നിത്യഹരിതം
text_fields1996 അറ്റ്ലാന്‍റ ഒളിമ്പിക്സ് ടെന്നിസ് വേദിയായ സ്റ്റോണ്‍ മൗണ്ടെയ്ന്‍ സെന്‍ററിലെ ഹാര്‍ഡ് കോര്‍ട്ടില്‍ വെങ്കലപ്പതക്കം മാറിലണിഞ്ഞ് ലിയാണ്ടര്‍ പേസ് എന്ന 23കാരന്‍ ഇന്ത്യയുടെ രണ്ടാമത്തെ ഒളിമ്പിക്സ് വ്യക്തിഗത മെഡല്‍ ജേതാവായി നില്‍ക്കുമ്പോള്‍ സമപ്രായക്കാരനായ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കര്‍ ഇതിഹാസമായി വളര്‍ന്നിട്ടൊന്നുമില്ല. കെ.ഡി. യാദവ് എന്ന ഗുസ്തിക്കാരന്‍ 1952 ഹെല്‍സിങ്കി ഒളിമ്പിക്സില്‍ വെങ്കലമണിഞ്ഞ ശേഷം ലിയാണ്ടറിലൂടെ ഇന്ത്യയെ തേടിയത്തെിയ ഒളിമ്പിക്സ് മെഡല്‍ രാജ്യം ഒരു സ്വര്‍ണത്തോളം വലുപ്പത്തില്‍ ആഘോഷിച്ചു. ഇപ്പോള്‍, വര്‍ഷം 19 കടന്നു. ലിയാണ്ടറിന് വയസ്സ് 42ഉം. ഇന്നും ഇന്ത്യന്‍ കായിക ലോകത്തിന്‍െറ ആവേശമാണ് ലിയാണ്ടര്‍ പേസ് എന്ന നിത്യഹരിത താരം.
12 രാജ്യങ്ങളുടെ അതിര്‍ത്തിക്കപ്പുറം കാണികളെ ആകര്‍ഷിക്കാന്‍ പാടുപെടുന്ന ക്രിക്കറ്റ് എന്ന ടീം ഗെയ്മില്‍ ഇതിഹാസതുല്യനാണ് സചിന്‍ ടെണ്ടുല്‍കര്‍. നേട്ടങ്ങളുടെ നാഴികക്കല്ലുകളിലെല്ലാം ഈ മുംബൈക്കാരന്‍െറ പേര് കൊത്തിവെക്കപ്പെട്ടു. കളത്തിലും പുറത്തും മാന്യതയുടെ പര്യായമായ സചിന്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഭാരത്രത്ന’ സമ്മാനിച്ചാണ് ആദരിച്ചത്. ഫുട്ബാളും ബാഡ്മിന്‍റണും ക്രിക്കറ്റുമായി ഇന്ത്യയുടെ കായിക ബ്രാന്‍ഡ് അംബാസഡറായി രാജ്യം ചുറ്റുന്ന സചിന് ആവുന്നതെല്ലാം രാജ്യം തിരിച്ചുനല്‍കിക്കഴിഞ്ഞു.
പക്ഷേ, സമപ്രായക്കാരനായ ലിയാണ്ടറിന് വിശ്രമിക്കാന്‍ സമയമായിട്ടില്ല. ഒരാഴ്ച മുമ്പ് യു.എസ് ഓപണില്‍ സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം മിക്സഡ് ഡബ്ള്‍സ് കിരീടമണിഞ്ഞ് 17ാം ഗ്രാന്‍ഡ്സ്ളാം നേട്ടത്തോടെ ഏറ്റവും പ്രായമേറിയ ചാമ്പ്യനായി മാറിയ പേസ് അടുത്ത പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ്. 1991ല്‍ യു.എസ് ഓപണ്‍ ജൂനിയര്‍ ചാമ്പ്യനായി തുടക്കമിട്ട പ്രഫഷനല്‍ കരിയര്‍ 25 വര്‍ഷം കടന്നപ്പോള്‍ വിസ്മയകരമാണ് ലിയാണ്ടറിന്‍െറ നേട്ടങ്ങള്‍. 55 എ.ടി.പി കിരീടങ്ങള്‍, എട്ട് ഡബ്ള്‍സും ഒമ്പത് മിക്സഡ് ഡബ്ള്‍സുമായി 17 ഗ്രാന്‍ഡ്സ്ളാമുകള്‍, ഒരു ഒളിമ്പിക്സ് മെഡല്‍, അഞ്ച് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണങ്ങള്‍. 102 ഡബ്ള്‍സ് പങ്കാളികളും 24 മിക്സഡ് ഡബ്ള്‍സ് പങ്കാളികളുമായി അപൂര്‍വ നേട്ടം. 1992 മുതല്‍ 2012 വരെ ആറ് ഒളിമ്പിക്സ് പങ്കാളിത്തം. ഇത്തരമൊരു ബഹുമതിക്കുടമയാവുന്ന ആദ്യ ഇന്ത്യക്കാരനും ലോകടെന്നിസ് താരവും ലിയാണ്ടര്‍തന്നെ. ഏഴാം ഒളിമ്പിക്സിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പേസ് ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ കോര്‍ട്ടില്‍ വീണ്ടും യു.എസ് ഓപണ്‍ തിളക്കത്തിലേറിയത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ലോക ടെന്നിസില്‍ ഒരു താരത്തിനും എത്തിപ്പിടിക്കാനാവാത്തതാണ് പേസിന്‍െറ നേട്ടങ്ങള്‍. അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണമണിഞ്ഞ് ബോക്സിങ് താരം മുഹമ്മദലി, ഫുട്ബാളര്‍ പെലെ, ബാസ്കറ്റ് താരം മൈക്കല്‍ ജോര്‍ഡന്‍, ഓട്ടക്കാരന്‍ കാള്‍ലൂയിസ് എന്നിവരെപ്പോലെ ഇതിഹാസം എന്ന് വിളിപ്പിച്ച് കളിജീവിതത്തോട് വിടപറയാനൊരുങ്ങുകയാണ് പേസ്. പക്ഷേ, ഹിമാലയത്തോളം വലിയ നേട്ടങ്ങള്‍ക്കിടയിലും ഇന്ത്യന്‍ കായികലോകത്തിന്‍െറ പൂമുഖത്തൊന്നും പേസിന് സ്ഥാനമില്ളെന്നത് പ്രായത്തെ തോല്‍പിച്ച ഈ പ്രതിഭയോടുള്ള നന്ദികേടായി അവശേഷിക്കുന്നു.
