Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമൂന്നാര്‍ ഒരു...

മൂന്നാര്‍ ഒരു മുന്നറിയിപ്പാണ്

text_fields
bookmark_border
മൂന്നാര്‍ ഒരു മുന്നറിയിപ്പാണ്
cancel

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീജനമുന്നേറ്റമായിരുന്നു മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ സമരം. ഒമ്പത് ദിനം നീണ്ട ആ സമരം ഏതാണ്ട് വിജയത്തിലത്തെിനില്‍ക്കെയാണ് അന്‍വര്‍ ബാലശിങ്കം എന്ന പേര്  മലയാളികള്‍ കേട്ടുതുടങ്ങുന്നത്. സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദികളുടെ ബുദ്ധിയെന്നായിരുന്നു പ്രചാരണം. ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത് അന്‍വര്‍ ബാലശിങ്കം എന്ന എല്‍.ടി.ടി.ഇ അനുഭാവമുള്ളയാളാണെന്ന് മറ്റൊരു ആരോപണവും. തൊഴിലാളി യൂനിയനുകളുടെ ഒരു പിന്‍ബലവുമില്ലാതെ വളരെ ആസൂത്രണത്തോടെ സമരം ചെയ്തപ്പോള്‍ വിറളിപിടിച്ച തൊഴിലാളി നേതാക്കള്‍ തട്ടിവിട്ട  സംശയങ്ങളല്ലായിരുന്നോ ഇവയെല്ലാം?  ഇന്‍റലിജന്‍സ് ബ്യൂറോയും മാധ്യമങ്ങളും അന്വേഷിച്ചുനടന്ന അന്‍വറുമായി തമിഴ്നാട്ടിലെ തേനിയിലുള്ള തമിളര്‍ ദേശീയ മുന്നണിയുടെ ഓഫിസില്‍വെച്ച്  മാധ്യമം ലേഖകന്‍ ഫഹീം ചമ്രവട്ടം നടത്തിയ  അഭിമുഖം.

മൂന്നാര്‍ സമരത്തിനുശേഷം താങ്കള്‍ക്ക് കേരളത്തില്‍ ഒരു നായകപരിവേഷം ലഭിച്ചിട്ടുണ്ട്. നേരിട്ടുതന്നെ ചോദിച്ചോട്ടെ, സമരത്തിന്‍െറ ബുദ്ധികേന്ദ്രം താങ്കളാണോ?

എനിക്ക് ഹീറോ പരിവേഷമല്ല കേരളത്തിലുള്ളത്. തീവ്രവാദി പരിവേഷമാണ്. ‘തമിഴ് തീവ്രവാദി’. കേരളമക്കളോട് ആദ്യമേ പറയട്ടെ ഞാന്‍ തീവ്രവാദിയല്ല, എനിക്ക് തീവ്രവാദമായോ ചില മാധ്യമങ്ങള്‍ പറയുന്നപോലെ എല്‍.ടി.ടി.ഇയുമായോ ഒരു ബന്ധവുമില്ല. അംഗീകൃത പാര്‍ട്ടിയായ  ‘തമിളര്‍ ദേശീയമുന്നണി’യുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ഞാന്‍. നെടുമാരന്‍ പ്രസിഡന്‍റും. പിന്നെ മൂന്നാര്‍ സമരം. അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്‍െറ രോഷമാണ് അവിടെ കണ്ടത്. അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ അവരെ  പ്രാപ്തനാക്കിയത് ഞാനും കൂടിയാണെന്നതില്‍ തര്‍ക്കമില്ല. മൂന്നാറില്‍ 138 വര്‍ഷമായി തൊഴിലാളികള്‍ അഭയാര്‍ഥികളായി കഴിയുകയാണ്.

തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമിയില്ല, ആശുപത്രിയില്ല, പള്ളിക്കൂടമില്ല, കൂലി തുച്ഛം. അവരെ ബോധവത്കരിക്കാന്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി അവരോടൊപ്പം  മൂന്നാറില്‍  ഞാനും പ്രവര്‍ത്തിക്കുന്നുണ്ട്. സമരത്തിന് ഇറങ്ങാന്‍ തൊഴിലാളികളെ സജ്ജമാക്കുമ്പോള്‍ ടാറ്റയുടെ ചെലവില്‍ കഴിയുന്ന പാര്‍ട്ടിനേതാക്കള്‍ മുതലാളിക്കുവേണ്ടി ഭീഷണിപ്പെടുത്തും.  ഇടുക്കിയില്‍ പട്ടയവിതരണ സമയത്ത് സര്‍ക്കാറിനെതിരെ സമരം നടത്താനായിരുന്നു ആദ്യം ലക്ഷ്യംവെച്ചത്. എന്നാല്‍, പല സ്ഥലങ്ങളില്‍നിന്നുള്ള എതിര്‍പ്പുണ്ടായതിനാല്‍ വേണ്ടെന്നുവെച്ചു. പിന്നീടാണ് ആദ്യം കൂലിയും ബോണസും ആവശ്യപ്പെട്ടു തെരുവിലിറങ്ങാമെന്നു തീരുമാനിച്ചത്. നിരവധി ഡെമോണ്‍സ്¤്രടഷന്‍ മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച് നടത്തിയിരുന്നു. ജനങ്ങളെ വഞ്ചിക്കൂന്ന ഭരണകൂട-കമ്പനി മുതലാളിമാര്‍ക്കെതിരായി സംഘടിക്കാന്‍ തന്നെയാണ് ആഹ്വാനം. മൂന്നാര്‍ ജനതയുടെ ജീവിതകഥ പറയുന്ന ‘ഇളന്ത നിലം’ എന്ന ഡോക്യുമെന്‍ററി ഞാന്‍ രണ്ട് വര്‍ഷം മുന്നെ ഇറക്കിയിരുന്നു. അതിനും വന്‍ സ്വീകാര്യതയായിരുന്നു.

ഡോക്യുമെന്‍ററിയില്‍ വിഷയമായത് മൂന്നാറിലെ തേയിലത്തോട്ടങ്ങളും മുല്ലപ്പെരിയാറുമാണ്. ഇതിലൂടെ ലക്ഷ്യംവെച്ചത് തമിഴ് ദേശീയവികാരം ഇളക്കിവിടാനുള്ള  ശ്രമമായിരുന്നുവെന്ന് തോന്നിപ്പോകും...
ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് തമിഴ്ദേശീയ വികാരമാണോ? കൊടുക്കേണ്ടതൊന്നും കൊടുക്കാതെ പണിയെടുപ്പിക്കാന്‍ മാത്രമുള്ള ഒരു വിഭാഗമാക്കി തമിഴ്മക്കളെ മാറ്റിയില്ളേ? കേരളസര്‍ക്കാര്‍ എന്താണ് ഈ മേഖലയിലെ അഞ്ചുലക്ഷം വരുന്ന ജനങ്ങള്‍ക്ക് നല്‍കിയത്. തമിഴ്നാട്ടിലെ മധുര ജില്ലയിലായിരുന്ന ദേവികുളവും പീരുമേടും 1956 മുതല്‍ കേരളത്തിലാണ്. ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് അധികാരത്തിലത്തെിയത് കേരളത്തിലാണ്. മുഖ്യമന്ത്രിയായി എല്ലാവരും ആദരിക്കുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടുമായിരുന്നു. സ്വന്തം സ്വത്തെല്ലാം ദാനംകൊടുത്ത് സമൂഹത്തിലേക്കിറങ്ങിയയാളാണ് ഇ.എം.എസ് എന്ന് കേട്ടിരിക്കുന്നു. എന്നാല്‍, അവര്‍ മൂന്നാര്‍ കയറിയിട്ടില്ല എന്നതാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവിടെയുള്ള മക്കള്‍ക്ക് ഇവര്‍ എന്ത് ചെയ്തുവെന്നു പറയാമോ.  പട്ടം താണുപിള്ളയെ ക്കുറിച്ച് വേവലാതി ഇല്ല. അത് ഒരു ഊതിവീര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. പക്ഷേ  ഇ.എം.എസ് അങ്ങനെയല്ലല്ളോ.  കമ്യൂണിറ്റി കാണിക്കാതെ ഈ മക്കള്‍ക്ക് പഠിക്കാനും ജോലിക്കുപോകാനും കഴിയുമോ? ഭാഷാ അടിസ്ഥാനത്തിലുള്ള വിഭജനം നടന്ന കാലത്ത് കൊടുത്ത നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്.  സി. അച്യുതമേനോന്‍, ഇ.കെ. നായനാര്‍, അച്യുതാനന്ദന്‍ വരെയുള്ള കമ്യൂണിസ്റ്റുകാരാരും ഇവരുടെ  രക്ഷക്കത്തെിയില്ല.

