Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരിപ്പൂരിന്‍െറ...

കരിപ്പൂരിന്‍െറ കണ്ണീര്‍; വേണം ഒരു പുനശ്ചിന്ത

text_fields
bookmark_border
കരിപ്പൂരിന്‍െറ കണ്ണീര്‍; വേണം ഒരു പുനശ്ചിന്ത
cancel

ബഹ്റൈനിലിരുന്നാണ് ഈ കുറിപ്പെഴുതുന്നത്. കരിപ്പൂരിന്‍െറ ചിറകരിയുന്നുവെന്ന പരിദേവനം മാധ്യമങ്ങളുടെ പേജുകളിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സ്റ്റേജുകളിലും ടി.വി ചാനലുകളുടെ ചര്‍ച്ചകളിലും മുഴങ്ങിക്കൊണ്ടിരിക്കെ ചില വസ്തുതകള്‍ പങ്കുവെക്കേണ്ടത് ബാധ്യതയായിക്കാണുന്നു.

‘ഗള്‍ഫ് മാധ്യമം’ ബഹ്റൈനില്‍ 1999ല്‍ അച്ചടി ആരംഭിച്ചതിന്‍െറ തൊട്ടടുത്ത വര്‍ഷം ബഹ്റൈനിലുണ്ടായ വിമാനദുരന്തം ഓര്‍ത്തുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. 2000 ആഗസ്റ്റ് 24ന് കൈറോവില്‍നിന്ന് ബഹ്റൈനിലേക്ക് വരുകയായിരുന്ന ഗള്‍ഫ് എയറിന്‍െറ ജി.എഫ് 072 എയര്‍ബസ് ലാന്‍ഡിങ് സമയത്ത് എയര്‍പോര്‍ട്ടിന് സമീപം കടലില്‍ പതിച്ച് 143പേരുടെ മരണത്തിനിടയാക്കിയ സംഭവം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍നിന്ന് മായുന്നില്ല. രാത്രി 7.30ന് വിമാനം കടലില്‍ പതിച്ച ഉടന്‍ ദൃക്സാക്ഷികളിലൊരാള്‍ ‘ഗള്‍ഫ് മാധ്യമം’ ഓഫിസിലേക്ക് വിളിച്ചറിയിച്ചു. ന്യൂസ് ഡെസ്കില്‍ ഉണ്ടായിരുന്ന സി.എ. കരീമിനെ ഉടന്‍ സംഭവസ്ഥലത്തത്തെി റിപ്പോര്‍ട്ട് ചെയ്യാനയച്ചു. അത്യന്തം വേദനാജനകമായ കാഴ്ചകളാണ് അവിടെയുണ്ടായതെന്ന് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ലാന്‍ഡിങ് സമയത്ത് കൃത്യ ഉയരത്തില്‍ പാലിക്കേണ്ട വേഗത്തിന്‍െറ കാര്യത്തില്‍ പൈലറ്റിനും സഹപൈലറ്റിനും സംഭവിച്ച അബദ്ധമാണ് വിമാനം റണ്‍വേയിലത്തെുന്നതിനുമുമ്പ് കടലില്‍ പതിക്കാന്‍ കാരണമായി അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. മറ്റൊരു വിമാനദുരന്തവും ഓര്‍മയിലത്തെുന്നു. 2010 മേയ് 22ന് മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഐ.എക്സ് 812 റണ്‍വേയില്‍നിന്ന് തെന്നി അഗാധഗര്‍ത്തത്തില്‍ പതിച്ച് 158 യാത്രക്കാര്‍ വെന്തുമരിച്ച സംഭവം. അക്ഷരാര്‍ഥത്തില്‍ ‘ടേബ്ള്‍ ടോപ്’ എന്ന് വിശേഷിപ്പിക്കാവുന്ന ആ വിമാനത്താവളം അപകടം വരുത്തിവെക്കുമെന്ന് നിരവധി കേന്ദ്രങ്ങള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഗള്‍ഫ് പ്രവാസലോകത്ത് ഒരു പ്രഹേളികയായി മാറിക്കഴിഞ്ഞു. മലബാറിന് പറന്നുയരാന്‍ ചിറക് നല്‍കിയ വിമാനത്താവളമെന്ന നിലക്ക് ‘കരിപ്പൂര്‍’ ഗള്‍ഫ് പ്രവാസികളുടെ മനസ്സില്‍ ഗൃഹാതുരത്വത്തിന്‍െറ അലയൊലികള്‍ സൃഷ്ടിക്കുന്ന അടയാളക്കുറിയാണെന്നതില്‍ സംശയമില്ല. മറ്റേതൊരു വിമാനത്താവളത്തെക്കാളും സാധാരണക്കാരായ ബഹുജനങ്ങളുമായി ഏതെങ്കിലുംവിധം ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണ് ഈ വിമാനത്താവളത്തിന്‍െറ പ്രത്യേകത.

