Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതിരിച്ചറിവ്...

തിരിച്ചറിവ് പുനരുല്‍പാദിപ്പിക്കുന്ന ഇടം

text_fields
bookmark_border
തിരിച്ചറിവ് പുനരുല്‍പാദിപ്പിക്കുന്ന ഇടം
cancel

ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മങ്ങളിലൊന്നാണ് അറഫസംഗമം. മക്കയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ 10 കി.മീ നീളവും ഒമ്പതു കി.മീറ്റര്‍ വീതിയുമുള്ള അറഫയില്‍ സംഗമിച്ച് ഹജ്ജ് തീര്‍ഥാടകര്‍, ഒരു പകല്‍മുഴുക്കെ പ്രാര്‍ഥനയില്‍ മുഴുകുന്നതാണ് ആ ചടങ്ങിന്‍െറ അന്ത$സത്ത. അറഫ എന്ന പദത്തിനര്‍ഥം ഗ്രഹിക്കുക, തിരിച്ചറിയുക എന്നിവയാണ്. തന്‍െറ അസ്തിത്വത്തെ സംബന്ധിച്ച് തീര്‍ഥാടകര്‍ തിരിച്ചറിവുനേടുന്ന ഇടമാണത്. താന്‍ ഭൂമിയില്‍ ആരാണ്. എവിടെനിന്നു വന്നു, എങ്ങോട്ടുപോകുന്നു, ഭൂമിയില്‍ എന്താണ് പ്രവര്‍ത്തിക്കേണ്ടത് എന്ന തിരിച്ചറിവ് ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുത്ത് പ്രതിജ്ഞ പുതുക്കുകയാണ് ഹാജിമാര്‍ അറഫയില്‍. മനുഷ്യജീവിതത്തിന്‍െറ യാഥാര്‍ഥ്യം എന്താണെന്ന് ഗ്രഹിക്കാന്‍ സഹായിക്കുന്ന കര്‍മമാണ് ഹജ്ജ് എന്ന ബോധ്യവും അറഫാസംഗമം തീര്‍ഥാടകന് പകര്‍ന്നുനല്‍കുന്നു. തന്‍െറ ദേശവും ഭാഷയും സംസ്കാരവും പദവിയും പ്രകടിപ്പിക്കുന്ന എല്ലാ വസ്ത്രാലങ്കാരങ്ങളും ഹജ്ജ് യാത്രയിലെ ഇടത്താവളത്തില്‍ അഴിച്ചുവെച്ച് രണ്ടു തൂവെള്ളത്തുണികള്‍മാത്രം ധരിച്ച് തീര്‍ഥാടകര്‍ ഹജ്ജിലേക്കു പ്രവേശിക്കുന്നതാണ് ഹജ്ജിന്‍െറ പ്രഥമഘട്ടം. എല്ലാത്തരം ആഢ്യത്തങ്ങളും തന്നില്‍നിന്ന് കുടഞ്ഞെറിഞ്ഞ് മാനവിക സാഹോദര്യത്തില്‍ വിനയാന്വിതനായി അലിഞ്ഞുചേരുകയാണ് അപ്പോള്‍ ഹാജി. ഒപ്പം മരിക്കുമ്പോള്‍ തന്നെ പുതപ്പിക്കുന്ന കഫന്‍പുടവ സ്വയംശരീരത്തില്‍ എടുത്തണിഞ്ഞുള്ള സഞ്ചാരവുമാണത്. ഹജ്ജ് നാളുകളില്‍ മിനായിലെ അധികം സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ തമ്പുകളിലാണ് തീര്‍ഥാടകര്‍ കഴിച്ചുകൂട്ടുന്നത്. മരണാനന്തരമുള്ള ഖബ്ര്‍ജീവിതത്തെയുമാണ് ആ ഇടുങ്ങിയ താമസം ഓര്‍മപ്പെടുത്തുന്നത്. മിനായിലെ തമ്പില്‍നിന്ന് അറഫയുടെ പ്രവിശാലമായ മൈതാനിയിലത്തെുമ്പോള്‍ നാളെ പരലോകത്ത് ദൈവികവിചാരണക്ക് ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തെയും  തീര്‍ഥാടകര്‍ ഓര്‍ത്തെടുക്കുന്നു.

