Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വകാര്യ...

സ്വകാര്യ സര്‍വകലാശാലകളെ ആര്‍ക്കാണ് പേടി?

text_fields
bookmark_border
സ്വകാര്യ സര്‍വകലാശാലകളെ ആര്‍ക്കാണ് പേടി?
cancel

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതോടെ പുതിയ വിവാദത്തിനും തുടക്കമായി.   പല ഭാഗത്തുനിന്നുമുള്ള എതിര്‍പ്പുകളും വിമര്‍ശങ്ങളും ഇതിനകംതന്നെ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയായി സ്വകാര്യ സര്‍വകലാശാലകളെ ചിത്രീകരിക്കുന്നതിനെ പ്രതിരോധിക്കുന്നതിനോ  പ്രശ്നപരിഹാരത്തിനായി ബദല്‍നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിനോ വിമര്‍ശകര്‍ ശ്രമിക്കുന്നില്ല.
നിലവില്‍ നമ്മുടെ രാജ്യത്ത് 22 സംസ്ഥാനങ്ങളിലായി 222 സ്വകാര്യ സര്‍വകലാശാലകളുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, ബിഹാര്‍, ജമ്മു-കശ്മീര്‍ എന്നിവയാണ് സ്വകാര്യ സര്‍വകലാശാലകള്‍ നിലവിലില്ലാത്ത പ്രധാന സംസ്ഥാനങ്ങള്‍. രാജ്യത്ത് ആകെയുള്ള സംസ്ഥാന സര്‍വകലാശാലകളുടെ എണ്ണത്തില്‍ മൂന്നില്‍രണ്ട് ഭാഗത്തിലും അധികം വരുന്നതാണ് സ്വകാര്യ സര്‍വകലാശാലകളുടെ എണ്ണമെന്നത് അവഗണിക്കാനാകാത്ത വസ്തുതയാണ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന അനേകം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരനിര്‍ദേശങ്ങളിലൊന്നായാണ് സ്വകാര്യ സര്‍വകലാശാലകള്‍ വിവക്ഷിക്കപ്പെടുന്നത്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.  ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളുടെ അഭാവം, സര്‍ക്കാര്‍തലത്തില്‍ ഈ രംഗത്ത് കൂടുതല്‍ നിക്ഷേപിക്കാനുള്ള പരിമിതികള്‍, കാലാനുസൃതമല്ലാത്തതും തൊഴില്‍കമ്പോളവുമായി ബന്ധമില്ലാത്തതുമായ പാഠ്യപദ്ധതി, വിദഗ്ധരായ അധ്യാപകരുടെ അഭാവം, നിലവിലെ സര്‍വകലാശാലാ സംവിധാനത്തിന്‍െറ അയവില്ലായ്മ, ഗവേഷണരംഗത്തോടുള്ള അവഗണന തുടങ്ങിയ പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ല. ഇവിടെയാണ് സ്വകാര്യ സര്‍വകലാശാലകളുടെ പ്രസക്തി.
വിമര്‍ശകര്‍ ഉന്നയിക്കുന്നതുപോലെ, സംസ്ഥാനത്ത് വ്യാപകമായി സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുമെന്ന ആശങ്കക്ക് ഒരടിസ്ഥാനവുമില്ല. കര്‍ക്കശമായ വ്യവസ്ഥകള്‍ മാത്രമല്ല  ഇതിന് കാരണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇത്തരം സര്‍വകലാശാലകള്‍ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള സാമൂഹികസാഹചര്യം ഇപ്പോഴുമില്ല എന്നതാണ് വസ്തുത.  സ്വയംഭരണ കോളജുകളുടെ എക്സ്റ്റന്‍ഷനായി ഇവയെ കാണുന്നതും ശരിയല്ല. സ്വയംഭരണ കോളജുകള്‍ ഇപ്പോഴും അഫിലിയേറ്റിങ് സംവിധാനത്തിന്‍െറ ഭാഗമാണെന്നതും പരിമിതമായ അക്കാദമിക് സ്വയംഭരണം മാത്രമാണവക്കുള്ളതെന്നും ഇതിനകം വ്യക്തമായതാണ്.
