Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൃഷ്ണാഷ്ടമിയും...

കൃഷ്ണാഷ്ടമിയും ഓണാഘോഷവും

text_fields
bookmark_border
കൃഷ്ണാഷ്ടമിയും ഓണാഘോഷവും
cancel

സെപ്റ്റംബര്‍ അഞ്ച് മദര്‍ തെരേസയുടെ ചരമദിനമായിരുന്നു. അന്നുതന്നെയാണ് ദേശീയ അധ്യാപക ദിനവും. ഓരോ വര്‍ഷവും ഈ ദിനംതന്നെയാണ് ഇവ രണ്ടും ആചരിക്കപ്പെടുന്നത്. പക്ഷേ, സംഭവിച്ചത് അധ്യാപക ദിനവും മദര്‍ തെരേസയുടെ ചരമദിനവും സി.പി.എമ്മിന് ശ്രീകൃഷ്ണ ജയന്തിയായി. ശ്രീകൃഷ്ണ ജയന്തിക്ക് നിശ്ചിത തീയതിയില്ല. അത്  ഓരോവര്‍ഷവും അഷ്ടമിയും രോഹിണിയും ചേര്‍ന്നുവരുന്ന ദിനത്തിലാണ് ആഘോഷിക്കുക. അതിന്‍െറ കുത്തകാവകാശം ഏറെക്കാലമായി കേരളത്തില്‍ സംഘ്പരിവാറിന്‍േറതായാണ് കണക്കാക്കിയിരുന്നത്. ബാലഗോകുലത്തിന്‍െറ പേരില്‍ കുഞ്ഞുങ്ങളുടെ ഘോഷയാത്രകളും ശോഭായാത്രകളും തെരുവുകളില്‍ അരങ്ങേറും.  തെരുവുകളെല്ലാം പീതാംബരധാരിയായ ഉണ്ണിക്കണ്ണന്മാരാല്‍ നിറയും. ആര്‍.എസ്.എസ് അംഗീകരിച്ചതല്ളെങ്കിലും കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ആര്‍.എസ്.എസിന്‍െറ ആഘോഷമായാണ് കരുതപ്പെടുന്നത്.
ആര്‍.എസ്.എസ് അംഗീകരിച്ച ആറ് ആഘോഷങ്ങളാണ് ദേശീയതലത്തിലുള്ളത്. രക്ഷാബന്ധന്‍, ഹിന്ദു സാമ്രാജ്യത്വ ദിനം, വിജയദശമി, ഗുരുപൂര്‍ണിമ, മകരസംക്രാന്തി, ശകവര്‍ഷാരംഭ ദിനത്തില്‍ ‘വര്‍ഷപ്രതിബധ’ എന്നിവയാണവ.  എന്നാല്‍, ഇതിനുപുറമേ കേരളത്തില്‍ അവരുടെ നേതൃത്വത്തിലുള്ള ബാലഗോകുലത്തിന്‍െറ മേല്‍നോട്ടത്തിലാണ് കൃഷ്ണാഷ്ടമിയും ആഘോഷിക്കാറുള്ളത്. സി.പി.എം ഇതിനെ ഈവിധത്തിലാണ് എക്കാലവും കണ്ടിട്ടുള്ളത്. പലപ്പോഴും ആഘോഷത്തിന്‍െറ ഭാഗമായി ചില പ്രശ്നങ്ങളുണ്ടാകുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു അവര്‍. വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെ വിമര്‍ശിക്കുമ്പോള്‍തന്നെ ആചാരങ്ങളെ അനുവദിക്കുകയും അതിരുവിടുമ്പോള്‍ ഇടപെടുകയും ചെയ്യുന്ന മതേതര, ജനാധിപത്യ രീതിയാണ് സി.പി.എം എക്കാലത്തും സ്വീകരിച്ചിരുന്നത്.  സി.പി.എമ്മിന്‍െറ ഈ ഇടപെടലുകള്‍ കേരളത്തിലെ മതസൗഹാര്‍ദത്തിന് ഏറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. വിശ്വാസികളെ അവരവരുടെ മതങ്ങളില്‍ തുടരാനും ആചാരങ്ങള്‍ക്ക് സംരക്ഷണംനല്‍കാനും പിന്തുണനല്‍കിയ നേതൃത്വമാണ് സി.പി.എമ്മിന് ഉണ്ടായിരുന്നതെങ്കിലും അതിനെയൊക്ക മാര്‍ക്സിസ്റ്റ് വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് വിമര്‍ശിക്കാനും അവര്‍ മടിച്ചിരുന്നില്ല. അവസാനത്തെ ആരാധനാലയവും നശിക്കുമ്പോഴേ കേരളം രക്ഷപ്പെടുകയുള്ളൂവെന്ന് കരുതിയിരുന്ന ഇ.എം.എസും ഭഗവാന് എന്തിന് പാറാവെന്ന് ചോദിച്ച ഇ.കെ. നായനാരും നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ദൈവവിശ്വാസത്തിനും എതിരായിരുന്നു.
 കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വത്തില്‍ വന്നതുകൊണ്ടാണോ എന്നറിയില്ല, ഇക്കുറി സി.പി.എമ്മിന്‍െറ ബാലകൃഷ്ണന്മാരും അഷ്ടമി രോഹിണിക്ക് തെരുവിലിറങ്ങി. നാടെങ്ങും ജന്മാഷ്ടമി ആഘോഷം. ഒരുഭാഗത്ത് ബാലഗോകുലവും മറുഭാഗത്ത് സി.പി.എം കമ്മിറ്റികളും മത്സരിച്ചു. കൃഷ്ണന്‍െറ വിപ്ളവാഭിവാദ്യങ്ങള്‍ മുഴങ്ങുന്ന പോസ്റ്ററുകളും ഫ്ളക്സുകളും മുന്‍കാല നേതാക്കളെ  ലജ്ജിപ്പിച്ചുകൊണ്ട് മാര്‍ക്സിസം-ലെനിനിസത്തെ നാണിപ്പിച്ചുകൊണ്ട് അരങ്ങേറി. ശ്രീകൃഷ്ണന്‍ അമ്മാവനായ കംസനെ കൊന്നത് ഫ്യൂഡലിസത്തിനെതിരായ സമരമായിവരെ ചിത്രീകരിക്കപ്പെട്ടു. പാര്‍ട്ടിയുടെ വിശ്വാസപ്രമാണങ്ങളില്‍ അടിയുറച്ച പഴയ അണികളെ അമ്പരപ്പിച്ച ഈ പ്രവൃത്തി വിവാദമായപ്പോള്‍ നേതൃത്വം നല്‍കിയ വിശദീകരണമായിരുന്നു ഏറെ വിചിത്രം. നടന്നത് ഓണാഘോഷമായിരുന്നത്രെ.
ലോകമറിയുന്ന  കരുത്തുറ്റ സാമൂഹിക പരിഷ്കര്‍ത്താവാണ് ശ്രീനാരായണ ഗുരു. വിഗ്രഹപൂജക്കെതിരെ പ്രതീകാത്മകമായ സമരങ്ങള്‍ കാഴ്ചവെച്ച ആ മഹാനുഭാവനെയും വെറുതെവിട്ടില്ല. അദ്ദേഹത്തെയും വിഗ്രഹവും ടാബ്ളോയും ഫ്ളോട്ടുമാക്കി. ചിലയിടത്ത് കുരിശിലും ത്രിശൂലത്തിലും തറച്ച് അവതരിപ്പിച്ചത് ശ്രീനാരായണീയരുടെ അപ്രീതിക്കു കാരണമായി. ശ്രീനാരായണീയരില്‍ വലിയൊരു വിഭാഗം സി.പി.എമ്മിന്‍െറ അനുഭാവികളായുണ്ടെന്ന കാര്യംപോലും  പാര്‍ട്ടി നേതൃത്വം വിസ്മരിച്ചുകളഞ്ഞു. ഓണാഘോഷമായിരുന്നുവെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഗുരുവിനെ അവതരിപ്പിച്ചത് അദ്ദേഹത്തിന്‍െറ ജന്മദിനം കഴിഞ്ഞതിനാലാണത്രെ. കൃഷ്ണജയന്തിയായതിനാല്‍ കൃഷ്ണന്മാരും അവതരിച്ചുവത്രെ. അപ്പോള്‍,  അധ്യാപക ദിനവും മദര്‍ തെരേസയുടെ ചരമദിനവും നേതൃത്വം വിസ്മരിച്ചതെന്തേ? അവകൂടി ചേര്‍ന്നിരുന്നെങ്കില്‍  ഒരു മതേതര ഓണാഘോഷമാക്കി പിടിച്ചുനില്‍ക്കാന്‍ നേതൃത്വത്തിനാകുമായിരുന്നു.  
പാര്‍ട്ടിക്ക് എന്താണു പറ്റിയതെന്ന് പാര്‍ട്ടി നേതൃത്വംതന്നെ ചിന്തിക്കേണ്ട സന്ദിഗ്ധാവസ്ഥയാണ് ഇവിടെ പ്രകടമാകുന്നത്. ലക്ഷ്യം തെറ്റുന്ന ഏതു പ്രസ്ഥാനത്തിനും ഇങ്ങനെ സംഭവിക്കും. പാര്‍ട്ടി ഓണമാഘോഷിച്ചെങ്കില്‍ ഇനിവരുന്ന നബിദിനവും ക്രിസ്മസും ആഘോഷിക്കാന്‍ നേതൃത്വം ബാധ്യസ്ഥമാകുകയാണ്.  വരുംനാളുകളില്‍ മതപരമായ എല്ലാ ആഘോഷങ്ങള്‍ക്കും സി.പി.എമ്മിന്‍െറ പങ്കാളിത്ത മുണ്ടാകാത്ത പക്ഷം, അവര്‍ ഹിന്ദുത്വാടിസ്ഥിത പാര്‍ട്ടിയാണെന്ന ആരോപണം അംഗീകരിക്കേണ്ടിവരും. അത് സ്വന്തം പാര്‍ട്ടിയുടെ കടക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. ഇതുവരെ അണികളെ പഠിപ്പിച്ച വിശ്വാസപ്രമാണങ്ങളെ തള്ളിപ്പറയുന്ന അവസ്ഥയാണ്. ആര്‍.എസ്.എസ് ഒരുക്കിയ കെണിയില്‍ സി.പി.എം വീണുവെന്നതിന്‍െറ തെളിവാണിതെല്ലാം. ഇത് കേരളത്തിലെ ഏറ്റവുംവലിയ പാര്‍ട്ടിയായിരുന്ന സി.പി.എമ്മിന്‍െറ ദുര്യോഗമാണ്. ഈഘട്ടത്തില്‍ പാര്‍ട്ടിക്ക് എങ്ങനെയാണ് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ നേരിടാനാകുക?
