ആദര്‍ശബദ്ധ രാഷ്ട്രീയത്തിന്‍െറ പ്രതിനിധി
text_fieldsദേശസ്നേഹപ്രചോദിതമായ വീരസാഹസികതയുടെ ഒരു കാലഘട്ടത്തില്‍ സ്വാതന്ത്ര്യസമരവീര്യം ജ്വലിച്ചുനിന്ന തറവാട്ടില്‍, കോഴിക്കോട്ടെ എണ്ണപ്പാടത്ത് 1940ലാണ് എന്‍.പി. മൊയ്തീന്‍െറ ജനനം. മലബാറില്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കേളപ്പജി, മൊയ്തു മൗലവി, മാധവമേനോന്‍ എന്നിവര്‍ക്കൊപ്പം സമരത്തിന്‍െറ തീച്ചൂളയിലേക്ക് എടുത്തുചാടിയ എന്‍.പി. അബുസാഹിബിന്‍െറ പുത്രനാണ് മൊയ്തീന്‍.
കോണ്‍ഗ്രസിന് വിദ്യാര്‍ഥി വിഭാഗം ഇല്ലാതിരുന്ന കാലത്ത് 1958 ഡിസംബറില്‍ കൊല്ലത്ത് ചേര്‍ന്ന കേരള വിദ്യാര്‍ഥി യൂനിയന്‍ (കെ.എസ്.യു) സ്ഥാപക യോഗത്തില്‍ പങ്കെടുത്ത 18 വിദ്യാര്‍ഥി പ്രതിനിധികളില്‍ ഒരാള്‍ എന്‍.പി. മൊയ്തീനായിരുന്നു. ആ സംഘാടക യോഗത്തില്‍ പങ്കെടുത്ത മലബാറില്‍നിന്നുള്ള ഏക പ്രതിനിധി മൊയ്തീനാണ്.
അക്കാലത്ത് അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നടന്ന കെ.എസ്.യു മലബാര്‍ സമ്മേളനം കോണ്‍ഗ്രസിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഒരു വഴിത്തിരിവായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ സജീവ പങ്കാളികളാക്കിയ ആ സമ്മേളനം കെ.എസ്.യു പ്രസ്ഥാനത്തിന്‍െറ പിറവിയെ എതിര്‍ത്ത കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളെ അങ്കലാപ്പിലാക്കി. മൊയ്തീന്‍ അക്കാലത്ത് കെ.എസ്.യുവിന്‍െറ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്‍റായി. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ ആഞ്ഞടിച്ച ഒരണസമരത്തില്‍ മലബാറിലെ വിദ്യാര്‍ഥികളെ അണിനിരത്തി സമരം നയിച്ച പ്രമുഖരിലൊരാളായിരുന്നു മൊയ്തീന്‍. തുടര്‍ന്ന് നടന്ന വിമോചനസമരത്തില്‍ സമരസമിതി കണ്‍വീനര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടിയിലെ യുവാക്കള്‍ തീരുമാനമെടുത്തപ്പോള്‍ അതിന്‍െറ മുന്‍പന്തിയിലും മൊയ്തീനുണ്ടായിരുന്നു. പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളനത്തിന്‍െറ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം. അവിഭക്ത കോഴിക്കോട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന മൊയ്തീന്‍ പിന്നീട് കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസിന്‍െറ വൈസ് പ്രസിഡന്‍റായി. 60കളില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മൊയ്തീന്‍െറ പിതാവ് അബുസാഹിബും മൊയ്തു മൗലവിയും ശങ്കര്‍ ഗ്രൂപ്പിനൊപ്പമായിരുന്നു. ഈ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ മൊയ്തീന്‍ സി.കെ.ജി ഗ്രൂപ്പിനൊപ്പം ഉറച്ചുനിന്നു. രാവിലെ ഒരേ വീട്ടില്‍നിന്ന് രണ്ടു ഗ്രൂപ്പുകള്‍ക്കുവേണ്ടി പിതാവും മകനും ഇറങ്ങിപ്പുറപ്പെടുമെങ്കിലും അവരുടെ കുടുംബബന്ധങ്ങള്‍ക്ക് ഒരു പോറലും ഉണ്ടായിരുന്നില്ല. സി.കെ.ജി ഗ്രൂപ്പിന്‍െറ സ്ഥാനാര്‍ഥിയായി മൊയ്തീന്‍ അന്ന് കൊണ്ടോട്ടിയില്‍നിന്ന് ഡി.സി.സിയിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തു. സി.കെ.ജി മരിക്കുന്നതുവരെ അദ്ദേഹത്തിന്‍െറ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു മൊയ്തീന്‍. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിര ഗാന്ധിയുടെ പക്ഷത്ത് ഉറച്ചുനിന്നു. പിതാവ് അബുസാഹിബ് സംഘടനാ കോണ്‍ഗ്രസ് വിഭാഗത്തും. ഇക്കാലത്ത് കോഴിക്കോട്ടെ അറിയപ്പെടുന്ന നേതാക്കളൊക്കെ നിജലിംഗപ്പ പ്രസിഡന്‍റായ സംഘടനാപക്ഷത്തായിരുന്നു. ഇന്ദിര ഗാന്ധിക്ക് അനുകൂലമായി പ്രകടനം നടത്താന്‍ നേതൃത്വം നല്‍കിയത് മൊയ്തീനും ഷണ്‍മുഖദാസും സി.എച്ച്. ഹരിദാസും ഒക്കെയായിരുന്നു.
74ല്‍ എ.കെ. ആന്‍റണി കെ.പി.സി.സി പ്രസിഡന്‍റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറി എന്‍.പി. മൊയ്തീനായിരുന്നു. 77ല്‍ നിയമസഭയിലത്തെി. ഇടതുകോട്ടയായ ബേപ്പൂരില്‍നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. തലമുതിര്‍ന്ന സി.പി.എം നേതാവും സിറ്റിങ് എം.എല്‍.എയുമായിരുന്ന ചാത്തുണ്ണി മാസ്റ്ററെയാണ് മൊയ്തീന്‍ പരാജയപ്പെടുത്തിയത്. 80ല്‍ വീണ്ടും ഇവിടെനിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഉപനേതാവായി.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍െറ ആരംഭഘട്ടത്തിലെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്നു അദ്ദേഹം. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍, കയര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഖാദി ബോര്‍ഡ്, ടെലിഫോണ്‍ ഉപദേശക സമിതി, ആര്‍.ടി.എ തുടങ്ങിയ നിരവധി കമ്മിറ്റികളിലും അംഗമായി. കോണ്‍ഗ്രസ് ചരിത്രം പ്രവര്‍ത്തകമനസ്സുകളില്‍ എളുപ്പത്തില്‍ പതിയുംവിധം ലളിതമായ ശൈലിയിലൂടെ മൊയ്തീന്‍ നടത്തുന്ന പഠനക്ളാസുകള്‍ പ്രസിദ്ധമാണ്. ആദര്‍ശബദ്ധമായ രാഷ്ട്രീയ സംസ്കാരത്തിന്‍െറ സുവര്‍ണതീരത്തുനിന്ന് പൊതുപ്രവര്‍ത്തനത്തിന്‍െറ ഹരിശ്രീ കുറിച്ച എന്‍.പിയുടെ സ്മൃതികള്‍ നമ്മുടെ രാഷ്ട്രീയ സാക്ഷരതക്ക് എക്കാലവും വെളിച്ചം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
