അറബിക് സര്‍വകലാശാലയുടെ ‘അന്താരാഷ്ട്ര’ പ്രതിസന്ധികള്‍
text_fieldsവൈജ്ഞാനിക വിപ്ളവത്തിലൂടെ ഇന്ത്യയെ ആഗോളനിലവാരത്തിലേക്കുയര്‍ത്താന്‍ യു.പി.എ സര്‍ക്കാര്‍ 2005ല്‍ സാം പിത്രോദയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച നാഷനല്‍ നോളജ് കമീഷന്‍ (എന്‍.കെ.സി) 2009ല്‍ കാലാവധി തീരുന്നതിനുമുമ്പ് വിവിധ മേഖലകളിലായി 300ഓളം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ദീപക് നയ്യാര്‍, അമിതാഭ് മട്ടു, ജയതിഘോഷ് തുടങ്ങിയ സാമൂഹികശാസ്ത്രജ്ഞരും നന്ദന്‍ നിലേകണിയെപ്പോലുള്ള ടെക്നോക്രാറ്റുകളുമടക്കമുള്ള ഒമ്പതംഗ സമിതി സമര്‍പ്പിച്ച ‘എന്‍.കെ.സി റിപ്പോര്‍ട്ട് ടു ദ നാഷന്‍ 2006-2009’ ആണ് അതില്‍ ഏറ്റവും വിശദവും സമഗ്രവുമായിട്ടുള്ളത്. 2015 ആകുമ്പോഴേക്കും നമ്മുടെ സര്‍വകലാശാലകളുടെ എണ്ണം 350ല്‍നിന്ന് 1500ലേക്ക് ഉയര്‍ത്തണമെന്ന സുപ്രധാന നിര്‍ദേശം ഈ റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചിരുന്നു. കേന്ദ്ര, ദേശീയ, സംസ്ഥാന, സ്വകാര്യ, ഡീംഡ് സര്‍വകലാശാലകളും ദേശീയതലത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളുമടക്കം 1500 എണ്ണം എന്തുകൊണ്ട് അനിവാര്യമാകുന്നുവെന്നും അത് എങ്ങനെ ഇന്ത്യയുടെ ബഹുമുഖ തലത്തിലുള്ള വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കുമെന്നും ശാസ്ത്രീയമായി വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണത്. നോളജ് കമീഷന്‍െറ ശിപാര്‍ശപ്രകാരം അര്‍ജുന്‍ സിങ്ങും കപില്‍സിബലുമെല്ലാം സമൂലമായ പൊളിച്ചെഴുത്തിന് ശ്രമിച്ചതിന്‍െറ ഫലമായി ഇന്ന് 45 കേന്ദ്ര സര്‍വകലാശാലകള്‍, 318 സംസ്ഥാന യൂനിവേഴ്സിറ്റികള്‍, സര്‍വകലാശാലകള്‍ക്ക് സമാനമായ 51 ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 129 ഡീംഡ്-225 സ്വകാര്യ സര്‍വകലാശാലകളടക്കം 786 എണ്ണം ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഉള്‍പ്പെടെ ഡീംഡ് യൂനിവേഴ്സിറ്റികളടക്കമുള്ള 17 സര്‍വകലാശാലകളില്‍ പത്തെണ്ണവും സ്ഥാപിച്ചത് നോളജ് കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണ്. ഇതിനുപുറമെയാണ് ശാസ്ത്രപഠനരംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള തിരുവനന്തപുരത്തെ ഐ.ഐ.എസ്.ഇ.ആര്‍. അങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 10 സര്‍വകലാശാലകളാണ് പുതുതായി പ്രവര്‍ത്തനമാരംഭിച്ചത്. എണ്ണം മാനദണ്ഡമാക്കുകയാണെങ്കില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടത്തിനുള്ള സാഹചര്യം രൂപപ്പെട്ടു എന്നര്‍ഥം.
