Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാര്‍ത്ത പറയുന്നത്

മാര്‍ത്ത പറയുന്നത്

text_fields
bookmark_border
മാര്‍ത്ത പറയുന്നത്
cancel

മാര്‍ത്തയുടെ ചിറകടി നിലച്ചിട്ട് നൂറ്റൊന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു. 1914 സെപ്റ്റംബര്‍  നാലിന്  സിന്‍സിനാറ്റിയിലെ പക്ഷിസങ്കേതത്തില്‍ മരിച്ചുവീഴുമ്പോള്‍ ഒരു മഹാപക്ഷിവംശം ഒടുങ്ങുകയായിരുന്നു. ഒരുകാലത്ത് അമേരിക്കന്‍ ആകാശങ്ങളെ സമൃദ്ധമാക്കിയിരുന്ന സഞ്ചാരിപ്രാവുകളുടെ അവസാനത്തെ ജീവന്‍തുടിപ്പായിരുന്നു മാര്‍ത്ത. ഒരുകാലത്ത് കാര്‍മേഘപടലങ്ങള്‍ പോലെയായിരുന്നുവത്രെ അവരുടെ യാത്രകള്‍. പക്ഷിശാസ്ത്രജ്ഞനും നിരീക്ഷകനുമായിരുന്ന പ്രഫ. റോബര്‍ട്ട് വില്‍സണ്‍, രണ്ടരകോടി പ്രാവുകള്‍  ഒരു കാലത്ത് പെന്‍സല്‍വേനിയയിലെ വെളിമ്പ്രദേശങ്ങളിലൂടെ കടന്നുപോയെന്ന് ചരിത്രത്തില്‍ കുറിച്ചിട്ടുമുണ്ട്. പെട്ടെന്നാണ് എല്ലാം തകിടംമറിഞ്ഞത്. സഞ്ചാരിപ്രാവിന്‍െറ മാംസത്തിന് വന്‍ ഒൗഷധമൂല്യമുണ്ടെന്നും രുചിയേറുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അമേരിക്കന്‍ തീന്‍മേശയില്‍ സഞ്ചാരിപ്രാവിന്‍െറ മാംസം ഇഷ്ടഭോജ്യമായി. കോടിക്കണക്കിന് പ്രാവുകള്‍ നിഷ്ഠുരമായി കൊന്നൊടുക്കപ്പെട്ടു. വംശനാശ ഭീഷണിയിലേക്ക് ഈ പക്ഷികുലം കൂപ്പുകുത്തി. എന്നിട്ടും അമേരിക്കക്കാര്‍ തീറ്റ നിര്‍ത്തിയില്ല. അവസാനം കമിതാക്കളായ രണ്ട് പ്രാവുകള്‍ ബാക്കിയായി. ആദ്യത്തെ അമേരിക്കന്‍  പ്രസിഡന്‍റായ ജോര്‍ജ് വാഷിങ്ടണിന്‍െറയും  ഭാര്യ മാര്‍ത്തയുടെയും സ്മരണാര്‍ഥം പ്രാവുകള്‍ക്ക് ജോര്‍ജെന്നും മാര്‍ത്തയെന്നും പേരു ചാര്‍ത്തി. ജോര്‍ജ് ആദ്യം മരിച്ചു; ഏതാനും മാസങ്ങള്‍ക്കുശേഷം മാര്‍ത്തയും.