മനുഷ്യകുലത്തിന് അറിവേറെയുണ്ടെങ്കിലും അറഫ മണ്ണ് ഉദ്ഘോഷിക്കുന്ന തിരിച്ചറിവ് ഒട്ടുമില്ളെന്നുകാണാന്‍ പ്രയാസമുണ്ടാവില്ല. തിരിച്ചറിവ് കൈമോശംവന്നതാണ് ഭൂമിയില്‍ സകലകുഴപ്പങ്ങള്‍ക്കും ഹേതു. നാം മനുഷ്യരാണെന്നത് അറിവാണ്. എന്നാല്‍, മനുഷ്യന്‍ മനുഷ്യനെ കൊന്ന് കൊലവിളിക്കാന്‍ പാടില്ളെന്നതും കഴുത്തറുത്ത് വിഡിയോയില്‍ പകര്‍ത്തി അര്‍മാദിക്കരുതെന്നതുമാണ് തിരിച്ചറിവ്. മനുഷ്യനും മൃഗങ്ങള്‍ക്കും ജീവികള്‍ക്കും പട്ടിണിമൂലം വിശപ്പനുഭവപ്പെടുന്നുണ്ടെന്നത് അറിവാണ്. വിശക്കുന്നവന് അന്നംനല്‍കി അവന്‍െറ കണ്ണീരുമാറ്റിക്കൊടുക്കല്‍ സഹജീവിയായ തന്‍െറ ബാധ്യതയാണെന്ന ബോധമാണ് തിരിച്ചറിവ്. സോഷ്യല്‍ മീഡിയകള്‍ മുഖേന അകലങ്ങളിലുള്ളവരെപ്പറ്റി നമുക്കറിവുണ്ട്. തൊട്ടയല്‍പക്കത്തെ വീട്ടില്‍ കഴിയുന്നവന്‍െറ സ്ഥിതിയെപ്പറ്റി നമുക്ക് തിരിച്ചറിവില്ലാതായിട്ട് കാലംകുറെയായി.

അനേകായിരം അഭയാര്‍ഥികള്‍ ദുരിതത്തിന്‍െറ ആഴക്കടലില്‍ കൈകാലിട്ടടിക്കുന്നുവെന്ന് നമുക്കറിവുള്ളതാണ്. എന്നാല്‍, കുടിവെള്ളംപോലും ലഭ്യമാക്കാതെ ദാഹാര്‍ത്തരായി തൊണ്ടവരണ്ട്, കൈക്കുഞ്ഞുങ്ങളെയുമായി കാതങ്ങള്‍ താണ്ടിവന്നവന്‍െറ മുമ്പാകെ തങ്ങളുടെ രാജ്യത്തേക്കു കടക്കാതിരിക്കാന്‍ കമ്പിവേലികള്‍ ഉയര്‍ത്തിക്കെട്ടുന്നതും ചെക്പോയന്‍റുകള്‍ അടച്ചുകളയുന്നതും തിരിച്ചറിവ് നഷ്ടപ്പെട്ടവരുടെ ക്രൂരവിനോദമാകുകയാണ്. തുര്‍ക്കി കടപ്പുറത്തെ മണലില്‍ മുഖംകുത്തി മരിച്ചുകിടന്ന ഐലന്‍ കുര്‍ദി എന്ന പൊന്നോമനയെ പോലെ നമുക്കും കരളിന്‍െറ കഷണങ്ങളായ പിഞ്ചുമക്കളുണ്ടെന്ന് ഏവര്‍ക്കും അറിയാം. നിരപരാധികളെ രക്ഷിക്കണമെന്ന അറിവില്ലാത്തവരായി ആരുമില്ല.