അര്‍ജുനയും പത്മശ്രീയും പത്മഭൂഷണും ഖേല്‍രത്നയും നല്‍കിയതിലൊതുങ്ങുന്നു ഈ ടെന്നിസ് പ്രതിഭക്ക് ലഭിച്ച ആദരവുകള്‍.ടീം ഗെയ്മില്‍ നേടുന്ന വിജയങ്ങളേക്കാള്‍ ഏറെ മികവുണ്ട് ഒറ്റയാന്‍ പോരാട്ടത്തിലൂടെ ലിയാണ്ടര്‍ വെട്ടിപ്പിടിക്കുന്ന ഓരോ ജയങ്ങള്‍ക്കും. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള ടെന്നിസില്‍ പ്രായത്തെയും തോല്‍പിക്കുന്ന മിടുക്കും പ്രതിഭയും സമന്വയിപ്പിച്ച് ലിയാണ്ടര്‍ ഓരോ ഗ്രാന്‍ഡ്സ്ളാം അണിയുമ്പോള്‍ ടെന്നിസ് വിദഗ്ധരും അതിശയിക്കുകയാണ്. എട്ടു മാസത്തിനുള്ളില്‍ ഹിംഗിസിനൊപ്പം പേസിന്‍െറ മൂന്നാം കിരീടമായിരുന്നു യു.എസ് ഓപണില്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ആസ്ട്രേലിയന്‍ ഓപണിലും ജൂലൈയില്‍ വിംബ്ള്‍ഡണിലും ലിയാണ്ടര്‍-ഹിംഗിസ് കൂട്ട് കിരീടമണിഞ്ഞു.
ലിയാണ്ടറിന്‍െറ അച്ഛന്‍ വേസ് പേസ് ഇന്ത്യന്‍ ഹോക്കി ടീം അംഗമായിരുന്നു. 1972 മ്യൂണിക് ഒളിമ്പിക്സിലെ വെങ്കലമണിഞ്ഞ് ആറാം മാസമായിരുന്നു കുഞ്ഞു ലിയാണ്ടറിന്‍െറ ജനനം. അമ്മ ജെന്നിഫര്‍ പേസ് ഇന്ത്യന്‍ ബാസ്കറ്റ്ബാള്‍ ക്യാപ്റ്റനും. കായിക താരങ്ങളായ മാതാപിതാക്കളിലൂടെ രക്തത്തില്‍തന്നെ അലിഞ്ഞുചേര്‍ന്ന കളിലോകത്ത് 17ാം വയസ്സില്‍ ലിയാണ്ടര്‍ താരമായി. യു.എസ് ഓപണ്‍, വിംബ്ള്‍ഡണ്‍ ജൂനിയര്‍ സിംഗ്ള്‍സ് കിരീടമണിഞ്ഞുകൊണ്ടായിരുന്നു അരങ്ങേറ്റം. സീനിയര്‍ തലത്തിലേക്ക് ഉയര്‍ന്നതിനു പിന്നാലെ, 1996 അറ്റ്ലാന്‍റ ഒളിമ്പിക്സ് സിംഗ്ള്‍സ് വെങ്കലമെഡലുമായി ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ചു. പക്ഷേ, ആന്ദ്രെ അഗാസിയും പീറ്റ് സാംപ്രാസുമെല്ലാം അടക്കിവാഴുന്ന സിംഗ്ള്‍സ് ലോകത്ത് ഭാഗ്യപരീക്ഷണത്തിനു മുതിരാതെ ഡബ്ള്‍സിലേക്ക് കളംമാറ്റിപ്പിടിച്ച ലിയാണ്ടറിന്‍െറ തീരുമാനം ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു.
ഡബ്ള്‍സിലേക്കും മിക്സഡ് ഡബ്ള്‍സിലേക്കും കൂടുമാറിയ ലിയാണ്ടറിന് ലോക ടെന്നിസിലെ മികച്ച ഡബ്ള്‍സ് താരമായി മാറാന്‍ അധികനാളുകള്‍ വേണ്ടിവന്നില്ല. ലോകറാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ വരെയത്തെിയ കൊല്‍ക്കത്തക്കാരന്‍ വിവാദങ്ങള്‍ക്കും പിണക്കങ്ങള്‍ക്കുമിടയിലും ഇന്ത്യന്‍ ടെന്നിസില്‍ പകരക്കാരനില്ലാത്ത താരമായിമാറി പുതിയ നേട്ടങ്ങളിലേക്ക് കുതിക്കാനൊരുങ്ങുമ്പോഴും അവഗണനയില്‍ പരിഭവിക്കുന്നില്ല. പ്രായത്തില്‍ അദ്ഭുതപ്പെടുന്നവരോട് അദ്ദേഹം പറയുന്നു, ‘ഞാന്‍ ലിയാണ്ടര്‍. 20 വയസ്സ്, 22 വര്‍ഷം പരിചയ സമ്പത്ത്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
