Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദയാനന്ദയിലേക്കു...

ദയാനന്ദയിലേക്കു മടങ്ങുക

text_fields
bookmark_border
ദയാനന്ദയിലേക്കു മടങ്ങുക
cancel

സാചില മതാചാരങ്ങള്‍ കാലഹരണപ്പെടുക സ്വാഭാവികം. എന്നാല്‍, ആത്മീയതയുടെ ശോഭ ഏതുകാലത്തും ജ്വലിച്ചുനില്‍ക്കും. കാലപ്പഴക്കംമൂലം തിളക്കം മങ്ങുന്നവയെ ആത്മീയ ഈടുവെപ്പായി കരുതാന്‍ വയ്യ. കാലചക്രം ഉരുളുന്തോറും പ്രസക്തി വര്‍ധിക്കുന്നവയാണ് ആത്മീയ കാര്യങ്ങള്‍. പ്രകാശിക്കുന്ന ആത്മീയതയാണ് സ്വാമി ദയാനന്ദ സരസ്വതി (1824-83) പ്രതിനിധാനം ചെയ്തത്. ലോകം എത്രകണ്ട് ഇരുളുന്നുവോ അത്രകണ്ട് ആത്മീയതയുടെ പ്രഭയും തീവ്രതരമാകുന്നു. ദയാനന്ദ സരസ്വതിക്ക് സത്യമായിരുന്നു ആത്മീയ വെളിച്ചം. അതുകൊണ്ടായിരുന്നു തന്‍െറ പുസ്തകത്തിന് ‘സത്യത്തിന്‍െറ പ്രകാശം’ എന്ന് അദ്ദേഹം പേര്‍ നല്‍കിയതും.

ജ്ഞാനവിരോധം, മനുഷ്യത്വമില്ലായ്മ, വികലീകരണം തുടങ്ങിയവ മതങ്ങളുടെ സത്തയെ ജീര്‍ണിപ്പിക്കുന്നു. വിവേകത്തെതന്നെ ഇവയുടെ കടന്നുകയറ്റം തുരങ്കംവെക്കുന്നു. പ്രകാശദീപമാകേണ്ട മതങ്ങള്‍ അപ്പോള്‍ അന്ധകാരത്തിന്‍െറ കവചമായി കലാശിക്കുന്നു. മതം എന്ന ആശയത്തെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു എന്നതാണ് ദയാനന്ദ സരസ്വതിയുടെ മഹത്തായ സംഭാവന.  വര്‍ത്തമാന കാലഘട്ടത്തില്‍ അടിയന്തരമായി നിര്‍വഹിക്കപ്പെടേണ്ട മര്‍മപ്രധാന ദൗത്യവും ഇതുതന്നെ. മതസംശുദ്ധിയുടെ വീണ്ടെടുപ്പ് ഇന്ത്യയുടെ ഭാവിഭാഗധേയം നിര്‍ണയിക്കേണ്ട സുപ്രധാന ഘടകമായി വിലയിരുത്തപ്പെടണം. ഭൗതിക വികസനത്തിനുവേണ്ടിയാണ് നമ്മുടെ കഠിനപരിശ്രമങ്ങള്‍ ഓരോന്നും. എന്നാല്‍, വികസന കപ്പല്‍ കുതിക്കുന്നതിന് ആത്മീയതയുടെ ദിശാസൂചി അത്യന്താപേക്ഷിതമാണ്. അല്ലാത്തപക്ഷം പരിണതി വലിയൊരു കപ്പല്‍ച്ചേതമാകും.

