കൊടുംചതിയുടെ ആകാശക്കാഴ്ചകള്‍
text_fieldsആദിമനുഷ്യനെ ചെകുത്താന്‍ ചതിച്ചത് മനുഷ്യാസ്തിത്വത്തിന്‍െറ മതകീയ ചരിത്രം. അവിടെന്നിങ്ങോട്ട് ചെറുതും വലുതുമായ അസംഖ്യം ചതികള്‍ കൊണ്ടുപിടിച്ചുള്ളതാണ് മനുഷ്യഭൂമിക. രാഷ്ട്രീയത്തിലും ഭരണത്തിലും വ്യവസായത്തിലും വാണിജ്യത്തിലും തുടങ്ങി, മതമുള്‍പ്പെടെ നാനാജീവിത വ്യവഹാരത്തിലും പതിയിരിക്കുന്നുണ്ട് ചതിയുടെ കള്ളക്കോപ്പുകള്‍. സസൂക്ഷ്മമായൊന്ന് നോക്കിയാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ പ്രതിസന്ധി വിഷയത്തിലുമുണ്ട് കരാളമായ ചതിയുടെ കെട്ടുകാഴ്ചകള്‍.
ആദ്യത്തെ ചതി കരിപ്പൂര്‍ നിവാസികളോടാണ്. കണ്ണൂരിലെ മൂര്‍ഖന്‍പറമ്പ് പോലെ താരതമ്യേന വിജനമായിരുന്നില്ല കരിപ്പൂര്‍. അവിടം ജനവാസകേന്ദ്രവും സജീവമായ കൃഷിയിടവുമുണ്ടായിരുന്നു. ഗള്‍ഫിലേക്ക് പറക്കാന്‍ പഴയ ബോംബെയിലേക്ക് തീവണ്ടിയും ബസും കയറിയതിന്‍െറ വ്യഥകള്‍, തിരിച്ചുവന്നവന്‍ കള്ള ടാക്സികളില്‍, ലോഡ്ജുകളില്‍ ചതിക്കപ്പെട്ടതിന്‍െറ കഥകള്‍, ഹജ്ജിനു പോകാന്‍ ആഴ്ചകളോളം വിമാനം കാത്തുനില്‍ക്കേണ്ടിവന്നതിന്‍െറ സങ്കടങ്ങള്‍ തമ്മില്‍പറഞ്ഞും കേട്ടറിഞ്ഞും പുത്തന്‍ ആകാശത്തേരിലേക്ക് കണ്ണുനട്ട് മനസ്സറിഞ്ഞ പുഞ്ചിരിയോടെയാണ് കരിപ്പൂര്‍നിവാസികള്‍ ഭൂമിയും കിടപ്പാടവും തുച്ഛവിലക്ക് വിട്ടുകൊടുത്തത്. എല്ലാ കുടിയൊഴിപ്പിക്കലിനും ഭരണകൂടം നല്‍കുന്ന കപടവാഗ്ദാനം കരിപ്പൂരുകാര്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നു; പഠിപ്പും യോഗ്യതയുമുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ പണിയുണ്ടാകുമെന്ന്. പൈലറ്റും ഫൈ്ളറ്റ് എന്‍ജിനീയറുമൊന്നുമാകാന്‍ കഴിയില്ളെങ്കിലും ടെര്‍മിനലിനകത്ത് ചായപ്പണിയെങ്കിലും പ്രതീക്ഷിച്ചിരുന്നു പല ചെറുപ്പക്കാരും. ഒരുതവണയല്ല, 13 തവണ ഭൂമി വിട്ടുകൊടുത്തു കരിപ്പൂര്‍വാസികള്‍. അങ്ങനെയാണ് 400ഓളം ഏക്കര്‍ തങ്കപ്പെട്ടഭൂമി വിമാനത്താവളത്തിന് മുതല്‍ക്കൂട്ടായത്. ടേബ്ള്‍ടോപ് വിമാനത്താവളത്തിന്‍െറ സാങ്കേതിക പരിമിതികളെക്കുറിച്ചും അപായ സാധ്യതകളെക്കുറിച്ചും ഇപ്പോള്‍ വാചാലരാവുന്ന ഉദ്യോഗസ്ഥവൃന്ദം അന്ന് ഊറ്റം പറഞ്ഞിരുന്നത് ടേബ്ള്‍ടോപ്പിനെക്കുറിച്ചായിരുന്നു.