ആഴ്ചയില്‍ 175ലേറെ വിമാനങ്ങളിലായി അരലക്ഷത്തിലേറെ യാത്രക്കാരെ ഗള്‍ഫ്നാടുകളിലേക്കും തിരിച്ചും എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് കൂടാതെ 25ലേറെ ആഭ്യന്തര സര്‍വിസുകളിലായി ആയിരക്കണക്കിന് പേര്‍ക്ക് ഇന്ത്യന്‍നഗരങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നുവെന്നതും കരിപ്പൂരിന്‍െറ പ്രത്യേകതയാണ്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ 11ാം സ്ഥാനത്തും കേരളത്തിലെ വിമാനത്താവളങ്ങളില്‍ മൂന്നാംസ്ഥാനത്തുമാണ് കരിപ്പൂരിന്‍െറ സ്ഥാനം. വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതും ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ മുഴുവന്‍ ഫൈ്ളറ്റുകളും നിര്‍ത്തിവെച്ചതും പ്രതിമാസം 12 കോടി രൂപയുടെ നഷ്ടമാണ് എയര്‍പോര്‍ട്ടിനും ബന്ധപ്പെട്ട ബിസിനസ് മേഖലക്കും വരുത്തിവെക്കുന്നതെന്ന് കമേഴ്സ്യല്‍ ജനറല്‍ മാനേജര്‍ ജി. രവിചന്ദ്രന്‍ വെളിപ്പെടുത്തുകയുണ്ടായി. കോഴിക്കോട് വിമാനത്താവളകാര്യത്തില്‍ ചര്‍ച്ചക്കായി ചെന്നൈയില്‍ ദക്ഷിണമേഖല എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഐ.എന്‍. മൂര്‍ത്തിയെ കണ്ട മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികളോടാണ്  അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഈ നാടിനെക്കാളുപരി ഇതുമൂലം ഏറ്റവും പ്രയാസപ്പെടുത്തുന്നത് മലബാര്‍ മേഖലയിലെ പ്രവാസികളെയാണ്. ഈ വിമാനത്താവളത്തെ നശിപ്പിക്കാന്‍ ഏതോ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആശങ്ക ഇതിനകം വിവിധ പ്രവാസി സംഘടനകള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിന്‍െറ സ്കൂള്‍ അവധി ആഘോഷിക്കാന്‍ ഗള്‍ഫിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങളും ഗള്‍ഫില്‍ സ്കൂള്‍ അവധിക്കാലമായ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാന്‍ വരുന്ന പ്രവാസികളും ഏറ്റവുമേറെ ദുരിതമനുഭവിക്കേണ്ടിവന്നത് ഈ അസമയത്തുള്ള വിമാനത്താവള ‘ഊരുവിലക്ക്’ കാരണമായാണ്. മാത്രമല്ല, റമദാന്‍, പെരുന്നാള്‍, ഓണം, ഹജ്ജ് തുടങ്ങി പുണ്യനാളുകളും ആഘോഷവേളകളും ഒന്നിച്ച സന്ദര്‍ഭംതന്നെ മരാമത്തുപണിക്ക് തെരഞ്ഞെടുത്തത് ദുരൂഹതകള്‍ക്ക് വളംവെച്ചു. ഈ സീസണില്‍ എയര്‍ ഇന്ത്യ അടക്കമുള്ള ദേശീയ വിമാനക്കമ്പനികളും ഇതര വിദേശ വിമാനക്കമ്പനികളും ചാകരക്കൊയ്ത്ത് നടത്തുകയായിരുന്നു. നേരത്തെ പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ചാര്‍ജ് ഈടാക്കിയിരുന്ന വിമാനക്കമ്പനികള്‍ ഏഴിരട്ടിയും പത്തിരട്ടിയുമാണ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
അതിനിടെ, എമിറേറ്റ്സും സൗദി എയര്‍ലൈന്‍സും ചെറിയ വിമാനങ്ങള്‍ക്കായി സമര്‍പ്പിച്ച അപേക്ഷ, കേന്ദ്ര വ്യോമയാന മന്ത്രാലയം പൂഴ്ത്തിവെച്ച സംഭവവും ആശങ്ക പതിന്മടങ്ങ് വര്‍ധിക്കാന്‍ കാരണമായി. കേരള സര്‍ക്കാറും പ്രവാസി സംഘടനകളും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും രാഷ്ട്രീയപ്പാര്‍ട്ടികളും ഒത്തുചേര്‍ന്ന് നടത്തിയ ശക്തമായ പ്രക്ഷോഭനീക്കങ്ങള്‍  അരിച്ചരിച്ചുനീങ്ങുന്ന അറ്റകുറ്റപ്പണികള്‍ക്ക് വേഗം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, വലിയ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി വിമാനത്താവളത്തിലിറങ്ങാന്‍ ആവശ്യമായ റണ്‍വേ കരിപ്പൂരിനില്ളെന്നും അതിനായി സമീപപ്രദേശങ്ങളിലുള്ളവരെ കുടിയൊഴിപ്പിച്ച് ഭൂമി ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നതോടെ നേരത്തേ 13 തവണ ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വീടും കിടപ്പാടവും തുച്ഛവിലക്ക് വിട്ടുകൊടുക്കുമ്പോള്‍ നല്‍കിയ മോഹനവാഗ്ദാനങ്ങളൊന്നും അധികൃതര്‍ പാലിച്ചില്ളെന്ന പരാതിയോടൊപ്പം റണ്‍വേ വികസനവുമായി ബന്ധപ്പെട്ടുണ്ടായ പഴയകാല ദുരന്തങ്ങളും അവര്‍ ഓര്‍ത്തെടുക്കുന്നു. ഈ വിമാനത്താവളത്തിന്‍െറ ചരിത്രം കൂടി ഓര്‍ക്കുമ്പോഴേ ഇതിന് പിന്നില്‍ നടന്ന അശാസ്ത്രീയമായ ആവേശവും ആവേഗവും മനസ്സിലാവൂ. 1988 ഏപ്രിലിലാണ് ആഭ്യന്തര വിമാന സര്‍വിസിനായി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 1977 മുതല്‍ മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്‍െറ നേതൃത്വത്തില്‍ കോഴിക്കോട്ടെ പ്രമുഖ വ്യാപാരി വ്യവസായി സമൂഹം കോഴിക്കോട് വിമാനത്താവളത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അതോടൊപ്പം ഗള്‍ഫ് പ്രവാസികള്‍ മുംബൈയില്‍ അനുഭവിച്ചിരുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താന്‍ മലബാറില്‍ വിമാനത്താവളത്തിനായി അലമുറയിട്ടുതുടങ്ങിയിരുന്നു. സ്ഥലത്തിനായുള്ള അന്വേഷണത്തില്‍ കണ്ടത്തെിയ കരിപ്പൂര്‍ ആഭ്യന്തര വിമാന സര്‍വിസിനുമാത്രം ഉപകരിക്കുന്ന ഡൊമസ്റ്റിക് വിമാനത്താവളമാക്കാമെന്നും, അന്താരാഷ്ട്ര വിമാനത്താവളത്തിന് വികസനസാധ്യതയുള്ള സമീപപ്രദേശത്ത് വിശാലമായ സ്ഥലം കണ്ടത്തെണമെന്നും അന്ന് നടന്ന പ്രാഥമിക ചര്‍ച്ചകളില്‍ ‘മാധ്യമ’ത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത ഞാന്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ, ആവേശത്തിരതള്ളലില്‍ ആ നിര്‍ദേശം നിരാകരിക്കപ്പെട്ടു.
ഇന്ത്യയില്‍ മറ്റൊരു വിമാനത്താവളത്തിനും ഉണ്ടായിട്ടില്ലാത്ത ആവേശമാണ് പിന്നീട് ദൃശ്യമായത്. ജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ച് വിമാനത്താവളം നിര്‍മിക്കുകയെന്ന ആശയം പുതുമയാര്‍ന്നതായിരുന്നു. അന്നത്തെ ജില്ലാ കലക്ടര്‍ ഡോ. അമിതാഭ്കാന്തിന്‍െറ നേതൃത്വത്തില്‍ രൂപവത്കൃതമായ ‘മഡാക്’ ഗള്‍ഫ്നാടുകളിലടക്കം പര്യടനം നടത്തി ഫണ്ട് ശേഖരിച്ചത് അവിസ്മരണീയ സംഭവമാണ്. എന്നാല്‍, ഇതേ സമയത്ത് കൊച്ചിയിലെ നാവിക വിമാനത്താവളം ആഭ്യന്തര വിമാനയാത്രക്കുപയോഗിച്ചിരുന്ന മധ്യ, ദക്ഷിണ കേരളക്കാര്‍ക്ക് ഒരു സ്വതന്ത്ര ദേശീയ, അന്തര്‍ദേശീയ വിമാനത്താവളം വേണമെന്ന അഭിലാഷം സാക്ഷാത്കരിക്കാന്‍ അന്നത്തെ മന്ത്രിസഭാംഗമായ ടി.എം. ജേക്കബിന്‍െറ നേതൃത്വത്തില്‍ പ്രമുഖ ബിസിനസുകാരില്‍നിന്നും പ്രവാസികളില്‍നിന്നും ഷെയര്‍ പിരിച്ചെടുത്ത് ഫണ്ട് സമാഹരിക്കുകയാണുണ്ടായത്. കരിപ്പൂരില്‍ സംഭാവന സ്വീകരിച്ച് ജനകീയ വിമാനത്താവളവും നെടുമ്പാശ്ശേരിയില്‍ ലാഭവിഹിതം പങ്കുവെക്കുന്ന വിമാനത്താവളവും എന്ന വൈരുധ്യത്തെക്കുറിച്ചും അന്ന് ‘മാധ്യമം’ സൂചിപ്പിച്ചിരുന്നു.

