പൊക്കുടന്‍ എന്ന ഹരിതകവചം
text_fields1990കളില്‍ കണ്ടല്‍ക്കാടുകള്‍ ഒരു ആവാസവ്യവസ്ഥയാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ഈ കാലത്ത് താന്‍ ജീവിക്കുന്ന ഏഴോം മുട്ടുകണ്ടി, പഴയങ്ങാടി പുഴയോരങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ ഒരു നിയോഗം പോലെ നട്ടുവളര്‍ത്തുകയായിരുന്നു കല്ളേന്‍ പൊക്കുടന്‍. ഒരു പുഴയുടെയും കൈപ്പാടിന്‍െറയും തീരത്ത് താമസിക്കേണ്ടിവന്ന സാധാരണക്കാരനിലും സാധാരണക്കാരനായ ഒരു ദലിതന് തന്‍െറ ജീവിതത്തിന്‍െറ നിലനില്‍പിന് കാറ്റും കോളുമടങ്ങിയ വായുപ്രവാഹത്തെ തടഞ്ഞുനിര്‍ത്താനും ആഹാരത്തിനുവേണ്ടിയുള്ള മത്സ്യസമ്പാദനത്തിനും ഓരുവെള്ളത്തില്‍ മാത്രം വിളയുന്ന ഓരുകയമ നെല്ല് വളര്‍ത്തിയെടുക്കുന്നതിനും കണ്ടലിന്‍െറ ഹരിതമതില്‍ അവശ്യംവേണ്ടതാണെന്ന് സ്വയം പഠിച്ചെടുക്കുകയായിരുന്നു, ഒരു ആധികാരിക ഗ്രന്ഥത്തിന്‍െറയോ അക്കാദമിക് സഹായമോ ഇല്ലാതെതന്നെ.
1992ല്‍ കണ്ണൂര്‍ ജില്ലയിലെ കണ്ടല്‍ മേഖലകളെല്ലാം വ്യാപകമായ കൈമാറ്റത്തിനും അതുവഴി കൈയേറ്റത്തിനും വിധേയമായിക്കൊണ്ടിരിക്കെയാണ് കണ്ടല്‍ സംരക്ഷണത്തിനുള്ള ചെറിയ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ആരംഭിക്കുന്നത്. അക്കാലത്തുതന്നെ അത്തരം പ്രവര്‍ത്തനങ്ങളുമായി സംയോജിച്ച് നേതൃപരമായി മുന്നില്‍ നില്‍ക്കാന്‍ പൊക്കുടന്‍ ഉണ്ടായിരുന്നു. ജനകീയാസൂത്രണത്തിന്‍െറ തുടക്കത്തില്‍ ആദ്യമായി കണ്ടല്‍ വെക്കാനുള്ള പദ്ധതികള്‍ തയാറാക്കിയത് പയ്യന്നൂര്‍ നഗരസഭയായിരുന്നു. പഴയങ്ങാടി പുഴയിലെ സമൃദ്ധമായ കണ്ടല്‍ മേഖലകളിലൂടെ തന്‍െറ ചെറിയ തോണിയില്‍ ഒറ്റക്ക് സഞ്ചരിച്ച് അതിനാവശ്യമായ കണ്ടല്‍വിത്തുകള്‍ ശേഖരിച്ച് എത്തിക്കുകയും അവ എങ്ങനെയാണ് നട്ടുപിടിപ്പിക്കേണ്ടതെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് സമൂഹത്തെ മൊത്തം കണ്ടലിന്‍െറ വഴിയിലേക്ക് നയിക്കാനും ഈ പരിസ്ഥിതിസ്നേഹിക്കായി. തുടര്‍ന്ന് തലശ്ശേരി മേഖലകളില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തില്‍ കണ്ടല്‍ നടാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചതിന് പിന്നില്‍ പൊക്കുടന്‍െറ പരീക്ഷണങ്ങളായിരുന്നു വളമിട്ടത്. പഴയങ്ങാടി പുഴയോരത്ത് അദ്ദേഹം നട്ടുവളര്‍ത്തിയ ചെടികള്‍ അപ്പോഴേക്കും ഒരാള്‍പൊക്കത്തില്‍ വളര്‍ന്നുവന്നിരുന്നു. ആദ്യകാലത്ത് സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ക്ക് വേണ്ട വിത്തുകള്‍ മുഴുവന്‍ ശേഖരിച്ചുനല്‍കാന്‍ പൊക്കുടനായി.
വടക്കന്‍ കേരളത്തിന്‍െറ തീരദേശങ്ങളില്‍ കണ്ടല്‍ ചെടികളെക്കുറിച്ച് വേണ്ടത്ര അവബോധമുണ്ടാകുന്നത് വരെ ആ പ്രദേശങ്ങളിലെല്ലാം കണ്ടല്‍വിത്തുമായി പൊക്കുടന്‍ കടന്നുചെന്നു. ഈ നിസ്വാര്‍ഥ പ്രവര്‍ത്തനം കല്ളേന്‍ പൊക്കുടനെ കണ്ടല്‍ പൊക്കുടനാക്കി മാറ്റി. 2002ലെ സൂനാമി തിരമാലകളുടെ സംഹാരതാണ്ഡവമാണ് കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം ലോകം തിരിച്ചറിയാന്‍ ഇടയാക്കിയത്. ഇതോടെ കേരളത്തിന്‍െറ തീരപ്രദേശങ്ങളിലെല്ലാം ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും കണ്ടല്‍ വെച്ചുപിടിപ്പിക്കുന്ന തീരങ്ങളിലും സജീവസാന്നിധ്യമായി പൊക്കുടന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തി. ഇക്കാലത്തുതന്നെ കേരളത്തില്‍ അരങ്ങേറിയ വിവിധ പരിസ്ഥിതി സമരങ്ങളിലും നിര്‍ണായകപങ്ക് പൊക്കുടന്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇരിണാവ് താപനിലയത്തിനെതിരെയും കരിമണല്‍ ഖനനത്തിനെതിരെയുമുള്ള സമരങ്ങളില്‍ പൊക്കുടന്‍ സജീവമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ വിടവാങ്ങല്‍ കേരളത്തിന്‍െറ പാരിസ്ഥിതികമേഖലക്ക് വലിയനഷ്ടമാണ്. നമ്മുടെ പരിസ്ഥിതിയുടെ രക്ഷക്ക് അദ്ദേഹം സമ്മാനിച്ച ഹരിതമതിലും ആ മഹത്തായ പാരിസ്ഥിതിക ബോധവും നിലനിര്‍ത്താന്‍ നാം ജാഗരൂകരാകണം.
പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതിവേദിയായ സീക്കിന്‍െറ ഡയറക്ടറാണ് ലേഖകന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
0_0_9.jpg)