Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതിരുവോണം...

തിരുവോണം രോഹിണിയില്‍!

text_fields
bookmark_border
തിരുവോണം രോഹിണിയില്‍!
cancel

അത്തം പത്തിന് തിരുവോണം എന്നത് നാട്ടുനടപ്പു മാത്രമല്ല, കലണ്ടറായ കലണ്ടറുകളിലെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വസ്തുതയുമാണ്. നാളിലും നക്ഷത്രത്തിലുമൊന്നും വിശ്വാസമില്ലാത്തവര്‍പോലും ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ തിരുവോണം നാള്‍ എന്നാണെന്ന്  പുതിയ കലണ്ടര്‍ കൈയില്‍ കിട്ടുമ്പോള്‍തന്നെ നോക്കുകയും ചെയ്യും. ആ സമയം നോക്കി രണ്ടുമൂന്ന് ദിവസം അവധി സംഘടിപ്പിച്ച് ഒന്നാഘോഷിക്കുക എന്നതാണ് അതിനു പിന്നിലെ ചേതോവികാരം. അതിനാല്‍, ഓണം ആഘോഷിക്കേണ്ടത് അത്തം മുതല്‍ തിരുവോണം വരെയും പിന്നീട് മൂന്നുനാലു ദിവസം കൂടിയുമാണെന്നും ഭൂമി മലയാളത്തില്‍ ഏതാണ്ടെല്ലാവരും അംഗീകരിച്ചിട്ടുള്ളതുമാണ്.എന്നാല്‍, ഇത് വ്യതിയാനങ്ങളുടെ കാലമാണ്. ലോകമാകെ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നതുപോലും  കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ്. അതില്‍ നയം രൂപവത്കരിക്കാന്‍ രാഷ്ട്രത്തലവന്മാരുടെ എത്രയെത്ര ഉച്ചകോടികള്‍ തന്നെ നടന്നു. ഈ വ്യതിയാന കാലത്ത് വേനലില്‍ മഴ പെയ്യും, മഴയില്‍ ചുട്ടുപൊള്ളും, മഴയിലും വേനലിലും മഞ്ഞും പെയ്യും. കേരളത്തിലാണെങ്കില്‍ ഏപ്രിലില്‍ പൂക്കേണ്ട കണിക്കൊന്ന ജനുവരിയിലും വിരിയും.
നയവ്യതിയാനങ്ങളുടെ കാര്യത്തില്‍ സാര്‍വദേശീയ രംഗത്തുതന്നെ എപ്പോഴും ഒരു മൂഴം മുമ്പ് നടന്നിട്ടുള്ളവരാണ് ഇടതുപക്ഷം. അതിന്‍െറ തുടര്‍ച്ചയായി ഇടതിന്‍െറ ശക്തികേന്ദ്രമായ കേരളത്തില്‍ ഓണമൊന്ന് മാറ്റിപ്പിടിച്ച് ഒരു പരീക്ഷണം നടത്തിക്കളയാമെന്ന് സി.പി.എം വിചാരിച്ചാല്‍ അത് തെറ്റൊന്നുമല്ല. അങ്ങനെയാണ് തിരുവോണം രോഹിണി നാളില്‍ ആഘോഷിക്കാന്‍ അവര്‍ തീരുമാനിച്ചത്. മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്ന വിശ്വാസക്കാരായതിനാല്‍ മാറ്റുമ്പോള്‍ സര്‍വത്ര മാറ്റം വേണം. അതിനാല്‍ നാളുമാത്രമല്ല, ഓണവുമായി ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളെയും മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഓണവുമായി ബന്ധപ്പെടുത്തിയുള്ള മഹാവിഷ്ണുവിന്‍െറ വാമനാവതാരത്തിനു പകരം  ശ്രീകൃഷ്ണാവതാരത്തെ തെരഞ്ഞെടുത്തത്. ഒപ്പം വാമനന്‍ ബാലനായതുകൊണ്ട് ആഘോഷച്ചുമതല പാര്‍ട്ടി ബാലന്മാരുടെ സംഘടനയായ ബാലസംഘത്തെ ഏല്‍പിക്കുകയും ചെയ്തു. എന്നാല്‍, കഥാപാത്രം ശ്രീകൃഷ്ണനും ആഘോഷം ശ്രീകൃഷ്ണനാളായ രോഹിണിയിലാവുകയും ചെയ്തതോടെ സി.