Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമൂന്നാര്‍: മുല്ലപ്പൂ...

മൂന്നാര്‍: മുല്ലപ്പൂ സമരത്തിന്‍െറ രാഷ്ട്രീയപാഠങ്ങള്‍

text_fields
bookmark_border
മൂന്നാര്‍: മുല്ലപ്പൂ സമരത്തിന്‍െറ രാഷ്ട്രീയപാഠങ്ങള്‍
cancel

മൂന്നാര്‍ സമരം ഏതൊരു സാധാരണ സമരത്തെയുംപോലെതന്നെ ഭരണാധികാരികളും സമരനേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലൂടെ ‘ഒത്തുതീര്‍പ്പായി’രിക്കുന്നു. പക്ഷേ, ഈ കേവലതകള്‍ അതായത്, 20 ശതമാനം ബോണസ്, 500 രൂപ ദിവസക്കൂലി തുടങ്ങിയ ഡിമാന്‍റുകളുടെ സാങ്കേതികതകള്‍ക്കപ്പുറം ഈ സമരത്തിന്‍െറ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ആരെയും അമ്പരപ്പിക്കുന്ന ഒരു രംഗമാണ് മൂന്നാറില്‍ കണ്ടത്. അടിമകളെപ്പോലെ പതിറ്റാണ്ടുകളായി മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ഹൃദയഭേദകമായ വിലാപവും അടിമത്തത്തിനും ചൂഷണത്തിനും മര്‍ദനത്തിനുമെതിരെ ചെറുത്തുനില്‍ക്കുന്ന ജനതയുടെ ചൂരും ഒരുപോലെ സമ്മേളിച്ച സമരമായിരുന്നു അത്. കത്തുന്ന വെയിലില്‍ സാരിത്തലപ്പുകൊണ്ട്  ശിരസ്സ്   ഒന്ന് മൂടുകപോലും ചെയ്യാതെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അവര്‍ രാജ്യത്തെ മുഴുവന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു. ഒരൊറ്റ പോസ്റ്ററോ നോട്ടീസോ അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല. സാധാരണ തൊഴിലാളി സമരങ്ങളുടെ കേവലസാങ്കേതികതകളെ അബോധപൂര്‍വം തിരസ്കരിച്ച് അവര്‍ നടത്തിയ സമരത്തെ മുല്ലപ്പൂസമരം എന്ന് പലരും വിശേഷിപ്പിച്ചു. അതു ശരിയാണ്. എന്നാല്‍, മൂന്നാറിലെ മുല്ലകള്‍ നിവര്‍ന്നുനില്‍ക്കുന്ന മുല്ലകളായിരുന്നു.  നേതാക്കളോടുള്ള ഈ മുല്ലകളുടെ തീവ്രപ്രതികരണം വ്യക്തിവൈരാഗ്യംകൊണ്ട് നടത്തിയ നാടകമായിരുന്നില്ല. അത് ഒരു ജനതയുടെ പതിറ്റാണ്ടുകള്‍ അടക്കിനിര്‍ത്തിയ സമരോത്സുകതയുടെ  തീക്ഷ്ണമായ പൊട്ടിത്തെറിയായിരുന്നു.

