Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉന്നത വിദ്യാഭ്യാസം...

ഉന്നത വിദ്യാഭ്യാസം അരാജകത്വത്തിലേക്ക്!

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസം അരാജകത്വത്തിലേക്ക്!
cancel

തിടുക്കപ്പെട്ടും ആഴത്തിലുള്ള അപഗ്രഥനം കൂടാതെയും പ്രഫ. സിറിയക് തോമസിന്‍െറ നേതൃത്വത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തില്‍ തുടങ്ങുന്നതിന്‍െറ സാധ്യതയെയും ആശാസ്യതയെയും സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തട്ടിപ്പടച്ചുണ്ടാക്കിയതിനെ കുറ്റപ്പെടുത്താന്‍ പ്രയാസമാണ്. കാരണം, കമ്മിറ്റിക്ക് റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രി  മൂന്നു മാസം മാത്രമേ നല്‍കിയുള്ളൂ. രണ്ടാമത്, സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നതിനോട് വിദ്യാഭ്യാസമന്ത്രി പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതികൂല അന്തരീക്ഷത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിച്ചത്. അതിന് വിദ്യാഭ്യാസമന്ത്രിയെ പ്രേരിപ്പിച്ചത് യു.ഡി.എഫിനുള്ളിലെ വിലപേശലാണോ മറ്റെന്തെങ്കിലും പരിഗണനകളാണോ എന്ന കാര്യം ഇനിയുള്ള നാളുകളിലേ വ്യക്തമാവുകയുള്ളൂ. ചിലപ്പോള്‍ യു.ഡി.എഫിലെ വലുതും ചെറുതുമായ പാര്‍ട്ടികള്‍ ഒരു പരസ്പര സഹകരണ കരാറിന്‍െറ ഭാഗമായി സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുമ്പോള്‍ ലഭ്യമാകുന്ന പലതരം ‘നേട്ടങ്ങള്‍’ ഉചിതമായ അനുപാതത്തില്‍ വീതംവെച്ചുകൊണ്ട് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടത്തെിയേക്കാം. അതെന്തായാലും വല്ലാത്ത തിടുക്കത്തില്‍ തട്ടിക്കൂട്ടിയ ഈ റിപ്പോര്‍ട്ട് അതിലും തിടുക്കത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടി സര്‍ക്കാറിന്‍െറ അംഗീകാരത്തിന് സമര്‍പ്പിച്ച രീതി ഒരുപാട് സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഈ ചോദ്യങ്ങള്‍ അക്കാദമികം മാത്രമല്ല, ജനാധിപത്യ വിശ്വാസ്യതയുടേതുകൂടിയാണ്. ഇതില്‍ ഉള്‍പ്പെട്ട വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കാനുള്ള സമയമോ അവസരമോ ഉണ്ടായിരുന്നില്ല. മാത്രമല്ല, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും അഭിപ്രായം ആരാഞ്ഞുകൊണ്ടുവേണം റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ എന്ന ജനാധിപത്യപരമായ സമീപനം ഉപേക്ഷിക്കുകയാണ് ചെയ്തത്.

