Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതെരുവുനായ എന്ന ഹിംസ

തെരുവുനായ എന്ന ഹിംസ

text_fields
bookmark_border
തെരുവുനായ എന്ന ഹിംസ
cancel

ആധുനിക ഉല്‍പാദന ഉപഭോഗരീതികള്‍ സമ്മാനിച്ച പരിസ്ഥിതിപ്രശ്നങ്ങളുടെ പട്ടിക നീണ്ടതാണ്. നാഗരികതയുടെ തന്നെ ഭാവി സംശയത്തിലാക്കുന്ന പ്രശ്നങ്ങളുണ്ട് അതില്‍. ആ പട്ടികയിലേക്ക്  ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൊണ്ട് കടന്നുകൂടിയ സവിശേഷമായൊരു ഇന്ത്യന്‍ വെല്ലുവിളിയാണ് തെരുവുനായ്ക്കള്‍. മനുഷ്യവാസത്തിനായി രൂപപ്പെടുത്തിയ നഗരങ്ങളിലും ഗ്രാമങ്ങളിലും മാംസഭുക്കായ നായ്ക്കള്‍ പെരുകിയപ്പോള്‍ സ്വസ്ഥമായ ജനജീവിതംതന്നെ അപകടത്തിലായിരിക്കുകയാണ്. രണ്ടേകാല്‍ കോടിയിലധികം പേര്‍ക്ക് നായയുടെ കടിയേല്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. 2003ല്‍ ഇത് 1.7 കോടിയായിരുന്നു. ആ വര്‍ഷത്തില്‍ രാജ്യത്ത് 1.4 കോടി നായ്ക്കള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നു കോടി കവിഞ്ഞിരിക്കുകയാണ്.
മനുഷ്യന് വിധിച്ചിട്ടുള്ള രോഗങ്ങളില്‍ ഏറ്റവും ബീഭത്സമായതാണ് പേവിഷബാധ. അതുമൂലമുള്ള മരണത്തേക്കാള്‍ ദയനീയമായ മനുഷ്യാവസ്ഥകള്‍ അപൂര്‍വമാണ്. രോഗിയെ ആശുപത്രിയില്‍ മരിക്കാന്‍വേണ്ടി സൂക്ഷിക്കുന്നതുതന്നെ ജയിലറപോലുള്ള മുറിയിലാണ്. പട്ടിയുടെ കടികൊണ്ട് ഒരു വര്‍ഷം 20,000 ആളുകള്‍ മരിക്കുമ്പോള്‍ ആന, കടുവ, പുലി എന്നീ വന്യജീവികളുടെ ആക്രമണം മൂലം രാജ്യത്തുണ്ടാകുന്ന മരണങ്ങള്‍ ഒരു വര്‍ഷം ആയിരത്തോളം മാത്രമാണെന്നോര്‍ക്കണം.

ഗാന്ധിജിയുടെ നിലപാട്
നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ഒരേ സമയം പ്രകൃതിവിരുദ്ധവും തികഞ്ഞ ഹിംസയുമാണ്. പരിസ്ഥിതി സംരക്ഷണമെന്നത്, ശല്യജീവി (pest)കളായിത്തീര്‍ന്ന ജന്തുക്കളെ സംരക്ഷിക്കുകയല്ല, മറിച്ച് പ്രകൃതിദത്ത ആവാസവ്യവസ്ഥിതികളും അതുള്‍ക്കൊള്ളുന്ന പതിനേഴര ലക്ഷത്തിലധികം ജീവജാതികളെയും സംരക്ഷിക്കുക എന്നതാണ്. മൃഗവേട്ടയയില്‍ സഹായിക്കാന്‍വേണ്ടി മനുഷ്യര്‍ വളര്‍ത്തിയെടുത്ത ജീവിയാണ് നായ. ഉടമസ്ഥരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കുന്നിടത്തോളം അവ വളര്‍ത്തുജന്തുക്കളാണ്. പക്ഷേ, തെരുവുകളില്‍ പെറ്റുപെരുകുമ്പോള്‍ അവ സാമൂഹികജീവിതത്തിന് ഭീഷണിയായി മാറും.
‘മൃഗാവകാശ’ സംഘടനകളുടെയൊന്നും മാതൃരാജ്യങ്ങളില്‍ തെരുവില്‍ ഒരു പട്ടിയെപ്പോലും കാണാറില്ല. അങ്ങനെ കണ്ടാല്‍ ഉടനെ അത് പൊലീസും കേസുമായി ഉടമസ്ഥനെ കണ്ടറിഞ്ഞ് അയാള്‍ക്കെതിരെ കേസെടുക്കുന്നു. നമ്മുടെ തെരുവുകള്‍ ഹിംസ്രജന്തുക്കളുടെ വളര്‍ത്തുകേന്ദ്രങ്ങളാക്കാന്‍ ശ്രമിക്കുന്നവര്‍ അഹിംസയുടെ വാദം ഉയര്‍ത്തുന്നത് വിചിത്രമായൊരു കാര്യമാണ്. അഹിംസയുടെ അപ്പോസ്തലനായ മഹാത്മാ ഗാന്ധി, വിഷയത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് വിധി പറഞ്ഞിട്ടുള്ളതാണ്.
അഹ്മദാബാദില്‍ 1926ല്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനെപ്പറ്റി ഒരു ചര്‍ച്ച ഉണ്ടായപ്പോള്‍ ഗാന്ധിജി അദ്ദേഹത്തിന്‍െറ ‘യങ് ഇന്ത്യ’യില്‍ എട്ടു ലേഖനങ്ങളാണെഴുതിയത്. ‘അഹിംസയുടെ പവിത്രമായ ഈ നാട്ടില്‍ തെരുവുപട്ടികള്‍ മുതലായ പ്രശ്നങ്ങള്‍ ഭീകരമായ ഈ അവസ്ഥയിലത്തെുന്നത് അതീവ ഖേദകരമാണ്. അഹിംസയെപ്പറ്റിയുള്ള അതീവമായ അഞ്ജതകൊണ്ട് നമ്മള്‍ അഹിംസയുടെ പേരില്‍ ഹിംസ പ്രചരിപ്പിക്കുകയാണെന്നാണ് എന്‍െറ ഉറച്ച വിശ്വാസം. തെരുവുനായ്ക്കള്‍ക്ക് ആഹാരം കൊടുക്കുന്നത് ഒരു പാപമാണ്. പാപമായിരിക്കണം. ഓരോ തെരുവുനായയെയും വെടിവെച്ചു കൊല്ലണം എന്നൊരു നിയമം ഉണ്ടെങ്കില്‍ നമുക്ക് യഥാര്‍ഥത്തില്‍ വളരെയധികം നായ്ക്കളെ രക്ഷിക്കാന്‍ കഴിയും. മാനവികത എന്നത് ഹൃദയത്തിന്‍െറ മഹത്തായൊരു ഗുണമാണ്. ഒരുപിടി തെരുവുനായ്ക്കളെ രക്ഷിക്കുന്നതിനുവേണ്ടി അത് ഉപയോഗിച്ചുതീര്‍ക്കരുത്. അത്തരം രക്ഷാശ്രമങ്ങള്‍ പാപംപോലും ആണ്’ (യങ് ഇന്ത്യ, ഒക്ടോബര്‍ 21, 1926).

