Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോണ്‍ഗ്രസിന്‍െറ...

കോണ്‍ഗ്രസിന്‍െറ ആദര്‍ശ ദഹനക്കേട്

text_fields
bookmark_border
കോണ്‍ഗ്രസിന്‍െറ ആദര്‍ശ ദഹനക്കേട്
cancel

പതിനഞ്ചു കൊല്ലം മുമ്പാണ്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പ്രഖ്യാപിക്കുകയാണ്. പട്ടിക കിട്ടിയപ്പോള്‍ പത്രക്കാരില്‍ ഒരാള്‍ എഴുന്നേറ്റു ചോദിച്ചു. ഈ പട്ടിക അന്തിമമാണോ? ഇതില്‍ മാറ്റമുണ്ടാകുമോ? ഗുലാംനബി അടക്കം ഹാളിലുണ്ടായിരുന്നവര്‍ പരിഹാസച്ചിരിയോടെയാണ് ചോദ്യകര്‍ത്താവിനെ നോക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒപ്പുവെച്ച് പുറത്തിറക്കിയ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക തിരുത്താന്‍മാത്രം കെല്‍പ് ആര്‍ക്കുണ്ടെന്നായിരുന്നു ആ ചിരി. പക്ഷേ, മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അതിലെ മൂന്നു പേരുകള്‍ മാഞ്ഞു. പകരം മാലത്തേ് സരളാദേവി അടക്കം മറ്റു മൂന്നു പേര്‍ പട്ടികയില്‍ ഇടം പിടിച്ചു. കെ. കരുണാകരന്‍െറ സമ്മര്‍ദതന്ത്രത്തിനു മുന്നില്‍ അന്ന് എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും മാത്രമല്ല, ഹൈകമാന്‍ഡും തോറ്റു.

 കാലം പിന്നെയും മുന്നോട്ടു പോയപ്പോള്‍ കൂടിക്കാഴ്ചക്കു പോലും അനുമതി കിട്ടാതെ കെ. കരുണാകരനും മകന്‍ മുരളീധരനും ഹൈകമാന്‍ഡിന്‍െറ പടിവാതില്‍ക്കല്‍ കാത്തുകെട്ടിക്കിടന്ന കേരള രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ കണ്ടത്. സമ്മര്‍ദം ഫലിക്കാതെ മുരളീധരന്‍ അച്ഛന്‍െറ കൈപിടിച്ച് പുറത്തേക്കു നടന്നു. അങ്ങനെ പുതിയ പാര്‍ട്ടി പിറന്നതും തകര്‍ന്നതും പിന്നീട് കോണ്‍ഗ്രസില്‍ വിലയംപ്രാപിച്ചതും മറ്റൊരു കഥ. അക്കാലത്തെ ഹൈകമാന്‍ഡ് കേന്ദ്രഭരണം കൈപ്പിടിയിലുള്ള കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. കരുണാകരനെ കടത്തിവെട്ടി എ.കെ. ആന്‍റണി ഡല്‍ഹിയില്‍ പൂര്‍ണസ്വാധീനം ഉറപ്പിച്ച കാലം. സാക്ഷാല്‍ കെ. കരുണാകരന്‍െറ പേര് കോണ്‍ഗ്രസില്‍നിന്നുതന്നെ വെട്ടിക്കളയാന്‍ എ-ഗ്രൂപ്പിനെ പിന്നില്‍നിന്നു നയിച്ച ഉമ്മന്‍ ചാണ്ടിക്കും മറ്റും സാധിച്ചു. അതേ ഉമ്മന്‍ ചാണ്ടിക്കും എ-ഗ്രൂപ്പിനും കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍നിന്നു താഴെയിറക്കാന്‍, ആന്‍റണിക്ക് മുഖ്യമന്ത്രിയാകാന്‍ നരസിംഹ റാവു ഒത്താശ ചെയ്തുകൊടുത്ത ചാരക്കഥയുടെ ഒരേട് വേറെയുണ്ട്. കേന്ദ്രത്തില്‍ അധികാരമുള്ളപ്പോള്‍ ഹൈകമാന്‍ഡിനുള്ള ആജ്ഞാശക്തി എക്കാലവുമില്ളെന്ന യാഥാര്‍ഥ്യം കൂടി ഇതിനെല്ലാമിടയില്‍ പുറത്തു വരുന്നുണ്ട്.

