Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതോട്ടഭൂമി വിനിയോഗം:...

തോട്ടഭൂമി വിനിയോഗം: അഴിമതിയുടെ ചാകര

text_fields
bookmark_border
തോട്ടഭൂമി വിനിയോഗം: അഴിമതിയുടെ ചാകര
cancel

തോട്ടഭൂമി വിനിയോഗനിയമം മാറ്റിക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ അനുമതിയായെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. ഒരു തോട്ടത്തിന്‍െറ അഞ്ചു ശതമാനം ഭൂമി ‘മറ്റാവശ്യങ്ങള്‍ക്ക്’ ഉപയോഗിക്കാമെന്നും അതിന്‍െറ 10 ശതമാനം വിനോദസഞ്ചാര പദ്ധതികള്‍ക്കായി വിനിയോഗിക്കാമെന്നും പറയുന്നു. തോട്ടം തൊഴിലാളി യൂനിയനുകള്‍കൂടി ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. തോട്ടംമേഖല പാരിസ്ഥിതികമായി വന്‍ സാധ്യതയായിയെന്ന സത്യം അംഗീകരിക്കാന്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ തയാറായില്ളെങ്കിലും സാമ്പത്തികമായി നിലനില്‍ക്കാനാകില്ളെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. മാത്രവുമല്ല, മൂന്നാറിലടക്കം ബഹുഭൂരിപക്ഷം തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന യൂനിയനുകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ തീരുമാനമെങ്കില്‍ അത് പുന$പരിശോധിക്കപ്പെടേണ്ടതല്ളേ?

ചെങ്ങറയടക്കമുള്ള ഭൂസമരങ്ങള്‍ ഉന്നയിച്ച ഒരുകാര്യം ഈ തീരുമാനംവഴി സര്‍ക്കാറും രാഷ്ട്രീയകക്ഷികളും അംഗീകരിക്കുകയാണ്. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോള്‍ തോട്ടങ്ങള്‍ വിഭജിക്കപ്പെട്ടാല്‍ നിലനില്‍ക്കില്ളെന്ന വാദമുയര്‍ത്തിക്കൊണ്ടാണ് അവയെ ഒരാള്‍ക്ക് 15 ഏക്കര്‍ എന്ന പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊടുത്തത്. പിന്നീട് കശുമാവിനെ കൂടി അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, കേരളത്തിലെ ഒരു പ്രധാന വരുമാനസ്രോതസ്സും തോട്ടവിളയുമായ റബറിന്‍െറ ഉല്‍പാദനത്തില്‍ 90 ശതമാനവും ചെറിയ കൃഷിയിടങ്ങളിലാണ് നടക്കുന്നതെന്ന വസ്തുത (വന്‍കിട റബര്‍തോട്ടങ്ങള്‍ തകര്‍ച്ചയിലാണ്) നമുക്കറിയാം. തോട്ടങ്ങള്‍ പലതും പാട്ടക്കരാര്‍വെച്ച് സര്‍ക്കാര്‍ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്.