ഈ പശ്ചാത്തലത്തിലാണ് ഒരു അന്താരാഷ്ട്ര അറബിക് യൂനിവേഴ്സിറ്റി എന്ന ആശയം രൂപപ്പെടുന്നത്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശപ്രകാരം കേരളത്തില്‍ രൂപവത്കരിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങളിലൊന്ന് ഈ നിര്‍ദിഷ്ട അറബിക് സര്‍വകലാശാലയായിരുന്നു. അതിന്‍െറ ചുവടുപിടിച്ചാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കേരള അന്താരാഷ്ട്ര അറബിക് സര്‍വകലാശാലയുടെ (ദി ഇന്‍റര്‍നാഷനല്‍ അറബിക് യൂനിവേഴ്സിറ്റി ഓഫ് കേരള) പ്രപ്പോസല്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. അത് തത്ത്വത്തില്‍ വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച് തുടര്‍നടപടികളിലേക്ക് കടന്നപ്പോഴാണ് വിവാദമായത്. ഈ നീക്കം കേരളത്തെ കലാപ കലുഷിതമാക്കുമെന്നും വര്‍ഗീയ ചേരിതിരിവിന് കാരണമാകുമെന്നും നോട്ടെഴുതി രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ സീല്‍ചെയ്ത കവറില്‍ ഫയല്‍ വിദ്യാഭ്യാസവകുപ്പിലേക്ക് മടക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഭാഷക്ക് മതം ചാര്‍ത്തി ഫയല്‍നോട്ട് കുറിച്ച ഉദ്യോഗസ്ഥര്‍ നമ്മുടെ മതേതര സംവിധാനത്തെ മാത്രമല്ല, ജ്ഞാനസമ്പ്രദായത്തെക്കൂടി പരിഹസിക്കുകയാണ് ചെയ്തത്.
നിര്‍ദിഷ്ട അറബിക് സര്‍വകലാശാല സംബന്ധിച്ച റിപ്പോര്‍ട്ടിന്‍െറ ശാസ്ത്രീയവും സമഗ്രവുമായ വിലയിരുത്തലായിരുന്നു യഥാര്‍ഥത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്നത്. ഇപ്പോള്‍ സര്‍വകലാശാലക്കുവേണ്ടി മുറവിളികൂട്ടുന്നവരും യഥാര്‍ഥത്തില്‍ അക്കാര്യങ്ങളെ സംബന്ധിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല.
അറബിഭാഷയിലും സാഹിത്യത്തിലും പി.ജി, ഗവേഷണപഠനങ്ങള്‍ക്ക് കേരളത്തില്‍ രണ്ട് സര്‍വകലാശാലകളിലെ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിരുദ,ബിരുദാനന്തര പഠനത്തിന് വകുപ്പുകളുള്ള 20ഓളം കോളജുകള്‍ക്കുപുറമെ 11 എയ്ഡഡ് അറബിക് കോളജുകള്‍, അറബിഭാഷയില്‍ മതപഠനത്തിലെ ഉപരിപഠനത്തിനായുള്ള 150ലധികം അറബിക് കോളജുകള്‍, സമന്വയവിദ്യാഭ്യാസം നല്‍കുന്ന 40ഓളം സ്ഥാപനങ്ങള്‍, സര്‍വകലാശാല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ശാന്തപുരം ജാമിഅ, ദാറുല്‍ ഹുദാ ചെമ്മാട്, 35ഓളം കോളജുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ‘വാഫി’ തുടങ്ങിയ ഉന്നത കേന്ദ്രങ്ങള്‍ക്കുപുറമെ, നൂറുകണക്കിനുള്ള പള്ളിദര്‍സുകളിലുമായി കാലങ്ങളായി കേരളത്തില്‍ അറബി ഭാഷാപഠനം നടന്നുവരുകയാണ്. കേരളത്തില്‍ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള അറബി ഭാഷാപഠനം കഴിഞ്ഞ അഞ്ചുനൂറ്റാണ്ടായി നടന്നുവരുന്നൂവെന്നതിന് ചരിത്രരേഖയുണ്ട്. ഈ സംവിധാനം കൊണ്ടൊന്നും പ്രാപ്യമാകാത്ത പുതിയൊരു നേട്ടമായിരിക്കണമല്ളോ അന്താരാഷ്ട്ര അറബിക് യൂനിവേഴ്സിറ്റികൊണ്ട് സാധ്യമാകേണ്ടത്. പക്ഷേ, ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരിക്കുന്നത് ജെ.