Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതെരുവുനായ്ക്കളെ...

തെരുവുനായ്ക്കളെ എന്തുചെയ്യണം?

text_fields
bookmark_border
തെരുവുനായ്ക്കളെ എന്തുചെയ്യണം?
cancel

ഇന്ത്യയില്‍ സംസ്കാരവും നാഗരികതയും ആരംഭിക്കുമ്പോള്‍തന്നെ നായയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. യുധിഷ്ഠിരനെ അനുഗമിച്ച നായപോലും ഒരു തെരുവുനായ ആകാനാണ് സാധ്യത.
ഒരു പ്രദേശത്തില്‍ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും മനുഷ്യരുമായി സംഘട്ടനം ഉണ്ടാകുകയും ചെയ്താല്‍ അതൊരു പ്രശ്നംതന്നെയാണ്. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പേവിഷബാധമൂലം മരിക്കുന്നവര്‍ ഇന്ത്യയിലാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതിലാകട്ടെ 40 ശതമാനവും 15 വയസ്സില്‍ താഴെയുള്ള കുട്ടികളും. കേരളത്തില്‍ 2013ല്‍ 88,172 നായകടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015ല്‍ 1.19 ലക്ഷവും 2015 ജൂണ്‍ ഒന്നുവരെ 42,712 നായകടികളും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് നായ്ക്കളെ ഉന്മൂലനം ചെയ്യണം എന്ന സിദ്ധാന്തത്തിന് ആക്കംകൂടിയത്.
നായ്ക്കളെ കൊന്നുതീര്‍ത്താല്‍ അതിന്‍െറ ആക്രമണം അവസാനിക്കുമെന്നും പേവിഷബാധ ഇല്ലാതാകുമെന്നും ഉള്ള ഒരു പൊതുബോധം നമ്മുടെ ഇടയിലുണ്ട്. ഒറ്റനോട്ടത്തില്‍ ശരിയാണെന്ന് തോന്നാവുന്ന ഇത്തരം ധാരണകളെ ശാസ്ത്രീയമായി അപഗ്രഥിക്കേണ്ടതുണ്ട്. ഒരു  നയപരിപാടിയെന്നനിലയില്‍ ഉന്മൂലനം  ഉദ്ദേശിക്കുന്ന ലക്ഷ്യം കാണുമോയെന്ന് പഠിക്കേണ്ടതുണ്ടല്ളോ. മുമ്പ് ഇമ്മാതിരി ഉന്മൂലനപ്രക്രിയയിലൂടെ എവിടെയെങ്കിലും പേവിഷമുക്ത പ്രദേശമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ആരായുന്നതും ആവശ്യംതന്നെ.
സര്‍ക്കാറിന്‍െറതന്നെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 26 പേരാണ് പേവിഷബാധമൂലം മരിച്ചത്. പേവിഷബാധ തടയുന്നതിനുള്ള സുശക്തമായ പ്രതിരോധമരുന്നുകള്‍ ലഭ്യമായ ഇക്കാലത്താണ് ഈ 26 പേര്‍ മരിച്ചതെന്ന് ഓര്‍ക്കണം. തൊലിക്കുള്ളില്‍ കുത്തിവെക്കുന്ന ഇപ്പോഴത്തെ ചികിത്സാരീതി ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും സര്‍ക്കാര്‍ നിലപാടനുസരിച്ച് പരക്കെ ലഭ്യവും പണച്ചെലവില്ലാത്തതുമാണ്. അപ്പോള്‍ ഈ 26 പേരും പരക്കെ ലഭ്യമായ ചികിത്സാവിധി എന്തുകൊണ്ട് സ്വീകരിച്ചില്ലാ എന്നത് അന്വേഷിക്കേണ്ട കാര്യമല്ളേ?  1986ല്‍ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് 31 പേര്‍ പേവിഷബാധമൂലം മരിച്ചിരുന്നു. അന്നത്തെ മരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത് പേവിഷബാധക്ക് പിന്നില്‍ അന്ധവിശ്വാസങ്ങളും അജ്ഞതയും ഘടകങ്ങളാണ് എന്നാണ്. അങ്ങനെയെങ്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 26 മരണം എന്നത് പേവിഷബാധ പ്രതിരോധത്തില്‍ ഒരു മുന്നേറ്റംതന്നെയാണ്.
