Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപള്ളികളിലെ ഉച്ചഭാഷിണി: ...

പള്ളികളിലെ ഉച്ചഭാഷിണി: ശ്രദ്ധേയമായ നിര്‍ദേശം

text_fields
bookmark_border
പള്ളികളിലെ ഉച്ചഭാഷിണി: ശ്രദ്ധേയമായ നിര്‍ദേശം
cancel

പള്ളികളിലെ ഉച്ചഭാഷിണി ബാങ്ക് വിളിക്കാനും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്തിരിക്കുന്നു. നാടിന്‍െറ സൗഹാര്‍ദാന്തരീക്ഷത്തിന് കോട്ടംതട്ടുന്ന വിധത്തിലുള്ള പ്രവര്‍ത്തനം വിശ്വാസികളില്‍നിന്നുണ്ടാകരുതെന്നും മഹല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജാഗ്രതയോടെയും സമാധാനത്തോടെയും കൈകാര്യം ചെയ്യണമെന്നും യോഗം ആഹ്വാനംചെയ്തു.
സമകാലിക കേരളീയ സാഹചര്യത്തില്‍ ഏറെ പ്രസക്തവും പ്രധാനവും പ്രയോഗവത്കരിക്കേണ്ടതുമായ നിര്‍ദേശങ്ങളാണ് ഇതെല്ലാം. ജനങ്ങള്‍ക്ക് നന്മയും അനുഗ്രഹവുമായി മാറേണ്ട മതമിന്ന് ശാപവും ശല്യവുമായിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ സൈ്വരവും സമാധാനവും സൗഹൃദവും സഹിഷ്ണുതയും വളര്‍ത്തേണ്ട മതം കുഴപ്പങ്ങള്‍ക്കും കലാപങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമാണ് ചിലപ്പോഴെങ്കിലും കാരണമായിത്തീരുന്നത്. എപ്പോഴും ഇതിനു വഴിവെക്കാറുള്ളത് മതം തെരുവുകളില്‍ ശക്തിപ്രകടനം നടത്തുന്നതാണെന്ന് നമ്മുടെ രാജ്യത്തെ ഇന്നോളമുള്ള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മതത്തിന്‍െറ പേരിലുള്ള ഘോഷയാത്രകളും എഴുന്നള്ളലുകളും മറ്റുമാണ് പലപ്പോഴും കുഴപ്പങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കാരണമാകാറുള്ളത്.
ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് അനുഗ്രഹമാകേണ്ടവയാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ പള്ളികള്‍ സാംസ്കാരിക കേന്ദ്രങ്ങളാണ്. ജാതി, മത ഭേദമന്യേ പ്രദേശത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ഗുണകരവും ആശ്വാസമേകുന്നവയും നിര്‍ഭയത്വം നല്‍കുന്നവയുമായിരിക്കണം അവ.
എന്നാലിന്ന് ആരാധനാലയങ്ങള്‍ പ്രദേശവാസികള്‍ക്ക് ശല്യവും ശാപവുമാവുകയാണ്. പള്ളികളും അമ്പലങ്ങളും ചര്‍ച്ചുകളുമൊക്കെ ഏറിയോ കുറഞ്ഞോ ഇതില്‍ പങ്കുവഹിക്കുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിംകള്‍ മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകുമാറ് ഉച്ചഭാഷിണിയുടെ ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന നിര്‍ദേശം പ്രസക്തമാകുന്നത്.  
