Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാജാക്കന്മാര്‍ വാഴുന്ന ...

രാജാക്കന്മാര്‍ വാഴുന്ന ബാങ്കുകള്‍

text_fields
bookmark_border
രാജാക്കന്മാര്‍ വാഴുന്ന ബാങ്കുകള്‍
cancel


ഇന്ത്യയിലെ സ്വകാര്യ-പൊതുമേഖലാ ബാങ്കുകളെ ഒരുപോലെ കബളിപ്പിച്ച് രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ ‘പാഠം പഠിപ്പിക്കാനു’ള്ള ശ്രമത്തിലാണ് അധികൃതരും രാഷ്ട്രീയ നേതൃത്വവും. എന്‍ഫോഴ്സ്മെന്‍റ് അടക്കമുള്ള സുരക്ഷാ ഏജന്‍സികളും ആദായ നികുതി വകുപ്പും ശക്തമായ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കെയാണ് മല്യ പുഷ്പംപോലെ ഇന്ത്യ വിട്ടത്. ഇപ്പോള്‍ ഇംഗ്ളണ്ടിലെ കൊട്ടാരസദൃശ്യമായ ഫാം ഹൗസില്‍ രാജാവായി വാഴുന്നു.
ഇതിനിടെ അദ്ദേഹം ഒരു സൗജന്യം ചെയ്തു, കഴിഞ്ഞ ദിവസം. വേണമെങ്കില്‍ 4000 കോടി തിരിച്ചടക്കാമത്രെ. അതും രണ്ടു തവണയായി. ഈ നിര്‍ദേശം അംഗീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. കാരണം സകല ഏജന്‍സികളും നോക്കിനില്‍ക്കെ രാജ്യംവിടാന്‍ കഴിഞ്ഞയാള്‍ക്ക് ഇത് ബാങ്കുകളെക്കൊണ്ട് അംഗീകരിപ്പിക്കാനാണോ പ്രയാസം.
9000 കോടി രൂപയാണ് വിജയ് മല്യ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. തിരിച്ചടക്കല്‍ 4000 കോടിയില്‍ ഒതുങ്ങിയാല്‍ ഇടപാടില്‍ ലാഭം 5000 കോടി രൂപ. 9000 കോടി രൂപയുടെ കിട്ടാക്കടം നിലനില്‍ക്കെ തന്നെ മല്യക്ക് വീണ്ടും കോടികള്‍ വായ്പ നല്‍കാനാണ് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശം ഉയരുകയും അന്വേഷണം തുടങ്ങുകയും ചെയ്തതോടെയാണ് ഈ നീക്കത്തിന് തടയിടപ്പെട്ടത്. വായ്പയെടുത്ത പണംപോലും ഉപയോഗിച്ച് നടത്തിയ ധൂര്‍ത്താണ് മല്യയുടെ സ്ഥാപനങ്ങളെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.
ബാങ്കുകള്‍ക്കും ആദായ നികുതി വകുപ്പിനും കോടികള്‍ നല്‍കാനുള്ളപ്പോള്‍പോലും മല്യ ഐ.പി.എല്‍ ടീമിനും വിദേശ ട്വന്‍റി20 ടൂര്‍ണമെന്‍റുകള്‍ക്കായും കോടികള്‍ ഒഴുക്കി. ദക്ഷിണാഫ്രിക്കയിലെ ഒരു ടീമിനെ മല്യ സ്വന്തമാക്കിയ വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ക്കും സര്‍ക്കാറിനും കോടികള്‍ കടപ്പെട്ട ഒരാളാണ് ഇങ്ങനെ വിലസുന്നതെന്ന് ഓര്‍ക്കണം. മതിയായ ഈടു പോലുമില്ലാതെയാണ് മല്യയെപ്പോലുള്ളവര്‍ക്ക് ആയിരക്കണക്കിന് കോടികള്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുന്നതെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. മല്യക്കെതിരായ പടപ്പുറപ്പാട് കാണുമ്പോള്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന തെറ്റിദ്ധാരണയൊന്നും വേണ്ട. ബാങ്കുകളിലെ ഉന്നതരുടെ അറിവോടെതന്നെ ചെറുതും വലുതുമായ നിരവധി കോര്‍പറേറ്റ് വായ്പാ തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. ഇവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് അതീവ നിര്‍ണായകമായ ബാങ്കിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സമീപകാലത്ത് പുറത്തുവന്ന ചില കണക്കുകള്‍ ഇത് ശരിവെക്കുകയും ചെയ്യുന്നു. 500 കോടി രൂപയിലേറെ കിട്ടാക്കടം വരുത്തിയ ഇടപാടുകാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അടുത്തിടെ സുപ്രീം കോടതി നിര്‍ദേശിച്ചത് ഈ പ്രതിസന്ധിയുടെകൂടി വെളിച്ചത്തിലാണ്.
2015 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ മാത്രം ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത 42 ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. സെപ്റ്റംബര്‍ അവസാനം 3.5 ലക്ഷം കോടിയായിരുന്ന കിട്ടാക്കടം ഡിസംബര്‍ അവസാനം എത്തിയത് 4.5 ലക്ഷം കോടി രൂപയില്‍. ഇതില്‍ ഏറെയും പൊതുമേഖലാ ബാങ്കുകളുടെ സംഭാവനയാണെന്ന ദു$ഖസത്യവും അവശേഷിക്കുന്നു.
