹിക്കാത്തവരായി തരംതാഴ്ത്തപ്പെടുന്നു. ഏതു ജീവനും വിലപ്പെട്ടതാണെന്ന സാര്‍വലൗകിക സത്യം പാടേ വിസ്മരിക്കപ്പെടുന്നു. ഈ ഹീന മനോനിലയായിരുന്നു ദുഷ്ടത പിറവിയെടുക്കുന്നതും വളരുന്നതും അറബ് സമൂഹങ്ങളിലാണെന്ന് തട്ടിവിടാന്‍ പ്രമുഖ കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന് പ്രേരണ നല്‍കിയത്.

മനുഷ്യാന്തസ്സിനെ വര്‍ണമോ ദേശമോ നോക്കി തരംതിരിക്കുന്ന രീതി ഉന്നത ധാര്‍മികത എന്ന വിശേഷണം അര്‍ഹിക്കുന്നില്ല. പാരിസിലെയും ബ്രസല്‍സിലെയും ഇരകളുടെ പക്ഷത്തുനില്‍ക്കുന്നതോടൊപ്പം ലോകമെമ്പാടുമുള്ള ഇരകളുടെ പക്ഷത്തും നിലയുറപ്പിക്കുക എന്നതു മാത്രമാണ് യഥാര്‍ഥ മാനവികത.

(നിയമ വിദഗ്ധനും കോളമിസ്റ്റുമായ ലേഖകന്‍ അമേരിക്കയിലെ ഇന്ത്യാനയിലെ വാള്‍പറസ് കലാശാലയിലെ ലോ സ്കൂള്‍ അധ്യാപകനാണ്)

Show Full Article
TAGS:faisal kutty 
Next Story