വര്‍ഷത്തില്‍ പത്ത് മാസം മഴ പെയ്യുന്ന മൂന്നാറില്‍  നല്ല കൂരപോലുമില്ലാതെ ജീവിക്കുന്ന പാവങ്ങള്‍ക്ക് എങ്ങനെ  ’56ല്‍ കൊടുത്ത നേറ്റിവിറ്റി ഹാജരാക്കാന്‍ കഴിയും. 84 രൂപയും 27 പൈസയുമാണ് തൊഴിലാളിക്ക് ദിവസക്കൂലി. ഈ  കൂലിക്ക്  വേറെ ഏതെങ്കിലും ജോലിക്ക് ആളെകിട്ട്വോ? നാല്‍പത് വര്‍ഷത്തോളം തോട്ടത്തില്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് വി.ആര്‍.എസ് (വളന്‍ററി റിട്ടയര്‍മെന്‍റ് ) ആയി എന്താണ് നല്‍കുന്നത്? വെറും 25,000 രൂപ. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി എന്നിവര്‍ക്ക് സൊസൈറ്റിയുണ്ട്. ഇവിടെനിന്ന് 25,000രൂപ വീതം തൊഴിലാളികള്‍ക്ക് വായ്പ കൊടുക്കും. അതും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക്. എന്നാല്‍ തിരിച്ചടവ് മാസംതോറും സൊസൈറ്റി കമ്പനികളില്‍നിന്നു നേരിട്ടുവാങ്ങും. കമ്പനിയാകട്ടെ  തിരിച്ചടവു കുറച്ചേ ശമ്പളം നല്‍കൂ. ഇതു ചോദ്യം ചെയ്താല്‍ യൂനിയന്‍ നേതാക്കന്മാര്‍ ഭീഷണിപ്പെടുത്തും.

മൂന്നാറിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യം നല്‍കണമെന്നാണോ താങ്കളുടെ ആവശ്യം. അതോ സംസാരത്തില്‍നിന്ന് വായിച്ചെടുക്കാവുന്നതു പോലെ പ്രദേശത്തെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാണോ?
’56 മുതല്‍ കേരളം ശ്രമിച്ചിട്ടും ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലല്ളോ. ഇനിയും അവസരം തരണോ.  സ്വന്തം സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവര്‍ ആ നാടിന് വേണ്ടി വാദിക്കരുത്. തമിഴ്നാടിന്‍െറ ഭാഗമായിരുന്ന പീരുമേട്, ദേവികുളം തമിഴ്നാട്ടിലേക്ക് തന്നെ എത്തിയാല്‍ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് ഏറക്കുറെ പരിഹാരം കാണാന്‍ കഴിയും. ഇത് ദേശീയവാദമായോ തീവ്രവാദമായോ ചിത്രീകരിക്കേണ്ടതില്ല. തമിഴ് മക്കളെ ഒന്നിപ്പിച്ച് നിര്‍ത്തേണ്ടത് നാടിന്‍െറ കടമയാണ്.  

താങ്കളുടെ ഡോക്യുമെന്‍ററിയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ ശക്തമായ വികാരമാണ് ഇളക്കിവിടുന്നത്. കേരളത്തിലെ ജനപ്രതിനിധികളെ പേരെടുത്ത് വിമര്‍ശിക്കുന്നു...
മുല്ലപ്പെരിയാറിനെക്കുറിച്ച് ഇപ്പോള്‍  അഭിപ്രായം പറയുന്നില്ല. അഭിപ്രായം പറയുമ്പോള്‍ പലരും ഞാന്‍ ആന്‍റി കേരളയാണെന്ന് തെറ്റിദ്ധരിക്കരുത്. കേരളത്തിലെ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്നത് തെറ്റല്ലല്ളോ. ജനപ്രതിനിധികള്‍, അവരാണ് മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളെ നശിപ്പിച്ചത്. അവര്‍ക്ക് ടൂറിസമാണ് വലുത്. എസ്. രാജേന്ദന്‍ ഇല്ളേ..? എനിക്ക് തീവ്രവാദിപ്പട്ടം ചാര്‍ത്തിയ അസംബ്ളി അംഗം. ഞാന്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന് പിടിച്ചിട്ടില്ല. അതുപോലെതന്നെ കോണ്‍ഗ്രസുകാരനായ എ.കെ. മണിയും. എസ്.ഐ.പി.ഡബ്ള്യു (ഐ.എന്‍.ടി.യു.സി  -തോട്ടം മേഖലകളില്‍ മാത്രമുള്ള സംഘം) കറുപ്പ് സ്വാമിയായിരുന്നു അതിന്‍െറ തലവന്‍.  തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കറുപ്പ്സ്വാമിയെ അടിച്ചൊതുക്കിയവനാണ് എ.കെ. മണി.   