വൈകാതെ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വേണം ഈ നീക്കങ്ങളെ കാണാന്‍. കേരളത്തിലെ നല്ളൊരു ശതമാനം സ്വാശ്രയ കോളജുകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും പ്രസക്തമാണ്.
ചാന്‍സലറുടെ ഇടപെടലിനത്തെുടര്‍ന്ന് കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ നടത്തിക്കൊണ്ടിരുന്ന ഓഫ് കാമ്പസ് കേന്ദ്രങ്ങള്‍-വിദൂര പഠന കേന്ദ്രങ്ങള്‍- നിര്‍ത്തലാക്കിയത് സ്വകാര്യലാഭം പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസവ്യാപാരികള്‍ക്ക് വായില്‍ വെള്ളം നിറയുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്നതും കാണാതിരുന്നുകൂടാ. സ്വകാര്യ സര്‍വകലാശാലകളെപ്പറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കമ്മിറ്റിയെ നിര്‍ദേശിച്ചുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍െറ ഉത്തരവില്‍ ഒരു കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഒരു സമുദായത്തിന്‍െറ പിന്‍ബലമുള്ള വിദ്യാഭ്യാസ ഏജന്‍സി സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ താല്‍പര്യം അറിയിച്ചതുകൊണ്ടുകൂടിയാണ് പ്രസ്തുത കമ്മിറ്റിയെ നിയോഗിക്കുന്നത് എന്നാണ് ആ പരാമര്‍ശം. സാമുദായിക പരിഗണനകളെയും വികാരത്തെയും പിന്തുണയെയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത് കൃതഹസ്തത തെളിയിച്ചിട്ടുള്ള യു.ഡി.എഫ്/കോണ്‍ഗ്രസ് നേതൃത്വം ഈ സന്ദര്‍ഭം ചാടിവീണ് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാല്‍ ആര്‍ക്കും തെറ്റുപറയാന്‍ പറ്റില്ല. ഈ വര്‍ഷം ഡിസംബര്‍ 15-18 തീയതികളില്‍ നൈറോബിയില്‍ നടക്കുന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതല ചര്‍ച്ച വിദ്യാഭ്യാസത്തെ ഒരു ചരക്കായി അംഗീകരിച്ചുകൊണ്ട് ലോകവ്യാപാരത്തിന്‍െറ പരിധിയില്‍ കൊണ്ടുവരാന്‍ ശക്തമായ നീക്കം നടത്താന്‍ പോവുകയാണ്. അതിന് മുന്നോടിയായി കൂടിയല്ളേ ഇത്ര തിടുക്കപ്പെട്ട് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലക്കുവേണ്ടി നീങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അക്കാദമികവും സാമൂഹികവുമായ പരിഗണനകളെ പിന്നാക്കം തള്ളിക്കൊണ്ട് സാമുദായിക പരിഗണനകളും വാണിജ്യാടിസ്ഥാനത്തിലുള്ള ലാഭവിഹിതം പങ്കുവെക്കുന്ന സാധ്യതയുമാണ് സ്വകാര്യ സര്‍വകലാശാലാ നിര്‍ദേശവുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും സ്വകാര്യസര്‍വകലാശാലകള്‍ക്ക് വിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സ്വാതന്ത്ര്യം നല്‍കുന്ന വകുപ്പുകളും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഒരു സംസ്ഥാന സര്‍ക്കാറിന് ഭരണഘടനാപരമായി അതിനവകാശമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

റിപ്പോര്‍ട്ടിനോടൊപ്പമുള്ള മാതൃകാ നിയമത്തില്‍ നിലവിലുള്ള സ്വകാര്യ കോളജോ ഒരു മാനേജ്മെന്‍റിനു കീഴിലുള്ള കോളജുകള്‍ ഒരുമിച്ച് ചേര്‍ന്നോ സ്വകാര്യ യൂനിവേഴ്സിറ്റി ആയി മാറാവുന്നതാണ്! സ്വകാര്യ സര്‍വകലാശാലയുടെ ഭൂമി ഒരിടത്തുതന്നെയാവണമെന്നില്ല എന്ന് നിര്‍ദേശിക്കുന്നതിനാല്‍ പല സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമാകാം സ്വകാര്യസര്‍വകലാശാല എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. സ്വകാര്യ സ്വാശ്രയകോളജുകള്‍ക്കും ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയായി മാറാനുള്ള ‘സൗകര്യ’മുണ്ടായിരിക്കും.
ലയനവും പിടിച്ചെടുക്കലും വഴിയും സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനുള്ള ‘സ്വാതന്ത്ര്യം’ വ്യവസ്ഥയിലുണ്ട്. കമ്പനി നിയമപ്രകാരം നിലവില്‍ വരുന്നവക്കും രജിസ്ട്രേഡ് സൊസൈറ്റി, ട്രസ്റ്റ് എന്നിങ്ങനെ സ്ഥാപിതമാകുന്നവക്കും സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാവുന്നതാണ്.
10 വര്‍ഷം വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച രേഖകള്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപനത്തിനുള്ള അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. അതിന് ഇളവ് കൊടുക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ.

