Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപേവിഷത്തിനെതിരെ ജാഗ്രത

പേവിഷത്തിനെതിരെ ജാഗ്രത

text_fields
bookmark_border
പേവിഷത്തിനെതിരെ ജാഗ്രത
cancel



ലോകം ഇന്ന് പേവിഷബാധ വിരുദ്ധദിനമായി ആചരിക്കുകയാണ് (World Rabies Day). കേരളത്തില്‍ അങ്ങോളമിങ്ങോളം ദിനേന ഒട്ടനവധി വിദ്യാര്‍ഥികളും മുതിര്‍ന്നവരും പേപ്പട്ടിയുടെ കടിയേല്‍ക്കുകയും ഇത് വന്‍ വാര്‍ത്തയാവുകയും ചെയ്യുന്നുണ്ട്. പേപ്പട്ടിശല്യത്തിന് അറുതിവരുത്തണമെന്ന മുറവിളി ഒരുഭാഗത്ത് ഉയരുമ്പോഴും മൃഗസംരക്ഷണ നിയമങ്ങളുടെ കര്‍ക്കശമായ കുരുക്കുകള്‍കാരണം ഒന്നും ചെയ്യാനാവാതെ പകച്ചുനില്‍ക്കുകയാണ് പൊതുജനം. ശ്വാനവര്‍ഗം ക്രമാതീതമായി വര്‍ധിക്കാന്‍ അനുകൂലമായ സാഹചര്യം ബഹുജനങ്ങള്‍ അറിഞ്ഞും അറിയാതെയും സൃഷ്ടിക്കുന്നു.
റാബീസ് വൈറസ് ബാധയാലുണ്ടാകുന്ന രോഗമാണ് പിന്നീട് മനുഷ്യരെ പേപിടിച്ച് ദിവസത്തിനകം മരണത്തിലേക്ക് നയിക്കുന്നത്.  പേവിഷം മനുഷ്യനില്‍ കടന്ന് രോഗം വന്നുകഴിഞ്ഞാല്‍ ചികിത്സിച്ചു രക്ഷപ്പെടുത്താന്‍ സാധ്യമല്ല. 100 ശതമാനം മരണം സുനിശ്ചിതം. അത്യാധുനിക കേന്ദ്രങ്ങളില്‍ അതീവ ശാസ്ത്രീയവഴികളിലൂടെ മൂന്നു കേസുകളില്‍ മാത്രമേ രോഗികള്‍ ചരിത്രത്തില്‍ ഇതേവരേ രക്ഷപ്പെട്ടിട്ടുള്ളൂ. എന്നിരിക്കേ റാബീസ് അണുക്കള്‍ ശരീരത്തില്‍ കടന്നു എന്ന സംശയമുണ്ടായാല്‍ പ്രതിരോധചികിത്സമാത്രമാണ് കരണീയം. പ്രതിരോധചികിത്സ 100 ശതമാനം ഫലപ്രദമാണ്.
നായ, കുറുക്കന്‍, കീരി തുടങ്ങി നമുക്കു ചുറ്റും നിത്യേന ഇടപഴകുന്ന ജന്തുക്കളിലും മറ്റു വന്യമൃഗങ്ങളിലുമെല്ലാം പേവിഷ അണുക്കള്‍ വ്യത്യസ്ത തോതിലുണ്ട്.  ഉമിനീര്‍ഗ്രന്ഥിയാണ് അണുക്കളുടെ ശേഖരം. ഇവയില്‍നിന്ന് കടിയേല്‍ക്കാന്‍ സാധ്യതയുള്ള മറ്റു ജന്തുക്കളിലും ഈ അണുശേഖരമുണ്ടാവാം. കടി ഏല്‍ക്കുകയോ, നഖം കൊണ്ടുള്ള മാന്തല്‍ ഉണ്ടാവുകയോ ചെയ്താല്‍ നിര്‍ബന്ധമായും പ്രതിവിധികള്‍ സ്വീകരിക്കണം.
ഭ്രാന്തിന്‍െറ അണുക്കള്‍ പട്ടിയില്‍ കടന്നാല്‍ അഞ്ചുദിവസത്തിനകം അവക്ക് ഭ്രാന്തിളകാനും അടുത്ത അഞ്ചുദിവസത്തിനകം അവ ചത്തുപോകാനും സാധ്യതയുണ്ട്. ഈ സാധ്യത കാരണമാണ് 10 ദിവസം ‘നിരീക്ഷിക്കുക’ എന്ന രീതി മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഈ 10 ദിവസഘട്ടത്തിലും അതുവരെയുള്ള പ്രതിരോധമരുന്ന് എടുത്തിരിക്കണം. പിന്നീട് തുടങ്ങാം എന്ന ആലസ്യം അപകടംവരുത്തും. വ്യാപകമായ മറ്റൊരു തെറ്റിദ്ധാരണ വീട്ടിലെ പട്ടി കടിച്ചാല്‍ പ്രതിരോധമരുന്ന് ആവശ്യമില്ല എന്നതാണ്. ഏതു വളര്‍ത്തുമൃഗം കടിച്ചാലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പൂച്ച, എലി എന്നിവ മാന്തിയാലും ശരീരത്തിലെ തൊലിയില്‍ ഒരു വരയെങ്കിലും ഉണ്ടായി രക്തം പൊടിഞ്ഞാലും നിര്‍ബന്ധമായും മരുന്നെടുക്കണം.