മറ്റൊരു പക്ഷിക്കൂട്ടമാണ് ഈയോര്‍മ ഈയിടെ പുതുക്കിയത്. ഉത്തമനും ബാദുഷയും റഹീമും സുശാന്തും നാടുനീളെ പക്ഷിയുടെ പാട്ടുമായി ദശാബ്ദങ്ങളായി നടക്കുകയാണ്. നാം മറന്നുപോയ ഇന്ദുചുഡനും സാലിം അലിയുമൊക്കെ അറിവുകള്‍ ബാക്കിവെച്ച പടയാളികള്‍. ബാദുഷ പറയുകയായിരുന്നു, വയനാട്ടില്‍ സംഘടിപ്പിക്കണമെന്ന് മോഹിച്ചതാണ്. നടക്കുന്നില്ല. ആലോചന തുടങ്ങുമ്പോള്‍ പലപ്പോഴും ഒരു കടുവ നാട്ടിലിറങ്ങും.  പിന്നെ കടുവയുടെ രക്തത്തിന് വേണ്ടിയുള്ള ആക്രോശങ്ങളാണ്. പ്രകൃതിസംരക്ഷണം എന്ന വാക്ക് പറഞ്ഞാല്‍ മതി, രക്തസാക്ഷിത്വം ഉറപ്പാക്കാന്‍. ആരും ഇതൊന്നും അറിയുന്നില്ല. എന്നിട്ടും സുഗതകുമാരി ടീച്ചറടക്കം കുറെ മനുഷ്യാത്മാക്കള്‍ ഇവിടെ ജീവിച്ചിരിക്കുന്നു.
ഫ്രാന്‍സില്‍ ലോക്നസ് എന്ന നഗരത്തിന്‍െറ ഓരത്ത് ഇതേ പേരിലുള്ള ഒരു കായലുണ്ട്. ലോകത്തില്‍ ജീവിച്ചിരുന്ന അവസാനത്തെ ദിനോസര്‍ ഇവിടെയായിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ദിനോസര്‍ വംശത്തില്‍ പലരും ഉഭയജീവികളായിന്നുവത്രെ! അതിലൊരാളായിരുന്നു ലോക്നസ് ഭീകരന്‍. വെള്ളത്തിന്‍െറ അനന്തസീമകള്‍ക്ക് മേലെ ഒരു നീണ്ട തല പലവട്ടം പ്രത്യക്ഷപ്പെട്ടതിന് പലരും സാക്ഷ്യംപറഞ്ഞിരുന്നു. വ്യക്തമല്ലാത്ത ഫോട്ടോകള്‍ പ്രചരിച്ചു. നീണ്ട കഴുത്തും ചെറിയ തലയും ഭീമാകാരന്‍ ശരീരത്തിന്‍െറ ഒരു ഭാഗവും ദൃശ്യവേദ്യമായിരുന്നുവത്രെ. വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ശാസ്ത്രലോകം കൗതുകത്തോടെ അവിടെ ഓടിയത്തെി. നിജസ്ഥിതി പരിശോധിക്കാനുള്ള ഒരുപാട് സംവിധാനങ്ങള്‍ അവിടെ നിരന്നു. വെള്ളത്തിനടിയില്‍ കാമറകള്‍ സ്ഥാപിച്ചു. അതിന്‍െറ മുന്നില്‍കൂടി ഭീമാകാരനായ ഒരു നിഴല്‍ മാത്രം കടന്നുപോയി. ഇതിനിടയില്‍ ചിത്രകാരന്മാരുടെ ഭാവനയില്‍ ലോക്നസ് ദിനോസറിന് പല മുഖങ്ങളും കൈവന്നു.
ഇതിനിടയില്‍ ഈ ഗ്രാമത്തിന് നഗരത്തിന്‍െറ ഛായ കൈവന്നു. തടാകതീരത്ത് ഹോട്ടലുകള്‍ ഉയര്‍ന്നു. ആഘോഷരാവുകളില്‍ കായലോരത്ത് ഇപ്പോഴും സഞ്ചാരികള്‍ കാണാക്കാഴ്ച തേടി എത്തുന്നു. എന്‍െറ കുട്ടിക്കാലം മുതല്‍ ഞാനീ കൗതുകത്തിന് പിന്നാലെയാണ്. ഇപ്പോള്‍ ഇന്‍റര്‍നെറ്റിന്‍െറ മുന്നില്‍ കുത്തിയിരുന്ന് നോക്കാറുണ്ട്. എന്തെങ്കിലും പുതിയ വാര്‍ത്തകള്‍? ആര്‍ക്കും മിണ്ടാട്ടമില്ല. അറിയാവുന്ന ഒരു കാര്യമുണ്ട്. തടാകക്കരയില്‍ ഇപ്പോഴും ബിസിനസ് പൊടിപൊടിക്കുന്നു.