ജനുവരിയില്‍ പുറത്തുവന്ന ഫലമനുസരിച്ച് 2015 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ കിട്ടാക്കടം 92 ശതമാനത്തോളമാണ് വര്‍ധിച്ചത്. ഏകദേശം 3200 കോടി രൂപ. ഇതേ കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ കിട്ടാക്കടം 50 ശതമാനത്തോളം വര്‍ധിച്ച് 7645 കോടി രൂപയിലുമത്തെി. ഇതോടെ ഒരിക്കലും തിരികെ കിട്ടില്ളെന്ന് ബാങ്ക് ഉറപ്പാക്കിയ വായ്പകള്‍ 21,313 കോടി രൂപയുടേതാണ്. ഇത് ബാങ്ക് എഴുതിത്തള്ളിയ വായ്പയുടെ കാര്യം മാത്രമാണ്. എന്നാല്‍, കിട്ടാക്കടം സംബന്ധിച്ച ഈ കണക്കുകള്‍ മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. എസ്.ബി.ഐയുടെ കാര്യം മാത്രമെടുത്താല്‍ പുന$സംഘടിപ്പിച്ച വായ്പകള്‍ 1,21,389 കോടി വരും. 5/25 പദ്ധതി ഉള്‍പ്പെടെയുള്ള സ്കീമുകള്‍ വഴി മറ്റൊരു 33,441 കോടിയുടെ വായ്പകൂടി പുന$സംഘടിപ്പിച്ചിട്ടുണ്ട്. തിരിച്ചടക്കാത്ത വായ്പകള്‍ സാങ്കേതികമായി തിരിച്ചടച്ചുവെന്ന് വരുത്താന്‍ കൂടുതല്‍ വായ്പ അനുവദിക്കലാണ് യഥാര്‍ഥത്തില്‍ വായ്പാ പുന$സംഘടന. ബാങ്കിന്‍െറ കണക്കുപുസ്തകങ്ങളില്‍ ചുവപ്പ് വീഴാതിരിക്കാന്‍ ബാങ്കിലെ ഉന്നതരുടെ ഒത്താശയോടെ നടത്തുന്ന ഇത്തരം വായ്പാ പുന$സംഘടനകളാണ് ഇന്ത്യയിലെ ബാങ്കുകളെ ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. എസ്.ബി.ഐയുടെ കാര്യം മാത്രമല്ല ഇത്. പുന$സംഘടിപ്പിച്ച വായ്പകള്‍കൂടി കണക്കിലെടുത്താല്‍ ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം എട്ടു ലക്ഷം കോടി രൂപയിലേറെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അടുത്തിടെ വിവരാവകാശ നിയമം അനുസരിച്ച് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയ കണക്കുകളും ഞെട്ടിക്കുന്നതാണ്. സമീപകാലത്ത് ഇന്ത്യയിലെ ബാങ്കുകള്‍ക്കുണ്ടായ തകര്‍ച്ചയുടെ ചിത്രമാണ് ഈ രേഖയിലുള്ളത്. ഇതനുസരിച്ച് 2013-2015 കാലയളവില്‍ ഇന്ത്യയിലെ 29 പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. ഇതിനു തൊട്ടുമുമ്പുള്ള 10 വര്‍ഷക്കാലത്ത് എഴുതിത്തള്ളിയതിലും കൂടുതലാണ് ഇത്. 2012 മാര്‍ച്ചില്‍ 15,551 കോടിയായിരുന്ന ഈ ബാങ്കുകളുടെ കിട്ടാക്കടം 2015 മാര്‍ച്ച് ആകുമ്പോഴേക്കും 52,542 കോടി ആയെന്നും ആര്‍.ബി.ഐ വെളിപ്പെടുത്തുന്നു. 2011 മാര്‍ച്ചിനുശേഷം പൊതുമേഖലാ ബാങ്കുകളുടെ ആകെ കിട്ടാക്കടത്തില്‍ 450 ശതമാനം വര്‍ധനയുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതെല്ലാം ഇന്ത്യയിലെ ബാങ്കുകളുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബാങ്കുകളില്‍ മാത്രം ഒതുങ്ങുന്നതുമല്ല ഈ പ്രശ്നം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന നെടുന്തൂണുകളില്‍ ഒന്നാണ് ബാങ്കുകള്‍. പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകള്‍. ഇവയുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെതന്നെ തകര്‍ച്ചക്ക് കളമൊരുക്കുമെന്ന ആപല്‍ക്കരമായ സാഹചര്യവും നിലനില്‍ക്കുന്നു.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിച്ചാല്‍ അത് 2015ലെ കേന്ദ്ര ബജറ്റില്‍ പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം, ഹൈവേകള്‍ എന്നിവക്ക് നീക്കിവെച്ച തുകയാവും.ബാങ്കുകളെ ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍നിന്ന് രക്ഷിക്കുന്നതിന് ഇക്കുറി കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത് 25,000 കോടി രൂപയാണ്. അതായത്, ഇന്ത്യയിലെ ചുരുക്കം വ്യവസായികള്‍ വരുത്തിവെച്ച കിട്ടാക്കടത്തിന്‍െറ ഭാരം സാധാരണക്കാര്‍ പേറേണ്ടിവരും.
വായ്പാ തട്ടിപ്പിന് ഇരയായ പാവങ്ങളെ പ്പോലും ജപ്തി ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ച് തെരുവിലിറക്കാന്‍ തിടുക്കംകൂട്ടുന്ന ബാങ്കുകള്‍ മല്യയെപ്പോലുള്ള വമ്പന്മാര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയാറല്ല. അവരുടെ ധൂര്‍ത്തിന് നിക്ഷേപകരുടെ പണം വാരിക്കോരി നല്‍കുകയും ചെയ്യും. ഈ ഒത്തുകളി മൂലം ബാങ്കുകള്‍ക്ക് വന്നുപെടുന്ന കിട്ടാക്കടത്തിന് പട്ടിണിപ്പാവങ്ങള്‍ വരെ ബാധ്യത പേറണം എന്നതാണ് വിചിത്രം.

 

Show Full Article
TAGS:tax dodgers 
Next Story