കേരളത്തിലെ ശാക്തിക രസതന്ത്രത്തില്‍ നിന്ന് സൗകര്യപൂര്‍വം തലയൂരിയത് എ.കെ. ആന്‍റണിയാണ്. യാഥാര്‍ഥ്യം തിരിച്ചറിയാനും ഹൈകമാന്‍ഡിന്‍െറ ഒരു കൈ സഹായം നേടിയെടുക്കാനും യഥാസമയം കഴിഞ്ഞതുകൊണ്ട് ആന്‍റണി ഡല്‍ഹിക്ക് കടന്നു. പാര്‍ട്ടിയില്‍ കരുത്തനെന്നു പറയാവുന്ന എതിരാളി സൃഷ്ടിക്കപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്തി അക്കാലം തൊട്ട് ജൈത്രയാത്ര തുടര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ ഊഴമാണ് ഇന്നിപ്പോള്‍. കേരളത്തില്‍ മറ്റേതു നേതാക്കളെക്കാള്‍ കരുത്തനും സമര്‍ഥനും അടവുകളുടെ സൂക്ഷ്മപ്രയോഗത്തില്‍ വിദഗ്ധനുമായ ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിനിര്‍ണയ തര്‍ക്കത്തോടെ പതറുന്നതാണ് ഡല്‍ഹിക്കാഴ്ച. ജീവിതത്തില്‍ എപ്പോഴെങ്കിലും ഡല്‍ഹിയില്‍ ഉമ്മന്‍ ചാണ്ടി ഒരാഴ്ച തങ്ങിയിട്ടുണ്ടോ എന്ന് സംശയം. എന്നിട്ടോ? ഹൈകമാന്‍ഡില്‍നിന്ന് കാര്യം സാധിച്ചെടുക്കാന്‍ എ.കെ. ആന്‍റണിയുടെതന്നെ പൂര്‍ണപിന്തുണ അവകാശപ്പെടാന്‍ അദ്ദേഹത്തിന് കഴിയില്ല. ഇടം-വലം കൈകളായിനിന്നവരില്‍ ഒരാള്‍ക്കും പരിക്കില്ലാതെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുമെന്നു തോന്നുന്നില്ല. അങ്ങനെ കഴിഞ്ഞാലോ, തെരഞ്ഞെടുപ്പിലെ പരിക്ക് മാരകമാവുന്ന വിധത്തിലേക്ക് പൊതുസമൂഹ ചിന്താഗതി എത്തിനില്‍ക്കുന്നു. സീറ്റുനിര്‍ണയ ചര്‍ച്ചയില്‍ ജയിച്ചാല്‍പോലും, തെരഞ്ഞെടുപ്പാനന്തരം സുധീരനെന്ന ചാവേര്‍ പോരാളിയെ കാത്തിരിക്കുന്നതാകട്ടെ, എതിരാളികളുടെ പൂഴിക്കടകന്‍ പ്രയോഗമാണെന്ന് തീര്‍ച്ച. ഫലത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ രണ്ടിലൊരു നേതാവിന്‍െറ പ്രതാപം ഈ തെരഞ്ഞെടുപ്പോടെ മങ്ങുകയാണ്.

ഈ സ്ഥാനാര്‍ഥിനിര്‍ണയ പ്രക്രിയ വഴി കോണ്‍ഗ്രസില്‍ ഗുണപരമായൊരു മാറ്റത്തിന് എത്രത്തോളം സാധ്യതയുണ്ട്? ആ ചോദ്യത്തിന്‍െറ മറുപടിയാണ് ആറു ദിവസം നീണ്ട ഡല്‍ഹി അലങ്കോലങ്ങള്‍ ഇപ്പോള്‍ തേടുന്നത്. കുതികാല്‍വെട്ട്, പാരവെപ്പ് രാഷ്ട്രീയത്തിന്‍െറ പരമ്പരാഗത രീതികളില്‍നിന്ന് വ്യത്യസ്തമായൊരു മുഖം സുധീരന്‍-ഉമ്മന്‍ ചാണ്ടി പോരില്‍ തെളിഞ്ഞു കിടപ്പുണ്ട്. ശൈലിയും വഴിയും മാറ്റാന്‍ തയാറല്ലാത്ത ‘പ്രായോഗിക രാഷ്ട്രീയ’ത്തിനുമേല്‍ ആദര്‍ശ മേമ്പൊടിയുള്ള നിലപാടുകള്‍ക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നാണ് കാണാനിരിക്കുന്നത്. പ്രധാന ആരോപണവിധേയരെയും നിരന്തര സ്ഥാനാര്‍ഥികളെയും ഒഴിവാക്കി കോണ്‍ഗ്രസ് പട്ടിക തയാറാക്കണമെന്ന സുധീരന്‍െറ കടുത്ത നിലപാടില്‍ തട്ടിയാണ് കോണ്‍ഗ്രസിന്‍െറ പട്ടിക തയാറാക്കല്‍ ജോലി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സ്തംഭിച്ചു പോയത്. മേല്‍പറഞ്ഞ കൂട്ടരെ ഒഴിവാക്കാന്‍ പറ്റില്ളെന്ന ഉമ്മന്‍ ചാണ്ടിയുടെ കാര്‍ക്കശ്യമാണ് കാരണമെന്ന് മറുവാദവുമാകാം. ഇതില്‍ ആരുടെ ഭാഗമാണ് ശരിയെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി എളുപ്പമല്ല. രാഷ്ട്രീയത്തില്‍ പ്രായോഗികതക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നു വാദിക്കാം. അതല്ല, ചര്‍ക്ക ചിഹ്നമുള്ള ഖദര്‍ ത്രിവര്‍ണ പതാക ചിഹ്നമാക്കി കൊണ്ടുനടക്കുന്നതിന് എന്തെങ്കിലും, എവിടെയെങ്കിലും അര്‍ഥം വേണ്ടേ എന്നും വാദിക്കാം. പ്രായോഗിക രാഷ്ട്രീയത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ മുന്നോട്ടുപോകാന്‍ അനുവദിക്കണം. അതല്ളെങ്കില്‍ സുധീരന്‍െറ വാദം അംഗീകരിച്ച് തിരുത്തല്‍ നടക്കണം. അതുകൊണ്ടു തന്നെയാണ്  കോണ്‍ഗ്രസിലെ പരമ്പരാഗത വൈരങ്ങളില്‍നിന്ന്  ഈ പോര് വ്യത്യസ്തമാകുന്നത്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്വന്തക്കാരെ തിരുകാനുള്ള സാധാരണ ശ്രമങ്ങള്‍ക്കപ്പുറം, പാര്‍ട്ടിയിലെ അധികാര സമവാക്യങ്ങളിലെ മാറ്റത്തിലേക്കുകൂടി വഴിതെളിക്കുന്ന പോരാണിത്.