1992 ഫെബ്രുവരി 15ന് കരിപ്പൂരില്‍നിന്ന് ഷാര്‍ജയിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം പറത്തിയാണ് അന്താരാഷ്ട്ര വിമാന സര്‍വിസ് ആരംഭിച്ചത്.  2006 ഫെബ്രുവരി ഒന്നിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതുവരെ നിരവധി സമരപരമ്പരകളുടെ കഥ പറയാനുണ്ട് കരിപ്പൂരിന്. അപ്പോഴൊന്നും ജംബോ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് അനുയോജ്യമാണോ റണ്‍വേ എന്ന ചിന്ത ആരെയും ശല്യപ്പെടുത്തിയില്ളെന്നതാണ് അദ്ഭുതകരം. റണ്‍വേ 9000 അടിയാക്കി വര്‍ധിപ്പിക്കാന്‍ ആവശ്യമായ സ്ഥലസൗകര്യം അവിടെയുണ്ടായിരുന്നില്ല. എന്നിട്ടും കോടിക്കണക്കിന് രൂപ ചെലവഴിച്ച് മണ്ണിട്ടുനികത്തിയാണ് റണ്‍വേ നീളംകൂട്ടിയത്. ഈ റണ്‍വേയാണ് അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിടുന്നത്.