അക്കാലത്തെ മത സാമൂഹിക പരിഷ്കര്‍ത്താക്കളില്‍നിന്ന് വേറിട്ട വ്യക്തിത്വം പുലര്‍ത്തിയ സ്വാമി ദയാനന്ദ പ്രവര്‍ത്തനങ്ങളില്‍മാത്രമല്ല കാഴ്ചപ്പാടുകളിലും ആ സവിശേഷത നിലനിര്‍ത്തി. തികച്ചും ഉദാര ജനാധിപത്യവാദിയായിരുന്നു അദ്ദേഹം. ‘സംശയിക്കുക, സംവാദം നടത്തുക, ആവശ്യമെങ്കില്‍ വിമതസ്വരം ഉയര്‍ത്തുക’ എന്നതായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച പ്രമാണം. സന്ദേഹികളെ എക്കാലത്തും പുരോഹിതര്‍ ഭയപ്പെട്ടു. എതിരഭിപ്രായക്കാരെ പൊറുപ്പിക്കാന്‍ അപ്രമാദിത്വം ഉയര്‍ത്തുന്ന രീതി അവസാനിപ്പിക്കാന്‍ പൗരോഹിത്യം തയാറല്ല. സര്‍വവും അന്ധമായി വിശ്വസിക്കൂ എന്നതാണ് അവരുടെ തീട്ടൂരം. സന്ദേഹികള്‍ ദൈവദൂഷകരായി മുദ്രകുത്തപ്പെടുന്നു. വിഷയങ്ങളെ വസ്തുതകളാല്‍ പരിശോധിച്ചുറപ്പിക്കേണ്ടതില്ളെന്നും പൗരോഹിത്യം വാദിക്കുന്നു. മതത്തിന്‍െറ പേരിലുള്ള വിജ്ഞാനവിരോധം സംരക്ഷിക്കാന്‍ ഇത്തരം അയുക്തികതകള്‍ ആവശ്യമായിരിക്കാം. മാനവരാശിയുടെ വളര്‍ച്ചക്കും സാമൂഹികമാറ്റങ്ങള്‍ക്കും ത്വരകമായി വര്‍ത്തിക്കേണ്ട മതങ്ങള്‍ അങ്ങനെ അഴുകിയതും പ്രതിലോമ സ്വഭാവിയുമായി മാറുന്നു.

സംവാദത്തെ ജനാധിപത്യത്തിന്‍െറ സത്തയായി അംഗീകരിക്കാന്‍ നമുക്ക്  പ്രയാസമുണ്ടാകരുത്. സംശയങ്ങള്‍ക്ക് ഇടം അനുവദിക്കാത്തപക്ഷം എങ്ങനെ സംവാദം സാധ്യമാകും. അതുകൊണ്ട് പൗരോഹിത്യം സംവാദങ്ങളുടെ ശത്രുക്കളായി മാറുന്നു. മതത്തിന്‍െറ പേരില്‍ ജനങ്ങളിലും പൗരോഹിത്യ ചിന്താഗതി വേരുറക്കുന്നു. സംവാദത്തില്‍ മുഴുകുക എന്നതിന് അര്‍ഥം അന്യരുടെ നിലപാടുകള്‍ മാനിക്കുക എന്നുതന്നെ. അവരുടെ സ്വരങ്ങള്‍ ശ്രവിക്കുക എന്നും. മാനുഷികതയുടെ അടിസ്ഥാന മൂല്യമാണത്. എന്നാല്‍, പൗരോഹിത്യം മതങ്ങളെ ചില സങ്കുചിത ഇടങ്ങളാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. ചിന്തയുടെ പ്രകാശം കടന്നുവരാന്‍ അനുവദിക്കപ്പെടാത്ത ഇരുട്ടറകളാണവ.

ജീര്‍ണതയില്‍നിന്ന് മതത്തെ മുക്തമാക്കിയ പരിഷ്കര്‍ത്താവായിരുന്നു ദയാനന്ദ. അദ്ദേഹത്തോട് നാം-ഏതു മതവിശ്വാസിയും അത്യധികം കടപ്പെട്ടിരിക്കുന്നു. മതം പ്രവേശം നിഷേധിച്ച കോട്ടകള്‍ക്കു മുന്നില്‍ സംവാദത്തിന്‍െറ വാതായനങ്ങള്‍ തുറന്നിട്ട മുനിശ്രേഷ്ഠനായിരുന്നു അദ്ദേഹം. എതിര്‍ക്കാനും വിയോജിക്കാനും അവസരമില്ളെങ്കില്‍ സംവാദങ്ങള്‍ വൃഥാവേലയാകും. സംശയിക്കുന്നത് നിഷ്ഫലതയും.