അന്‍വര്‍ ബാലശിങ്കം സ്വയം എങ്ങനെ വിശേഷിപ്പിക്കും.  ആദ്യം നോവലിസ്റ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എപ്പോഴായിരുന്നു രാഷ്ട്രീയരംഗപ്രവേശം?
ഞാന്‍ നോവലിസ്റ്റും ഡോക്യുമെന്‍ററി സംവിധായകനും രാഷ്ട്രീയക്കാരനുമാണ്. ഏകദേശം പതിനഞ്ച് വര്‍ഷത്തിലധികമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു. കോളജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്. വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായിരുന്നു.  എം.എ പൊളിറ്റിക്കല്‍ സയന്‍സാണ് പഠിച്ചത്.

കോളജ് കാലത്ത് എന്തായിരുന്നു രാഷ്ട്രീയ നിലപാട്? ഏത് സംഘത്തോടൊപ്പമാണ് പ്രവര്‍ത്തിച്ചത്?
ഞാന്‍  വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ സജീവമായിരുന്നു. അതിനാല്‍  തമിഴ്നാട്ടില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വേലുപിള്ളൈ പ്രഭാകരന്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എല്‍.ടി.ടി.ഇയുടെ ബാനറിലാണ് ഞാന്‍ മത്സരിച്ചിരുന്നത്. ലങ്കയില്‍ പോരാട്ടം നടക്കുന്ന നാളുകളില്‍ തമിഴ്നാട്ടില്‍ എല്‍.ടി.ടി.ഇ സപ്പോര്‍ട്ടായി നിറയെ ആളുകളുണ്ടായിരുന്നു. അതില്‍ ഒരാള്‍ മാത്രം. പിന്നീട് അത് വിട്ടു.

‘തമിളര്‍ ദേശീയമുന്നണി’ക്ക് അല്ളെങ്കില്‍ അതിന്‍െറ നേതാക്കള്‍ക്ക് നടപ്പിലും ഭാവത്തിലും നിരോധിച്ചഎല്‍.ടി.ടി.ഇയുമായി സാമ്യത തോന്നുന്നുണ്ട്. താങ്കള്‍ മുമ്പ് ധരിക്കാറുള്ള വേഷം, അവരെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകള്‍ അങ്ങനെ പലതും?
കോളജില്‍ എല്‍.ടി.ടി.ഇ  ബാനറില്‍ മത്സരിച്ചുവെന്നല്ലാതെ അവരുമായി ബന്ധമൊന്നുമില്ല. വേലുപ്പിള്ളൈ പ്രഭാകരന്‍െറ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കാനോ തള്ളിപ്പറയാനോ ഞാന്‍ തയാറല്ല. ‘തമിളര്‍ ദേശീയമുന്നണി’ വളരെ വ്യത്യസ്തമായ ഐഡിയോളജി കാത്തുസൂക്ഷിക്കുന്നതാണ്. പ്രഭാകരനായിരുന്നു എന്‍െറ റോള്‍ മോഡലെങ്കില്‍ ഞാന്‍ തോക്കുപോലുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കേണ്ടേ... പക്ഷേ , ഞാന്‍ ഉപയോഗിക്കുന്ന ആയുധം വാക്കുകളും അക്ഷരങ്ങളുമാണ്.
നിങ്ങള്‍ എന്‍െറ പ്രവര്‍ത്തനമണ്ഡലങ്ങളായ തേനി, തിരുനെല്‍വേലി, ചെങ്കോട്ട തുടങ്ങിയ ജില്ലകളിലെ എസ്.പിയെയോ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയോ  കണ്ട് ചോദിക്കൂ, അന്‍വര്‍ ബാലശിങ്കത്തിനെതിരെ ഏതെങ്കിലും കേസുണ്ടോ എന്ന്. ഈ പ്രദേശങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരെയും കൂട്ടിക്കോളൂ, എന്നിട്ട് ഒരു അന്വേഷണം  നടത്തൂ. അന്‍വര്‍ ബാലശിങ്കം മലയാളിമക്കള്‍ക്ക് മുന്നില്‍ തീവ്രവാദിയായി ആണ് അറിയപ്പെടുന്നത് എന്ന് അറിയാം. അതിന്‍െറ കാരണം എസ്. രാജേന്ദ്രനും സംഘവുമാണ്. നിങ്ങള്‍ക്ക് ഇനിയും ബോധ്യമായില്ളേല്‍  തമിഴ്നാട് ഐ.ജിയെ വിളിച്ചു ചോദിക്കൂ, തമിളര്‍ ദേശീയ മുന്നണിയുടെ വൈസ് പ്രസിഡന്‍റ് അന്‍വര്‍ ബാലശിങ്കത്തിനെതിരെ സംസ്ഥാനത്തെവിടെങ്കിലും കേസുണ്ടോ എന്ന്. ഒളിഞ്ഞല്ല രാഷ്ട്രീയ പ്രവര്‍ത്തനം, തെളിഞ്ഞുതന്നെയാണ്.