പട്ടിക തിരുത്തുന്നതിനുമപ്പുറം, ഉമ്മന്‍ ചാണ്ടിക്കുമേല്‍ വിജയം നേടാനുള്ള തീക്കളിയാണ് സുധീരന്‍ നടത്തുന്നതെന്ന രോഷം ഡല്‍ഹിയില്‍ തമ്പടിക്കുന്ന നല്ല പങ്ക് നേതാക്കള്‍ക്കിടയില്‍ പ്രകടമാണ്. സുധീരന്‍ കപട ആദര്‍ശക്കാരനാണ്, കളങ്കിതരെന്ന ആരോപണം നേരിടുന്നതിന്‍െറ പേരില്‍ മന്ത്രിസഭയിലെ വിശ്വസ്തരായ മൂന്ന് അംഗങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഈ തെരഞ്ഞെടുപ്പിലേക്ക് എങ്ങനെ ഇറങ്ങാന്‍ പറ്റും തുടങ്ങിയ വിഷയങ്ങള്‍ ഈആള്‍ക്കൂട്ടങ്ങള്‍ പരസ്പരം പറഞ്ഞുകൊണ്ടേയിരുന്നു. സുധീരന് ഇക്കാര്യങ്ങളെല്ലാം കേരളത്തിലെ ചര്‍ച്ചകളില്‍ പറഞ്ഞുകൂടേയെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍, കോണ്‍ഗ്രസിനു പുറത്തെ ചര്‍ച്ചകള്‍ നേര്‍വിപരീതമാണ്. ജയസാധ്യത എന്ന ഒറ്റ മാനദണ്ഡം മാത്രം മുന്നില്‍ വെച്ചുകൊണ്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ തിരുത്തലുകള്‍ക്കും തലമുറമാറ്റത്തിനും അവസരമെവിടെ? എ-ഐ ഗ്രൂപ്പുകളുടെ മേധാവിത്വമുള്ള കേരളത്തിലെ ചര്‍ച്ചകള്‍ക്കിടയില്‍ സുധീരന്‍ പ്രശ്നവിഷയം പറയാതിരുന്നില്ല. പക്ഷേ, അതു വിലപ്പോയില്ളെന്ന് മറുപക്ഷ ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നു. ഡല്‍ഹിയിലും അങ്ങനെതന്നെ സംഭവിക്കുമെന്ന് കരുതിയവര്‍ക്ക് പക്ഷേ, തെറ്റി. സോണിയ, രാഹുല്‍, ആന്‍റണി തുടങ്ങി ഹൈകമാന്‍ഡിലെ ആദര്‍ശതല്‍പരരായ നേതാക്കള്‍ക്ക് സുധീരന്‍െറ ആവശ്യം അപ്പടി എഴുതിത്തള്ളാന്‍ എങ്ങനെ പറ്റും? തനിക്ക് സ്വാധീനം പോരാത്ത കേരള ചര്‍ച്ചകള്‍ വിട്ട് ഡല്‍ഹിയിലത്തെിയപ്പോള്‍ സുധീരന്‍ ആവശ്യത്തിന് മൂര്‍ച്ചകൂട്ടിയത് ഹൈകമാന്‍ഡിലുള്ളവര്‍ക്ക് തന്നെ ഈ പ്രശ്നത്തില്‍ കൈവിടാന്‍ കഴിയില്ളെന്ന ഉറച്ച ബോധ്യമുള്ളതു കൊണ്ടുതന്നെ.  

