Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുല്ലപ്പെരിയാര്‍:...

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് ആവശ്യമില്ല

text_fields
bookmark_border
മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് ആവശ്യമില്ല
cancel

എല്ലാ മണ്‍സൂണ്‍ കാലത്തുമെന്നപോലെ ഇത്തവണയും മുല്ലപ്പെരിയാര്‍ വാര്‍ത്തയില്‍ നിറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനാനുമതി റദ്ദാക്കിയ വാര്‍ത്തയാണ് ഇത്തവണ വന്നത്. സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ പഠനാനുമതി നല്‍കാനാവില്ലന്ന നിലപാട് അവര്‍ സ്വീകരിച്ചു.

100 വര്‍ഷത്തിലേറെ പഴക്കമുള്ളതും ‘ദുര്‍ബലവുമായ’ ഇപ്പോഴത്തെ അണക്കെട്ടിന് പകരം കൂടുതല്‍ സുരക്ഷിതവും ശാസ്ത്രീയവുമായ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. തമിഴ്നാടിന് വെള്ളം എത്രവേണമെങ്കിലും നല്‍കാം, അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കണം എന്നാണ് കേരളം വാദിക്കുന്നത്. തമിഴ്നാടാകട്ടെ, അതിന് വഴങ്ങുന്നില്ല. പുതിയ അണക്കെട്ട് അനുവദിച്ചാല്‍ അതിന്മേലുള്ള അവകാശം തമിഴ്നാടിനായിരിക്കണമെന്ന ആവശ്യം അവര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്‍െറ പണി പൂര്‍ണമായും ഏറ്റെടുത്തു നടത്താന്‍ സംസ്ഥാനം തയാറാണെന്ന് കേരളവും അറിയിച്ചു. ഇതിനിടയിലാണ് അണക്കെട്ട് നിര്‍മാണത്തിന്‍െറ പ്രാഥമിക നടപടിയെന്ന നിലയില്‍ പരിസ്ഥിതി ആഘാതപഠനത്തിന് അനുമതി തേടി കേരളം ദേശീയ വനം വന്യജീവി ബോര്‍ഡിനെ സമീപിച്ചത്.

അണക്കെട്ടിന്‍െറ രാഷ്ട്രീയം

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്‍െറ കാതല്‍ അണക്കെട്ടല്ല. അത് ആര് നിര്‍മിക്കും, അതിന്മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്നതാണ്. വെള്ളം മാത്രമാണ്  പ്രശ്നമെങ്കില്‍ തമിഴ്നാടിന് അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കാവുന്നതേയുള്ളൂ. സുരക്ഷയാണ് പ്രശ്നമെങ്കില്‍ തമിഴ്നാട് ബലമുള്ള അണക്കെട്ട് നിര്‍മിക്കട്ടെ എന്ന് കേരളത്തിനും സമ്മതിക്കാം. രണ്ടും നടപ്പില്ല.

മുല്ലപ്പെരിയാര്‍ പ്രദേശത്ത്  8100 ഏക്കര്‍ ഭൂമി തമിഴ്നാട് പാട്ടത്തിനുപയോഗിക്കുന്നുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍െറ മര്‍മപ്രധാന കേന്ദ്രമായ ഈ പ്രദേശത്ത് വനം നശിപ്പിച്ചുകൊണ്ട് തമിഴ്നാട് റോഡ് ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ വനംവകുപ്പിന്‍െറ പരാതിയും നിലവിലുണ്ട്.

നിലവിലുള്ള കരാര്‍ റദ്ദ് ചെയ്ത് പുതിയ അണക്കെട്ടുവന്നാല്‍ തമിഴ്നാട് ഈ പ്രദേശത്തുനിന്നും പിന്മാറേണ്ടിവരും. കരാറില്‍ പിടിമുറുക്കിക്കൊണ്ട് തമിഴ്നാട് ഈ പ്രദേശത്ത് സ്വതന്ത്ര ഭരണം നടത്തുകയാണ്. കേരളം രൂപംകൊണ്ട ശേഷം കഴിഞ്ഞ അറുപത് വര്‍ഷവും നിസ്സഹായരായി നോക്കിനില്‍ക്കാനേ വിവിധ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. കരാര്‍ റദ്ദ് ചെയ്തുകൊണ്ട് പ്രദേശത്തിന്‍െറ ഭരണം തിരികെപിടിക്കുന്നതിനുള്ള കേരളത്തിന്‍െറ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

