Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചൊവ്വയിലെ ജലസങ്കല്‍പം

ചൊവ്വയിലെ ജലസങ്കല്‍പം

text_fields
bookmark_border
ചൊവ്വയിലെ ജലസങ്കല്‍പം
cancel

പ്രാചീനകാലംതൊട്ടേ ഗോളശാസ്ത്രജ്ഞരുടെ നിരീക്ഷണമണ്ഡലത്തിലുണ്ടായിരുന്ന ഗ്രഹമാണ് ചൊവ്വ. സൗരയൂഥത്തിലെ ചുവന്നഗ്രഹമാണത്. പ്രപഞ്ച വിജ്ഞാനീയം അതിന്‍െറ വികാസത്തിന്‍െറ ഓരോഘട്ടത്തിലും ചൊവ്വയെക്കുറിച്ചുള്ള പഠനങ്ങള്‍ സവിശേഷമായി നടന്നതായി കാണാം. ആധുനികകാലത്ത് ബഹിരാകാശപേടകങ്ങള്‍വഴി അന്യഗ്രഹങ്ങളെതേടിയുള്ള യാത്ര ആരംഭിച്ചപ്പോഴും  ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ചൊവ്വയായിരുന്നു. മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഭൂമിയോട് ഏറ്റവും സാമ്യമുള്ള ഗ്രഹമാണ് ചൊവ്വ. അതുകൊണ്ടുതന്നെ ജീവനുണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒരു ഗ്രഹമായി ഇതിനെ കണക്കാക്കപ്പെടുന്നതുകൊണ്ടാവാം ചൊവ്വയെക്കുറിച്ച് ഇത്രയധികം പഠനങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ചൊവ്വയില്‍ ഒഴുകുന്ന ജലത്തിന്‍െറ സാന്നിധ്യം തെളിയിക്കപ്പെട്ടതാണ് ഈ ഗ്രഹവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍വന്ന വാര്‍ത്ത. വര്‍ഷങ്ങളായി ശാസ്ത്രലോകത്ത് നിലനില്‍ക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള പ്രാഥമിക ഉത്തരം നാസയുടെ ഈ കണ്ടത്തെലിലുണ്ട്. ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെടുക എന്നതിനര്‍ഥം ഭൗമേതര ജീവികളെതേടിയുള്ള അന്വേഷണത്തില്‍ നാം ഒരു ചുവടുകൂടി മുന്നേറിയെന്നാണ്.
ചൊവ്വാഗ്രഹത്തില്‍ ജലത്തെയും ജീവനെയും തേടിയുള്ള അന്വേഷണങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രഗല്ഭ ഇറ്റാലിയന്‍   ജ്യോതിശാസ്ത്രജ്ഞനായ ഗിയോവാനി ഷിയാപറേലിയുടെ (1835-1910) നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ഇറ്റലിയിലെ മിലാന്‍ വാനനിരീക്ഷണാലയത്തിന്‍െറ ഡയറക്ടറായിരുന്ന കാലത്താണ് (1877)അദ്ദേഹം ചൊവ്വയുടെ ഭൂപടം തയാറാക്കിയത്. നിരീക്ഷണാടിസ്ഥാനത്തിലുള്ള ചൊവ്വാഗ്രഹത്തിന്‍െറ ആദ്യ ഭൂപടമെന്ന സവിശേഷതകൂടി ഈ ഭൂപടത്തിനുണ്ട്. ചൊവ്വയെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്ന അക്കാലത്ത് അദ്ദേഹം ആ ഗ്രഹത്തിലെ കടലും വന്‍കരയുമെല്ലാം വിശദമായിതന്നെ രേഖപ്പെടുത്തി.  പിന്നീട്, ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തുകയുംചെയ്തു. അതിന്‍െറ ആമുഖത്തില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘അതൊരു ഊഷരഭൂമിയല്ല, അതിന് ജീവനുണ്ട്’. ചുവന്നഗ്രഹത്തിന്‍െറ ഉപരിതലത്തില്‍ താന്‍ കണ്ട ‘തോടുകളെ’ക്കുറിച്ച് അദ്ദേഹം ഏറെ വാചാലനായി. ‘കനാലെ’ എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. ഒരു കാലത്ത് ചൊവ്വയില്‍ ധാരാളമായി ജലമുണ്ടായിരുന്നുവെന്നും അവിടെ ജീവന് നിലനില്‍ക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നുമുള്ള നിഗമനത്തിലാണ് ഷിയാപറേലിയും അദ്ദേഹത്തിന്‍െറ സമകാലികരും എത്തിപ്പെട്ടത്്.