എന്‍.യു, എ.എം.യു, ഇഫ്ളു മാതൃകയിലുള്ള അഫിലിയേഷനില്ലാത്ത സര്‍വകലാശാലയുടെ മാതൃകയാണ്. അതായത്, കേരളത്തില്‍ നിലവിലുള്ള അറബിക് കോളജുകള്‍ക്ക് ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. തന്നെയുമല്ല, റിപ്പോര്‍ട്ടിന്‍െറ ഭാഗമായുള്ള ഡ്രാഫ്റ്റ് ബില്‍ 2010ല്‍ ലഖ്നോവില്‍ സ്ഥാപിച്ച ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി ഉര്‍ദു, അറബിക്, പേര്‍ഷ്യന്‍ യൂനിവേഴ്സിറ്റിയുടെയും ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയുടെയും തനിപകര്‍പ്പാണ്. ഡോ. അമര്‍ത്യസെന്നിന്‍െറ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ കീഴില്‍ 2010ല്‍ ബിഹാറില്‍ സ്ഥാപിതമായ നളന്ദ സര്‍വകലാശാലക്കോ സാര്‍ക് രാജ്യങ്ങളുടെ സംയുക്ത സംരംഭമായി 2007ല്‍ ഡല്‍ഹിയില്‍ രൂപംകൊണ്ട സാര്‍ക് യൂനിവേഴ്സിറ്റിക്കോ ‘ഇന്‍റര്‍നാഷനല്‍’ എന്ന ഉപസര്‍ഗം നല്‍കാന്‍ ഇതുവരെ ആരും ധൈര്യപ്പെട്ടുകണ്ടില്ല.
2015ലെ ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യത്തെ 100 എണ്ണത്തില്‍ ഇത്തവണയും ഇന്ത്യ കടന്നുകൂടിയിട്ടില്ല. ഷാങ്ഹായ് യൂനിവേഴ്സിറ്റി റാങ്കിങ് പ്രകാരം ആദ്യ 100ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മാത്രമാണുള്ളത്. എന്നിട്ടും നമ്മളിവിടെ ധൈര്യപൂര്‍വം അന്താരാഷ്ട്രസര്‍വകലാശാലതന്നെ സ്വപ്നംകാണുകയാണ്!
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വന്‍തൊഴില്‍ സാധ്യതയാണ് അറബിക് യൂനിവേഴ്സിറ്റിയുടെ സാധ്യതയായി റിപ്പോര്‍ട്ട് മുന്നില്‍വെക്കുന്നത്. കേരളത്തില്‍ സര്‍വകലാശാല വകുപ്പുമുതല്‍ പള്ളിദര്‍സുവരെയുള്ള 500ലധികം സ്ഥാപനങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ചിട്ടും അറബിഭാഷക്കും സാഹിത്യത്തിനും നാം നല്‍കിയ സംഭാവനയെന്തായിരുന്നു? നൂറ്റാണ്ടുകള്‍ക്കുമുമ്പ് മഖ്ദൂമുമാരടക്കമുള്ള ആദ്യകാല പണ്ഡിതന്മാര്‍ രചിച്ച തുഹ്ഫതുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുഈന്‍, തഹ്രീദ്, ഫത്ഹുല്‍ മുബീന്‍ തുടങ്ങിയ പരിമിതമായ കൃതികള്‍ക്കപ്പുറത്ത് നമ്മുടെ സംഭാവനയെന്താണ്? നമ്മുടെ പാഠശാലകളില്‍ പഠിച്ച എത്രപേര്‍ അറബ്നാടുകളിലെ അറബിക് മാധ്യമരംഗത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്? എത്ര