എല്‍.ടി.ടി.ഇ ഒരു നിരോധിതസംഘമായതിനാല്‍ അതിന്‍െറ തുടര്‍ച്ചയെന്നോണം പലരൂപത്തില്‍ ഇന്ത്യയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. അത്തരം സംഘടനകളും വ്യക്തികളുമായി പരിചയം?
ഇല്ല, രഹസ്യപ്രവര്‍ത്തനങ്ങളാണേല്‍ എങ്ങനെ അറിയാനാണ്. തമിഴ്നാടിന് അത്തരം ഒരു സംഘത്തിന്‍െറ ഒരു ആവശ്യവുമില്ല.  ശ്രീലങ്കയില്‍ സമാന്തര സര്‍ക്കാറായി പ്രവര്‍ത്തിച്ചവരാണ് അവര്‍. അവര്‍ ഇന്ത്യയില്‍ വേരുറപ്പിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു തരത്തിലുള്ള സായുധപോരാട്ടങ്ങളോടും സന്ധിചേരാന്‍ തമിളര്‍ ദേശീയ മുന്നണി ഒരുക്കമല്ല.

പേരിലെ ബാലശിങ്കം കൗതുകമുണര്‍ത്തുന്നു. എന്താണ് നിങ്ങളുടെ ശരിക്കും പേര്?  
ബാലശിങ്കം എന്‍െറ പേര് തന്നെയാണ്.  പലരുടെയും വിചാരം ഞാന്‍ തേനിക്കാരനാണെന്നാണ്. പക്ഷേ ഞാന്‍ തിരുനെല്‍വേലി ജില്ലയിലെ മീനാക്ഷിപുരത്തിനടുത്താണ് ജനിച്ചത്. അന്ന് അച്ഛന്‍ എനിക്കിട്ട പേര് ബാലു എന്നായിരുന്നു.  ഞങ്ങളുടെ വീട്ടുകാര്‍ ഒരു കമ്യൂണല്‍ വിഷയമുണ്ടായപ്പോള്‍ കൂട്ടത്തോടെ ഇസ്ലാമായി മാറി. അങ്ങനെ ബാലു അന്‍വറായി. പിന്നീട് വലുതായപ്പോള്‍ രണ്ട് പേര് ചേര്‍ത്തുവെച്ച് എല്ലാവര്‍ക്കുമുള്ള  ഐക്യദാര്‍ഢ്യം കാണിച്ചു.

രണ്ട് പേരു ചേര്‍ത്തുവെച്ചാല്‍ അന്‍വര്‍ ബാലു എന്നാകുകയല്ളേയുള്ളൂ. അപ്പോള്‍ ബാലശിങ്കം?  എല്‍.ടി.ടി.ഇയുടെ സൈദ്ധാന്തികനേതാവ് ബാലശിങ്കമായിരുന്നു..?   
അതേ, അങ്ങനെയും പറയാം. ആന്‍േറാന്‍ ബാലശിങ്കം, എനിക്ക് വളരെ ആരാധനതോന്നിയ വ്യക്തിയായിരുന്നു. എല്‍.ടി.ടി.ഇ മൂവ്മെന്‍റിന്‍െറ ബുദ്ധികേന്ദ്രം ബാലശിങ്കമായിരുന്നു. ലീഡര്‍ വേലുപ്പിള്ളൈ പ്രഭാകരന്‍ ബാലശിങ്കത്തിന്‍െറ ആജ്ഞാനുവര്‍ത്തിയായേ നിലകൊണ്ടുള്ളൂ. ചരിത്രത്തില്‍ ബാലശിങ്കത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്.അതിനര്‍ഥം ഞാന്‍ എല്‍.ടി.ടി.ഇ ആണെന്നല്ല. അങ്ങനെ ഒരു വായന കേരളത്തില്‍ സജീവമായിട്ടുണ്ട്.

താങ്കള്‍ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? കുടുംബവും അവിടെയാണോ?
ഞാന്‍ തേനിയില്‍തന്നെയാണ് കൂടുതല്‍ സമയവുമുള്ളത്. പാര്‍ട്ടിക്ക് തേനിയില്‍ മാത്രമല്ല, തമിഴ്നാട്ടിലെമ്പാടുമായി സ്വാധീനമുണ്ട്. തമിഴ്നാട്ടില്‍ കരുണാനിധി, ജയലളിതയും എല്ലാം ബഹുമാനിക്കുന്ന നെടുമാരനാണ് പാര്‍ട്ടി ലീഡര്‍. പ്രായം 80 കവിഞ്ഞു. എങ്കിലും സജീവമായിട്ടുണ്ട്. മൊത്തം സംഘടനാതല ഉത്തരവാദിത്തം അദ്ദേഹം ചുമതലപ്പെടുത്തിയത് 39 കാരനായ എന്നെയാണ്. ഞാനത് നന്നായി ചെയ്യുന്നുവെന്നാണ് വിശ്വാസം. കുടുംബവും ഇവിടെ തന്നെയുണ്ട്. ഭാര്യ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്.