ഒടിയന്‍കുണ്ടുള്‍പ്പെടെ വിമാനത്താവളത്തിന്‍െറ ചുറ്റുമുള്ള എല്ലാ ഗര്‍ത്തങ്ങളും മണ്ണിട്ട് പൊക്കുകയായിരുന്നു അടുത്തപടി. കൊണ്ടോട്ടി, പള്ളിക്കല്‍, നെടിയിരിപ്പ്, മൊറയൂര്‍, കുഴിമണ്ണ, മുതുവല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ കുന്നുകളിടിച്ചാണ് കരിപ്പൂരില്‍ ആകാശ റണ്‍വേ പണിതത്. മണ്ണുംപേറി ചീറിപ്പാഞ്ഞ ടിപ്പര്‍ലോറികള്‍ തട്ടി അനേകം പേര്‍ ഈ പഞ്ചായത്തുകളില്‍ മരണപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലേക്ക് പോകുന്നവനെ യാത്രയാക്കാനും വരുന്നവനെ സ്വീകരിക്കാനും ടെര്‍മിനലിന്‍െറ വെളിയില്‍ നട്ടപ്പാതിര നേരത്തും കാത്തിരിക്കുന്ന ആബാലവൃദ്ധം ജനത്തെ കണ്ടാലറിയാം, ഗള്‍ഫും വിമാനത്താവളവും തമ്മിലെ ജനിതകബന്ധം. ഈ വൈകാരികോഷ്മളതയുടെ ചൂടും നനവുമോര്‍ത്താണ് എയര്‍ ഇന്ത്യയുടെ കൊടുംകൊള്ളയെ സഹിച്ചും മലബാറിലെ പ്രവാസി കരിപ്പൂരിലേക്കുതന്നെ ടിക്കറ്റെടുത്തിരിക്കുന്നത്. അങ്ങനെയാണ് കരിപ്പൂരിലെ യാത്രികാനിരക്ക് പ്രതിവര്‍ഷം 25 ലക്ഷമായത്. അതുകൊണ്ടാണ് കരിപ്പൂരിന്‍െറ മാസാന്തവരുമാനം 80 കോടിയില്‍ അധികമായത്. രാജ്യത്തെ ലാഭകരമായ നാലേനാല് വിമാനത്താവളങ്ങളിലൊന്ന് കരിപ്പൂര്‍ ആയത് ഇക്കാരണത്താല്‍ മാത്രമാണ്.
കൈയും മെയ്യും മറന്ന് കഠിനമായി അധ്വാനിച്ച് പ്രവാസി പിറന്നനാട്ടിലേക്കയക്കുന്നത് കോടികളാണ്. അതിന്‍െറ തിട്ടപ്പെടുത്തിയ കണക്കുപോലുമില്ല നാട്ടിലെ സര്‍ക്കാറുകളുടെ പക്കല്‍. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന ധനസഹായത്തിന്‍െറ ഏഴിരട്ടിയിലേറെ വരും പ്രവാസികളയക്കുന്ന പണം. സംസ്ഥാനത്തിന്‍െറ പച്ചപ്പിന് മലയാളി കടപ്പെട്ടത് ഈ ജനത്തോടാണ്. പകരമായിട്ടൊന്നും ചോദിച്ചിട്ടില്ല മലയാളി പ്രവാസി, മാന്യമായൊരു പെരുമാറ്റമല്ലാതെ. കരിപ്പൂരിലെ വിമാനത്താവള നിര്‍മാണത്തിന് ഗള്‍ഫ്രാജ്യത്ത് പണപ്പിരിവ് നടത്തിയിട്ടുണ്ട് നേതാക്കള്‍. പുറമെ ലോകത്തൊരിടത്തുമില്ലാത്ത യൂസേഴ്സ് ഫീസ് ഒടുക്കിയിട്ടുമുണ്ട് പ്രവാസി. എന്നിട്ടും നിര്‍മാണപ്രവര്‍ത്തനത്തിന്‍െറ ടെന്‍ഡര്‍ ആകുന്നതിനുമുമ്പേ പ്ളാനും എസ്റ്റിമേറ്റും തയാറാക്കുന്നതിനുമുമ്പേ കരാറുകാരന്‍ വന്ന് സൈറ്റ് പരിശോധന നടത്തുന്നതിനുമുമ്പേ പ്രവാസിയുടെ സുഗമയാത്രക്ക് കോടാലിവെച്ചു വിമാനത്താവള അധികൃതര്‍. അതിന് മൗനസമ്മതം കൊടുത്തു രാഷ്ട്രീയ നേതാക്കള്‍. ഇതില്‍പരം വേറെ ചതിയുണ്ടോ ചതികളായി?