അറബിക് കോളമിസ്റ്റുകളെ നമുക്ക് സംഭാവന ചെയ്യാനായി? അറബികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന എത്ര അറബ് ഗ്രന്ഥകാരന്മാരെയും കവികളെയും സാഹിത്യവിമര്‍ശകരെയും നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു? മുഹ്യിദ്ദീന്‍ ആലുവായുടെ ‘ചെമ്മീന്‍’ പരിഭാഷക്കുശേഷം ദശകങ്ങള്‍ കഴിഞ്ഞാണ് മറ്റൊരു ശ്രദ്ധേയമായ കൃതി മലയാളത്തില്‍നിന്ന് നേരിട്ട് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് (ബെന്യാമിന്‍െറ ആടുജീവിതം-സുഹൈല്‍ വാഫി). അങ്ങനെയൊരു കണക്കെടുപ്പു നടത്തിയാല്‍ ഇത്രയൊക്കെ സംവിധാനങ്ങളുണ്ടായിട്ടും സ്ഥിതി അതിദയനീയംതന്നെയെന്ന് സമ്മതിക്കേണ്ടിവരും. ഇതിനെ മറികടക്കാന്‍ പാകത്തിലുള്ള സര്‍വകലാശാല സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍മാത്രമേ പശ്ചിമേഷ്യയിലെ ഈ പറയപ്പെടുന്ന അനന്തസാധ്യതകള്‍ യാഥാര്‍ഥ്യമാക്കാനാവുകയുള്ളൂ. അല്ലാതെ പേരില്‍ ‘ഇന്‍റര്‍നാഷനല്‍’ എഴുതിച്ചേര്‍ത്തതുകൊണ്ട് അന്താരാഷ്ട്ര സര്‍വകലാശാല സാധ്യമാകില്ല.
ജെ.എന്‍.യു, ജാമിഅ, അലീഗഢ് സര്‍വകലാശാലകളില്‍ ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്ന അറബിക് ഡിപ്പാര്‍ട്മെന്‍റ് ഉണ്ടായിട്ടുപോലും ഐ.എഫ്.എസ് സെലക്ഷന്‍ ലഭിച്ചവര്‍ക്ക് നിര്‍ബന്ധമായുള്ള വിദേശഭാഷ പരിശീലനത്തില്‍ അറബിക്കിന് പാഠ്യപദ്ധതി വികസിപ്പിക്കാന്‍പോലും നമുക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും അമേരിക്കന്‍ യൂനിവേഴിസിറ്റി ഇന്‍ കൈറോ, അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ബൈറൂത് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒരുവര്‍ഷം 20 ലക്ഷം രൂപ ട്യൂഷന്‍ഫീസ് മാത്രം നല്‍കി ഐ.എഫ്.എസുകാരെ നാം പരിശീലിപ്പിക്കുന്നു. എംബസിയിലെ ജോലിക്കുപുറമെയാണ് അവര്‍ ഭാഷാപഠനവും നടത്തുന്നത്. ഒരുവര്‍ഷംകൊണ്ട് അറബിയില്‍ വര്‍ക്കിങ് നോളജും രണ്ടുവര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ ‘അല്‍അഹ്റാം’ പോലെ ഉന്നതനിലവാരം പുലര്‍ത്തുന്ന പത്രങ്ങളിലെ എഡിറ്റ്പേജ് ലേഖനങ്ങള്‍ പരിഭാഷപ്പെടുത്താന്‍പോന്ന പ്രാവീണ്യം അവര്‍ സമ്പാദിക്കുന്നുവെന്നതിന് ഈ ലേഖകന്‍ സാക്ഷിയാണ്. 10 വര്‍ഷം അറബിഭാഷ പഠിച്ചിട്ടും തെറ്റില്ലാതെ വിനിമയം ചെയ്യാനറിയാത്തവരാണ് നമ്മുടെ സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവരില്‍ അധികവും. ഇത്തരം അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നിലവിലുള്ള കരിക്കുലത്തെ മാറ്റിപ്പണിയാന്‍ സഹായിക്കുന്ന ഒരു സര്‍വകലാശാലയല്ളേ നമുക്ക് വേണ്ടത്.