മൂന്നാറിലേക്ക് തന്നെ വരാം, മൂന്നാറിലെ സമരം ഒരു പൂര്‍ണവിജയമായി കണക്കാക്കാമോ..?  അവിടെ തമിളര്‍ ദേശീയ മുന്നണി വരുംകാല പ്രവര്‍ത്തനം എന്താണ്?
ഒരിക്കലുമല്ല. മൂന്നാറിലെ സമരം വിജയമല്ല. അത്  ജനപ്രതിനിധികളുടെയും കമ്പനിയുടെയും വഞ്ചനയുടെ മറ്റൊരു ഉദാഹരണമാണ്. 20 ശതമാനം ബോണസ് നല്‍കാമെന്ന് പറഞ്ഞ് ഒപ്പുവെപ്പിച്ചത് 8.33 ശതമാനം. കേരളത്തിലെ പത്രങ്ങള്‍ തന്നെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാര്‍ സമരത്തോടെ അവിടങ്ങളിലെ തൊഴിലാളി സംഘടനകളെല്ലാം വെറും വേസ്റ്റാണ് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. എസ്. രാജേന്ദ്രനെ ചെരിപ്പുമാല അണിയിച്ച്  ഓടിച്ചു.  എ.കെ. മണിയെ അടിച്ചോടിച്ചു. കാലം പകരം വീട്ടിത്തുടങ്ങി. ഒരു കാലത്ത് എല്ലാമായിരുന്ന തൊഴിലാളി നേതാക്കളെ അവര്‍ സമരസ്ഥലത്തേക്ക് അടുപ്പിച്ചില്ല. എന്തേ അവരാരും ഞങ്ങള്‍ക്കെതിരെ വരാഞ്ഞത്. തൊഴിലാളികള്‍ക്ക് എല്ലാം മനസ്സിലായിത്തുടങ്ങിയിരിക്കുന്നു.

കേരളത്തിലെ തൊഴിലാളിസംഘടനകള്‍ ദുര്‍ബലവും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് താങ്കള്‍ പറയുന്നു. തമിഴ്നാട്ടിലെ സംഘടനകളെ  എങ്ങനെ കാണുന്നു?
തമിഴ്നാട്ടില്‍ കാര്യമായ തൊഴിലാളിസംഘടനകള്‍ ഇന്നില്ല. അതിനുള്ള സാഹചര്യം കുറഞ്ഞു. തൊഴില്‍സാഹചര്യം ഇല്ലാതായി. നിരവധി മില്ലുകള്‍ അടച്ചുപൂട്ടി. പത്തുകൊല്ലം  മുമ്പ് കോയമ്പത്തൂരില്‍ കാലത്ത് ഏഴുമണിക്കുതന്നെ നിറയെ ട്രാഫിക് ആയിരുന്നു. എല്ലാവരും സൈക്കിളില്‍ മില്ലില്‍ പോകുന്ന തിരക്കിലായിരിക്കും. നഗരം സജീവമായിരുന്നു. ഇന്ന് അത് കാണാന്‍ കഴിയില്ല. കയറ്റുമതിയെല്ലാം കുറഞ്ഞു. എല്ലാം ചൈനയില്‍നിന്ന് വരുന്നു.  ഇത് തമിഴ്നാടിന്‍െറ മാത്രം അവസ്ഥയല്ല. ആഗോളസാമ്പത്തിക ആസൂത്രണത്തിന്‍െറ ഭാഗമായി സംഭവിച്ചതാണ്.