ജംബോ വിമാനങ്ങള്‍ നൂറുകണക്കിന് യാത്രക്കാരും ലഗേജും ടണ്‍കണക്കിന് കാര്‍ഗോയുമായി ദുര്‍ബലമായ റണ്‍വേയിലിറങ്ങുമ്പോഴുണ്ടാകുന്ന ആഘാതം അളന്നുകണക്കാക്കാന്‍ പറ്റാത്തത്ര വലുതാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീരുന്നതുവരെ വിദേശകമ്പനികളുടെ ചെറിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയും കാലതാമസം കൂടാതെ റണ്‍വേ ശാക്തീകരണം നടത്തുകയും ചെയ്ത് കരയുന്ന കരിപ്പൂരിന്‍െറ  കണ്ണീരൊപ്പാന്‍ അധികൃതര്‍ തയാറായേ പറ്റൂ. ജനലക്ഷങ്ങളുടെ ഹൃദയവികാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട കരിപ്പൂര്‍ സമര പരമ്പരകളുടെയും പ്രതിഷേധ പ്രക്ഷോഭങ്ങളുടെയും അകമ്പടിയോടെ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ മറികടന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നേടുന്നത് ആപത്ത് ക്ഷണിച്ചുവരുത്തിയേക്കാം. അതിനിടവരാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടൊപ്പം വിവേകവും ക്ഷമയും സ്ഥിരോത്സാഹവും കൈവിടാതെ പ്രശ്നങ്ങള്‍ അവധാനതയോടെ നേരിടാന്‍ പ്രക്ഷോഭകര്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 

Show Full Article
TAGS:
Next Story