ദിവസങ്ങള്‍ നീളുന്ന ജൈനമതോത്സവം കണക്കിലെടുത്താണത്രെ ഈ ദിവസങ്ങളില്‍ ഇറച്ചി നിരോധിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ഒരേസമയം നീതീകരിക്കാനാകാത്തതും യുക്തിഹീനവുമായ തീരുമാനമെന്ന് ഇതിനെ നിസ്സംശയം വിശേഷിപ്പിക്കാം. ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ - അത് ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആകട്ടെ- ആചാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അന്യ മതസ്ഥര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ഒരു മതേതര രാജ്യത്തെ ഭരണകൂടം തയാറാകുന്നത് നിയമപരമായി ശരിയല്ല എന്നതുകൊണ്ടാണ് ന്യായീകരിക്കാനാകാത്തതാണ് ഈ തീരുമാനമെന്നു പറയാന്‍ കാരണം.
സ്വന്തം ആദര്‍ശ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ജൈനര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കപ്പെടുകതന്നെ വേണം (കൂട്ടത്തില്‍ പറയട്ടെ ഞാനും ഒരു ജൈനമതസ്ഥനാണ്. ഉള്ളി പോലും വെജിറ്റേറിയന്മാര്‍ക്ക് പാടില്ളെന്ന് ശഠിക്കുന്ന ശുദ്ധ സസ്യഭുക്കുകളുടെ കുടുംബത്തില്‍ പിറന്നവന്‍. പക്ഷേ, ഭക്ഷ്യശീലം ഇത്തരം വിലക്കുകള്‍കൊണ്ട് ഞാന്‍ നിയന്ത്രിക്കാറേയില്ല). എന്നാല്‍, വെജിറ്റേറിയനിസം അന്യമതസ്ഥര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ജൈനര്‍ക്ക് അധികാരാവകാശങ്ങളില്ല.
ജൈനമതാഘോഷ വേളയില്‍ ജൈനേതര മതക്കാര്‍ ഇറച്ചി വില്‍ക്കാനും വാങ്ങാനും പാടില്ളെന്ന് മതേതര സര്‍ക്കാര്‍ തന്നെ ഉത്തരവിടുന്നത് മതേതരത്വത്തിന്‍െറ സത്തയുമായി ഇണങ്ങുന്നതല്ല. യുക്തിരഹിതമായ ഈ നിരോധത്തെ തികഞ്ഞ അസംബന്ധമായേ വിലയിരുത്താനാകൂ. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്‍െറ ഭാഗമായി ചില കാലിത്തീറ്റകള്‍ നിരോധിക്കപ്പെട്ടിരുന്നു. മൃഗങ്ങളുടെ ആരോഗ്യത്തെ ഹനിക്കുമെന്ന ആശങ്കയായിരുന്നു ആ നിരോധത്തിനുള്ള പ്രേരകം. എന്നാല്‍, ജൈനരായ മനുഷ്യരുടെ പ്രശ്നത്തില്‍ ഉദ്ഭവിച്ച ആശങ്കമൂലമാണത്രേ ഇപ്പോഴത്തെ ഇറച്ചി നിരോധം. ആടുകളെ കശാപ്പു ചെയ്യുമ്പോള്‍ ജൈനവികാരങ്ങള്‍ക്ക് പോറലേല്‍ക്കുമത്രെ.
വര്‍ഷം മുഴുവന്‍ സസ്യാഹാരം മാത്രം കഴിച്ച് ജീവിക്കുന്നവരാണ് ജൈനമതക്കാര്‍. അപ്പോള്‍ ജൈനവികാരം രക്ഷിക്കാന്‍ വര്‍ഷം മുഴുക്കെ കശാപ്പ് നിരോധിക്കേണ്ടതല്ളേ. മറ്റൊരസംബന്ധം ശ്രദ്ധിക്കുക. ഏതാനും ദിവസങ്ങള്‍ മാംസനിരോധ കാലയളവായി മാറുന്നതിനാല്‍ ജനങ്ങള്‍ മുന്‍കൂട്ടിത്തന്നെ മാംസശേഖരണം ആരംഭിച്ചേക്കും. അപ്പോള്‍ ആടുകളെയും കോഴികളെയും കൂടുതല്‍ കശാപ്പുചെയ്യാന്‍ കാരണമാകും (ഫ്രീസറുകളില്‍ മാംസം ശേഖരിക്കപ്പെടും).