മൂന്നാര്‍ സമരത്തിന് ചരിത്രപരമായ തുടര്‍ച്ചയും വിച്ഛേദവുമുണ്ട്. തോട്ടം തൊഴിലാളി സമരത്തിന്‍െറ ചരിത്രംപരിശോധിക്കുന്ന ഒരാള്‍ക്ക് മൂന്നാറിന്‍െറ ഗര്‍ജനത്തില്‍ അദ്ഭുതമുണ്ടാവില്ല. 1958ലെ ചരിത്രപ്രസിദ്ധമായ തോട്ടം തൊഴിലാളി സമരത്തില്‍ അന്ന് ഇരുപതിനായിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു.  സമരത്തിന്‍െറ 24ാം ദിവസം കോണ്‍ഗ്രസ് സമരത്തില്‍നിന്നും പിന്മാറി. ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം മുന്നോട്ടു പോയി. മൂന്നുമാസം നീണ്ടുനിന്ന പ്രക്ഷോഭത്തിന്‍െറ അവസാനം തൊഴിലാളികള്‍ സമരനേതൃത്വത്തിന്‍െറ ശാസനകളെ മറികടന്നുകൊണ്ട് കത്തിയും കുറുവടികളും മറ്റുമേന്തി മുതലാളിമാരെയും കങ്കാണിമാരെയും നേരിട്ടിരുന്നു. പൊലീസ് സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും രണ്ടു തൊഴിലാളികള്‍ മരിച്ചുവീഴുകയും ചെയ്തു-ഹുസൈന്‍ സല്‍റാവുത്തരും പാപ്പമ്മാളും. ആ സമരത്തില്‍ പങ്കെടുത്ത മരിയസീനി ഇന്നും മൂന്നാര്‍ സമരഭൂമിയിലുണ്ട്. ഈ ചരിത്രമിവിടെ   പരാമര്‍ശിച്ചത്  ഇന്ന് മൂന്നാറിലെ സമരസഖികള്‍ക്ക് ഈ പോരാട്ടവീര്യം പകര്‍ന്നുകിട്ടിയത് ചരിത്രത്തില്‍നിന്നു തന്നെയാണ് എന്നു സൂചിപ്പിക്കാനാണ്. മൂന്നുമാസം നീണ്ടുനിന്ന സമരം നടത്തുകയും രണ്ടു തൊഴിലാളികളെ വെടിവെച്ചുകൊല്ലുകയും  ആയിരക്കണക്കിന് തൊഴിലാളികള്‍ക്കുമേല്‍ കേസ് ചുമത്തുകയും നിരവധി പേരെ പിരിച്ചുവിടുകയും  ചെയ്ത ആ മുതലാളിത്ത ക്രൗര്യത്തിനും ചൂഷണത്തിനുമെതിരെ ഉയര്‍ന്നുവരേണ്ട പോരാട്ടവീര്യം വളരെക്കാലം ജഡമായി നിലനിന്നു. ആ ജഡത്വത്തിനെതിരെ നടന്ന തീവ്രപ്രതികരണം തന്നെയാണ് കഴിഞ്ഞദിവസങ്ങളില്‍ മൂന്നാറില്‍ കണ്ടത്. രാജ്യത്തെങ്ങും രൂപപ്പെടാനിരിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഒരു സാമ്പ്ള്‍ മാത്രമാണ് മൂന്നാര്‍. മുത്തങ്ങ, വിളപ്പില്‍ശാല, ചെങ്ങറ, കൂടങ്കുളം, മൂന്നാര്‍ സമരങ്ങളെല്ലാം  ഭാവി ഇന്ത്യയില്‍ ആവിര്‍ഭവിക്കാനിരിക്കുന്ന പുതിയ രാഷ്ട്രീയത്തിന്‍െറ മാതൃകകളാണ്.  

മൂന്നാറെന്നല്ല  ഇന്ത്യയിലെങ്ങും നിലനില്‍ക്കുന്ന കൊളോണിയല്‍ വാഴ്ചയുടെ പരിച്ഛേദങ്ങളാണ് തോട്ടം മേഖല.  ടാറ്റയെപ്പോലുള്ള കോര്‍പറേറ്റുകള്‍ ഭൂമിക്കും മനുഷ്യര്‍ക്കും മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊളോണിയല്‍ മാതൃകയിലുള്ള അധീശത്വത്തിന് ചാരവൃത്തിയും ഗുണ്ടാവേലയും ചെയ്യുന്ന ഉത്തരവാദിത്തമാണ് പൊലീസിനും ഭരണകൂടത്തിനുമുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭൂമിക്കുമേല്‍ ഭരണകൂടവും കുത്തകകളും നിലനിര്‍ത്തിയ ആധിപത്യത്തിന്‍െറ ദുരന്തമാണ് തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഇന്നു നേരിടുന്നത്.  ഇന്ന് കൂലിക്കൂടുതലിനും  ബോണസിനും വേണ്ടി സമരംചെയ്യുന്ന തൊഴിലാളികള്‍ നാളെ തോട്ടങ്ങളില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയും ടാറ്റയെപ്പോലുള്ള മുതലാളിമാരെ കെട്ടുകെട്ടിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ കൊളോണിയല്‍ വാഴ്ചയുടെ വേരുകള്‍ പിഴുതെടുക്കാന്‍ നമുക്കു കഴിയുകയുള്ളൂ.

ഭൂപരിഷ്കരണത്തിന്‍െറ പുരോഗമനപരമായ ഉള്ളടക്കത്തെ അട്ടിമറിക്കാന്‍ വേണ്ടി ഇവിടത്തെ ആയിരക്കണക്കിനു ഹെക്ടര്‍ കൃഷിഭൂമികള്‍ ട്രസ്റ്റുകള്‍ക്കു കീഴില്‍ കേന്ദ്രീകരിക്കുകയായിരുന്നു. കൃഷിഭൂമിക്കു കല്‍പിക്കപ്പെട്ട ഭൂപരിധി നിയമം ഇത്തരം കേന്ദ്രീകരിക്കപ്പെട്ട വനം-തോട്ടം എസ്റ്റേറ്റുകള്‍ക്ക് ബാധകമല്ളെന്നു വന്നു. വയനാട്, അട്ടപ്പാടി, മൂന്നാര്‍ തുടങ്ങിയ നൂറുകണക്കിനു സ്ഥലങ്ങളിലെ തോട്ടം - വനഭൂമികള്‍ കേന്ദ്രതോട്ടം നിയമമനുസരിച്ചാണ് കുത്തകകള്‍ നിലനിര്‍ത്തുന്നതെന്നിരിക്കെ, ഈ കൊളോണിയല്‍ കാലത്ത് ബ്രിട്ടീഷുകാര്‍ ആവിഷ്കരിച്ച നിയമത്തെ പ്രശ്നവത്കരിക്കാന്‍ നമ്മുടെ ഇടതുപക്ഷം തയാറാവാത്തതിന്‍െറ ദുരന്തമാണ് തൊഴിലാളികള്‍ അനുഭവിക്കുന്നത്.    

