Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാലാമൂഴം

നാലാമൂഴം

text_fields
bookmark_border
നാലാമൂഴം
cancel

‘വിഗ്രഹം വേണ്ട എന്ന് നീ പഠിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു, നിന്നെ ഉരുക്കുകൊണ്ട് വീരാഭിഷേകം ചെയ്യുമെന്ന്. പേടി പഠിക്കാത്ത നിന്‍െറ വായനാപരിഷകള്‍ക്ക് നിന്നെ ചുവന്ന വിഗ്രഹമാക്കി സമ്മാനിക്കുമെന്ന്. ഇതാണ് ഗുരോ ഞങ്ങളുടെ കുരുത്തം. ഞങ്ങളുടെ ജോലിപരമ്പര പവിത്രമാണ്. മഹാഭാരതംപോലെ രാമാനന്ദസാഗരം പോലെ. അങ്ങാടിത്തെരുവിലെ ചൊക്ളിപ്പട്ടിയുടെ അന്ത്യം ഇരന്ന് ഇനിയും ഇവിടെ വൃദ്ധഗുരുക്കന്മാര്‍ തോന്ന്യവാസം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ കഴിഞ്ഞ സന്ദേശം വായിക്കാനറിയുമല്ളോ. ‘മൂര്‍ത്തി പോയി. ഏയ് ഭഗവാന്‍. നീയാണ് അടുത്തവന്‍’ -സരിത മോഹനന്‍ വര്‍മയുടെ ‘ഗുരുഭൂതര്‍ അറിയാന്‍’ എന്ന കവിതയില്‍നിന്നുള്ള വരികളാണിത്. പ്രഫസര്‍ കല്‍ബുര്‍ഗിയെ ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചുകൊന്നതിന്‍െറ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട രചന. നീയാണ് അടുത്തവന്‍ എന്ന ഭീഷണിസന്ദേശം പലതവണ കേട്ടിരിക്കുന്നു കെ.എസ്. ഭഗവാന്‍. ബജ്റങ്ദളിന്‍െറ കണ്‍വീനര്‍ ഭുവിത്ഷെട്ടി ട്വിറ്ററില്‍ അത് പ്രഖ്യാപിക്കുകയുംചെയ്തു. ഏതുനിമിഷവും ഒരു തോക്കിന്‍െറ കുഴല്‍ തന്‍െറ നേരെ നീളാം എന്ന് അറിഞ്ഞുകൊണ്ട് നിര്‍ഭയനായി നിലകൊള്ളുകയാണ് ഭഗവാന്‍.

തെരുവുപട്ടിയുടെ അന്ത്യമിരന്ന് തോന്ന്യവാസം പറയുന്ന മറ്റൊരു വൃദ്ധഗുരുവെന്ന് ഹിന്ദുത്വവാദികള്‍ കരുതുന്ന ഭഗവാന്‍ സമകാലിക ഇന്ത്യന്‍ സാഹിത്യത്തിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ്. അക്ഷരങ്ങളില്‍ ഭാവനയുടെ വിസ്മയപ്രപഞ്ചം സൃഷ്ടിക്കുക മാത്രമല്ല, ആര്‍ജവമുള്ള രാഷ്ട്രീയ നിലപാടുകളിലൂടെ സമൂഹത്തെ മുന്നോട്ടുനയിക്കുക കൂടിയാണ് എഴുത്തുകാരന്‍െറ ദൗത്യമെന്ന് തിരിച്ചറിഞ്ഞ സാഹിത്യപ്രതിഭ. ചരിത്രയാഥാര്‍ഥ്യങ്ങളെ തമസ്കരിച്ചുകൊണ്ട് മിത്തുകളെയും പുരാണങ്ങളെയും തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള സാംസ്കാരിക ഉപജാപം ഒൗദ്യോഗികതലത്തില്‍തന്നെ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഭഗവദ്ഗീതയെയും രാമായണത്തെയും ചരിത്രപരമായ പുനര്‍വായനക്ക് ഭഗവാന്‍ വിധേയമാക്കുന്നത്.