ഇടുക്കി ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ നിലവിലെ സാഹചര്യം കണ്ടറിഞ്ഞ് പല പുതു സംഘടനകളുടെ പാര്‍ട്ടികളും വരാനിടയുണ്ട്. തെരഞ്ഞെടുപ്പില്‍ താങ്കള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നണിയും അത്തരം അവസരം കാത്തിരിക്കുകയായിരിക്കും?
തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലവില്‍ തീരുമാനമായില്ളേലും വൈകാതെ ഉണ്ടാകും. അത് അവസരം മുതലാക്കല്‍ എന്ന് പറയരുത്. ഒരു വിടവ് കണ്ട് ഉടനെ എടുത്തു ചാടിയവരല്ല ഞങ്ങളാരും.  ഇതൊരു ദീര്‍ഘകാല പരിപാടിയാണ്. ചൂഷണത്തെ ഓരോന്നായി പുറന്തള്ളുന്ന പരിപാടി. ചിലപ്പോള്‍ പീരുമേട്ടില്‍നിന്ന്  ഞാന്‍ തന്നെ കേരള അസംബ്ളിയിലേക്ക് മത്സരിക്കും. വിജയത്തില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ക്ക് ലക്ഷ്യമില്ല. അദ്ഭുതപ്പെടണ്ട. കാലം അത്ര അകലെയല്ല. അടുത്ത ലോക്സഭ ഇലക്ഷന് ഇടുക്കിയില്‍നിന്ന് പാര്‍ട്ടിയുടെ സാന്നിധ്യം ഉണ്ടാകും. പലരും ഭയക്കുന്നതുപോലെ ഈ സംഘം ഇവിടെ തന്നെ കാണും. അതിന് തീവ്രവാദിയെന്ന് മുദ്രകുത്തി പേടിപ്പെടുത്താന്‍ നോക്കണ്ട. മക്കളുടെ കഷ്ടതകള്‍ കണ്ടില്ളെന്ന് നടിക്കാനാവില്ല.

തമിളര്‍ ദേശീയ മുന്നണിയുടെ പ്രത്യയ ശാസ്ത്രം എന്താണ്?  
ഈ  മുന്നണിക്ക് ഒരു ലക്ഷ്യമുണ്ട്.  തമിഴ് മക്കള്‍ ഒരുമയായിരിക്കണം. തമിഴ്നാട് ഒരു തമിഴന്‍ ഭരിക്കുന്ന കാലം അതാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോള്‍ ഭരിക്കുന്ന ജയലളിത കന്നട കമ്യൂണിറ്റിയില്‍പെട്ടവരാണ്. കരുണാനിധിയും വൈക്കോയും തെലുങ്ക് കമ്യൂണിറ്റിയാണ്. അവരോട് എതിര്‍പ്പുണ്ടായിട്ട് പറഞ്ഞതല്ല. തമിഴ്മക്കളെ തിരിച്ചറിയാന്‍ ഒരു തമിഴനേ കഴിയൂ. ഇന്ദിരാഗാന്ധി മാവീരന്‍ എന്നു വിളിച്ച നെടുമാരന്‍ ആണ് ഞങ്ങളുടെ നേതാവ്.

മാവോയിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍ ഇവരുടെ എല്ലാം പ്രവര്‍ത്തനങ്ങളെ എങ്ങനെ കാണുന്നു?
മറ്റുള്ള ആശയങ്ങളെ എതിര്‍ക്കാനോ സ്വാഗതം ചെയ്യാനോ ഞാനില്ല.  മാവോയിസ്റ്റുകളുടെ  സായുധസമരങ്ങളെ പൂര്‍ണമായും പിന്തുണക്കാനാവില്ല. ജനക്ഷേമ ലക്ഷ്യത്തിന് പലരും പലവഴികളാണ്  സ്വീകരിക്കുക. തമിഴ്നാട്ടില്‍ മാവോയിസ്റ്റുകള്‍ ഉണ്ടാവാം. ഞാന്‍ അങ്ങനെ കരുതുന്നില്ല. കേരളത്തില്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ പറയുന്നു. അതും ഭയപ്പെടുത്തലാണ്.  ആദിവാസിവിഭാഗങ്ങളെ മനുഷ്യരായിപ്പോലും കാണാത്ത ഭരണകൂടത്തിന് നേരെ ചിലപ്പോള്‍ യുവാക്കള്‍ സംഘടിച്ച് ആയുധമെടുത്തേക്കാം. സര്‍വതും ഊറ്റിക്കുടിക്കുന്ന കുത്തകകള്‍ക്കെതിരെ ആയുധമെടുത്തേക്കാം. അവരെല്ലാം മാവോയിസ്റ്റാണോ. അങ്ങനെ  വിശ്വസിക്കുന്നില്ല. പിന്നെ കമ്യൂണിസ്റ്റ് ആശയങ്ങളോട് എതിര്‍പ്പില്ല. പക്ഷേ, അത് കള്ളന്മാരുടെ കൈകളിലല്ളേ. പിന്നെ  എന്ത്  കമ്യൂണിസം?
തേനി യാത്രയുടെ പിന്നാമ്പുറം
‘മൂന്നാര്‍ തേയിലവിപ്ളവത്തിന്‍െറ സൂത്രധാരനെ’ ആദ്യം തേടിയത് ഫേസ്ബുക്കിലായിരുന്നു. പിന്നീട് പലവഴികളിലൂടെ  അന്‍വര്‍ ബാലശിങ്കത്തിനെ ഫോണില്‍ ബന്ധപ്പെട്ടു. തേനിയില്‍ വൈകുന്നേരം വന്നാല്‍  കാണാം എന്ന് മറുപടി. ഫോണിന്‍െറ മറുതലക്കല്‍ കേരളത്തിലെ ഇന്‍റലിജന്‍സിന്‍െറ നോട്ടപ്പുള്ളിയാണെന്നതില്‍ സംശയമില്ല. കൊച്ചിയില്‍നിന്ന്  പുലര്‍ച്ചെ തേനിയിലേക്ക്. കുമളിവഴി തേനിയിലത്തെിയപ്പോള്‍ നട്ടുച്ച. ബസ് കമ്പത്ത് എത്തിയപ്പോള്‍തന്നെ അന്‍വര്‍ ബാലശിങ്കം എന്ന  ‘തീവ്രവാദി' ചുവരുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. നഗരത്തിന്‍െറ ചുവര്‍ നിറയെ അന്‍വര്‍ പ്രസംഗിക്കുന്ന പടം.