കരാറിന്‍െറ പിന്‍ബലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും 150 ചതുരശ്ര അടി വിസ്തീര്‍ണവും 5220 അടി നീളവുമുള്ള തുരങ്കത്തിലൂടെ കേരള അതിര്‍ത്തിവരെയും 5600 അടി നീളമുള്ള തുറന്ന കനാലിലൂടെ തമിഴ് താഴ്വരയിലേക്കും തമിഴ്നാട് യഥേഷ്ടം വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇതിനെ സംബന്ധിച്ച് കൃത്യമായി കണക്കുകളോ രേഖകളോ കേരളത്തിന് ലഭ്യമല്ല. മുല്ലപ്പെരിയാര്‍ മേഖലയിലെ മഴയുടെ ലഭ്യത, ഡാമിന്‍െറ ജലവിതാനം, വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനും കുടിവെള്ളത്തിനുമുപയോഗിക്കുന്ന ജലത്തിന്‍െറ അളവ് തുടങ്ങി നിരവധി അടിസ്ഥാന സാങ്കേതിക വിവരങ്ങള്‍ മുടക്കം കൂടാതെ കേരളത്തെ അറിയിക്കണമെന്നാണ് വ്യവസ്ഥ. തമിഴ്നാട് അതൊരിക്കലും പാലിച്ചിട്ടില്ളെന്നുമാത്രമല്ല, അണക്കെട്ട് പ്രദേശത്ത് സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പലപ്പോഴും കേരളത്തെ അനുവദിക്കാറുമില്ല.

പുതിയ അണക്കെട്ടിന് അനുമതി ലഭിക്കുന്നതോടെ നിലവിലുള്ള കരാര്‍ റദ്ദു ചെയ്യപ്പെടും. തമിഴ്നാടിന് മുല്ലപ്പെരിയാര്‍ പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകേണ്ടിവരും. അങ്ങനെ പ്രദേശത്തിന്‍െറ പരമാധികാരം കേരളത്തിന് തിരികെ കിട്ടും. ഈ കെണി മനസ്സിലായതുകൊണ്ടാണ് അണക്കെട്ട് നിര്‍മാണത്തിനുള്ള അധികാരം തമിഴ്നാടിന് ലഭിക്കണമെന്ന വാദം അവരും ഉന്നയിക്കുന്നത്.

ഭീതിവ്യവസായം

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന ഭീതി ഓരോ വര്‍ഷകാലത്തും ആവര്‍ത്തിക്കുന്നു. ഇടുക്കിയിലെ പത്തു പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം മനുഷ്യരാണ് ഭയത്തിന്‍െറ മുനമ്പില്‍ കഴിയുന്നത്. ഇടുക്കിക്ക് താഴേക്ക് മൂന്നു ജില്ലകളും. അണക്കെട്ട് തകര്‍ന്നാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്കുനിലക്കും. തമിഴകത്തെ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം മനുഷ്യരുടെ കുടിനീര്‍ നിലക്കും. കൃഷിയും ആടുമാടുകളും മനുഷ്യരും വെള്ളംകിട്ടാതെ മരിക്കും. അതായത് മലയുടെ ഒരു ഭാഗം വെള്ളത്തിനടിപ്പെട്ടുമരിക്കും, മറുഭാഗം വെള്ളം കിട്ടാതെ മരിക്കും. ഈ മരണഭീതിക്കുമുകളിലാണ് പുതിയ അണക്കെട്ട് എന്ന ആശയം കെട്ടിപ്പൊക്കിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ എന്നല്ല ഒരു ഡാമിന്‍െറയും സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും നല്‍കാനാവില്ല. വലിയ ഭൂകമ്പമുണ്ടായാല്‍ എല്ലാം തകരാം. ഭൂകമ്പം എപ്പോള്‍ ഏതളവില്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല.  ഭ്രംശമേഖലയും ഭൂകമ്പ സാധ്യതാമേഖലയുമാണ് ഈ പ്രദേശം. ഇപ്പോഴുള്ള അണക്കെട്ടിന്‍െറ കേവലം 300 മീറ്റര്‍ താഴെ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ട് അങ്ങനെയെങ്കില്‍ എന്ത് സുരക്ഷയാണ് നല്‍കുന്നത്. ഇരുപതിലധികം അണക്കെട്ടുകളാണ് ഇടുക്കിയിലുള്ളത്. ഇടുക്കി ജലസംഭരണി ഉള്‍പ്പെടെ, കുളമാവ്, ചെറുതോണി അണക്കെട്ടുകളുടെ കാര്യത്തിലും എന്ത് സുരക്ഷയാണ് ഉറപ്പുനല്‍കാന്‍ കഴിയുക.