വിമതശബ്ദമുയര്‍ത്തുന്നവരെ മതങ്ങള്‍ വേദവിരുദ്ധരായി പ്രഖ്യാപിച്ചതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ‘ഞാന്‍ തെരഞ്ഞെടുക്കുന്നു’ എന്നര്‍ഥമുള്ള ഹെഴ്സി എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ‘മതവിരുദ്ധത’ എന്നര്‍ഥമുള്ള ഇപ്പോഴത്തെ ഇംഗ്ളീഷ് പ്രയോഗം (Heresy) പ്രചാരത്തില്‍ വന്നത്. തെരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ വര്‍ധമാന തോതില്‍ വ്യാപകമായ കാലഘട്ടമാണ് നമ്മുടേത്. എന്നാല്‍, ഈ സ്വാതന്ത്ര്യം ഭൗതികമേഖലയില്‍ പരിമിതപ്പെടുന്നു. ആത്മീയ മണ്ഡലത്തില്‍ നമുക്ക് ഏറെ വഴികള്‍ ഇല്ല. അവിടെയാണ് സ്വതന്ത്ര ചിന്തക്ക് അവസരം സമ്മാനിച്ച ദയാനന്ദയുടെ പരിശ്രമങ്ങള്‍ കൊണ്ടാടപ്പെടേണ്ടത്.  ഈ ആത്മീയ ദാര്‍ശനികന്‍ മഹാനായ വിപ്ളവകാരിയായിരുന്നു. വിമോചനം അദ്ദേഹത്തിന് അര്‍ഥരഹിതമായ ആശയപദ്ധതി ആയിരുന്നില്ല. ലോകത്തിന്‍െറ ജീവല്‍യാഥാര്‍ഥ്യങ്ങളിലായിരുന്നു അദ്ദേഹത്തിന്‍െറ ആശയങ്ങളുടെ വേരുകള്‍. ജാതിസമ്പ്രദായത്തെ അദ്ദേഹം ധീരമായി ചോദ്യംചെയ്തു. ലിംഗ വിവേചനങ്ങള്‍ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി.

വിധവാവിവാഹത്തിനുവേണ്ടിയും പെണ്‍കുട്ടികളുടെ തുല്യാവകാശങ്ങള്‍ക്കുവേണ്ടിയും ദയാനന്ദ നിലകൊണ്ടു. ഇന്ത്യയില്‍ സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി ഇത്ര വീറോടെ വാദിച്ച പരിഷ്കര്‍ത്താക്കള്‍ വേറെ ഇല്ളെന്നുതന്നെ പറയാം. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍െറ പിന്‍ഗാമികള്‍ ആ പൈതൃകം കളഞ്ഞുകുളിച്ചു. ‘മുന്‍ ആര്യസമാജക്കാര്‍’ എന്ന വിശേഷണമണിഞ്ഞ് അലസരായി ജീവിക്കുന്ന ഈ വിഭാഗത്തെ ദേശീയനഷ്ടമായേ വിലയിരുത്താനാകൂ.

സര്‍വമനുഷ്യരും തുല്യരാണ് എന്നതായിരുന്നു ദയാനന്ദയുടെ അടിസ്ഥാന ദര്‍ശനം. കുലീനതയുടെ (ആര്യ)വാതായനം ശൂദ്രര്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹം വ്യത്യസ്തനായി. അക്ഷരവിരോധികളായ മതനേതാക്കളുടെ രോഷം ക്ഷണിച്ചു വരുത്തിയ നടപടിയായിരുന്നു അത്. അതുകൊണ്ട് അദ്ദേഹത്തിന്‍െറ ഉന്മൂലനം അനിവാര്യമാണെന്നും അവര്‍ വിധിച്ചു. ദയാനന്ദ ചതിയില്‍ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. ആഗോളീകൃതലോകത്തില്‍ ആദരവ് നേടാന്‍ ഇന്ത്യക്ക് ആഗ്രഹമുണ്ടെങ്കില്‍ ജാതിവിവേചനങ്ങള്‍ കൈവെടിയാന്‍ നാം തയാറാകണം.

വളര്‍ച്ചയുടെ മാനദണ്ഡം മൊത്തം ഗാര്‍ഹിക ഉല്‍പാദനത്തിലെ (ജി.ഡി.പി) വര്‍ധന മാത്രമല്ല. ദയാനന്ദയുടെ യഥാര്‍ഥ മൂല്യങ്ങള്‍ സംസ്ഥാപിച്ചുകൊണ്ട് ഓരോ പൗരന്‍െറയും അന്തസ്സ് ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന പ്രസ്ഥാനമായി ആര്യസമാജവും നവീകരിക്കപ്പെടണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swami dayananda saraswati
Next Story