പി.എം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നുവെന്നായി ആക്ഷേപം. രോഹിണി ശ്രീകൃഷ്ണന്‍െറ നാളാണെന്ന് ബാലസഖാക്കള്‍  മാത്രമല്ല, മൂത്ത സഖാക്കള്‍ പോലും തിരിച്ചറിഞ്ഞത് അന്നുതന്നെ ആര്‍.എസ്.എസിന്‍െറ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചപ്പോഴായിരുന്നു. ഈ സത്യം ആര് വിശ്വസിക്കാന്‍!.അടുത്തകാലത്ത് ആര്‍.എസ്.എസില്‍ നിന്നുവന്ന മുന്‍ സ്വയംസേവകനായ സഖാവുപോലും കണ്ണൂര്‍ സഖാക്കള്‍ക്ക് ഇതൊന്ന് പറഞ്ഞുകൊടുത്തില്ല എന്നതിലാണ് അദ്ഭുതം.
ഇത്തരത്തില്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്‍െറ ‘ഐഡന്‍റിറ്റി’യായാണ് കുറുവടി പരിഗണിക്കപ്പെടുന്നത്. മാസങ്ങള്‍ക്കു മുമ്പ് സി.പി.എം കായിക പരിശീലനം നല്‍കിയപ്പോള്‍ തലകുത്തിമറിയുകയും സര്‍ക്കസ് കാണിക്കുകയും ചെയ്ത സഖാക്കളുടെ കൈയിലുണ്ടായിരുന്നത് ആ കുറുവടിക്ക് സമാനമായ ഒരു വടിയായിരുന്നു. അതിനുമുമ്പ് സഖാക്കള്‍ക്ക് കൈയില്‍ ചരട് കെട്ടി സുഹൃദ്ബന്ധം ഊട്ടിയുറപ്പിച്ചപ്പോള്‍ അതിന് രക്ഷാബന്ധന്‍െറ സാമ്യവുമുണ്ടായിരുന്നു. ഈയടുത്ത കാലത്ത് ഒരു മന്ത്രി വിളക്ക് കത്തിക്കാന്‍ വിസമ്മതിച്ചതിന്‍െറ പിറകേ നടത്തിയ സമരത്തില്‍ പ്രവര്‍ത്തകര്‍ കൈയിലേന്തിയത് ശുഭ്രപതാകക്ക് പകരം തിരിയിട്ട നിലവിളക്കുകളായിരുന്നു. ഇതൊക്കെ ‘യാദൃച്ഛികതകള്‍’ആകാമെങ്കിലും അതിനൊക്കെ ഒരുതരം അനുകരണത്തിന്‍െറ ദുര്‍ഗന്ധവുമുണ്ടായിരുന്നു. നിലവിളക്കുമായി ഇനി സമരം ചെയ്യില്ളെന്നാണ് അന്ന്  യുവനേതാവിന് പ്രസ്താവിക്കേണ്ടി വന്നതെങ്കില്‍ ഇപ്പോള്‍ ശ്രീകൃഷ്ണ ജയന്തിയല്ല ഓണമാണ് തങ്ങള്‍ ആഘോഷിച്ചതെന്ന് പാര്‍ട്ടി സെക്രട്ടറിക്ക് വിശദീകരിക്കുന്നു. അതിനും പുറമേ, ആഘോഷത്തില്‍ നാരായണ ഗുരുവിനെ പ്രതീകാത്മകമായി അവതരിപ്പിച്ചതിന്‍െറ പൊല്ലാപ്പുകള്‍ വേറെയും. ഇത് സി.പി.എമ്മിന്‍െറ മാത്രമല്ല, ഇടതിന്‍െറ  കൂട്ടക്കുഴപ്പമാണെന്നും തോന്നുന്നു. ആത്മീയതയും വിപ്ളവവും ഒന്നിച്ചുപോകില്ളെന്നൊക്കെ  സി.പി.ഐയുടെ കാനം രാജേന്ദ്രന്‍ ഇപ്പോള്‍ ന്യായം അടിക്കുന്നുണ്ട്. എന്നാല്‍, കണക്കു വരുംമുമ്പേ കേരളത്തില്‍ ഭൂരിപക്ഷം ന്യൂനപക്ഷമാവുന്നുവെന്ന്  പറയാന്‍ അദ്ദേഹത്തിന് എന്തൊരു ആവേശമായിരുന്നു.