ചൊവ്വാമനുഷ്യരെക്കുറിച്ചുള്ള കഥകളും ‘സിദ്ധാന്തങ്ങളുമൊക്കെ പ്രചരിക്കുന്ന കാലംകൂടിയായിരുന്നു അത്. സ്വാഭാവികമായും ഷിയാപറേലിയുടെ നിരീക്ഷണങ്ങള്‍ ആ വഴിക്കും സഞ്ചരിച്ചു. ‘കനാലെ’കള്‍  ചൊവ്വാമനുഷ്യന്‍ നിര്‍മിച്ച ജലസേചനത്തോടുകളായി പലരും വ്യാഖ്യാനിച്ചു. പെഴ്സിവെല്‍ ലോവല്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്നു ഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്. തന്‍െറ വാദത്തെ സാധൂകരിക്കാന്‍ അരിസോണയില്‍ ഒരു നിരീക്ഷണാലയംതന്നെ സ്ഥാപിച്ചു അദ്ദേഹം. നീണ്ട 20 വര്‍ഷം അവിടെ  ചെലവഴിക്കുകയും ചൊവ്വയിലെ മനുഷ്യരെക്കുറിച്ച് അദ്ദേഹം പല ‘സിദ്ധാന്തങ്ങളും’ ആവിഷ്കരിക്കുകയും ചെയ്തു. ലോവലിന്‍െറ പ്രഭാഷണംകേട്ട ആയിരക്കണക്കിന് അമേരിക്കക്കാര്‍ ചൊവ്വാസംസ്കാരത്തില്‍ (mars civilization) വിശ്വസിച്ചുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
ഇന്നിപ്പോള്‍ അത്തരം വിശ്വാസങ്ങളൊന്നും നിലനില്‍ക്കുന്നില്ളെന്ന് പറയാം. എങ്കിലും,  ഒരുകാലത്ത് സമൃദ്ധമായി ജലമുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ചൊവ്വയില്‍ ജീവന്‍െറ പ്രാഥമികരൂപങ്ങള്‍ വല്ലതുമുണ്ടോ, ഉണ്ടായിരുന്നോ എന്നാണിപ്പോള്‍ പുതിയ അന്വേഷണങ്ങളുടെ കാതല്‍. ആ ദിശയിലുള്ള അന്വേഷണത്തിന്‍െറ ആദ്യഫലങ്ങളാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്നു പറയാം. വേനല്‍ക്കാലത്ത് ഗ്രഹോപരിതലത്തിലെ ചൂടുകൂടുമ്പോള്‍ ചൊവ്വയിലെ മധ്യരേഖ പ്രദേശങ്ങളിലെ മലയിടുക്കുകളുടെയും കുന്നുകളുടെയും മുകളില്‍നിന്ന് വെള്ളം ഒഴുകുന്നുവെന്നാണ് നാസയിലെ മാര്‍സ് എക്സ്പ്ളൊറേഷന്‍ പ്രോഗ്രാം മേധാവി മൈക്കിള്‍ മേയര്‍ പറയുന്നത്. പക്ഷേ, എവിടെനിന്നാണ് ജലം വരുന്നതെന്ന് വ്യക്തമല്ല. ഒരുപക്ഷേ, ഗ്രഹാന്തര്‍ഭാഗത്ത് ജലം കട്ടിയായി കിടക്കുന്നുണ്ടാകാം. അല്ളെങ്കില്‍, ചുവന്നഗ്രഹത്തിന്‍െറ നേര്‍ത്ത അന്തരീക്ഷത്തില്‍നിന്നുമാകാം.  കഴിഞ്ഞ അരനൂറ്റാണ്ടായി ചൊവ്വ ലക്ഷ്യമാക്കി നിരവധി ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചിട്ടുണ്ട്. 1965ല്‍ നാസയുടെ മാരിനര്‍ 5 എന്ന പേടകം ചൊവ്വയിലെ ‘കനാലു’കളുടെ ചിത്രം പകര്‍ത്തിയത് ഷിയാപറേലിയുടെ സിദ്ധാന്തങ്ങള്‍ക്ക് ബലമേകി. തുടര്‍ന്ന്, 1970കള്‍ക്കുശേഷം സജീവമായ ചൊവ്വ പര്യവേക്ഷണങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളെ സ്ഥിരീകരിക്കുന്നതാണ്  നാസയുടെ പുതിയ വെളിപ്പെടുത്തലുകള്‍.