പകരം, ഹിംസാത്മകതയുടെ പ്രതിരൂപങ്ങളെ പടച്ചുവിട്ട് രാജ്യങ്ങള്‍ അസ്ഥിരപ്പെടുത്തുകയും അക്രമികള്‍ക്ക് ആയുധംവിറ്റ് പണംകൊയ്യുകയുമാണ് തിരിച്ചറിവുണ്ടെന്ന് മേനിനടിക്കുന്നവര്‍. സ്വന്തം സഹോദരങ്ങള്‍ അശാന്തിയുടെ നിഴലില്‍ അന്തിയുറങ്ങാനാരംഭിച്ചിട്ട് വര്‍ഷങ്ങളായെന്ന അറിവ് പലര്‍ക്കുമുണ്ട്. എന്നാല്‍, സമാധാനം കൊത്തിപ്പറന്നവരെ മൂക്കുകയറിട്ട് പിടിച്ചുകെട്ടാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും  ഘനീഭവിച്ച മൗനംവെടിയാനുള്ള അവസാന സമയമാണിതെന്നുമുള്ള തിരിച്ചറിവ് പണയംവെച്ചവരാണ് ഭൂരിഭാഗം ഭരണാധികാരികളും. ഇങ്ങനെ ഒട്ടേറെ തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട മാനവകുലത്തിന് തിരിച്ചറിവുകള്‍ പുനരുല്‍പ്പാദിപ്പിച്ചുനല്‍കുകയാണ് അറഫ. ഈ തിരിച്ചറിവുകളിലേക്ക് മാനവരാശിയെ വിളിച്ചുണര്‍ത്തിയാണ് മുഹമ്മദ് നബി തന്‍െറ ഹജ്ജ് നിര്‍വഹണവേളയില്‍ പ്രസിദ്ധമായ അറഫ പ്രഭാഷണം നിര്‍വഹിച്ചത്.

മനുഷ്യജീവന്‍െറയും സമ്പത്തിന്‍െറയും അഭിമാനത്തിന്‍െറയും പവിത്രത കാത്തുസൂക്ഷിക്കണമെന്നാണല്ളോ അതിലെ പ്രഥമവും പ്രധാനവുമായ ആഹ്വാനം. ഇന്ന് ഒട്ടും വിലയില്ലാതെ ഭൂമിയില്‍ മനുഷ്യജീവന്‍ ചവിട്ടിയരക്കപ്പെടുകയാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍, രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍, ഒരേ മതത്തിലും ഒരേ പാര്‍ട്ടിയിലും ഉള്ളവര്‍ തമ്മില്‍, കുടുംബകലഹങ്ങളുടെ പേരില്‍... അതിര്‍വരമ്പുകളും തകര്‍ത്ത് മുന്നേറുമ്പോള്‍ മനുഷ്യസമാധാനത്തിനും മനുഷ്യസമത്വത്തിനുമുള്ള പ്രവാചകാഹ്വാനത്തിന്‍െറ പ്രസക്തി മേല്‍ക്കുമേല്‍ വര്‍ധിക്കയാണ്. പാവപ്പെട്ടവരാകട്ടെ, പണക്കാരനാവട്ടെ, ഭരണാധികാരിയാവട്ടെ, വെളുത്തവനോ കറുത്തവനോ ആരുമാകട്ടെ പിറന്നുവീണ ഓരോ മനുഷ്യനും ഭൂമിയില്‍ ജീവിക്കാനുള്ള മൗലികാവകാശം കവര്‍ന്നെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ളെന്ന പ്രഖ്യാപനമാണ് അറഫ മണ്ണ് ഉറക്കെയുറക്കെ മുഴക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീസമൂഹത്തോട് മാന്യതയില്‍ വര്‍ത്തിക്കണമെന്ന് അറഫ പ്രഭാഷണത്തില്‍ മുഹമ്മദ് നബി പ്രത്യേകം ഉദ്ബോധിപ്പിച്ചു.