മിക്ക തോട്ടങ്ങളും ‘നഷ്ടക്കണക്ക്’ പറഞ്ഞ് നാമമാത്ര പാട്ടംപോലും അടക്കുന്നില്ല. പലരും കരാര്‍ പുതുക്കുന്നില്ല. തന്നെയുമല്ല, കരാര്‍ ലംഘിച്ച് ഭൂമി മൊത്തമായും ചില്ലറയായും മുറിച്ചും മറിച്ചും വിറ്റുകളയുന്നു. ചിലര്‍ മറുപാട്ടത്തിന് നല്‍കുന്നു. ഇതിനെല്ലാം പുറമെ പല തോട്ടങ്ങളുടെയും ഭാഗമായി ധാരാളം അധികഭൂമിയുണ്ട് എന്നും നെല്ലിയാമ്പതിയിലും മറ്റും ഇതില്‍ നല്ളൊരു പങ്ക് വനഭൂമിയാണെന്നും കണ്ടത്തെിയിട്ടുണ്ട്. ഈവിധം തട്ടിപ്പ് നടത്തുന്ന തോട്ടങ്ങളുടെ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ കര്‍ഷകര്‍ക്ക് പാട്ടവ്യവസ്ഥയിലെങ്കിലും കൃഷിചെയ്യാന്‍ കൊടുത്താല്‍ ചെങ്ങറ സമരഭൂമിയിലേതുപോലെ കേരളത്തെ സുരക്ഷിത ഭക്ഷ്യമേഖലയാക്കാന്‍ കഴിയുമെന്നും ഇന്നറിയാം. മേല്‍പറഞ്ഞ എല്ലാ സത്യങ്ങളും മറച്ചുവെച്ചുകൊണ്ട് സ്ഥാപിത താല്‍പര്യക്കാരായ ട്രേഡ്യൂനിയന്‍ നേതാക്കളുടെ നിലപാടുകള്‍ക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍നടപടി ശരിയല്ല. തോട്ടങ്ങള്‍ അളക്കണമെന്ന് കോടതിയും മുന്‍ സര്‍ക്കാറും പറഞ്ഞപ്പോള്‍ അതിനനുവദിക്കില്ളെന്ന് വാദിച്ച് ഉപരോധവും മനുഷ്യമതിലും തീര്‍ത്തവരാണ് തൊഴിലാളിനേതാക്കളെന്ന വസ്തുതയും മൂന്നാര്‍സമരത്തിന്‍െറകൂടി പശ്ചാത്തലത്തില്‍ ഓര്‍ക്കുന്നതും നന്ന്.

മറ്റാവശ്യങ്ങള്‍ എന്ന നിര്‍വചനത്തില്‍ എന്തെല്ലാം പെടും? അതിന്‍െറ 10 ശതമാനംമാത്രം ടൂറിസത്തിന് നല്‍കുമ്പോള്‍ 90 ശതമാനത്തില്‍ എന്താണ് സംഭവിക്കുക? ഇതാണ് പ്രധാന പ്രശ്നം. 2000 ഏക്കറുള്ള ഒരു തോട്ടത്തില്‍ 100 ഏക്കര്‍ ഇത്തരത്തില്‍ മാറ്റിവെക്കപ്പെടും. (പാട്ടഭൂമിയിലാണ് തോട്ടമെങ്കില്‍ അതിന്‍െറ അവകാശം ഉടമക്കില്ലാതാകുന്നു എന്ന പ്രശ്നവുമുണ്ട്.) ഇങ്ങനെ വരുന്ന 100 ഏക്കര്‍ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെടില്ല. കാരണം, ഒഴിവു തോട്ടങ്ങള്‍ക്ക് മാത്രമാണ്. അതായത്, 15 ഏക്കര്‍ കഴിഞ്ഞുള്ളതെല്ലാം മിച്ചഭൂമിയാണ്. അത് ഭൂരഹിതര്‍ക്കുള്ളതാണ്.

തന്നെയുമല്ല, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, തോട്ടങ്ങള്‍ പാരിസ്ഥിതിക ദുര്‍ബലമേഖലക്ക് പുറത്തായിരിക്കണമെന്നാണ്. (നെല്ലിയാമ്പതിപോലെ വനവും തോട്ടവും കൂട്ടിക്കിടക്കുന്നിടത്ത് ഇതുവഴി വനം ഇല്ലാതാകും). തോട്ടമായതിനാല്‍മാത്രം ഇങ്ങനെ ഒഴിവാക്കപ്പെടുന്ന ഭൂമി, തോട്ടമല്ലാതായാല്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമാകില്ളേ? പലതും വനഭൂമിയോട് ചേര്‍ന്നാണുള്ളത്. ഈ ഭൂമിയില്‍ എന്തും ചെയ്യാവുന്ന നിലയിലാണിപ്പോള്‍ സര്‍ക്കാര്‍നിലപാട്. അതായത്, ഇങ്ങനെ ഒഴിവാക്കപ്പെടുന്ന അഞ്ചു ശതമാനം ഭൂമിയില്‍ പാറമടകളോ ക്രഷര്‍ യൂനിറ്റുകളോ മറ്റു മലിനീകരണ വ്യവസായങ്ങളോ വന്നാല്‍ ഒരു തടസ്സവുമില്ളെന്നര്‍ഥം. ചുരുക്കത്തില്‍ നമ്മുടെ തോട്ടഭൂമികളുടെ അഞ്ചു ശതമാനം പാറമടകളും മറ്റുമായി മാറ്റുന്നതിന് സര്‍ക്കാര്‍തന്നെ അനുമതി നല്‍കുകയാണ് ഇതിലൂടെ. ഒരിക്കല്‍ കാലുകുത്താന്‍ അനുമതി കിട്ടിയാല്‍ പിന്നെ അഞ്ചു ശതമാനം എന്നത് ആര്‍ക്കാണ് അളന്നു നിയന്ത്രിക്കാനാകുക? എസ്റ്റേറ്റ് കമ്പനികള്‍ അനധികൃതമായി കൈയടക്കിയിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാന്‍, അതൊന്ന് ശരിയായി അളക്കാന്‍പോലും കഴിയാത്ത സര്‍ക്കാറിന് വന്‍ സ്വാധീനമുള്ള പാറമടകളെയും മറ്റും എങ്ങനെയാണ് നിയന്ത്രിക്കാനാകുക?