മനുഷ്യന്‍ ജീവിക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യര്‍ക്കുതന്നെയാണ് പ്രഥമസ്ഥാനം എന്ന് സമ്മതിക്കാം. എന്നാല്‍പോലും എല്ലാ നായ്ക്കളെയും കൊന്നൊടുക്കുക എന്നൊരു പദ്ധതി എത്രകണ്ട് പ്രായോഗികമാണ്? പണ്ട് ഡല്‍ഹിയിലും ചെന്നൈയിലും ഈ പദ്ധതി നടത്തിയിട്ടുണ്ട്. ചെന്നൈയില്‍ 1860 മുതല്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുമായിരുന്നു. നൂറ് വര്‍ഷത്തിനുശേഷം 1970 ആയപ്പോള്‍ നായ്ക്കളുടെ സംഖ്യ കുറയുന്നില്ലാ എന്ന് ബോധ്യമായി. 1990കളില്‍ പോലും പ്രതിവര്‍ഷം 16,000 നായ്ക്കളെയാണ് കൊന്നൊടുക്കിയത്. പക്ഷേ, 1996 ല്‍ 120 പേവിഷബാധ രേഖപ്പെടുത്തുകയുണ്ടായി. 1996 മുതല്‍ പുതിയ പദ്ധതി ആവിഷ്കരിച്ചു. ഈ നൂതനപദ്ധതി എ.ബി.സി എന്നറിയപ്പെടുന്നു. അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (മൃഗ വന്ധ്യംകരണം) എന്ന പ്രോഗ്രാമനുസരിച്ച് നായ്ക്കളെ പിടികൂടല്‍, വന്ധ്യംകരണം, തുറന്നുവിടല്‍ എന്ന രീതിയിലാണ് ഇത് മുന്നേറിയത്. ഇപ്രകാരം 70 ശതമാനം നായ്ക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ പേവിഷബാധയും നായ്ക്കളുടെ സാന്ദ്രതയും ക്രമീകരിക്കാന്‍ സാധിക്കും. ചെന്നൈയില്‍ ഇതുതന്നെ സംഭവിച്ചു. 1996ല്‍ 120 പേവിഷബാധ രേഖപ്പെടുത്തിയ പട്ടണത്തില്‍ 2006 ആയപ്പോള്‍ പേവിഷബാധ ശൂന്യമായി. ഈ പദ്ധതിയില്‍ അയവുവന്ന് കഴിഞ്ഞപ്പോള്‍ 2014 ല്‍ ചെന്നൈ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥി അലന്‍ സാമുവല്‍ കാമ്പസില്‍ വന്ന തെരുവുനായയുടെ കടിയേറ്റ് മാസങ്ങള്‍ക്കുശേഷം പേവിഷബാധയാല്‍ മരിച്ചു. എന്നാല്‍, കൂടെ കടിയേറ്റ സുഹൃത്ത് പ്രതിരോധ കുത്തിവെപ്പ് എടുത്തതിനാല്‍ പേവിഷബാധയുണ്ടാകാതെ രക്ഷപ്പെടുകയും ചെയ്തു. എ.ബി.സി പദ്ധതി ഇപ്പോള്‍ അറിയപ്പെടുന്നത് എ.ബി.സി-എ.ആര്‍ എന്നാണ് (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ ആന്‍റി റാബീസ്). മൃഗങ്ങളെ വന്ധ്യംകരിക്കുകയും പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുകയുമാണ് ഈ പദ്ധതിയുടെ ഘടകങ്ങള്‍.