ചൊവ്വയിലെ ചാലുകള്‍ വെള്ളമൊഴുകി രൂപപ്പെട്ടതാണെന്നുതന്നെയാണ് ആധുനികനിഗമനം. ഒരുകാലത്ത് ചൊവ്വയില്‍ ധാരാളം വെള്ളമുണ്ടായിരുന്നു എന്ന് സ്വാഭാവികമായും വിശ്വസിക്കപ്പെടുന്നു. ചൊവ്വയുടെ മണ്ണിനും പാറകള്‍ക്കും അടിയില്‍ ധാരാളം ഹിമം ഉണ്ടാകാമെന്നും പലപ്പോഴായി ഉരുള്‍പൊട്ടല്‍വഴി അതിലൊരുഭാഗം പുറത്തുവന്ന് ഒഴുകിയതാണ് ഈ ചാലുകളെന്നും ചിലര്‍ കരുതുന്നു. മഴപെയ്ത് ഒഴുകിയ ചാലുകളല്ല അവ എന്നു വ്യക്തം; കാരണം, അവ ഒരിടത്തുനിന്ന് പെട്ടെന്ന് പുറപ്പെട്ടപോലെയാണ് കാണപ്പെടുന്നത്. ചാലുകളിലേറിയപങ്കും ക്രൈസ് പ്ളാനിറ്റിയ എന്ന  തടത്തിലാണ് വന്നു ചേരുന്നത്. ഭൂതകാലത്ത് വന്നിടിച്ച വസ്തുക്കള്‍ സൃഷ്ടിച്ച തടങ്ങളാണ്   പ്ളാനിറ്റകള്‍.  ഹെല്ലാസ് പ്ളാനിറ്റിയ, ആര്‍ജൈ തുടങ്ങിയവയാണ് ഈ ഗ്രഹത്തിലെ ശ്രദ്ധേയമായ തടങ്ങള്‍. യഥാര്‍ഥത്തില്‍ 1970കളില്‍ നാസതന്നെ പുറത്തുവിട്ട ഈ വിവരങ്ങളൊക്കെ സ്ഥിരീകരിക്കുകയാണിപ്പോള്‍  അവര്‍ ചെയ്തിരിക്കുന്നത്. അതിനാവശ്യമായ തെളിവുകള്‍ അവര്‍ ഇക്കാലത്തിനിടയില്‍ ശേഖരിച്ചുകഴിഞ്ഞു.
ചൊവ്വയില്‍ ജലമുണ്ടെന്നതിന്‍െറ തെളിവുകള്‍ പലപ്പോഴായി നാസ പുറത്തുവിട്ടിട്ടുണ്ട്. അവിടെ ഒരുകാലത്ത് ഭീമന്‍ സമുദ്രമുണ്ടായിരുന്നുവെന്ന് ഈ വര്‍ഷമാദ്യം നാസ കണ്ടത്തെിയിരുന്നു. 2006ല്‍ ഗ്രഹോപരിതലത്തില്‍ ഒഴുകുന്ന ജലത്തിന്‍െറ ചിത്രംതന്നെ നാസയുടെ മാര്‍സ് ഗ്ളോബല്‍ സര്‍വേയര്‍ പകര്‍ത്തി ഭൂമിയിലേക്കയച്ചു. 2011ല്‍ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്ററും സമാനമായ നിരീക്ഷണം നടത്തി. ചൊവ്വയിലെ ഗര്‍ത്തങ്ങളിലേക്കുള്ള  നേരിയ ജലമൊഴുക്കാണ് ഈ പേടകം പകര്‍ത്തിയത്. അറ്റ്ലാന്‍റയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ലുജേന്ദ്ര ഓജയും (ഇദ്ദേഹം നേപ്പാളുകാരനാണ്) സംഘവും കൂടുതല്‍ നിരീക്ഷണവിധേയമാക്കുകയുണ്ടായി. ഈ ജലമൊഴുക്കിനെ കൂടുതല്‍ നിരീക്ഷണവിധേയമാക്കുന്നതിനായി റക്കനൈസന്‍സ് ഓര്‍ബിറ്ററില്‍ പ്രത്യേക ഉപകരണംതന്നെ സജ്ജമാക്കി. ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു നിരീക്ഷണം. ചൊവ്വയിലെ വേനല്‍ക്കാലത്ത് വെള്ളച്ചാലിന്‍െറ ഇരുണ്ടനിറം കൂടിക്കൂടി വരുന്നതായി അവര്‍ കണ്ടത്തെി. താപനില മൈനസ് 23 ഡിഗ്രി മുതലാണ് ഈ ഒഴുക്ക് ആരംഭിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, പൂജ്യം ഡിഗ്രിക്കു താഴെതന്നെ ചൊവ്വയില്‍ ജലം ദ്രവരൂപത്തിലാകുന്നു. പക്ഷേ, ജലമൊഴുക്കിന് കാരണമാക്കുന്നതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതുപോലെതന്നെ ജലസ്രോതസ്സും അജ്ഞാതമാണ്. ഒരുപക്ഷേ, ഈ ജലസ്രോതസ്സ് കണ്ടത്തെലായിരിക്കും നാസയുടെയും മറ്റു ബഹിരാകാശ ഏജന്‍സികളുടെയും അടുത്ത ലക്ഷ്യം. 2035ഓടെ ചൊവ്വയിലേക്ക് മനുഷ്യനെയും വഹിച്ചുള്ള യാത്രക്ക് പല ഏജന്‍സികളും തയാറെടുക്കുന്ന സാഹചര്യത്തില്‍ ഈ അന്വേഷണത്തിന് പ്രസക്തിയേറെയുണ്ട്. ചൊവ്വയില്‍ മനുഷ്യകോളനി ഗവേഷകലോകത്തിന്‍െറ  വലിയ സ്വപ്നവുമാണല്ളോ.

Show Full Article
TAGS:
Next Story