ഹിമ മനുഷ്യന്‍െറ കാര്യവും തഥൈവ. ഹിമാലയന്‍ മലനിരകളിലെവിടെയോ പലരുടെയും ദൃഷ്ടിപഥങ്ങളില്‍ വിസ്മയം വിതറി കടന്നുപോയ അയാള്‍ക്ക് നാം പേരും നല്‍കി അനുഗ്രഹിച്ചു, യതി. രണ്ടുകാലുകളില്‍ നടക്കുന്ന മൃഗമാണോ മനുഷ്യനോ എന്ന് തീര്‍ച്ചയില്ല. എടുത്ത ഫോട്ടോകളില്‍ തെളിയുന്നത് നിവര്‍ന്നുനില്‍ക്കുന്ന ഒരാളിന്‍െറ നിഴല്‍രൂപമാണ്. ഇന്നും ഏറെ കൗതുകത്തോടെയും ഉദ്വേഗത്തോടെയും ആളുകള്‍ കാണാത്ത അദ്ഭുതമനുഷ്യനെ തിരഞ്ഞുനടക്കുന്നു. നമ്മുടെ ഒരിക്കലും തീരാത്ത തിരച്ചിലുകള്‍ പോലെയല്ല, അത്തരം അന്വേഷണങ്ങള്‍. സുകുമാരക്കുറുപ്പിലും ആട് ആന്‍റണിയിലും തീരുന്ന നമ്മുടെ ഉദ്വേഗം നീളേണ്ടത് നാടിന്‍െറ കൂപ്പുകുത്തുന്ന ജൈവ സമ്പത്തിലേക്കാണ്. അന്യംനിന്നുപോകുന്ന കുഞ്ഞു തേന്‍കുരുവികളും വണ്ടുകളും തവളകളും ചീവിടുകളും പാമ്പുകളും കാക്കകളും നമ്മുടെ കണ്‍മുന്നില്‍നിന്ന് അപ്രത്യക്ഷമാവുന്നു. ശ്രാദ്ധം കഴിഞ്ഞ് ബലിക്കാക്കകള്‍ക്ക് കാത്തിരിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നത് ചാരക്കാക്കകളും പ്രാവുകളുമാണ്. കേരളത്തിലെ ഏറ്റവും വലിയ ബലിമണ്ഡപത്തിന്‍െറ കാര്യമാണ് ഞാനെഴുതുന്നത്.  ബലിക്കാക്കക്കാണ് തൃപ്തിഭോജനം നല്‍കേണ്ടത്. പകരം എലികളും ഈച്ചകളും കൊതുകുകളും പല വേഷങ്ങളായി ഇവിടെ പെരുകുകയാണ്. കാലക്രമംതന്നെ തെറ്റുന്നുവോ?  കഴിഞ്ഞദിവസം പത്രങ്ങളില്‍ വന്ന മുഖ്യവാര്‍ത്ത കേരളത്തിലെ 7000 ഹെക്ടര്‍ വനഭൂമിയെ കൈയേറ്റങ്ങളില്‍നിന്ന് ഒഴിപ്പിക്കുന്നു എന്നാണ്. കോടതിയുടെ ഇടപെടലാണ്. നടക്കുമോ എന്നറിയില്ല. ഗാഡ്ഗിലും വേണ്ട, കസ്തൂരിരംഗനും വേണ്ട,  ഒന്നും വേണ്ട എന്നു പറയുന്ന ഭരണകൂട മൗഢ്യങ്ങള്‍ക്ക് മുന്നില്‍ എന്തുപറയാന്‍? പറഞ്ഞു പറഞ്ഞ് ഞങ്ങളുടെ ജീവന്‍ ഒടുങ്ങാറായി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story