300ഓളം വരുന്ന അറബിക് കോളജുകളുടെ സിലബസും സ്കീമും ചിട്ടപ്പെടുത്തിക്കൊണ്ടുള്ള കരിക്കുലം പരിഷ്കരണം, ശാസ്ത്രീയ പരീക്ഷാസമ്പ്രദായം തുടങ്ങി ഗവേഷണവും പ്രസാധനവും വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നൂതനവും ശാസ്ത്രീയവും സമഗ്രവുമായ ഒരു പൊളിച്ചെഴുത്ത് സാധ്യമാക്കാനും അതിലൂടെ സമൂലമായ ഒരു വൈജ്ഞാനികവിപ്ളവം സാധ്യമാക്കാനുമാണ് യഥാര്‍ഥത്തില്‍ അറബിക് സര്‍വകലാശാലകൊണ്ട് ലക്ഷ്യമാക്കേണ്ടത്. അല്ലാതെ ഗള്‍ഫിലെ തൊഴില്‍സാധ്യതയാണ് ലക്ഷ്യമെങ്കില്‍ അതിനുവേണ്ടത് തൊഴില്‍വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പന ചെയ്ത ഒരു ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
ഒരു ഉന്നതസ്ഥാപനം പടുത്തുയര്‍ത്തണമെങ്കില്‍ അതിനനുസരിച്ചുള്ള സാധ്യതാപഠന റിപ്പോര്‍ട്ടും അന്താരാഷ്ട്രതലത്തില്‍ത്തന്നെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വിദഗ്ധരുടെ സേവനവും സ്പെഷല്‍ ഓഫിസര്‍ നിയമനം മുതലുള്ള കാര്യങ്ങളില്‍ ഉറപ്പുവരുത്തേണ്ടിവരും. അതല്ലാതെ വിദ്യാഭ്യാസ-ഭരണ വൈദഗ്ധ്യത്തേക്കാളുപരി താന്‍ നില്‍ക്കുന്ന കൊടിയുടെ പിന്‍ബലത്തില്‍മാത്രം സര്‍ക്കാര്‍ ചെലവില്‍ കാറും വീടും തരപ്പെടുത്താമെന്ന് വിശ്വസിക്കുന്നവരെയാണ് ഇതിനാശ്രയിക്കുന്നതെങ്കില്‍ നഷ്ടം നമ്മുടെ നാടിനും ജനതക്കും മാത്രമായിരിക്കും. രാഷ്ട്രീയ-ഭരണനേതൃത്വത്തിന്‍െറ ഉമ്മറത്തും ഇടനാഴികളിലുമായി ഊതിപ്പെരുപ്പിച്ച സീവിയുമായി കയറിയിറങ്ങുന്നവരെ അകറ്റിനിര്‍ത്തി, സി.എച്ച്. മുഹമ്മദ്കോയ ചെയ്തതുപോലെ യോഗ്യരായവരെ അന്വേഷിച്ച് കണ്ടത്തെണം. അല്ലാതെയുള്ള കുടിയിരുത്തലിനും വീതംവെപ്പിനുമാണ് അന്താരാഷ്ട്ര അറബിക് യൂനിവേഴ്സിറ്റി എന്ന ആവശ്യമുന്നയിക്കുന്നതെങ്കില്‍ അതൊരു നഷ്ടക്കച്ചവടമായിരിക്കുമെന്നു മാത്രമല്ല, അഞ്ചാം മന്ത്രിയുടെ വിഷയത്തില്‍ സംഭവിച്ചപോലെ വലിയവിലതന്നെ നല്‍കേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