ഫാഷിസവും ‘മൃഗാവകാശവും’
പ്രകൃതിയിലെ മുഴുവന്‍ ജീവജാതികളെയും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുക, ഒപ്പം സാമൂഹികാവശ്യത്തിനുവേണ്ടി വിഭവസ്രോതസ്സുകളുടെ പുനരുല്‍പാദനശേഷിക്കുള്ളില്‍ നിന്നുകൊണ്ട് സാമൂഹികനീതിയില്‍ ഊന്നി, വിഭവങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പരിസ്ഥിതിസംരക്ഷണ കാഴ്ചപ്പാടിന്‍െറ ഉള്ളടക്കം. ഭൗമ ഉച്ചകോടിയുടെ പ്രഖ്യാപനത്തിന്‍െറ കേന്ദ്രബിന്ദുവായ ഈ കാഴ്ചപ്പാടിനെ നിഷേധിച്ച്, മാനവികതാനിരാസത്തിലൂന്നിയ ‘മൃഗാവകാശം’ പരിസ്ഥിതി പ്രസ്ഥാനത്തിന്‍െറ വര്‍ധിച്ചുവരുന്ന ജനകീയ, രാഷ്ട്രീയ സ്വീകാര്യതയെ തകിടംമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
‘മൃഗാവകാശ’വാദത്തിന്‍െറ തുടക്കം തന്നെ അതിന്‍െറ മാനവികതാനിരാസത്തിന്‍െറ അടിത്തറ തുറന്നുകാണിക്കുന്നതാണ്. നാസി ജര്‍മനിയില്‍ ജൂതമതക്കാരെ പീഡിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗം എന്ന നിലയിലാണ് 1933ല്‍ മൃഗാവകാശനിയമം നിര്‍മിക്കുന്നത്. ഇതില്‍നിന്നാണ് ‘മൃഗാവകാശ’ ആശയങ്ങളും പ്രസ്ഥാനങ്ങളും പിന്നീട് ലോകത്തിന്‍െറ പല ഭാഗങ്ങളിലും ഉണ്ടായതും സമീപകാലത്ത് ശക്തിപ്രാപിക്കുന്നതും. ഹിറ്റ്ലറുടെ നിയമത്തിന്‍െറ പ്രധാന ഉദ്ദേശ്യം ജൂതരുടെ ‘കൗഷര്‍’ മാംസം ഇല്ലാതാക്കുകയായിരുന്നു. ഇത്തരം പരീക്ഷണശാലകളിലെ ശാസ്ത്രജ്ഞന്മാരില്‍ നല്ളൊരു ശതമാനം ജൂതമതക്കാര്‍ ആയിരുന്നിരിക്കെ അവരെ യഥേഷ്ടം പീഡിപ്പിക്കാനുള്ള അവസരം ഈ നിയമം നല്‍കി. പശുമാംസം നിരോധിച്ച സംസ്ഥാനങ്ങളില്‍ ദലിതരും മുസ്ലിംകളും ഈ നിരോധത്തിന്‍െറ പേരില്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് ജര്‍മനിയില്‍ ‘മൃഗാവകാശ’ നിയമം ജൂതമതക്കാരുടെമേല്‍ എപ്രകാരം ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് സങ്കല്‍പിക്കാന്‍ പ്രയാസമുണ്ടാകില്ല.