അവിടെയാണ് ഉമ്മന്‍ ചാണ്ടിക്ക് തെറ്റിയത്. തെരഞ്ഞെടുപ്പില്‍ തന്ത്രം മെനയാനും സഖ്യകക്ഷികളെ മെരുക്കാനും ചെലവിനുള്ള പണം കണ്ടത്തൊനുമൊക്കെ മറ്റാരാണുള്ളതെന്ന യാഥാര്‍ഥ്യം മാറ്റിനിര്‍ത്തിക്കൊണ്ടുതന്നെ സംസാരിക്കാന്‍ ഹൈകമാന്‍ഡിലുള്ളവര്‍ നിര്‍ബന്ധിതര്‍. ഉമ്മന്‍ ചാണ്ടിയും എ-ഐ ഗ്രൂപ്പുകളും ഉദ്ദേശിക്കുന്ന വിവാദ-നിരന്തര സ്ഥാനാര്‍ഥികളുമായി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയാല്‍  തിരിച്ചടിയുടെ ആഴം വലുതായിരിക്കും. ഭാഗികമായൊരു തിരുത്തലെങ്കിലും വരുത്തിയാലോ, തിരുത്തല്‍ നടത്തിയതിന്‍െറ ക്രെഡിറ്റില്‍ വോട്ടു ചോദിക്കാം. രണ്ടായാലും തെരഞ്ഞെടുപ്പു ഗോദയില്‍ കോണ്‍ഗ്രസ് വലിയൊരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഒന്നുകില്‍ വോട്ടര്‍മാരില്‍നിന്ന്, അല്ളെങ്കില്‍ പാര്‍ട്ടിക്കാരില്‍ നിന്ന് പല സ്ഥാനാര്‍ഥികളും തിരിച്ചടി പ്രതീക്ഷിക്കണം. ഇതിന്‍െറ കാരണക്കാരായി ഹൈകമാന്‍ഡിനെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്താതെ വയ്യ. വിവാദങ്ങളില്‍നിന്ന് വിവാദങ്ങളിലേക്ക് ഒരു മന്ത്രിസഭ ചാടിക്കൊണ്ടിരുന്ന കാലത്ത്, ആരോപണവിധേയരെ സംരക്ഷിച്ചും ന്യായീകരിച്ചും മുന്നോട്ടു പോകുന്നതിലെ അപകടം സംസ്ഥാന നേതൃത്വത്തിലുള്ളവരും ഹൈകമാന്‍ഡിലുള്ളവരും അവഗണിച്ചു. തിരുത്തണമെന്ന മുന്നറിയിപ്പുകളെ, അതിനുതക്ക പ്രശ്നമെന്താണെന്ന ഉമ്മന്‍ ചാണ്ടിയുടെ മറുചോദ്യം ആവര്‍ത്തിച്ചുകൊണ്ടു നേരിടുകമാത്രമാണ് ഉണ്ടായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രാധികാരം വിട്ട് 44 സീറ്റിലേക്ക് ചുരുങ്ങിയതോടെ, സംസ്ഥാന നേതാക്കളെ വരുതിക്കു നിര്‍ത്താന്‍ ഹൈകമാന്‍ഡിനു പൊടുന്നനെ കെല്‍പില്ലാതായതിന്‍െറ ബാക്കി കൂടിയാണത്. സംസ്ഥാനങ്ങളിലെ വിവാദങ്ങളും ഉള്‍പ്പോരുകളും അവസാനിപ്പിക്കാനല്ല, കണ്ടില്ളെന്നു നടിച്ച് പൊല്ലാപ്പുകളില്‍നിന്ന് അകന്നു മാറുകയാണ് ഹൈകമാന്‍ഡ് ചെയ്തത്. ഹൈകമാന്‍ഡ് ദുര്‍ബലമാണെന്നു കണ്ടതോടെ, വിവിധ സംസ്ഥാനങ്ങളില്‍ പല നേതാക്കളും കേന്ദ്രനേതാക്കളെ വകവെക്കാതായി. തിരുവായ്ക്ക് എതിര്‍വായില്ലാത്ത ഒരു ഹൈകമാന്‍ഡിന്‍െറ ഗതികേട്! ദിവസം ആറു കഴിഞ്ഞിട്ടും, പൊല്ലാപ്പുകാരെ വിളിച്ച് പലകുറി ചര്‍ച്ചചെയ്തിട്ടും ഒരു സ്ഥാനാര്‍ഥിപ്പട്ടിക ഉണ്ടാവുന്നില്ല.

Show Full Article
TAGS:UDF 
Next Story