യു.ജി.സിയും സമിതി റിപ്പോര്‍ട്ടും നിര്‍ദേശിക്കുന്നതനുസരിച്ച് ഓരോ സ്വകാര്യ സര്‍വകലാശാലയും സ്ഥാപിക്കുന്നതിന് കേരള നിയമസഭ പ്രത്യേകം നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. ഒരു സ്റ്റേറ്റ് യൂനിവേഴ്സിറ്റി ആക്ട് നിയമസഭ പാസാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇവിടെ പാലിക്കപ്പെടണം.  സൊസൈറ്റീസ് ആക്ട്, ട്രസ്റ്റ് ആക്ട്, കമ്പനീസ് ആക്ട് എന്നിവയിലേതെങ്കിലുമനുസരിച്ച് സ്ഥാപിതമായതും ഉന്നത വിദ്യാഭ്യാസ ഗവേഷണ രംഗത്ത് ചുരുങ്ങിയത് 10 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തനപരിചയവുമുള്ള ഏജന്‍സിക്കു മാത്രമേ സ്വകാര്യ സര്‍വകലാശാലക്കായി അപേക്ഷിക്കാന്‍ കഴിയൂ. 10 ലക്ഷം രൂപയാണ് അപേക്ഷാഫീസ്. ഏജന്‍സിക്ക് നഗരപ്രദേശങ്ങളിലാണെങ്കില്‍ 20 ഏക്കറും ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ 30 ഏക്കറും സ്വന്തമായി ഭൂമിയും തുടക്കത്തില്‍തന്നെ 5000 ച. മീറ്റര്‍ കെട്ടിടസൗകര്യങ്ങളുമുണ്ടായിരിക്കണം.  കൂടാതെ, 50 കോടി രൂപയുടെ കോര്‍പസ് ഫണ്ടും ഏജന്‍സി തുടക്കത്തില്‍തന്നെ ഏര്‍പ്പെടുത്തേണ്ടതായിട്ടുണ്ട്.  ഇതില്‍ 20 കോടി രൂപ കേരള സര്‍ക്കാറിന്‍െറയും ഏജന്‍സിയുടെയും പേരില്‍ സ്ഥിരനിക്ഷേപമായും ബാക്കി 30 കോടി രൂപ പ്രവര്‍ത്തനഫണ്ടായും നീക്കിവെക്കണം. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന വികസന പദ്ധതികള്‍ സമര്‍പ്പിക്കുന്നതോടൊപ്പം ചെലവഴിക്കാനുദ്ദേശിക്കുന്ന തുകയുടെ സ്രോതസ്സും വെളിപ്പെടുത്തേണ്ടതുണ്ട്. സ്ഥാപിതമായി അഞ്ചു വര്‍ഷത്തിനകം നാക് അക്രഡിറ്റേഷന് വിധേയമാകേണ്ടതുമാണ്.  
മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വകലാശാലകളുടെ അനുഭവത്തില്‍നിന്ന് വ്യക്തമാകുന്നത് ആദ്യത്തെ അഞ്ചു വര്‍ഷം ചുരുങ്ങിയത് 250 കോടി രൂപയെങ്കിലും പ്രവര്‍ത്തനഫണ്ടായി നീക്കിവെക്കേണ്ടിവരുമെന്നാണ്. നിര്‍മാണച്ചെലവ് ഇതിന്‍െറ എത്രയോ മടങ്ങ് വേണ്ടിവരും. ഫീസ് ചുമത്തുന്നതിന് കാര്യമായ നിയന്ത്രണങ്ങളില്ളെങ്കില്‍ ആവര്‍ത്തനച്ചെലവിന്‍െറ 60 ശതമാനത്തോളം ഫീസിനത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രവേശം മെറിറ്റടിസ്ഥാനത്തിലാണെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള സംവരണതത്ത്വം പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതിനാല്‍ ഫീസ്ഘടന സംബന്ധിച്ചും സര്‍ക്കാര്‍ നിയന്ത്രണത്തിന് സാധ്യതയുണ്ട്.  ചുരുക്കത്തില്‍, ഉന്നത വിദ്യാഭ്യാസത്തിന്‍െറ വാണിജ്യവത്കരണം വഴി സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന ചിന്തയില്‍ സംസ്ഥാനത്ത് ആരും സ്വകാര്യ സര്‍വകലാശാലകള്‍ക്കായി പണം മുടക്കുമെന്ന് കരുതാനാകില്ല.