ഭരണഘടനാവിരുദ്ധ നിയമങ്ങള്‍
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിയമനിര്‍മാണം നടത്താവുന്ന വിഷയങ്ങള്‍ ഭരണഘടന വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തെരുവുനായ്ക്കള്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഈ വിഷയം സംസ്ഥാന ലിസ്റ്റിലാണുള്ളത്. ഭരണഘടനാപരമായ നിയമനിര്‍മാണാവകാശം ഇപ്രകാരം സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമായിരിക്കെയാണ് മേനക ഗാന്ധിയുടെ ദുശ്ശാഠ്യം ഒന്നുകൊണ്ടുമാത്രം പാര്‍ലമെന്‍റില്‍  ചര്‍ച്ചപോലുമില്ലാതെ നായ്ക്കളുടെ ജനനനിയന്ത്രണം സംബന്ധിച്ച ചട്ടങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയത്. പ്രസ്തുത ചട്ടങ്ങള്‍ക്ക് അടിസ്ഥാനമായ 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം അനുവദിച്ചിട്ടില്ലാത്ത അധികാരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ചട്ടങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. ഈ ചട്ടങ്ങളെ ഈ തരത്തില്‍ കോടതിയില്‍ ചോദ്യംചെയ്തില്ല എന്നത് സംസ്ഥാനങ്ങളുടെയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും പരാജയത്തെയാണ് കാണിക്കുന്നത്.
1960ലെ നിയമം 1982ല്‍ ഭേദഗതി ചെയ്തതാണ് നായ്ക്കളുടെ ‘ഹൃദയത്തില്‍ സ്ട്രിച്ചിനൈന്‍ കുത്തിവെച്ചോ മറ്റ് അനാവശ്യമായ ക്രൂരരീതികളിലൂടെയോ’ ഇവയെ കൊല്ലാന്‍ പാടില്ല എന്ന വകുപ്പ്. ഇതിനുശേഷവും തദ്ദേശ സ്ഥാപനങ്ങള്‍ അക്രൂരമായ രീതികളിലൂടെ ഉന്മൂലനം ചെയ്ത് തെരുവുനായ്ക്കളുടെ ജനസംഖ്യ കുറച്ചുനിര്‍ത്തിയിരുന്നു. നിയമത്തിലോ ചട്ടങ്ങളിലോ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് ചില ഉത്തരവുകളിലൂടെയും കത്തുകളിലൂടെയും മേനക ഗാന്ധി നമ്മുടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഈ മാംസഭുക്കിന്‍െറ ജനസംഖ്യ വര്‍ധിപ്പിച്ചത്. മുംബൈ നഗരത്തില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷം 80,000 പേരെയാണ് നായ്ക്കള്‍ കടിച്ചത്. ഭരണഘടന നല്‍കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്‍െറ നഗ്നമായ ലംഘനമാണിത്.  അങ്ങേയറ്റം സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെപ്പോലും, അവ മനുഷ്യനും കൃഷിക്കും ആപത്തായാല്‍ പ്രസ്തുത നിയമത്തിന്‍െറ അഞ്ചാം ഷെഡ്യൂളില്‍പെടുത്തി കീടജീവി (Vermin)യായി പ്രഖ്യാപിച്ച് ഉന്മൂലനംചെയ്യാന്‍ നമുക്ക് നിയമമുണ്ട്.  വന്യജീവികളെപ്പോലും ഇത്തരത്തില്‍ കൈകാര്യം ചെയ്യാമെന്നിരിക്കെയാണ് തെരുവുനായ്ക്കളുടെ കാര്യത്തിലുള്ള ഉദാര സമീപനം.
തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ അവയുടെ വന്ധ്യംകരണമെന്ന പരിഹാരം ഈ പ്രശ്നം അങ്ങനത്തെന്നെ തുടരട്ടെ എന്നു പറയുന്നതിന് തുല്യമാണ്. ചെലവേറിയതും അപ്രായോഗികവും അശാസ്ത്രീയവുമായ ഈ രീതികൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ല എന്നത് സുവ്യക്തമാണ്. മറിച്ച് പ്രശ്നം കൂടുതല്‍ വളര്‍ത്തുകയേ ഉള്ളൂ.

(യു.എന്‍ ജൈവ വൈവിധ്യ ഉടമ്പടിയുടെ വിദഗ്ധ സമിതി അംഗവും ആഗോള പരിസ്ഥിതിവേദിയായ സി.ബി.ഡി അലയന്‍സിന്‍െറ ആദ്യ ചെയര്‍മാനുമാണ് ലേഖകന്‍)

Show Full Article
TAGS:
Next Story