എസ്റ്റേറ്റ് മുതലാളിമാര്‍ക്കിത് ചാകരയാണ്. തൊഴിലാളിക്ക് ഒന്നും കൊടുക്കാതെ വന്‍തുക കൈയിലത്തെും. (യൂനിയന്‍നേതാക്കളെ വേണ്ടരീതിയില്‍ കണ്ടാല്‍ മതി). ഇനിമേല്‍ തോട്ടം നടത്തി തൊഴിലാളിസമരങ്ങളെ നേരിട്ട് ബുദ്ധിമുട്ടുന്നതിനെക്കാള്‍ എളുപ്പത്തില്‍ കാര്യം നേടാം. തോട്ടങ്ങള്‍ ഇല്ലാതാകുകയാകും ഫലം. പെമ്പിള ഒരുമൈയും മറ്റും വളര്‍ന്നുവന്നാലുള്ള പ്രതിസന്ധികള്‍ മറികടക്കാം. കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ നിയമങ്ങളെ അവഗണിക്കാം.

മൂന്നാര്‍ ഒഴിപ്പിക്കല്‍കാലത്ത് ഒഴിപ്പിക്കപ്പെട്ടവയടക്കം നിരവധി പുത്തന്‍ റിസോര്‍ട്ടുകള്‍ക്ക് ഇനി നിയമവിധേയമായി ഉയര്‍ന്നുവരാം. ഉദാഹരണത്തിന് 75,000ത്തില്‍പരം ഏക്കര്‍ നിയമവിധേയമായി (വിരുദ്ധമായിട്ടും) കൈവശമുള്ള ഹാരിസണ്‍ കമ്പനിക്ക് 3750 ഏക്കര്‍ വിറ്റു കാശാക്കാം. ഇന്നത്തെ ഭൂമി വിലവെച്ച് അവര്‍ക്ക് 10 വര്‍ഷം കിട്ടാവുന്ന ലാഭം ഒറ്റയടിക്ക് കൈയില്‍ വരും. കേരളത്തിലാകെ ഇത്തരത്തില്‍ പതിനായിരക്കണക്കിനേക്കര്‍ ഭൂമിയുടെ വ്യാപാരം നടക്കും. വന്‍തോതില്‍ പണം കുന്നുകൂട്ടിയ ഇവര്‍ക്ക് കറുപ്പും വെളുപ്പുമെല്ലാം സംരക്ഷിക്കാനുള്ള ഏളുപ്പവഴിയായി ഈ കച്ചവടം മാറുന്നു. ഇതിന്‍െറ മറവില്‍ എത്രായിരം കോടിയുടെ അഴിമതിസാധ്യതയെന്ന് പറയേണ്ടതില്ല. ഇതിന് പുറമെയാണ് പുത്തന്‍ റിസോര്‍ട്ടുകളും ഖനന സാധ്യതകളും വരുന്നത്. എന്തായാലും, മലമുകളില്‍ വന്‍ ചാകരതന്നെ വരുന്നു. രാഷ്ട്രീയനേതാക്കള്‍ക്കും എസ്റ്റേറ്റ് ഉടമകള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും.

Show Full Article
TAGS:
Next Story