ഇങ്ങനെ രോഹിണി നാളില്‍ത്തന്നെ തിരുവോണം കൊണ്ടാടാന്‍ പാര്‍ട്ടി ഇറങ്ങിപ്പുറപ്പെട്ടത് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അത് അവര്‍ പാര്‍ട്ടിവിരുദ്ധരായതുകൊണ്ടാവണമെന്നില്ല. സോളാറും ബാറുമൊക്കെ കാലഹരണപ്പെട്ട രാഷ്ട്രീയവിഷയങ്ങളാവുകയും ഇനി ഇടപെടല്‍ വേണ്ടത് സാംസ്കാരിക വിഷയങ്ങളിലാവണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെയുമാവാം. അതിന് ഓണം  രോഹിണിയില്‍ എന്നതു മാത്രമേയുണ്ടായിരുന്നുള്ളോ പാര്‍ട്ടിക്കു മുമ്പില്‍? ഓണം ആഘോഷിക്കുന്ന ചിങ്ങത്തിനുമുമ്പുള്ള കര്‍ക്കടകത്തില്‍ കേരളത്തില്‍ ഒരു സംഭവം നടന്നിരുന്നു. കര്‍ക്കടകമെന്നല്ല രാമായണ മാസമെന്നാണ് ആ മുപ്പതു ദിവസങ്ങള്‍ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണം നടക്കുന്നതിനൊപ്പം ആ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ രാമായണത്തെക്കുറിച്ച് എഴുതപ്പെടാറുമുണ്ട്. അത്തരത്തില്‍ മാതൃഭൂമി പത്രത്തില്‍ ഡോ.എം.എം. ബഷീര്‍ രാമായണത്തെക്കുറിച്ച് എഴുതിത്തുടങ്ങിയ പംക്തി അഞ്ചിന്‍റന്ന് നിര്‍ത്തിവെക്കേണ്ടി വന്നു. വാല്മീകി രാമായണത്തെ അധികരിച്ച് മനുഷ്യനായ രാമനെക്കുറിച്ച് എഴുതിയതാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് പറയുന്നതെങ്കിലും ‘ബഷീര്‍’എന്നയാള്‍ രാമായണത്തെക്കുറിച്ച് എഴുതേണ്ട എന്നുതന്നെയായിരുന്നു ആജ്ഞയെന്ന് വ്യക്തം. വാല്മീകി രാമായണം, അധ്യാത്മ രാമായണം തുടങ്ങി ഏറെ പാഠഭേദങ്ങള്‍ രാമായണത്തിനുണ്ടെന്നു അംഗീകരിക്കാന്‍പോലും അവര്‍ തയാറല്ലായിരുന്നു. പ്രതിഷേധമുയര്‍ത്തിയത് മുഖ്യധാരാ ഹിന്ദുത്വ സംഘടനകള്‍ ഒന്നുമായിരുന്നില്ലാതിരുന്നിട്ടും അദ്ദേഹത്തിന് തുടര്‍ന്നെഴുതാനായില്ല. വെട്ടം മാണി പുരാണ നിഘണ്ടു എഴുതിയ ഈ കേരളത്തിലാണിതെന്ന് ഓര്‍ക്കണം. നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കേണ്ടി വന്നവരെക്കുറിച്ചുള്ള ഉത്കണ്ഠ ആവശ്യം തന്നെ. എന്നാല്‍, അതിനൊപ്പമോ  ശ്രീകൃഷ്ണ ജയന്തിക്ക്  കാട്ടിയ ആവേശമോ  എം.എം. ബഷീറിനു വേണ്ടിയുള്ള ഒരു സാംസ്കാരിക ഇടപെടലിന് പാര്‍ട്ടിയില്‍നിന്ന് കണ്ടതുമില്ല. കൃഷ്ണനാവാമെങ്കില്‍ സി.പി.എമ്മിന് രാമനുമാവാം.
