എസ്.എന്‍.ഡി.പിയുടെ ഹൈന്ദവരാഷ്ട്രീയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. വിമര്‍ശം പ്രധാനമായും ഉയരുന്നത് സി.പി.എം നേതാക്കളില്‍ നിന്നാണ്. വിമര്‍ശം അക്ഷരംപ്രതി ശരിയാണ്. അപകടം തിരിച്ചറിയാന്‍ പതിവുപോലെ കുറെ വൈകി എന്നേയുള്ളൂ. റിപ് വാന്‍ വിങ്കിളിനെ പോലെ ഞെട്ടി ഉണര്‍ന്നതല്ല. അരുവിക്കരയിലെ തെരഞ്ഞെടുപ്പില്‍ കൈപൊള്ളിയപ്പോള്‍ ഇക്കാര്യം തിരിച്ചറിയുകയും ഉറക്കെ പറയാതിരുന്നാല്‍ ശരിയാവില്ല എന്ന് ബോധ്യപ്പെടുകയുമാണ് ഉണ്ടായത് എന്ന് തോന്നുന്നു.
പിണറായി വിജയന് അരുവിക്കരയില്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തിയപ്പോള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് മറിക്കുന്നതില്‍ എസ്.എന്‍.ഡി.പിയുടെ പങ്ക് നേരിട്ട് കണ്ടറിഞ്ഞു എന്നാണ് ചില പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ആളെക്കൂട്ടാന്‍ ഇറങ്ങിയ ചില ശക്തികള്‍ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകരുടെ പേരുകൂടി അതില്‍ ദുരുപയോഗംചെയ്യുന്നു എന്നും കേരളത്തിന്‍െറ മനസ്സിനെ പ്രവീണ്‍ തൊഗാഡിയമാരുടെ രാഷ്ര്ടീയത്തിന് അടിയറവെക്കാനുള്ള ഈ ദല്ലാള്‍പണി എതിര്‍ക്കപ്പെടണമെന്നും പിണറായി ഉപതെരഞ്ഞെടുപ്പിനുശേഷം എഴുതിയിരുന്നു.
എന്നാല്‍, എസ്.എന്‍.ഡി.പി ഹൈന്ദവരാഷ്ട്രീയത്തിന്‍െറ കൂടാരത്തിലേക്ക് ഒറ്റദിവസംകൊണ്ട് കടന്നുചെന്നതല്ല. 1996ല്‍ വെള്ളാപ്പള്ളി നടേശന് യോഗനേതൃത്വത്തിലേക്ക് കടന്നുവരുമ്പോള്‍ എസ്.എന്‍.ഡി.പി യോഗം കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന ശക്തമായ സാന്നിധ്യമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും സംവരണമടക്കമുള്ള അവകാശങ്ങളുടെ സംരക്ഷണത്തിനും വിപുലീകരണത്തിനുംവേണ്ടി മറ്റു പിന്നാക്കവിഭാഗങ്ങളുടെ വിശാലമായ ഒരു ഐക്യമുന്നണി എസ്.എന്‍.ഡി.പിയുടെ മുന്‍കൈയില്‍ സജീവമായിരുന്നു. തൊണ്ണൂറുകളില്‍ പി.ഡി.പി രൂപവത്കരിച്ചുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനിയും ജെ.എസ്.എസ് രൂപവത്കരിച്ചുകൊണ്ട് കെ.ആര്. ഗൗരിയമ്മയും ഒപ്പം മുസ്ലിം ലീഗും ഒക്കെ ഈ രാഷ്ട്രീയത്തിന് പുത്തനുണര്‍വ് നല്‍കിയിരുന്നു.
എന്നാല്‍, അഖിലേന്ത്യാതലത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്‍െറ വളര്‍ച്ചയുടെ ചുവടുപിടിച്ച് കേരളത്തില്‍ സംവരണവിരുദ്ധ ശക്തികള്‍ സ്വന്തം പ്രതിലോമ പ്രത്യയശാസ്ത്രത്തിന് ഇടംതേടുന്ന കാലംകൂടിയായിരുന്നു അത്. വെള്ളാപ്പള്ളി നടേശന് അദ്ദേഹത്തിനുമുമ്പുള്ള യോഗം നേതാക്കളെപ്പോലെ ഇതിനെതിരെ ഒരു കര്‍ശനനിലപാട് സ്വീകരിച്ചിരുന്നില്ളെങ്കിലും സവര്‍ണ ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ മുദ്രാവാക്യങ്ങളില്‍നിന്ന് കൃത്യമായ അകലം അദ്ദേഹം ആദ്യകാലത്ത് പാലിച്ചിരുന്നു. എന്നാല്‍, എസ്.എന്‍.ഡി.പിയുടെ ഭാവിരാഷ്ട്രീയത്തെക്കുറിച്ചുള്ള അതുവരെയുള്ള കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായിരുന്നു വെള്ളാപ്പള്ളിയുടെ സമീപനം എന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാക്കാന്‍കഴിയുന്ന സൂചനകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയത്തെക്കാള്‍ സംഘടനാപരമായി സ്വന്തം പ്രാമാണ്യം നിലനിര്‍ത്തുക എന്ന അജണ്ട വളരെ വ്യക്തമായിരുന്നു. സംഘടനയുടെ പൊതുരാഷ്ട്രീയത്തില്‍ മായംചേര്‍ക്കപ്പെടുകയും സംഘടന ‘ശക്തി’പ്പെടുകയും ചെയ്യുകയായിരുന്നു. സംഘടനക്കുവേണ്ടി സംഘടിക്കുന്നത് ഫാഷിസ്റ്റുകളാണ്.