അണക്കെട്ട് പരിഹാരമല്ല

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമീഷന്‍ ചെയ്യണം. ലോകത്തില്‍ ഏറ്റവുമധികം അണക്കെട്ടുകള്‍ നിര്‍മിക്കുന്ന അമേരിക്ക ആയിരത്തിലേറെ അണക്കെട്ടുകള്‍ ഡീ കമീഷന്‍ ചെയ്തു കഴിഞ്ഞു. സുരക്ഷമാത്രമല്ല, പുഴകളുടെ നീരൊഴുക്ക് തിരിച്ചുപിടിക്കാനും മല്‍സ്യ ഇതര ജലജീവികളുടെ വംശനാശം തടയാനും പാരിസ്ഥിതിക സന്തുലനം തിരിച്ചുപിടിക്കാനുമാണ് അണക്കെട്ടുകള്‍ ഡീ കമീഷന്‍ ചെയ്യുന്നത്.

പുതിയ അണക്കെട്ട് നിര്‍മിക്കാതെ തമിഴ്നാടിന് വെള്ളം കൊടുക്കാന്‍ കഴിയും. ഹ്രസ്വ-ദീര്‍ഘകാല പദ്ധതിയിലൂടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സംഭരണശേഷി കുറച്ച്, ജലം തിരിച്ചുവിടാനുള്ള തടയണയാക്കി മാറ്റാനാവുമെന്നാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ പ്രഫസറായ ഡോ. ജനകരാജന്‍ പറയുന്നത്.  ‘ജലനിരപ്പ് 120 അടിയാക്കി കുറക്കണം. അതോടെ മുല്ലപ്പെരിയാര്‍ ഒരു വലിയജലസംഭരണി അല്ലാതാകും. വലിയൊരുഭാഗം വനപ്രദേശം വെള്ളത്തിനടിയില്‍നിന്ന് സ്വതന്ത്രമാകും. 105-106 അടിയില്‍നിന്ന് ജലം തിരിച്ചുവിടാന്‍ ഇപ്പോള്‍ തന്നെ തമിഴ്നാടിന് കഴിയുന്നുണ്ട്. അതവര്‍ തുടരണം. ഈ ജലം വൈഗ അണക്കെട്ടിലും ജലസംഭരണികളുടെ ഒരു ശൃംഖല നിര്‍മിച്ച് അവയിലും സംഭരിക്കണം. ജലസംഭരണികളുടെ ശ്രേണി നിര്‍മിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ദോഷം കുറക്കാനുള്ള പഠനങ്ങള്‍ തമിഴ്നാട്ടില്‍ നടക്കണം. അതോടെ മുല്ലപ്പെരിയാര്‍ ജലം തിരിച്ചുവിടാനുള്ള ഒരു തടയണ മാത്രമാകും.’

 തെക്കുകിഴക്കന്‍ കാലവര്‍ഷം ശക്തമാകുന്ന കാലത്ത് തമിഴ്നാട്ടില്‍ മഴയില്ലാക്കാലമാണ്. ആ സമയത്താണ് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാറിന്‍െറ  സംഭരണ ശേഷി കുറക്കുന്നത് തമിഴ്നാടിന്‍െറ ജല ലഭ്യതയെ ബാധിക്കില്ല. മാത്രവുമല്ല, തമിഴ്നാട്ടില്‍ മഴ ലഭിക്കുന്ന വടക്കുകിഴക്കന്‍ കാലവര്‍ഷക്കാലത്ത് അവര്‍ കുറഞ്ഞ അളവിലാണ് ജലമെടുക്കുന്നത്. ഇക്കാലത്ത്  അണക്കെട്ടിന് താഴേക്ക് ഒഴുകാന്‍ വിട്ടാല്‍ മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെയെങ്കിലും പുഴക്ക് സ്വാഭാവികമായി ഒഴുകാനാവും. 120 വര്‍ഷമായി ജലമൊഴുക്ക് നിലച്ച പ്രദേശം ജൈവപ്രകൃതിയിലേക്ക് തിരിച്ചുവന്നേക്കാം. ഒരു ജൈവപ്രകൃതിയെ നിലനിര്‍ത്തുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനുമുള്ള ഇടപെടലാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആവശ്യം.

Show Full Article
TAGS:
Next Story