പ്രതിരോധമരുന്നുകളുടെ അതേ പ്രാധാന്യം പ്രഥമശുശ്രൂഷക്കുമുണ്ട്. മാന്തുകയോ നക്കുകയോ കടിക്കുകയോചെയ്ത് ശരീരത്തില്‍ ഒരുതരത്തിലും തൊലിക്ക് പോറല്‍ പോലും ഏറ്റിട്ടില്ളെങ്കിലും 15 മിനിറ്റുനേരം തുടര്‍ച്ചയായി വെള്ളംചീറ്റി കഴുകുകയും സോപ്പ്, മറ്റ് ആന്‍റിസെപ്റ്റിക് മരുന്നുകള്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. ഈ വൃത്തിയാക്കല്‍ തൊലിക്ക് പോറലേറ്റാലും മുറിഞ്ഞാലും ചോര ഒലിക്കുന്ന മുറിവുണ്ടായാലും എല്ലാം നിര്‍ബന്ധമാണ്. ചികിത്സയുടെ ഒന്നാമത്തേതും സുപ്രധാനവുമായ ഘട്ടം ഇതുതന്നെ. അടുത്തപടി പ്രതിരോധ കുത്തിവെപ്പുകളാണ്. പ്രവര്‍ത്തനരീതി അനുസരിച്ച് ഇവയെ രണ്ടായി തിരിക്കാം.
ഒന്നാമത്തെവിഭാഗം മരുന്ന് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിച്ച് പ്രതിരോധശക്തി ഉണ്ടാക്കിയെടുക്കുന്ന ‘വാക്സിന്‍’ ആണ്. ഇത് എല്ലാ ഗവണ്‍മെന്‍റ് ആശുപത്രികളിലും സൗജന്യമായി ലഭിക്കും. ഒന്നാമത്തെ ഇഞ്ചക്ഷന്‍െറ ദിവസം പൂജ്യം എന്ന കണക്കില്‍ 0, 3, 7, 14, 28 എന്നിങ്ങനെ ദിവസങ്ങളില്‍ എടുക്കുന്നു.
രണ്ടാമത്തെ വിഭാഗം നേരിട്ട് പ്രതിരോധ മരുന്ന് എത്തിക്കുക എന്നുള്ളതാണ്. ഇവയെ ‘സീറം’ എന്നുപറയും. ഇവയുടെ ഉല്‍പാദനം മൃഗങ്ങളുടെ സിറം ഉപയോഗിച്ചുള്ളതായതിനാല്‍ ചിലപ്പോള്‍ റിയാക്ഷന്‍ ഉണ്ടായേക്കാം. അത്തരം അവസരങ്ങളില്‍ ഹ്യൂമന്‍ ഇമ്യൂണോ ഗ്ളോബുലിന്‍ എന്ന നൂതനമായ മരുന്നാണ് ഉപയോഗിക്കാറ്. ഈ മരുന്നുകള്‍ വിലകൂടിയതാണ്. കടിയോ, മറ്റുവിധത്തിലുള്ള പോറലുകളോ ഏറ്റാല്‍ ഉടന്‍തന്നെ ഇത്തരം പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണം.
പഴയകാലത്ത് വയറില്‍ പൊക്കിളിനുചുറ്റും കൊടുത്തിരുന്ന വാക്സിന്‍ മാറി ഇപ്പോള്‍ വളരെ ചെറിയ സൂചി ഉപയോഗിച്ചാണ് കുത്തിവെപ്പ് നടത്തുന്നത്. വാക്സിന്‍ മസിലിനകത്തും തൊലിക്ക് താഴെയും കൊടുക്കാം. സീറം മുറിവിനുചുറ്റും ബാക്കിഭാഗം മസിലിലും കൊടുക്കുന്നു.
കടിയേറ്റുണ്ടാകുന്ന മുറിവുകള്‍ തുന്നിക്കെട്ടാറില്ല. വളരെ വലിയ മുറിവുകളാണെങ്കില്‍ ദിവസങ്ങള്‍ക്കുശേഷം അവക്ക് വേണ്ടുന്ന തുന്നിക്കെട്ടലുകള്‍ ചെയ്യാം. ആന്‍റിബയോട്ടിക് മരുന്നുകള്‍ വേണ്ടിടത്ത് ആദ്യംതന്നെ ഉപയോഗിക്കാറുണ്ട്. പ്രതിരോധമരുന്നുകള്‍ ഒരിക്കല്‍ എടുത്തയാള്‍ അവയുടെ രേഖകള്‍ സൂക്ഷിക്കുന്നപക്ഷം പിന്നീട് കടിയേറ്റാല്‍ അത് പ്രയോജനപ്പെടും.
പേബാധിച്ച മനുഷ്യന് അതിഭയാനകമായ അസ്വസ്ഥത, വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട്, ദേഹത്ത് കാറ്റുപോലും കൊള്ളാന്‍ പറ്റാത്ത അസഹ്യത തുടങ്ങി കഠിന ഭ്രാന്തിന്‍െറ ലക്ഷണങ്ങളുണ്ടാകും. മൂന്നുനാല് ദിവസത്തിനകം മരണം സംഭവിക്കും. നിരന്തര ബോധവത്കരണം ഈ വിഷയത്തില്‍ സുപ്രധാനമാണ്.  പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഈ മേഖലയില്‍ ജാഗ്രത പുലര്‍ത്താനാകും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story