നമുക്ക് കേരള സാഹചര്യങ്ങളിലേക്ക് തിരിച്ചുവരാം. കേരളത്തില്‍ നായ്ക്കളുടെ സംഖ്യ കൂടുന്നുവെന്ന് പരക്കെ വിശ്വസിക്കുന്നു. സത്യത്തില്‍ വിശ്വസനീയമായ നായ സെന്‍സസ് ലഭ്യമല്ല. 2012ല്‍ കേരത്തിലാകെ 25,198 തെരുവുനായ്ക്കളുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു. തിരുവനന്തപുരത്ത് വിവിധ കണക്കുകള്‍ അനുസരിച്ച് 6000 മുതല്‍ 50,000 വരെയുണ്ട് എന്നും പറയുന്നു. ഏകദേശം 25,000 നായ്ക്കളുണ്ടാകാം എന്ന് കരുതാം. എന്നാല്‍ പേവിഷബാധ, നായകടിമൂലമുള്ള ക്ഷതങ്ങള്‍ എന്നിവയെക്കുറിച്ചും വ്യക്തമായ കണക്കുകളില്ല. ഇവയില്‍ എത്രയാണ് വളര്‍ത്തുനായ്ക്കള്‍മൂലമുണ്ടാകുന്നത് എന്നും വ്യക്തമല്ല. ഒരുകാര്യം ഉറപ്പ്, ഏതാണ്ട് 60 ശതമാനം നായകടികളും വളര്‍ത്തുനായമൂലം ഉണ്ടാകുന്നതാണ്. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ രേഖപ്പെടുത്തിയ 1074 നായകടികളില്‍ 75 ശതമാനവും വളര്‍ത്തുനായ കടിച്ചതാണ് എന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതു കാണിക്കുന്നത് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സിങ് വ്യവസ്ഥകളും പരിചരണക്രമവും കൃത്യമായി മോണിറ്റര്‍ ചെയ്യാനുള്ള സമയമായി എന്നാണ്.
നായ്ക്കളുടെ എണ്ണം കൂടുന്നത്ചില പ്രത്യേക സാഹചര്യങ്ങളിലാണ് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം മാലിന്യസംസ്കരണത്തിന്‍െറ പരാജയമാണ്. പൊതുയിടങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുക, അറവുശാലകള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യം ഒരു നിയന്ത്രണവുമില്ലാതെ പൊതുനിരത്തുകളിലും ഒഴിഞ്ഞ പുരയിടങ്ങളിലും നിക്ഷേപിക്കുകയും ചെയ്യുമ്പോഴാണ് നായസാന്ദ്രത കൂടുന്നത്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ തദ്ദേശ സ്വയംഭരണങ്ങള്‍ തങ്ങളുടെ പൊതു ഉത്തരവാദിത്തങ്ങളില്‍നിന്ന് പിന്മാറുന്നതും നായ്ക്കളുടെ സംഖ്യാവര്‍ധനക്ക് കാരണമാകുന്നു.
ഉന്മൂലനസിദ്ധാന്തം നടപ്പാക്കുന്നതിലെന്തു തെറ്റ്? മനുഷ്യന്‍െറ ശത്രുവായി ഭവിക്കുന്ന മറ്റു ജീവജാലങ്ങളെ  നശിപ്പിക്കുന്നുണ്ടല്ളോ? ശരിയാണ്. ഇവിടെ ഉത്തരം നിസ്സാരമാണ്. ഉന്മൂലനം ഉദ്ദേശിക്കുന്ന ഗുണംചെയ്യുന്നില്ല എന്നതാണ് കാതലായ കാര്യം. ചെന്നൈ, ജയ്പുര്‍ എന്നിവിടങ്ങളില്‍ പരീക്ഷിച്ചു പരാജയപ്പെട്ട ആശയമാണത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മറ്റു ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നായ്ക്കളെ കൊല്ലുക എന്നത് എളുപ്പമല്ല. ഒരുവര്‍ഷം 10,000 നായ്ക്കളെ കൊല്ലണമെങ്കില്‍ അതിന്‍െറ മൃതശരീരങ്ങള്‍ മറവുചെയ്യുന്നതിന് മാലിന്യസംസ്കരണ പ്രസ്ഥാനങ്ങള്‍ നിലവിലില്ലാത്ത പ്രദേശങ്ങളില്‍ വലിയ പ്രശ്നം സൃഷ്ടിക്കുകയില്ളേ? ആ പ്രദേശത്തെ കുറെ നായ്ക്കള്‍ അപ്രത്യക്ഷമായാല്‍ തൊട്ടടുത്ത പ്രദേശത്തെ നായ്ക്കള്‍ ഒഴിവുവന്ന ഇടങ്ങള്‍ പിടിച്ചടക്കും. മാത്രമല്ല, നായ്ക്കളുടെ പ്രജനനം കൂടുതല്‍ ഊര്‍ജസ്വലമാകുകയും ചെയ്യും. രണ്ടു നായ്ക്കള്‍ (ഒരാണും പെണ്ണും) മൂന്നുവര്‍ഷത്തില്‍ മുന്നൂറായി പെരുകും എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം രണ്ടു പ്രസവമാണ് നായ്ക്കള്‍ക്കുള്ളത്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഉന്മൂലനം ഒരുവര്‍ഷത്തെ ഇടവേളയാണ് നമുക്ക് നല്‍കുന്നത്. ഇനി നായ്ക്കള്‍ അപ്രത്യക്ഷമായാല്‍ നാട്ടില്‍ ക്രമാതീതമായി വളരുന്ന മറ്റൊരു മൃഗമുണ്ട്-എലി. നായയുള്ള പ്രദേശങ്ങളില്‍ എലിശല്യം കുറവായിരിക്കും. സൂറത്തില്‍ നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി നടപ്പായതിനുശേഷമാണ് പ്ളേഗ് പടര്‍ന്നത്.