ഇത്തരത്തിലുള്ള സാംസ്കാരിക  ഇടപെടലുകളാണ് ജൈവകൃഷിക്കും സാന്ത്വന പരിചരണത്തിനുമൊപ്പം പാര്‍ട്ടി നടത്തിയിരുന്നതെങ്കില്‍,  ശ്രീനാരായണ ദര്‍ശനങ്ങളെ  വികലമാക്കുന്നതിനെ പ്രതീകാത്മകമായി ചിത്രീകരിച്ചതിനെതിരെ ഉയര്‍ന്ന  പ്രതിഷേധത്തെ ഇത്ര ഭയത്തോടെ സി.പി.എമ്മിന്  പ്രതിരോധിക്കേണ്ടി വരുമായിരുന്നില്ല-ആ പ്രതിഷേധം ആസൂത്രിതമെന്നതുകൊണ്ട് പ്രത്യേകിച്ചും.  ഗുരുവിനെക്കുറിച്ച നിശ്ചലദൃശ്യം മാത്രം പ്രശ്നമാവുകയും പ്രതിമ തകര്‍ക്കല്‍ വിഷയമല്ലാതാവുകയും ചെയ്യുമ്പോള്‍ തെളിയുന്നത് ആസൂത്രിത നീക്കം അല്ലാതെ വേറെയെന്താണ്.
‘അനുകരണം ആപത്ത്’എന്നത് പൊതു തത്ത്വമാണ്. നമ്മുടെ നാട്ടില്‍ പണ്ട് ഇത്തരം ‘ഡ്യൂപ്ളിക്കേറ്റ്’ ഉല്‍പന്നങ്ങളെ വിശേഷിപ്പിച്ചിരുന്നത് കുന്നംകുളം മോഡല്‍ എന്നായിരുന്നു. ഇപ്പോഴും തൃശൂര്‍ ജില്ലയില്‍ കുന്നംകുളം എന്ന സ്ഥലമുണ്ടെങ്കിലും അവിടത്തെ അനുകരണ ഉല്‍പന്ന വ്യവസായം കുറ്റിയറ്റുപോയി. സ്വന്തം അസ്തിത്വത്തിലല്ലാതെ അനുകരണത്തില്‍ ഒന്നിനും നിലനില്‍ക്കാന്‍ കഴിയില്ളെന്നതിനു തെളിവാണ് ഡ്യൂപ്ളിക്കേറ്റ് അച്ഛനെയും അമ്മയെയുംപോലും കിട്ടുമെന്ന് പറഞ്ഞിരുന്ന കുന്നംകുളം നല്‍കുന്ന പാഠം. അത് മനുഷ്യര്‍ക്കും വ്യവസായത്തിനും മാത്രമല്ല, പാര്‍ട്ടികള്‍ക്കും ബാധകമാണ്.
 

Show Full Article
TAGS:
Next Story