മൂന്നാറിലെ തൊഴിലാളികുടുംബങ്ങളുടെ ലായങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് ദാരുണമായ ചിത്രങ്ങളാണ്. ഒന്നോ രണ്ടോ ചെറിയ മുറികളില്‍ മൂന്നും നാലും തലമുറകളായി പത്തും പതിനഞ്ചും പേര്‍ ഒന്നിച്ചു കഴിയേണ്ടിവരുന്നു. കക്കൂസുകളില്ലാത്ത ലായങ്ങള്‍. കാട്ടില്‍ ജീവിക്കുന്ന തൊഴിലാളികള്‍ക്കു കത്തിക്കാന്‍ മുതലാളിയില്‍നിന്ന്  വിറക് വിലകൊടുത്തു വാങ്ങേണ്ടിവരുന്നു. രാവിലെ ഏഴു മണി മുതല്‍ രാത്രിവരെ 12 മണിക്കൂറോളം തേയില നുള്ളുന്ന തൊഴിലാളികള്‍ക്ക് ചായ കുടിക്കണമെങ്കില്‍ അതിനുള്ള തേയിലപോലും വിലകൊടുത്തു വാങ്ങണം. ഇലക്ട്രിസിറ്റി ബില്ലുപോലും  ഇവിടെ തയാറാക്കുന്നത് ടാറ്റയാണ്. ഒരു മാസത്തില്‍ 26 ദിവസത്തിലധികം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ദിവസക്കൂലിയായി ലഭിക്കുന്നത് 232 രൂപയാണ്.

100 കിലോ തേയില നുള്ളിയാല്‍ അതില്‍നിന്നും 21 കിലോഗ്രാം കുറച്ചുകൊണ്ടാണ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നത്. ഓണം, വിഷു തുടങ്ങിയ അവസരങ്ങളില്‍ ലീവോ ആനുകൂല്യങ്ങളോ ഇല്ല. ട്രേഡ് യൂനിയന്‍ സൊസൈറ്റികളില്‍നിന്നും പണം വായ്പയെടുത്താല്‍ അത് 25 ശതമാനം പലിശനിരക്കില്‍ ഈടാക്കുന്നു. തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടിവേണം സ്കൂളില്‍ പോകാന്‍. ഇക്കാര്യങ്ങളിലൊന്നും ഇത്രയും കാലം പരിഹാരം കാണാന്‍ സാധിക്കാത്തതിനാലാകാം മൂന്നാറിലെ സമരക്കാര്‍ പാര്‍ലമെന്‍റ് മെംബര്‍  അടക്കമുള്ള നേതാക്കളെ അവിടെനിന്ന് ‘പുറത്താക്കി’യത്.  

ഇന്ത്യയിലെ കാര്‍ഷിക പ്രശ്നങ്ങള്‍, ഭൂബന്ധങ്ങള്‍, കാര്‍ഷിക വിപ്ളവം, ഇതിനെക്കുറിച്ചൊന്നും പഠിക്കാന്‍ മിനക്കെടാതെ സമരംചെയ്യുന്ന തൊഴിലാളികളുടെ  മുന്‍നിരയില്‍ വന്നിരിക്കാന്‍ തിടുക്കം കാണിക്കുന്ന നേതാക്കള്‍ക്കും നേതൃത്വത്തിനുമുള്ള താക്കീതാണ് മൂന്നാര്‍ സമരം. ടാറ്റക്ക് ഇടുക്കി ജില്ലയിലുള്ള 50,000 ഏക്കറിലധികം തേയിലത്തോട്ടത്തിന്‍െറ ഉടമസ്ഥത നിയമവിരുദ്ധമാണെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചുകഴിഞ്ഞാല്‍ സാധാരണ മനുഷ്യര്‍ക്കെതിരെ സ്വീകരിക്കപ്പെടുന്ന നിയമനടപടികള്‍ ഇവിടെയുണ്ടായില്ല. ഇതിനര്‍ഥം നിയമപ്രകാരം ടാറ്റക്ക് ഭൂമി കൈവശം വെക്കാമെന്നല്ല. ജനവിരുദ്ധമായ നിയമങ്ങള്‍ അത് ഭൂനിയമങ്ങളായാലും മറ്റേതു നിയമങ്ങളായിരുന്നാലും  അവസാനിപ്പിക്കേണ്ടതാണ് എന്ന്, ‘തൊഴില്‍ സമരങ്ങള്‍ക്കു പിന്നിലെ തീവ്രവാദികളെ’ തിരയുന്നവര്‍ മനസ്സിലാക്കണം.