ലോകാരോഗ്യസംഘടന പറയുന്നത് 2020 ആകുമ്പോഴേക്കും പേവിഷബാധ നിര്‍മാര്‍ജനം ചെയ്യണമെന്നാണ്. ഇതിന് അവര്‍ ശിപാര്‍ശ ചെയ്യുന്ന ഏറ്റവും ഫലവത്തായ മാര്‍ഗം എ.ബി.സി-ആര്‍.വി (ജനനനിരക്ക് നിയന്ത്രണവും റാബീസ് വിരുദ്ധ കുത്തിവെപ്പും) പദ്ധതിതന്നെയാണ്. ഇതിനകം ഈ പദ്ധതി നടപ്പാക്കിയ ബംഗ്ളാദേശ് 2010-2014 കാലഘട്ടത്തില്‍ പേവിഷബാധ 50 ശതമാനത്തിലധികം കുറച്ചുകൊണ്ടുവരുകയുണ്ടായി. ഒരുപക്ഷേ, ഇന്ത്യക്ക് ബംഗ്ളാദേശില്‍നിന്ന് ഒരുപാഠം ഉള്‍ക്കൊള്ളാന്‍ കഴിയും. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളില്‍ കണ്ടത് എ.ബി.സി-ആര്‍.വി  പദ്ധതിയാണ് നായകടികളും പേവിഷബാധയും ചെറുക്കാന്‍ ഏറ്റവും ഫലപ്രദവും ഏറ്റവും ചെലവുകുറഞ്ഞതുമായ നയം എന്നാണ്. ഇതും ചിന്തനീയമത്രെ.
നായ്ക്കളെ കൊല്ലുന്നതിലും ഒരു പ്രായോഗിക പ്രശ്നമുണ്ട്. നായ്ക്കളെ കൊല്ലുക എന്ന ജോലി സാമൂഹികമാന്യത കുറഞ്ഞതാകയാല്‍ ഇതിലേക്ക് ആവശ്യത്തിന് ആളുകളെ ലഭിക്കാനിടയില്ല. ശാരീരികാധ്വാനം വേണ്ട ജോലികളില്‍ ഇപ്പോള്‍തന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെക്കുറെ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞുവല്ളോ. നായ്ക്കളെ കൊല്ലാന്‍ തയാറാകുന്നവര്‍തന്നെ അസുഖമുള്ളതും പേവിഷബാധയുള്ളതും അക്രമകാരികളുമായ നായ്ക്കളെ വിട്ടുകളയാനാണ് സാധ്യത. അങ്ങനെയാണ് മറ്റു പലയിടങ്ങളിലും നടന്നിട്ടുള്ളത്. കൊല്ലപ്പെടുന്ന നായ്ക്കള്‍ ഏറെക്കുറെയെല്ലാംതന്നെ ആരോഗ്യമുള്ളവയും പ്രായേണ സൗമ്യസ്വഭാവമുള്ളവയും ആയിരിക്കും. അപ്പോള്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ അവിടത്തെന്നെ പരാജയപ്പെടാനിടയുണ്ട്. തെരുവുനായ്ക്കളില്‍നിന്നുള്ള വെല്ലുവിളി തീര്‍ച്ചയായും നേരിടേണ്ടതുണ്ട്. അത് ശാസ്ത്രീയപഠനങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാവണം. ആരുടെയെങ്കിലും വികലമായ ധാരണകള്‍ അതിനെ സ്വാധീനിക്കാന്‍ ഇട നല്‍കരുത്.
 

Show Full Article
TAGS:
Next Story