അസാമാന്യമായ ധൈര്യവും രാഷ്ട്രീയമായ ആര്‍ജവവുമുള്ള ഒരു എഴുത്തുകാരനുമാത്രം സാധ്യമാവുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു ഭഗവാന്‍. അവിടെയാണ് ഭഗവാന്‍െറ നിരീക്ഷണങ്ങളുടെയും നിലപാടുകളുടെയും സമകാലിക പ്രസക്തി. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്‍െറ ചെയര്‍മാന്‍ വൈ. സുദര്‍ശന്‍ റാവു രാമായണത്തെയും മഹാഭാരതത്തെയും കാണുന്നത് കേവലം ഇതിഹാസങ്ങളായല്ല. മറിച്ച് ചരിത്രഗ്രന്ഥങ്ങളായാണ്. അവയുടെ ചരിത്രപരതക്ക് തെളിവുകളില്ളെന്ന് റോമിലാ ഥാപര്‍ ഉള്‍പ്പെടെയുള്ള വിഖ്യാത ചരിത്രഗവേഷകര്‍ കണ്ടത്തെിയിട്ടുള്ളതാണ്. ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ശാസ്ത്രീയമായ സ്ഥിരീകരണം നല്‍കാനുള്ള തിരക്കില്‍ പമ്പരവിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിച്ചിട്ടുണ്ട് സുദര്‍ശന്‍ റാവു. 5000 കൊല്ലം മുമ്പ് ഇന്ത്യയില്‍ വിമാനയാത്രയുണ്ടായിരുന്നെന്നും ടെസ്റ്റ്റ്റ്യൂബ് ശിശുക്കളെ ഉല്‍പാദിപ്പിച്ചിരുന്നെന്നും കോസ്മിക് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നുമൊക്കെയാണ് റാവു പറഞ്ഞത്. പുഷ്പകവിമാനവും ഗാന്ധാരിയുടെ പ്രസവവുമെല്ലാം തെളിവായി കാട്ടാനുണ്ടല്ളോ.

പ്ളാസ്റ്റിക് സര്‍ജറി പണ്ടേക്കുപണ്ടേ ഇന്ത്യയിലുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഗണപതിയുടെ ശിരസ്സ് എന്നു പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഇങ്ങനെ ഒൗദ്യോഗികതലത്തില്‍ തന്നെ പുരാണത്തെ ചരിത്രമാക്കി അവതരിപ്പിച്ച് ഹിന്ദുത്വരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കാനുള്ള കുടിലതന്ത്രങ്ങളെയാണ് ഭഗവാന്‍ ചെറുത്തുതോല്‍പിക്കുന്നത്. നമുക്കുമുണ്ട് ചരിത്രകാരന്മാരും എഴുത്തുകാരുമൊക്കെ. അവര്‍ക്കില്ല ഇത്രയും ചങ്കൂറ്റം.

രാമന്‍ ദൈവത്തിന്‍െറ അവതാരമാണെന്ന് വാല്മീകി എവിടെയും പറഞ്ഞിട്ടില്ളെന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു. അഹം മാനുഷം മന്യേ; രാമം ദശരഥാത്മജം എന്ന ശ്ളോകം ഉദ്ധരിച്ച് ദശരഥന്‍െറ മകനായ താന്‍ മനുഷ്യനാണെന്ന് രാമന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. രാമന്‍ സരയൂ നദിയില്‍ പോയി ആത്മഹത്യചെയ്തത് വെറും മനുഷ്യനായ ഇതിഹാസകഥാപാത്രമായതുകൊണ്ടാണ്. ദൈവത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. ശംഭുകന്‍ എന്ന ശൂദ്രന്‍െറ കഴുത്തുവെട്ടിയ, ഭാര്യയുടെ ചാരിത്ര്യം സംശയിച്ച് അഗ്നിപരീക്ഷ നടത്തിയ രാമന്‍ നല്ളൊരു ഭരണകര്‍ത്താവോ നല്ളൊരു ഭര്‍ത്താവോ ആയിരുന്നില്ല, ബുദ്ധമതത്തിന്‍െറ പ്രഭാവം അവസാനിക്കാന്‍ തുടങ്ങിയ എ.ഡി മൂന്നാംനൂറ്റാണ്ടിലാണ് ഭഗവദ്ഗീത എഴുതപ്പെട്ടത്, ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തിന്‍െറ വ്യാപനം നിലവിലുള്ള സാമൂഹികഘടനയെ തകര്‍ക്കുമോ എന്ന ഭീതിയില്‍ എഴുതപ്പെട്ടതാണ് ഈ ഗീത എന്നെല്ലാം ഭഗവാന്‍ ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുന്നു.