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെട്ടത് നേരിയ വ്യത്യാസത്തിനാണ്.   പാര്‍ട്ടിനേതൃത്വം വിചാരിച്ചിരുന്നെങ്കില്‍ ഭരണം പിടിച്ചെടുക്കാനാകുമായിരുന്ന തെരഞ്ഞെടുപ്പായിരുന്നു അതെന്ന് പാര്‍ട്ടിയുടെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പിന്നീടുവന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ളെങ്കിലും ഇടതുപക്ഷം പിടിച്ചുനിന്നു. എന്നാല്‍, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ജയിക്കാനായില്ല. അവസാനമായി നടന്ന അരുവിക്കര തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നേരിട്ടിറങ്ങുകയും മികച്ച സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും ചെയ്തിട്ടും രക്ഷപ്പെട്ടില്ല. രാഷ്ട്രീയ സാഹചര്യം ഏറ്റവും അനുകൂലമായിട്ടും തോറ്റു. ഇവിടെ സി.പി.എം കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ന്നുവെന്നതായിരുന്നു കാരണം. ചോര്‍ന്നത് ബി.ജെ.പിയിലേക്കാണെന്ന പ്രചാരണം പാര്‍ട്ടിയെ പരിഭ്രമിപ്പിച്ചിരിക്കാം.
ഇത്തരം എത്രയോ തെരഞ്ഞെടുപ്പുകളും ചോരച്ചാലുകളും നീന്തിക്കടന്നുവെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് യോജിച്ചതാണോ ഈ പരിഭ്രമം? ഏറ്റവും ശക്തമായ സി.പി.എം ശൃംഖലക്ക് കോട്ടംപറ്റിയിട്ടില്ല. എന്നിട്ടും പരിഭ്രമിക്കുന്നത് പാര്‍ലമെന്‍ററി വ്യാമോഹത്തിന്‍െറ ലക്ഷണമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകില്ല. നടക്കാത്തതെങ്കിലും പൊളിറ്റിക്കല്‍ സൊലൂഷന്‍സ് ഇല്ലാത്ത സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുന്നോട്ടുപോകാനാവില്ളെന്നത് ശരിതന്നെ. സി.പി.എമ്മിന്‍െറ പൊളിറ്റിക്കല്‍ സൊലൂഷന്‍ വിപ്ളവമായിരുന്നു. വിപ്ളവം പറഞ്ഞാല്‍ ജനം ചിരിക്കുമെന്ന അവസ്ഥയില്‍ പാര്‍ട്ടി റിലീജിയസ് സൊലൂഷനുകളിലേക്ക് കടക്കുകയാണോ? എങ്കില്‍ അത് പാര്‍ട്ടിയുടെ ചരമക്കുറിപ്പിലായിരിക്കും ചെന്നത്തെുക.
കേരളത്തില്‍ ഇപ്പോഴും ഇടതു പക്ഷത്തിനു പ്രസക്തിയുണ്ട്. മതേതര, ജനാധിപത്യ ശക്തികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷമില്ളെങ്കില്‍ കേരളത്തിന്‍െറ സന്തുലിതാവസ്ഥ തകരുകതന്നെ ചെയ്യും. പ്രത്യേകിച്ചും പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍. ആത്മവിശ്വാസം ചോരേണ്ട അവസ്ഥ നേതൃത്വത്തിനില്ല. ആത്മവീര്യത്തിന്‍െറ കുറവാണ്, ഈ വക പരിഹാസ്യ പ്രവണതകളിലേക്ക് സി.പി.എമ്മിനെ നയിക്കുന്നത്. അത് കേരളത്തിലെ മത സന്തുലിതാവസ്ഥ തകര്‍ക്കാനിടയാക്കും; അരക്ഷിതാവസ്ഥക്കു കാരണമാകും. പാര്‍ട്ടിയുടെ പ്രസക്തിയെതന്നെ ഈ നടപടികള്‍ ചോദ്യംചെയ്യും. ഈ സന്ദര്‍ഭത്തില്‍, ധാര്‍ഷ്ട്യവും മിഥ്യാബോധവും വെടിഞ്ഞ് ആത്മ പരിശോധനനടത്തുകയാണ് പാര്‍ട്ടിനേതൃത്വം ചെയ്യേണ്ടത്.
 

Show Full Article
TAGS:
Next Story