പാര്‍ട്ടി ഭരണകൂടമാക്കാന്‍ ശ്രമിക്കുന്നവര്‍കൂടിയാണ് ഒരു തരത്തില്‍ വ്യാഖ്യാനിച്ചാല്‍ ഫാഷിസ്റ്റുകള്‍. ഭരണകൂടാധികാരം പിടിച്ചെടുക്കാന്‍ കഴിയാത്ത സംഘടനകള്‍ക്കും ആന്തരികമായ അത്തരം ചട്ടക്കൂടുകളിലേക്ക് അണികളെ നിര്‍ബന്ധിക്കാന്‍ കഴിയും. അത്തരത്തിലൊരു പരിവര്‍ത്തനം ഒരുവശത്ത് എസ്.എന്‍.ഡി.പി യോഗത്തിനുള്ളില്‍ നടക്കുന്നു എന്ന് മഹാഭൂരിപക്ഷത്തോടെയുള്ള വെള്ളാപ്പള്ളിയുടെ നിരന്തരവിജയങ്ങള്‍ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു. മറുവശത്ത് യോഗം നിലകൊണ്ടിരുന്ന സംവരണരാഷ്ട്രീയത്തോടുള്ള വിമുഖതയും നവഹിന്ദുത്വത്തോടുള്ള ചായ്വും പലരീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
ഒന്നര ദശാബ്ദത്തിനും മുമ്പ്, ഇന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനാണ് എസ്.എന്‍.ഡി.പിയുടെ പുതിയ നേതൃത്വത്തിന്‍െറ നയങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയത്. ഇന്ന് പിണറായി വിജയന് പറയുന്ന കാര്യങ്ങള്‍ പലതും അന്ന് സുധീരനും പറഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരുവിന്‍െറയും നവോത്ഥാനചരിത്രത്തിന്‍െറയും പാരമ്പര്യത്തെ എസ്.എന്‍.ഡി.പി നേതൃത്വം വഞ്ചിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായി ചങ്ങാത്തംകൂടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ എതിര്‍പ്പും പിന്തുണയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയവും തമ്മില്‍ ഒരു ബന്ധവുമില്ളെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, സമഗ്രമായ ഒരു രാഷ്ട്രീയവിമര്‍ശമായിരുന്നില്ല സുധീരന്‍േറത്. വെള്ളാപ്പള്ളിയുടെ വീട്ടില്‍ നടന്ന വരുമാന നികുതി റെയ്ഡിന്‍െറയും അവിടെനിന്ന് വയര്‍ലെസ് സെറ്റ് പിടിച്ചെടുത്തതിന്‍െറയും ഒക്കെ കാര്യങ്ങള്‍ കൂട്ടിക്കുഴച്ചുള്ള ഒരു ആക്രമണമായിരുന്നു അത്.
സുധീരനെപ്പോലെ വി.എസ്. അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ വെള്ളാപ്പള്ളിയെ വ്യക്തിപരമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവന്നിരുന്ന നവഹിന്ദുത്വവുമായുള്ള രാഷ്ട്രീയമായ ചങ്ങാത്തത്തിന് വെള്ളാപ്പള്ളി തുടക്കമിടുന്നു എന്ന വിപത്തിന്‍െറ ഗൗരവം അന്നത്തെ വിമര്‍ശകര്‍ അധികം മനസ്സിലാക്കിയിരുന്നില്ല. റെയ്ഡിനെ തുടര്‍ന്ന് അന്ന് കേന്ദ്രമന്ത്രി ആയിരുന്ന ഒ. രാജഗോപാല്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് പുതിയ കൂട്ടുകെട്ടുറപ്പിക്കുകയും ചെയ്തു.
