മൂന്നാര്‍ ടൗണ്‍ ടൂറിസ്റ്റുകളുടെ കൊയ്ത്തുകാലംകഴിഞ്ഞ് നിദ്രയുടെ ആലസ്യത്തിലായിരുന്നു. ഓണക്കാലത്ത് മലകളും വീടുകളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അവരെല്ലാം മലയിറങ്ങിപ്പോയപ്പോഴും തേയിലത്തോട്ടങ്ങള്‍ക്കിടയില്‍നിന്ന് ഉയരുന്ന നെടുവീര്‍പ്പുകള്‍ ആരും കേട്ടതേയില്ല, കണ്ടതേയില്ല. പെട്ടെന്നൊരു സ്ഫുലിംഗംപോലെ ഒരുനാള്‍ മൂന്നാറിന്‍െറ തെരുവീഥികളില്‍ തോട്ടത്തില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ ഒത്തുചേര്‍ന്നു. ബാനറുകളില്ലാതെ, ബഹളങ്ങളില്ലാതെ, നേതാക്കന്മാരില്ലാതെ. നൂറില്‍ താഴെയായിരുന്നു ആദ്യം അംഗസംഖ്യ. കാണക്കാണെ സംഘം വലുതായിവന്നു. തായ്വഴികളും കൈവഴികളും നിറഞ്ഞുകവിഞ്ഞു.
കേരളം മുഴുവന്‍ അവരുടെ ശബ്ദത്തിനായി എട്ടുനാള്‍ കാതോര്‍ത്തിരുന്നു. മലയാളജനത ഒട്ടും പരിചിതമല്ലാത്ത ചില കാഴ്ചകള്‍ കണ്ടു; സമരപ്പന്തലില്‍ പങ്കുചേരാനത്തെിയ പാര്‍ട്ടിനേതാക്കളെ പുലഭ്യംപറഞ്ഞ് ഓടിച്ചുവിടുന്നു. നിരാഹാരമെന്ന അസംബന്ധനാടകത്തില്‍ കെട്ടിയാടുന്ന നേതാവിനെ പുച്ഛത്തോടെ അവഗണിക്കുന്ന തൊഴിലാളിസ്ത്രീകള്‍ ഇത്യാദി. വര്‍ധിതവീര്യത്തോടെ അവര്‍ സമരം ചെയ്യുകയും അവകാശങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്തു. ഞാന്‍ മൂന്നാറില്‍ പലതവണ പോയിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ആവാസമന്ദിരങ്ങള്‍ കാണാറുണ്ട്. ശീതീകരിച്ച മുറികളും കടകളും എന്നുവേണ്ട ബഹുനില വാണിജ്യ സമുച്ചയങ്ങളായിട്ടാണ് എല്ലാം രൂപകല്‍പന ചെയ്തിട്ടുള്ളത്. മനംനൊന്ത് ഇത്തരം വികല മാതൃകകളെക്കുറിച്ച് തൊട്ടടുത്തുള്ള പീടികക്കാരനോട് ഒരിക്കല്‍ ഞാന്‍ സംസാരിച്ചിരുന്നു.
സാറേ പ്ളാന്‍േറഷന്‍ മേഖലയില്‍ യൂനിയനുകളുടെ കൊയ്ത്തുകാലമായിരുന്നെന്നും അവരുടെ ശമ്പളത്തിന്‍െറയും ബോണസിന്‍െറയും തണലില്‍നിന്ന് കൊഴുക്കുകയാണെന്നും പറഞ്ഞുനിര്‍ത്തി. സത്യംപറഞ്ഞാല്‍ ഞാന്‍ വിശ്വസിച്ചില്ല. ഇന്ന് തൊഴിലാളിസ്ത്രീകള്‍ സത്യങ്ങള്‍ അലറി വിളിച്ചുപറയുമ്പോള്‍ സംസ്കൃതകേരളം ലജ്ജകൊണ്ട് തലതാഴ്ത്തുന്നു. ബോണസിന്‍െറ 30 ശതമാനത്തിലേറെ ഇവരൊക്കെകൂടി പങ്കുവെക്കുകയാണത്രെ. 10,000 സ്ത്രീകളില്‍നിന്ന് 1000 രൂപവെച്ച് പിടിക്കുകയാണെങ്കില്‍ ഒരു കോടി രൂപ! ഉലുവയല്ല, രൂപ! സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കായി മൂലധനം ആവശ്യമുണ്ട്. പക്ഷേ, സാറമ്മാരേ, ഇത് കൊള്ളയാണ്’.