പരമ്പരാഗത സമരമാതൃകകളെ നിരാകരിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന ഇരകള്‍ തന്നെ നേതൃത്വം നല്‍കുന്ന സമരങ്ങള്‍  ജനവിരുദ്ധ രാഷ്ട്രീയ സങ്കല്‍പങ്ങളെ മാത്രമല്ല മാറ്റിമറിച്ചത്. മറിച്ച്, ഇന്നു നിലനില്‍ക്കുന്ന ഭൂവുടമാ സങ്കല്‍പത്തെയും ഭൂമിയിലെ സ്വകാര്യവത്കരണത്തെയും അതിനെ നിലനിര്‍ത്തുന്ന കൊളോണിയല്‍- മുതലാളിത്ത നിയമങ്ങളെയും അവയെ പരിരക്ഷിക്കുന്ന അധികാരവ്യവസ്ഥയെയുമൊക്കെയാണ് മൂന്നാര്‍ സമരം വെല്ലുവിളിച്ചത്.  അതുകൊണ്ടാണ് ഭരണകൂടവും വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളുമെല്ലാം സമരത്തിനു പിന്നിലെ ‘തീവ്രവാദികളെയും ഭീകരവാദികളേയും’ ഓര്‍ത്ത് ഉറക്കം കളയുന്നത്. ചരിത്രത്തിലെ രാഷ്ട്രീയ ഉയിര്‍പ്പുകള്‍ ഏതെങ്ങിലും ചില സംഘടനകളുടെയോ വ്യക്തികളുടെയോ ആസൂത്രണം കൊണ്ടുണ്ടായതല്ളെന്ന് മനസ്സിലാക്കാനുള്ള ചരിത്രബോധമില്ലാത്തവര്‍ ‘ടെററിസ്റ്റ് ഫോബിയ’ക്കടിപ്പെടും.  ആധുനിക വാര്‍ത്താ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഫോണ്‍പോലും ഇല്ലാതിരുന്ന കാലത്ത് ജനകീയ സമരങ്ങള്‍ രൂപപ്പെട്ടതും കത്തിപ്പടര്‍ന്നതും എങ്ങനെയെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയ സാക്ഷരതയുടെ അഭാവമാണ് ഇന്ന് ഭരണകൂടത്തെയും അതിനനുരൂപമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും ഗ്രസിച്ചിരിക്കുന്നത്.

ബോള്‍ഷെവിക് പാര്‍ട്ടി ലെനിന്‍െറയും ട്രോട്സ്കിയുടേയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്നതിനുമുമ്പ് റഷ്യയിലെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും പ്രക്ഷോഭങ്ങള്‍ തുടങ്ങിയിരുന്നു. 1905ല്‍ 15,000ത്തിലധികം തൊഴിലാളികള്‍ റഷ്യയില്‍ പ്രക്ഷോഭരംഗത്തിറങ്ങിയെങ്കില്‍ അതേ വര്‍ഷം ജര്‍മനിയില്‍ അഞ്ചു ലക്ഷം തൊഴിലാളികളാണ് സമരരംഗത്തിറങ്ങിയത്. യൂറോപ്പിലും ലോകമാകെ തൊഴിലാളി-കര്‍ഷക പ്രക്ഷോഭങ്ങള്‍ ആര്‍ത്തിരമ്പിയ അക്കാലത്ത് റഷ്യന്‍ തൊഴിലാളികള്‍ സാര്‍ ചക്രവര്‍ത്തിക്ക് നല്‍കിയ  നിവേദനത്തില്‍ ഇങ്ങനെ പറയുന്നു:
‘ഞങ്ങളുടെ ക്ഷമ അതിന്‍െറ അതിരുകടന്നിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭീകരകാലമാണിത്. അസഹനീയമായ ഈ പീഡനം നേരിടുന്നത് തുടരുന്നതിനേക്കാള്‍ നല്ലത് ഞങ്ങള്‍ മരിക്കുന്നതാണ്.’

മൂന്നാറിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള തോട്ടം തൊഴിലാളികളുടെ അവസ്ഥയാണിത്. ഒരു നൂറ്റാണ്ടിനുമുമ്പ് തൊഴിലാളികള്‍ മുന്നോട്ടുവെച്ച ഡിമാന്‍റുകളാണ് ഇന്നും ഉന്നയിക്കേണ്ടിവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story