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ബയോ എന്‍ജിനീയറിങ്, സൈബര്‍ സുരക്ഷ, പരിസ്ഥിതി മാലിന്യനിര്‍മാര്‍ജന പഠനം, വിദേശവ്യാപാരവും വാണിജ്യവും, രേഖാ/രൂപകല്‍പനാ സാങ്കേതികവിദ്യ, ആരോഗ്യ പരിപാലനം, കായികക്ഷമത, സ്പോര്‍ട്സ്, ഒഴിവാസ്വാദനം, വന്‍പരിപാടികളുടെ ആസൂത്രണവും നടത്തിപ്പും, ആതിഥേയത്വം, ടൂറിസം തുടങ്ങിയ പഠന പരിപാടികള്‍ അവതരിപ്പിച്ച് വിദ്യാര്‍ഥികളില്‍ വ്യാമോഹം സൃഷ്ടിക്കാനുള്ള ശ്രമം സ്വകാര്യസര്‍വകലാശാലകളുടെ സംരംഭകരായി മുന്നോട്ടുവരുന്നവരുടെ ഭാഗത്തുണ്ട്. ഗവേഷണം തുടര്‍പ്രവര്‍ത്തനങ്ങളുമാകാം എന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകള്‍ കാണുന്നില്ല.

കോഴ്സുകള്‍ തെരഞ്ഞെടുക്കുന്നതിന് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നുള്ള സര്‍വകലാശാലകളുടെ മേല്‍ സമൂഹത്തിനുള്ള പരിമിതമായ നിയന്ത്രണങ്ങള്‍കൂടി എടുത്തുകളഞ്ഞുകൊണ്ട് മൂലധനശക്തികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തീറെഴുതിക്കൊടുക്കുന്നതിന് സമമാണിപ്പോള്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ നീക്കം.

നിലവിലുള്ള സര്‍വകലാശാലകള്‍ ഒരിക്കലും നിലവാരം മെച്ചപ്പെടുത്തുകയില്ല എന്ന മുന്‍വിധിയോടെയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഇടപെട്ടാല്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുണനിലവാരത്തില്‍ മെച്ചപ്പെടുമെന്ന കാര്യം എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് വ്യക്തമായി തെളിഞ്ഞതാണ്. അമേരിക്കന്‍ പ്രസിഡന്‍റും ഇന്ത്യന്‍ പ്രധാനമന്ത്രിയും ചേര്‍ന്ന് തുടക്കംകുറിച്ച ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇരുരാജ്യങ്ങളുടെയും ഒരു സഹകരണപദ്ധതിയില്‍ ഇന്ത്യയിലെ അഞ്ച് സ്ഥാപനങ്ങള്‍/കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അതില്‍ നാലെണ്ണം ഐ.ഐ.ടികളോ ഐ.ഐ.എമ്മോ ആണ്.

സര്‍വകലാശാല ഒന്നേ ഒന്നുമാത്രം. അത് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് തുടക്കം കുറിച്ച ഒരു അന്തര്‍സര്‍വകലാശാലാ പഠനകേന്ദ്രമായിരുന്നു! അത്തരം മുന്‍കൈകള്‍ മുഴുവന്‍ തകര്‍ത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന്‍െറ ഗുണമേന്മ കുത്തനെ താഴോട്ടുപോകുന്ന സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയായിരുന്നുവോ എന്ന് ചിന്തിച്ചുപോയാല്‍ കുറ്റപ്പെടുത്താനാവില്ല. കാരണം, സ്വകാര്യ സര്‍വകലാശാലക്ക് ന്യായീകരണം നിലവിലുള്ളവയുടെ നിലവാരശോഷണമാണല്ളോ!

സ്വകാര്യ സര്‍വകലാശാലകള്‍ ഉന്നതനിലവാരം കൊണ്ടുവരുമെന്നത് പരമാബദ്ധവിശ്വാസമാണ്. അപൂര്‍വം ചിലത് കുഴപ്പമില്ലാത്തതായി കാണാം. എന്നാല്‍, കച്ചവടതാല്‍പര്യം മാത്രമാണ് അവയെ ഭരിക്കുക. വിദ്യാഭ്യാസത്തിലൂടെ നൈപുണ്യവും പഠനഗവേഷണങ്ങളും പരിശീലനവും മാത്രമല്ല, മൂല്യങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. അതൊക്കെ പാടേ നിഷേധിക്കലാവും സ്വകാര്യ സര്‍വകലാശാലകളിലൂടെ സംഭവിക്കുക എന്നതില്‍ സംശയമില്ല. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ സര്‍വകലാശാല എന്ന പേര് നല്‍കുകയാണ് ഏറിയകൂറും സംഭവിക്കുക.

Show Full Article
TAGS:
Next Story