എന്നാല്‍, 2001ല്‍ നരേന്ദ്രന് കമീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്എസ്.എന്‍.ഡി.പി കൂടുതല്‍ ശക്തമായി നവഹിന്ദുത്വചേരിയിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. പിന്നാക്കസമുദായങ്ങളുടെ നിരന്തരമായ സമരങ്ങളുടെ ഫലമായി ഗവണ്മെന്റ്/പൊതുമേഖലാ ഉദ്യോഗങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് പഠിക്കാന്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച കമീഷനായിരുന്നു നരേന്ദ്രന് കമീഷന്. റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍പ്രകാരം പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണമാനദണ്ഡത്തിന് പുറത്ത് കൂടുതല്‍ ഉദ്യോഗങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അതിനുള്ളിലെ വൈജാത്യങ്ങള്‍ രൂക്ഷമായിരുന്നു. ഈഴവര്‍ക്ക് പൊതുവെ സംവരണമനുസരിച്ചുള്ളതോ അതിലധികമോ ഉദ്യോഗങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മുസ്ലിംസമുദായവും ലത്തീന്‍ കത്തോലിക്കാ സമുദായവും ധീവരസമുദായവും നാടാര്‍സമുദായവും ഇക്കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. മുസ്ലിം സമുദായമായിരുന്നു ഏറ്റവും പിന്നില്‍.
ഇതിന്‍െറ അടിസ്ഥാനത്തില്‍ ഈ സമുദായങ്ങള്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തണം എന്ന കമീഷന്‍െറ നിര്‍ദേശത്തോട് യോജിക്കാന്‍ വെള്ളാപ്പള്ളി തയാറായില്ല. അദ്ദേഹം പിന്നാക്കസമുദായ മുന്നണിയില്‍നിന്നും എന്തിന്, സംവരണമുദ്രാവാക്യത്തില്‍ നിന്നുതന്നെയും എസ്.എന്‍.ഡി.പി.യെ പിന്‍വലിക്കാനും ഇതിനായി ആര്.എസ്.എസിന്‍െറ അജണ്ടയായ ഹിന്ദു ഐക്യത്തിന്‍െറ കുടക്കീഴിലേക്ക് നീങ്ങാനും തയാറായി. ഇതേക്കുറിച്ച് അക്കാലത്തുതന്നെ ഞാനും എഴുതിയിരുന്നു. എന്‍.എസ്.എസുമായി ചേര്‍ന്ന് ഹിന്ദുഐക്യമുണ്ടാക്കാന്‍ സാമ്പത്തികസംവരണത്തിന് എതിരെ ഉയര്‍ത്തിയിരുന്ന നിലപാടുപോലും മാറ്റാന്‍ വെള്ളാപ്പള്ളി തയാറായി. മുന്നാക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണമെന്ന നിര്‍ദേശവുമായി യു.ഡി.എഫ് സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ അതിനെതിരെ സുപ്രീംകോടതിയില്‍ നല്കിയ ഹരജി എന്‍.എസ്.എസ് ഐക്യത്തിന്‍െറ പേരുപറഞ്ഞ് വെള്ളാപ്പള്ളി പിന്‍വലിച്ചിരുന്നു. എത്ര നിസ്സാരമായാണ് അദ്ദേഹം എസ്.എന്‍.ഡി.പിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ കൈയൊഴിയുന്നത് എന്നത് അവിശ്വസനീയമായിരുന്നു.
ഇന്നിപ്പോള്‍ പൂര്‍ണമായും കാവിവത്കരിക്കപ്പെട്ട ഒരു പ്രസ്ഥാനമായി എസ്.എന്‍.ഡി.പി മാറുകയാണ്. ഗുരുവിന്‍െറ രാഷ്ട്രീയത്തില്‍, ദര്‍ശനത്തില്‍ വിമര്ശിക്കപ്പെടാന് ഉള്ളതുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടണം എന്നു തന്നെയാണ് എന്‍െറ അഭിപ്രായം. മുമ്പ് ഞാന്‍ അതേക്കുറിച്ച് എഴുതിയിട്ടുണ്ട് (ജാതിയുടെ ഭാവി രാസവിദ്യകള്‍, ‘നവസാമൂഹികത’ എന്ന പുസ്തകം). എന്നാല്‍, ഇപ്പോള്‍ ഹിന്ദുത്വ ഫാഷിസ്റ്റ് മുന്നണിയുടെ ഭാഗമാവാന്‍ സംഘടന ഒരുങ്ങുകയാണ്. തികച്ചും നിര്‍ഭാഗ്യകരമായ ഒരു സാഹചര്യമാണിത്.
തുടക്കംമുതല്‍ ഇപ്പോഴത്തെ എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ നയങ്ങളെ തുറന്നെതിര്‍ത്തുപോരുന്ന ഒരാള്‍ എന്നനിലയില്‍ സി.പി.എമ്മും കോണ്‍ഗ്രസും അടക്കമുള്ള പ്രസ്ഥാനങ്ങള്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശവുമായി മുന്നോട്ടുവരുന്നത് പ്രത്യാശയോടെയാണ് ഞാന്‍ കാണുന്നത്. ഈ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ നവഹിന്ദുത്വരാഷ്ട്രീയം കേരളജനത പൂര്‍ണമായും തിരസ്കരിക്കും എന്നും ഞാന്‍ പ്രതീക്ഷിക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2015 7:48 AM GMT Updated On
date_range 2015-09-29T13:18:26+05:30എസ്.എന്‍.ഡി.പിയുടെ നവഹിന്ദുത്വം എന്നുമുതല്‍?
text_fieldsNext Story