കോഴ്സുകള്‍ രൂപപ്പെടുത്തുന്നതിലും വിദഗ്ധ അധ്യാപകരെ നിയമിക്കുന്നതിലും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നുള്ളതാണ് അവയുടെ മറ്റൊരു ആകര്‍ഷണം. സ്വകാര്യ സര്‍വകലാശാലകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതോടൊപ്പം നമ്മുടെ സംസ്ഥാന സര്‍വകലാശാലകളുടെ നിലവാരം വര്‍ധിപ്പിക്കാനായി നാമെന്തു ചെയ്തു  എന്നുകൂടി ഈയവസരത്തില്‍ ചിന്തിക്കണം. സംസ്ഥാന രൂപവത്കരണത്തിനു ശേഷം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇത്രയധികം പരിഷ്കാരങ്ങള്‍ നടപ്പാക്കിയ മറ്റൊരു സര്‍ക്കാറുണ്ടായിട്ടില്ല. കോളജില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ സര്‍ക്കാര്‍ കോളജുകള്‍, സംസ്ഥാനത്തെ മുഴുവന്‍ കോളജുകളിലുമായി 250ഓളം എയ്ഡഡ് കോഴ്സുകള്‍, മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്  എന്‍ജിനീയറിങ് കോളജുകളിലും പി.ജി കോഴ്സുകള്‍, മലയാള സര്‍വകലാശാല തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.  
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇതിനകം ദൃശ്യമായിട്ടുള്ള ഉണര്‍വിനെ പരിപോഷിപ്പിക്കാനിടയുള്ള ചെറുപ്രേരകമായിമാത്രം സ്വകാര്യ സര്‍വകലാശാലകളെ കാണുന്നതാകും യുക്തിസഹം.  നിലവിലുള്ള കേന്ദ്ര സംസ്ഥാന സര്‍വകലാശാലകളെയോ അനുബന്ധ സ്ഥാപനങ്ങളെയോ അപ്രസക്തമാക്കാന്‍ അവക്ക് കഴിയില്ല. ഇവയുടെ പൂരകമാകാനേ കഴിയൂ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാന സര്‍വകലാശാലകളുള്ള യു.പി, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകളുമുള്ളതെന്നത് ഇതിന് തെളിവാണ്.  നിലവാരമുള്ള ഭൗതികസൗകര്യങ്ങള്‍, ബഹുരാഷ്ട്ര കമ്പനികളില്‍ ജൂനിയര്‍ മാനേജ്മെന്‍റ്് തലത്തിലെങ്കിലും പ്ളേസ്മെന്‍റ്് കിട്ടാവുന്ന കോഴ്സുകള്‍, പ്രശസ്തരായ അധ്യാപകര്‍, സ്വതന്ത്രമായ ഗവേഷണാവസരങ്ങള്‍, പ്രമുഖ വിദേശ സര്‍വകലാശാലകളുമായി ഉഭയകക്ഷി കരാറുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഒത്തുചേരുന്ന സ്വകാര്യ സര്‍വകലാശാലകള്‍ക്കു മാത്രമേ കേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ.  

(കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സിലിന്‍െറ അധ്യക്ഷനും
റൂസ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ് മെംബറുമാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story