കേരളം ഈ സ്ത്രീകളോടൊപ്പം ചേരുമ്പോള്‍ പോരാട്ടത്തിന്‍െറ പുതിയ വാതിലുകള്‍ തുറക്കുന്നു. ഇതാണ് സാമൂഹിക വിപ്ളവം വരുന്ന വഴി. ഇല്ലാത്തവര്‍ സംഘംചേരുമ്പോള്‍ ലോകംതന്നെ മാറുന്നു. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗരാജ്യം സൃഷ്ടിക്കപ്പെടുന്നു. നമ്മുടെ സ്വന്തം വി.എസ് ഈ പോരാട്ടത്തിന്‍െറ നായകത്വം ഏറ്റെടുക്കുമ്പോള്‍ ചുളിഞ്ഞ ചില മുഖങ്ങളുണ്ട്. സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും അവഗണിക്കാനും ശ്രമിച്ചു.
പണ്ടുനടന്ന മൂന്നാര്‍ കുടിയൊഴിക്കല്‍ വലിയ ഒരവസരമായിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ, അധിനിവേശത്തിനെതിരെ, അവസരവാദ രാഷ്ട്രീയത്തിനെതിരെ, നൈതികതയുടെ തീക്കൊടി ഉയര്‍ത്താന്‍ പ്രസ്ഥാനങ്ങള്‍ക്ക് അന്ന് കഴിഞ്ഞില്ല. ലോകത്തിന് മാതൃകയാകാവുന്ന രാഷ്ട്രീയപ്രവര്‍ത്തനം പാതിവഴിയില്‍ അവസാനിപ്പിച്ചു. പിന്നെ ഒന്നും നടന്നില്ല. വി.എസ് അപമാനിതനായി. കൂടെപ്പോയവരെ പൂച്ചകളെന്ന് വിളിച്ച് അപഹസിച്ചു.
രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് ടാറ്റ വീണ്ടും വളരുകയാണ്. പുതുവഴികള്‍ കൊട്ടിയടച്ച്, ജണ്ടകള്‍ ഇളക്കി പുന$പ്രതിഷ്ഠിച്ച്, സര്‍വ സഹകരണത്തോടെ അങ്ങനെ... ചരിത്രത്തിന്‍െറ താളുകള്‍ സമരത്തിന്‍െറ കാറ്റില്‍ മാറ്റിമറിക്കുമ്പോള്‍ കാണുന്ന ചരിത്രം രക്തപങ്കിലമാണ്. യഥാര്‍ഥത്തില്‍ അടിമപ്പണിയായിരുന്നു അവിടെ നടന്നിരുന്നത്. കമ്പം, തേനി മേഖലയില്‍നിന്ന് ഗ്രാമങ്ങള്‍ വിലയ്ക്ക് വാങ്ങിയാണ് ഈ മനുഷ്യജന്മങ്ങളെ വൃത്തിഹീനമായ ഈ തൊഴുത്തുകളില്‍ കെട്ടിയിരുന്നത്. ശബ്ദമുയര്‍ത്തുന്നവന്‍െറ കഴുത്തുവെട്ടുന്ന കിരാതഭരണമായിരുന്നു അത്.