പള്ളികളില്‍നിന്ന് അഞ്ചുനേരം ബാങ്ക് വിളിക്കുന്നത് ജാതി, മതഭേദമന്യേ എല്ലാവര്‍ക്കും സമയമറിയാന്‍ നല്ലതാണ്. എന്നാല്‍, ഒരേ പ്രദേശത്തെ വിവിധ പള്ളികളില്‍നിന്ന് വ്യത്യസ്ത സമയങ്ങളില്‍ ബാങ്ക് വിളിക്കുന്നത് പ്രദേശത്തെ മുസ്ലിംകളുള്‍പ്പെടെ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. മുസ്ലിംകളല്ലാത്ത ചിലരെങ്കിലും അല്ലാഹുവിന്‍െറയും പ്രവാചകന്‍െറയുമൊക്കെ പേരോ മഹത്ത്വപ്രകീര്‍ത്തനമോ കേള്‍ക്കുമ്പോള്‍ ഏറെ പ്രയാസമനുഭവിക്കുകയും അതിനെ മനസാ വെറുക്കുകയും ശപിക്കുകയുമാണ് ചെയ്യുക. ഇങ്ങനെ സംഭവിക്കാനിടവരുത്തുന്നത് അഭികാമ്യമോ ആശാസ്യമോ അല്ളെന്ന് പറയേണ്ടതില്ലല്ളോ.
ബാങ്കിന്‍െറ സമയത്തില്‍ പ്രഭാതത്തിലും പ്രദോഷത്തിലും നാലും അഞ്ചും മിനിറ്റുകളുടെ വ്യത്യാസമുണ്ട്. ഇതൊഴിവാക്കി സമയം ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട്ട് എം.എസ്.എസിന്‍െറ ആഭിമുഖ്യത്തില്‍ മൂന്നുനാലുതവണ വിവിധ മതസംഘടനകളിലെ പണ്ഡിതര്‍ ചര്‍ച്ചനടത്തുകയുണ്ടായി. എങ്കിലും യോജിച്ച തീരുമാനത്തിലത്തൊന്‍ സാധിച്ചില്ല. അത് വിജയിച്ചാലും ഇല്ളെങ്കിലും ഒരുപ്രദേശത്ത് ഒരൊറ്റ പള്ളിയില്‍നിന്നു മാത്രം ഉച്ചഭാഷിണിയില്‍ ബാങ്കുകൊടുക്കുക; മറ്റു പള്ളികളില്‍നിന്ന് ഉച്ചഭാഷിണിയില്ലാതെയും അതു നിര്‍വഹിക്കുക. എങ്കില്‍ അത് മുസ്ലിംകളുള്‍പ്പെടെ എല്ലാവര്‍ക്കും ഗുണകരമായിരിക്കും. ശബ്ദശല്യത്തില്‍നിന്ന് എല്ലാവര്‍ക്കും മോചനമേകും.
ബാങ്ക് ഒഴിച്ചുള്ളവയെല്ലാം പള്ളിക്കുള്ളില്‍ മാത്രം കേള്‍ക്കുംവിധം നടത്തിയാല്‍മതി. ജുമുഅപ്രഭാഷണമായാലും മറ്റു പ്രസംഗങ്ങളോ സ്റ്റഡി ക്ളാസുകളോ ഖുര്‍ആന്‍ പാരായണമോ പ്രാര്‍ഥനകളോ കീര്‍ത്തനങ്ങളോ എന്തായാലും അവക്കൊന്നും ഉച്ചഭാഷിണികളുപയോഗിക്കുകയില്ളെന്ന് എല്ലാ പള്ളി ഭാരവാഹികളും നടത്തിപ്പുകാരും തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇന്ന് പല പള്ളികളിലും പ്രഭാതത്തിനുമുമ്പേ ഉച്ചഭാഷിണിയിലൂടെ ഖുര്‍ആന്‍ പാരായണം നടത്തുന്നു. ഒരു ബഹുസ്വര സമൂഹത്തില്‍ ഇതൊക്കെ എത്രമാത്രം ദ്രോഹകരവും അപകടകരവുമാണെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നില്ല. പരിസരത്ത് ഉറങ്ങുന്നവര്‍ക്കെല്ലാം ശല്യമാകുന്നതിനാല്‍ അവര്‍ ഖുര്‍ആനെ ശപിക്കുകയും പള്ളിയെയും അതിന്‍െറ ആള്‍ക്കാരായ മുസ്ലിംകളെയും വെറുക്കുകയും ചെയ്യുന്നു. ഇപ്രകാരംതന്നെ പ്രസംഗങ്ങളും പ്രാര്‍ഥനകളും മറ്റും പള്ളിക്ക് പുറത്തേക്ക് ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഓഫിസില്‍ ജോലിചെയ്യുന്നവര്‍ക്കും പരിസരങ്ങളിലെ വീട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ശല്യവും സൈ്വരക്കേടുമായി മാറുന്നു.