ക്രമാതീതമായ ഈ കശാപ്പുകള്‍ ജൈനവിശ്വാസികള്‍ക്ക് ആലോസരമാകുമോ? മഹാരാഷ്ട്ര സര്‍ക്കാറാകട്ടെ, നിരോധത്തില്‍നിന്ന് മത്സ്യത്തിന് ഇളവ് അനുവദിച്ചിരിക്കുന്നു. മത്സ്യങ്ങള്‍ കശാപ്പു ചെയ്യപ്പെടാറില്ല, അവ വലക്കണ്ണികളില്‍ കുരുങ്ങി സ്വയം ജീവന്‍ വെടിയാറാണ് പതിവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മത്സ്യങ്ങള്‍ കടലില്‍നിന്ന് സ്വയം ബോട്ടിലും വലകളിലും കയറി ആത്മാഹുതി ചെയ്യാറാണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ യുക്തിരഹിത ന്യായവാദവും. മത്സ്യം ചാകുന്നതിനെയും കശാപ്പു ചെയ്യപ്പെടുന്നതിനെയും ജൈനര്‍ രണ്ടായി കാണാറില്ല.
മാംസനിരോധം മഹാരാഷ്ട്രയില്‍ ഇറച്ചി കയറ്റുമതിക്കാരില്‍ (ഇവരില്‍ ഭൂരിപക്ഷവും മുസ്ലിംകളാണ്) ആശങ്ക വളര്‍ത്തിയിരിക്കുന്നു. മത്സ്യബന്ധനത്തിലേര്‍പ്പെട്ടവര്‍ ഭൂരിഭാഗവും ഹിന്ദു വിഭാഗക്കാര്‍ ആയതുകൊണ്ടാണ് അവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചതെന്നും അവര്‍ സംശയിക്കുന്നു. മുസ്ലിംകള്‍ പൊതുവെ മാംസാഹാരശീലരായിരിക്കും. അവരുടെ ഭക്ഷണക്രമത്തെ ഈ തീരുമാനം അട്ടിമറിക്കാനിടയാക്കുന്നു. ഇറച്ചിയും മീനും നിഷിദ്ധമാക്കുന്ന ഉപവാസരീതി ഹിന്ദുക്കള്‍ ശീലിക്കുന്നതിനാല്‍ മാംസാഹാര നിരോധം ഹൈന്ദവ വിഭാഗങ്ങളെ ഒട്ടും അലോസരപ്പെടുത്തുന്നുമില്ല.
ഇതിനെ ഒറ്റപ്പെട്ട നടപടിയായി ന്യായീകരിക്കാനാണ് ചില ലിബറല്‍ ചിന്താഗതിക്കാരുടെ ശ്രമം. യഥാര്‍ഥത്തില്‍ മതസമ്മര്‍ദങ്ങളെ അതിജീവിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിന്‍െറ സൂചനയാണ് ഇത്തരം തീരുമാനങ്ങള്‍. മിക്ക വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഗോവധ നിരോധം ഈ പ്രവണതയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറിയതോടെയാണ് ഇത്തരം നിരോധ നടപടികള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഗോമാംസ നിരോധം പോലും എതിര്‍ക്കാന്‍ ലിബറലുകള്‍ തയാറായില്ല. ഹിന്ദുക്കള്‍ക്കുവേണ്ടി ഗോമാംസം നിരോധിക്കുന്ന സര്‍ക്കാറിന് ജൈനര്‍ക്കുവേണ്ടി താല്‍ക്കാലിക മാംസനിരോധം എന്തുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന ചോദ്യവും സ്വാഭാവികമായും ഉയര്‍ന്നേക്കും.
നിരോധം എന്തിന് ഭക്ഷ്യവസ്തുക്കളില്‍ പരിമിതപ്പെടുത്തണം? മതാധ്യക്ഷന്മാരുടെ ആജ്ഞ ശിരസാവഹിച്ച് തോന്നിയപടിയുള്ള നിരോധങ്ങള്‍ ആരംഭിച്ചുകൂടേ? ഭക്ഷ്യവസ്തുക്കളോ പുസ്തകങ്ങളോ നിരോധിക്കപ്പെടേണ്ടതില്ല. ഇഷ്ടമില്ലാത്തവര്‍ക്ക് അവ ഉപയോഗിക്കാതിരിക്കാം. ഇത്തരം നിസ്സാര പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തപക്ഷം വന്‍ പ്രശ്നങ്ങള്‍ ഉദയം ചെയ്യുമ്പോള്‍ മൗനംദീക്ഷിക്കാന്‍ നാം നിര്‍ബന്ധിതരാകും. കൂടുതല്‍ നിരോധങ്ങള്‍ വന്നേക്കും. കൂടുതല്‍ അസഹിഷ്ണുതകളും. ഇത് ഒരു തുടക്കം മാത്രം.
കടപ്പാട്: ദി ഹിന്ദുസ്ഥാന്‍ ടൈംസ്