ഈ പെണ്‍പെരുമ, എന്നെ ഒരു രമണീയകാലം ഓര്‍മിപ്പിക്കുന്നുണ്ട്. ഒരുനാള്‍ വിപ്ളവം വരുമെന്നും ചെങ്കോട്ടയില്‍ ചെങ്കൊടി പാറുമെന്നും ഞാനും സ്വപ്നം കണ്ടിരുന്നു. അതിന് തയാറെടുത്തിരുന്നു. ശാരീരികക്ഷമത വേണമല്ളോ മാവോ ചൈനീസ് വന്‍കരയില്‍ ദീര്‍ഘദൂരം നടന്നതുപോലെ ഞാനും എന്‍െറ നാട്ടിലെ ഊടുവഴികളില്‍ക്കൂടെ അന്തമില്ലാതെ നടന്നു. ചെ മല കയറിയതുപോലെ ഞാനും മല കയറി. കാലും മെയ്യും പതംവരുത്തി കാത്തിരുന്നു. വിപ്ളവം വന്നില്ല. അതിന്‍െറ വാലുപോലും കണ്ടതുമില്ല. സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് എന്നത്തെക്കാളും ഇന്ന് പ്രസക്തിയുണ്ട്. ജനങ്ങളാകെ അസംതൃപ്തരാണ്. ജീവിതം പ്രശ്നഭരിതമായിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റവും അരാജകത്വവും അനീതിയും കണ്ടും കേട്ടും അനുഭവിച്ചും കഴിയുന്ന ജനത അവരെ കാത്തിരിക്കുന്നു. രക്ഷക്ക് വേറെ മാര്‍ഗങ്ങള്‍ കാണുന്നില്ല.
വിജയശ്രീലാളിതരായ കുടുംബശ്രീ ചരിത്രങ്ങള്‍തൊട്ട് മൂന്നാര്‍ പെണ്‍മഹിമ വരെയുള്ള യാത്ര നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. കഠിനമായ രാഷ്ട്രീയ ഇച്ഛാശക്തി പശ്ചാത്തലമാക്കിയാണ് സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ കരുത്തുപ്രാപിച്ചിരുന്നത്. ബലവത്തായ അടിസ്ഥാനത്തില്‍നിന്നുകൊണ്ട് സംഘടനകളെ വളര്‍ത്തി. അതില്‍നിന്നുള്ള വ്യതിയാനങ്ങള്‍ അപകടകരമാണ്. വേലിക്കപ്പുറത്ത് മറ്റുചിലര്‍ ചിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോ? അതിന് ദിവ്യദൃഷ്ടി വേണമെന്നില്ല. അവരിനി പല വേഷത്തിലും കടന്നുവരും. നമുക്ക് കാത്തിരിക്കാം.
ഓരോ ദുരന്തങ്ങളും സുഹൃത്തുക്കളെ, അനവധി സാമൂഹികപാഠങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. അത് കാണാതെപോകരുത്. മൂന്നാറിലെ രാഷ്ട്രീയപരാജയം അത്തരമൊരു ദുരന്തമാണ്. സാധാരണ ഞാന്‍ പ്രതീക്ഷിച്ചതുപോലെയുള്ള പ്രതികരണങ്ങള്‍ എന്നെ വിസ്മയിപ്പിക്കുന്നില്ല, മറിച്ച് നൊമ്പരപ്പെടുത്തുന്നു. കാറ്റത്ത് ചക്ക വീണപ്പോള്‍ മുയല്‍ ചത്തതുപോലെ ഒരൊറ്റപ്പെട്ട സംഭവമാണുപോലും! ഇത്തരം സമീപനം പ്രസ്ഥാനത്തെ തളര്‍ത്തും. കൃത്യമായി ഒരു കാര്‍ട്ടൂണ്‍വഴി മാധ്യമപ്രതികരണം കണ്ടു. നാങ്കുളുക്ക് ചക്കയും തോലും ഞങ്ങളുക്ക് മുയലിറച്ചി! മുയലിറച്ചി തിന്നുന്നവരുടെ കൂട്ടത്തില്‍ സഖാവ് വി.എസ്.
വഴിയില്‍നിന്ന് മാറി നടന്നോളൂ, പക്ഷേ അവരെ പുച്ഛിക്കരുത്. അപമാനിക്കരുത്. ഈ കുറിപ്പ് ഇത്തവണ അവസാനിപ്പിക്കുന്നത്, ഏഴാം കടലിനക്കരെ നിന്നാണ്. ബെന്‍ഹര്‍ എന്ന വിഖ്യാത സിനിമ ഒരു തവണകൂടി കണ്ടുതീര്‍ക്കേണ്ടതിനാല്‍ തീ പടരുന്നു.