ബാങ്ക് മനോഹരമായ സ്വരത്തിലും ആകര്‍ഷകമായ ശബ്ദത്തിലുമാണെങ്കില്‍ അത് എല്ലാവര്‍ക്കും ആസ്വാദ്യകരമായിരിക്കും. വിശ്വാസികള്‍ക്കു മാത്രമല്ല, അവിശ്വാസികള്‍ക്കും അത് ഏറെ ഹൃദ്യമായി അനുഭവപ്പെടും. അല്‍പസമയം മാത്രമേ അതുണ്ടാവുകയുള്ളൂ. ഒരു പ്രദേശത്ത് ഒരൊറ്റ പള്ളിയില്‍നിന്നായിരിക്കണമെന്നു മാത്രം.
തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകന്‍ പൊന്ന്യത്തെ രാമകൃഷ്ണന്‍െറ ആത്മഹത്യയെക്കുറിച്ച് എഴുതവെ അതു നടന്നതിന്‍െറ പിറ്റേന്നാളത്തെ അനുഭവം എ. സോമന്‍ ഇങ്ങനെ കുറിച്ചിട്ടു:
‘അല്ലാഹു അക്ബര്‍... ഞാനുണര്‍ന്നു.  അടുത്തപള്ളിയിലെ ബാങ്കുവിളി കേട്ടുകൊണ്ട്. ആ സ്വരത്തിലെ അഭൗമധാര പൊടുന്നനെ എന്നെ സ്വസ്ഥചിത്തനാക്കി. ആത്മഹത്യക്കും അതിജീവനത്തിനുമിടയില്‍ ആ ദൈവസ്തുതിയിലടങ്ങിയ തരളത, പിറന്നതും പിറക്കാനിരിക്കുന്നതുമായ മഹാകാലത്തിന്‍െറ ഓര്‍മകള്‍ ചുരത്തി എന്നില്‍. പിന്നീട് ഏറെക്കാലം എന്നില്‍ ഘനീഭൂതമായിക്കിടന്നു ആ ബാങ്കുവിളി. പല ആപദ്ഘട്ടങ്ങളിലും സൈ്വരം നശിക്കുമ്പോള്‍ എന്‍െറ ഉപബോധം എനിക്കയക്കാറുള്ള സന്ദേശം.’
മഹല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ജാഗ്രതയോടെയും സമാധാനത്തോടെയും കൈകാര്യംചെയ്യണമെന്ന സുന്നി മഹല്ല് ഫെഡറേഷന്‍െറ ആഹ്വാനത്തിനും  വലിയ പ്രാധാന്യമുണ്ട്. ഒരേ മഹല്ലില്‍തന്നെ താമസക്കാരായി വ്യത്യസ്ത മത സംഘടനകളിലെ ആളുകളുണ്ടായിരിക്കെ വിവാഹം, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഈ നിര്‍ദേശം ഗുണകരമായിരിക്കും. പള്ളിയുമായി സഹകരിക്കുന്ന വ്യത്യസ്ത സംഘടനകളിലെ ആളുകള്‍ക്ക് വിവാഹവും മരണാനന്തര കര്‍മങ്ങളും മറ്റും തങ്ങളുടെ വിശ്വാസ വീക്ഷണമനുസരിച്ച് നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യവും അനുവാദവും നല്‍കുന്ന വിശാലമായ സമീപനമായിരിക്കണം മഹല്ല് ഭാരവാഹികളും നടത്തിപ്പുകാരും സ്വീകരിക്കുന്നത്. എങ്കില്‍ മുസ്ലിം സമുദായത്തിന്‍െറ ആഭ്യന്തരരംഗത്ത് അത് ഏറെ ആരോഗ്യകരമായ അവസ്ഥക്കും പരസ്പര ബന്ധത്തിനും വഴിയൊരുക്കും.
 

Show Full Article
TAGS:
Next Story