ചാതുര്‍വര്‍ണ്യവ്യവസ്ഥ നിലനിര്‍ത്തി മേലാളര്‍ക്ക് സസുഖം വാഴാനുള്ള തന്ത്രമായിരുന്നു അത്. എല്ലാ സ്ത്രീകളും പാപികളാണെന്ന് ഗീതയിലെ ഒമ്പതാമധ്യായത്തിലെ 32ാം ശ്ളോകത്തില്‍ കൃഷ്ണന്‍ പറയുന്നുണ്ട്. ശൂദ്രന്മാരും വൈശ്യന്മാരും പാപികളാണ്. ബ്രാഹ്മണരും ക്ഷത്രിയരും മാത്രമാണ് പുണ്യവാന്മാര്‍. സാധാരണക്കാരന് ഒരു ആദരവും ബഹുമാനവും നല്‍കാത്ത ഈ കൃതിയെ ഇന്ത്യന്‍ ജനത പുനര്‍വായനക്കും വിലയിരുത്തലിനും വിധേയമാക്കണമെന്ന് ഭഗവാന്‍ ആവശ്യപ്പെടുന്നു.

വേദങ്ങളിലും ഉപനിഷത്തുക്കളിലും ഹിന്ദു എന്ന പദമില്ല. പത്താംനൂറ്റാണ്ടിനുശേഷം മുഗള്‍ അധിനിവേശകാലത്ത് സിന്ധുനദിയെ ഹിന്ദു എന്നു വിളിച്ചതിനത്തെുടര്‍ന്നാണ് ഈ പദം വരുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ സ എന്ന ശബ്ദമില്ലാത്തതിനാല്‍ ചരിത്രകാരന്‍ അല്‍ ബിറൂനി ഹ എന്ന് ഉച്ചരിച്ചു. അത് പിന്നീട് മുഗള്‍ ഭരണരേഖകളില്‍ ഇടംപിടിച്ചു. ഇത്തരം ചരിത്രവസ്തുതകള്‍ തെളിവുസഹിതം നിരത്തിയതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. ആശയത്തെ ആശയംകൊണ്ട് നേരിടാനുള്ള ശേഷിയില്ലാത്തതുകൊണ്ട് അവര്‍ ആയുധമെടുക്കുന്നു. ഒൗറംഗസീബുമായി ശിവജി നടത്തിയ യുദ്ധം മതപരമായിരുന്നില്ളെന്നുപറഞ്ഞ ഗോവിന്ദ് പന്‍സാരെയെ കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ വെടിവെച്ചുകൊന്നു.

വിഗ്രഹാരാധനയെ എതിര്‍ത്ത കല്‍ബുര്‍ഗിയെ കഴിഞ്ഞ ആഗസ്റ്റില്‍ വെടിവെച്ചുകൊന്നു. അന്ധവിശ്വാസങ്ങളെ പൊളിച്ചുകാട്ടിയ നരേന്ദ്ര ദാഭോല്‍ക്കറെ കൊന്നത് രണ്ടുവര്‍ഷം മുമ്പാണ്. ‘അര്‍ധനാരീശ്വരന്‍’ എഴുതിയ പെരുമാള്‍ മുരുകനെ നിശബ്ദനാക്കി. അടുത്ത ഊഴം തന്‍േറതാണെന്നറിഞ്ഞിട്ടും എഴുതിയ വസ്തുതകളെ മുറുകെപ്പിടിച്ചിരിക്കുന്നു ഈ എഴുപതുകാരന്‍. 1945 ജൂലൈ 14ന് ജനനം. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്. മൈസൂര്‍ മഹാരാജാസ് കോളജില്‍ ഇംഗ്ളീഷ് പ്രഫസറായിരുന്നു. 1985ല്‍ ‘ശങ്കരാചാര്യരും പിന്തിരിപ്പന്‍ ദാര്‍ശനികതയും എന്ന ഗ്രന്ഥത്തോടെ വിഗ്രഹഭഞ്ജനത്തിന് തുടക്കമിട്ടു. അന്നുമുതല്‍ ഭീഷണി പിന്നാലെയുണ്ട്. മോദി സര്‍ക്കാര്‍ വന്നപ്പോള്‍ അതിന്‍െറ തീവ്രത കൂടി. തങ്ങളെ കൊന്നാലും തങ്ങളുടെ ആശയങ്ങള്‍ ജീവിച്ചിരിക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പുനല്‍കുന്നു കെ.എസ്. ഭഗവാന്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story