വൈകുന്നേരം നാലുമണിയാകുന്നത് വരെ എസ്.എം.എസിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ കൃത്യം അഞ്ചിന് അന്‍വര്‍ തിരിച്ചുവിളിച്ചു. ‘‘നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം പറഞ്ഞാല്‍ അവിടെ  ഓട്ടോറിക്ഷയുമായി എന്‍െറ ആള് വരും. അവരുടെ കൂടെ ഓഫീസില്‍ വരാം.’’ അല്‍പം കഴിഞ്ഞ് നേരിട്ടുവരും എന്ന് പറഞ്ഞു. പഴയ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ കാത്തുനിന്ന ഈ ലേഖകനെ  അഞ്ചു മിനിറ്റിനകം  ഒരാള്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. മണികണ്ഠന്‍ എന്നായിരുന്നു അയാളുടെ പേര്.  നടന്നായിരുന്നു യാത്ര. നഗരത്തിലെ കോളനികള്‍ക്കിടയിലൂടെയുള്ള തെരുവിലൂടെ വളഞ്ഞുപുളഞ്ഞു നടന്നു.

അന്‍വറിനെക്കുറിച്ച് മണികണ്ഠനോട് തിരക്കിയപ്പോല്‍ ആയിരം നാവ്. തമിഴ്നാട്ടില്‍ എവിടെയായിരുന്നാലും അന്‍വറിന്‍െറ പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ അണിനിരക്കുമെന്നും നാട്ടുകാരുടെ മാനസപുത്രനാണെന്നും വിശദീകരണം. നാട്ടുകാര്‍ക്ക് അന്‍വര്‍ ബാലശിങ്കം വലിയ നേതാവാണ്.  ഇരുനിലകെട്ടിടത്തിലെ മുകള്‍നിലയിലെ ഓഫിസിലത്തെി. കൂടെ വന്നയാള്‍ തന്നെ താക്കോലെടുത്ത് തുറന്നുതന്നു. വൈകാതെ മണികണ്ഠനെ അന്‍വര്‍ വിളിച്ചു. വരാന്‍ വൈകും. രാത്രി പത്താവും.

രാത്രി പത്തിന്  വിളിച്ചു. ഒരു മണിക്കൂറിനകം എത്താമെന്ന് മറുപടി. 11.30വരെ അന്‍വറിനെ കണ്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ്.  മണികണ്ഠനെ വിളിച്ചു. കാത്തിരിക്കാന്‍ നിര്‍ദേശം. അടുത്തൊരു ഹോട്ടലില്‍ ലൈറ്റ് അണച്ച് കിടക്കാന്‍ ഒരുങ്ങുമ്പോള്‍ രാത്രി 12.30 ന് അന്‍വര്‍ തന്നെ വിളിച്ചു: ‘‘ഇപ്പോഴേ ഓഫീസിലത്തൊനായുള്ളൂ. വന്നാല്‍ കാണാം.’’  ഹോട്ടലില്‍നിന്ന് മൊബൈല്‍ഫോണ്‍ വെളിച്ചത്തില്‍ അന്‍വറിന്‍െറ ഓഫിസ് മുറി കണ്ടത്തെി. ചിരിച്ചുകൊണ്ട് സ്വാഗതം.  രാവിലെ മുതല്‍ നാലിടങ്ങളില്‍ പ്രസംഗിച്ചും സെമിനാറില്‍ സംസാരിച്ചുമാണ് വരവ്. വൈകിയതില്‍ ക്ഷമാപണം. പിന്നെ പുലര്‍ച്ചെ രണ്ടരവരെ സംസാരം നീണ്ടു. രണ്ടുമണിക്കൂറിലേറെ നീണ്ടു ആ സംഭാഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story