2013 മേയ് മാസത്തിലാണ് കരിപ്പൂരിലെ റണ്‍വേയില്‍ ‘വിള്ളല്‍’ കാണപ്പെട്ടത്. സെന്‍ട്രല്‍ റോഡ്സ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും വിമാനത്താവള എന്‍ജിനീയറിങ് വിഭാഗവും പരിശോധനനടത്തി റിപ്പോര്‍ട്ടയച്ചത് അതേവര്‍ഷംതന്നെ. 2014 ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ 40 കോടി പാസാക്കുകയും ചെയ്തു. എന്നിട്ടും ഒന്നരവര്‍ഷത്തോളമായി അറ്റകുറ്റപ്പണികള്‍ക്ക് അനക്കം വെക്കാന്‍. ഈ കാലവിളംബത്തിന്‍െറ പിന്നാമ്പുറം പൊരുള്‍ ആര്‍ക്കുമറിയില്ല ഇപ്പോഴും. 18,000ത്തിലേറെ സര്‍വിസുകളും കാല്‍കോടിയിലേറെ യാത്രക്കാരും ഇക്കാലയളവില്‍ കരിപ്പൂരിലൂടെ കടന്നുപോയി. ഒരു ഹജ്ജ് സീസണിലെ മുഴുവന്‍ സര്‍വിസും ഭംഗിയായി നടക്കുകയും ചെയ്തു. അപ്പോഴൊന്നുമുയരാത്ത സുരക്ഷിതത്വ പ്രശ്നവും റണ്‍വേയുടെ നീളക്കുറവും പെട്ടെന്നൊരുനാള്‍ ‘അതീവ ഗുരുതരമായി’ മാറിയതിന്‍െറ അകംപൊരുള്‍ അയല്‍പക്കങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനാണെന്ന് സാമാന്യജനം സംശയിക്കുന്നതില്‍ തെറ്റുപറയാനാകുമോ? കരിപ്പൂരില്‍ പണിപൂര്‍ത്തിയാകാന്‍ രണ്ടുകൊല്ലമെങ്കിലും എടുക്കുമെന്ന് വിമാനത്താവള അധികൃതര്‍തന്നെ പറയുന്ന സ്ഥിതിക്ക് കരിപ്പൂരിന്‍െറ ശവപ്പെട്ടിയൊരുങ്ങിയെന്നുതന്നെ അനുമാനിക്കാം. ഇനിയുള്ളകാലം വിമാനത്താവളം വന്‍ നഷ്ടത്തിലായിരിക്കും. അടുത്തപടി അത് സ്വകാര്യ മുതലാളിക്ക് കൈമാറലായിരിക്കും.
കരിപ്പൂരിലെ മൂന്നാമത്തെ ചതി മലബാറിലെ കച്ചവടക്കാരോടുള്ളതാണ്. അവരാണ് വിമാനത്താവളത്തിന് മുറവിളികൂട്ടിയ ആദ്യത്തേയാളുകള്‍. ലോകോത്തര കമ്പോളത്തിലേക്ക് കോഴിക്കോടന്‍ ബ്രാന്‍ഡ് സാധനങ്ങള്‍ വേഗത്തിലത്തൊന്‍ തുടങ്ങിയത് കരിപ്പൂര്‍ വന്നതു തൊട്ടാണ്. ഓരോ വലിയ വിമാനങ്ങള്‍വഴി ശരാശരി 25 ടണ്‍ വീതം നൂറുകണക്കിന് ടണ്‍ ചരക്കുകള്‍ ദിവസവും കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്നതോടെ കോഴിക്കോടിന്‍െറ വാണിജ്യനിരക്ക് വര്‍ധിച്ചു. ഇപ്രകാരം കയറ്റുമതി ചെയ്യപ്പെട്ട ചരക്കുകളില്‍ കൊണ്ടോട്ടിയിലെയും പരിസരങ്ങളിലെയും സാധാരണക്കാരന്‍െറ വാഴക്കൂമ്പും വാഴയിലയും ചേനയും മത്തനുമൊക്കെ ഉള്‍പ്പെട്ടിരുന്നു. 3000ത്തിലേറെ പേര്‍ വിമാനത്താവള പരിസരത്തെ കച്ചവടവും അനുബന്ധജോലികളുമായി കഴിഞ്ഞുകൂടുകയായിരുന്നു. കരിപ്പൂരിന്‍െറ ചിറകരിയപ്പെട്ടതോടെ ഇവയത്രയും കെട്ടടങ്ങിയിരിക്കുകയാണ്.
കരിപ്പൂരില്‍ പ്രതിസന്ധികള്‍ പെയ്തിറങ്ങിയതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തം. വലിയവരുടെ താല്‍പര്യങ്ങള്‍ക്ക് ഭരണത്തിലും പുറത്തും വന്‍ സ്വാധീനം ചെലുത്താനാവുമ്പോള്‍, സാധാരണക്കാരന്‍ നിസ്സഹായനാവുമെന്നതാണ് നടപ്പുരീതി. എന്നാലും ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടവകാശമുള്ള പൗരന്‍ അത്ര കഴിവുകെട്ടവനാണെന്നുണ്ടോ? കരിപ്പൂര്‍ പ്രതിസന്ധിയില്‍ ‘കള്ളനും പൊലീസും’ കളിക്കുന്ന ജനപ്രതിനിധികളെയും നേതാക്കളെയുമെങ്കിലും വിചാരണചെയ്യാന്‍ പൊതുജനത്തിന്‍െറ വിരല്‍ത്തുമ്പുകള്‍ക്കാവുമെന്ന് വരേണ്ടത് നമ്മുടെ സാമൂഹികക്രമത്തിന്‍െറ നിലനില്‍പ്പിനാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