പെണ്ണായതിന്‍െറ പേരില്‍ കൊന്നുതള്ളപ്പെടുന്ന സ്ത്രീജന്മം നാളെ ദൈവിക കോടതിയില്‍ അതിന്‍െറ ന്യായം അത്തരം അപരാധികളോട് ചോദിക്കുമെന്ന് ഖുര്‍ആനും പ്രഖ്യാപിച്ചു. പലിശരഹിതമായ സാമ്പത്തികക്രമത്തെ സംബന്ധിച്ച അന്തിമ ആഹ്വാനം വിളംബരപ്പെടുത്തിയ മണ്ണാണ് അറഫ. ദൈവികഗ്രന്ഥമായ ഖുര്‍ആനും നബിചര്യയുമാണ് വഴികേടില്‍നിന്ന് മാനവകുലത്തെ മോക്ഷപ്രാപ്തിയിലത്തെിക്കുന്ന അടിയാധാരങ്ങള്‍. അവ മുറുകെപ്പിടിക്കുന്നവര്‍ വഴിപിഴക്കില്ളെന്നും അറഫ പ്രഭാഷണത്തില്‍ അന്ത്യനബി അരുള്‍ചെയ്തു. തനിക്കറിയാവുന്ന നന്മകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുനല്‍കാനും ഉദ്ഘോഷം മുഴങ്ങിയ അറഫ മണ്ണ് ഇന്നും സാക്ഷ്യംവഹിക്കുന്നത് കാലാതിവര്‍ത്തിയായി മുഴങ്ങുന്ന ഈ നിത്യസന്ദേശകങ്ങള്‍ക്കുതന്നെയാണ്.

ഹജ്ജും കഅ്ബാലയവും പ്രഖ്യാപിക്കുന്ന സന്ദേശവും മറ്റൊന്നല്ല. കഅ്ബയില്‍ പ്രവേശിച്ചവന്‍ നിര്‍ഭയനായിരിക്കുമെന്നാണ് ഖുര്‍ആന്‍െറ ആഹ്വാനം. മനുഷ്യര്‍ക്ക് വിശപ്പിന് അന്നം നല്‍കിയവനും ഭയപ്പാടുകളില്‍നിന്ന് ശാന്തി നല്‍കിയവനുമാണ് കഅ്ബയുടെ നാഥന്‍. ഏക ദൈവാരാധനക്കുവേണ്ടി പ്രവാചകന്‍ ഇബ്രാഹീം പണിതുയര്‍ത്തിയ പ്രഥമ മന്ദിരമായ കഅ്ബ അഭയമാണ് വാഗ്ദാനം ചെയ്യുന്നത്. അഭയാര്‍ഥികളെ ഉല്‍പാദിപ്പിക്കുകയല്ല.

അറഫ സംഗമത്തോട് ചേര്‍ന്നുവരുന്ന ദുല്‍ഹജ്ജ് 10ന് യൗമുന്നഹ്ര്‍ (ബലിദിനം) എന്നാണ് പേര്. ഹജ്ജിലെയും ബലിപെരുന്നാളിലെയും പ്രധാന കര്‍മമാണ് ബലി. പുത്രബലിക്കുള്ള ഇബ്രാഹീമിന്‍െറ സന്നദ്ധതയെ അനുധാവനം ചെയ്ത് ദൈവമാര്‍ഗത്തില്‍ വിലപ്പെട്ടതെല്ലാം സമര്‍പ്പിക്കുമെന്നാണ് മൃഗബലിയിലൂടെ വിശ്വാസികള്‍ പ്രഖ്യാപിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ചെറുതുംവലുതുമായ മുഴുവന്‍ അനുഗ്രഹങ്ങളും ദൈവികദാനമാണ്. ആ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് നാഥന്‍െറ മഹത്ത്വവും ഒൗന്നിത്യവും  വാഴ്ത്തുകയാണ് കര്‍മം മുഖേന വിശ്വാസികള്‍.

Show Full Article
TAGS:
Next Story