ആ പ്രസ്ഥാനത്തെ ഓര്‍ക്കുമ്പോള്‍
text_fieldsഇന്ന് ലോക സാക്ഷരത ദിനം
എല്ലാ കുട്ടികളും സ്വപ്നങ്ങള്‍ കാണുന്ന കാലത്ത് ചിറകൊടിഞ്ഞുപോയൊരു ഈയാംപാറ്റയായിരുന്നു ഞാന്‍. എന്‍െറ വികലമായ കാലുകളാണ് എന്നെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മലപ്പുറം ജില്ലയിലെ ഒരു കുഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ആറുപെണ്മക്കളില് രണ്ടാമത്തവളായി പിറന്ന എനിക്ക് ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ക്കൊന്നും അവസരമില്ലായിരുന്നു. 14 വയസ്സുവരെ മാത്രമാണ് ഓടിച്ചാടി നടക്കാനായത്. എന്നാല്‍, വലിയ വേദനകളിലും രോഗങ്ങളിലും തളരാതെ, തകരാതെ മുന്നേറാന്‍ വിശ്വാസത്തിനൊപ്പം പുസ്തകങ്ങളും കരുത്തേകി. മതവും തത്ത്വചിന്തയും ശാസ്ത്രവുമെല്ലാം ഒരുപാട് വായിച്ചു.
സാക്ഷരതാപ്രസ്ഥാനം പിറവിയെടുത്തപ്പോള്‍ ട്രെയ്നിങ്ങില്‍ പങ്കെടുക്കാനൊന്നും കഴിയില്ല എന്നുകരുതി എന്നെ പരിഗണിച്ചുപോലുമില്ല. എന്‍െറ ഗ്രാമമായ വെള്ളിലക്കാട്ടെ നിരക്ഷരരെ പഠിപ്പിക്കാനുണ്ടായിരുന്ന കോളജ് വിദ്യാര്‍ഥി അവന്‍െറ പരീക്ഷാക്കാലത്ത് പകരക്കാരിയായി പ്രവര്ത്തിക്കാനാവശ്യപ്പെടുന്നതോടെയാണ് സാക്ഷരതാപ്രവര്ത്തനങ്ങളിലേക്ക് വഴിതെളിയുന്നത്.
അവന് പിന്നീട് തിരിച്ചുവന്നതുമില്ല, പഠിതാക്കള്‍ എന്നെ വിട്ടുപോയതുമില്ല. മറ്റുള്ളവരെപ്പോലെ ചെയ്യാന്‍ കഴിയില്ല എന്നാണ് എന്നെക്കുറിച്ച് കരുതിയിരുന്നതെങ്കിലും എന്‍േറതായ രീതിയില്‍ മുന്നേറാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ വായിച്ച പുസ്തകങ്ങളും ആര്‍ജിച്ചെടുത്ത അറിവും കൂട്ടായി. വ്യത്യസ്തമായ രീതിയില്‍, എളുപ്പത്തില്‍ പഠിപ്പിക്കാനായിരുന്നു ശ്രമം. അക്ഷരങ്ങളില്‍ തുടങ്ങി ഭാഷയും മാനുഷികമൂല്യങ്ങളും സ്വയംതൊഴില്മാര്ഗങ്ങളും കുടില്‍വ്യവസായവും പ്രഥമശുശ്രൂഷാ രീതികളുമെല്ലാം പകര്ന്നുനല്കാന് ശ്രമിച്ചു. എന്‍െറ ലോകത്തിന്‍െറ പരിമിതി പുസ്തകങ്ങളിലൂടെയാണ് നികത്തിയത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ കഴിഞ്ഞെങ്കിലും അര്ബുദബാധയത്തെുടര്ന്ന റേഡിയേഷന് ചികിത്സയോടെ അതെനിക്ക് നിര്‍ത്തേണ്ടിവന്നു.
കൗണ്‍സലിങ്, അയല്‍ക്കൂട്ടം, കൃഷി, കുടില്‍വ്യവസായം, ബോധവത്കരണപരിപാടികള്‍, സാമൂഹികപ്രശ്നങ്ങള്‍... എല്ലാത്തിലും ഇടപെട്ട് പ്രവര്‍ത്തിക്കാനായി. എന്‍െറ വാക്കുകള്‍ക്ക് കാതോര്‍ത്ത് സ്നേഹിക്കുന്നവര്‍ ചുറ്റുമത്തെി. ജാതിക്കോ മതത്തിനോ നാടിനോ അതിര്‍ത്തികള്‍ വെക്കാന്‍ കഴിയാതെ എന്‍െറ ലോകം വലുതായി. ഐക്യരാഷ്ട്രസംഘടനയുടെ വരെ പുരസ്കാരം തേടിയത്തെി. ട്രെയ്നിങ്ങിനുപോലും പോകാന്‍ കഴിഞ്ഞില്ളെങ്കിലും ഇവിടത്തെ വിദ്യാഭ്യാസവിചക്ഷണന്മാരേക്കാള് കൂടുതല്‍ ആഗോള അംഗീകാരം നേടാന്‍ ദൈവം എനിക്ക് അവസരം നല്കി. എന്‍െറ എളിയ പ്രവര്‍ത്തനങ്ങളെ ലോകം അംഗീകരിച്ചു.
ഞാനെന്‍െറ ബാധ്യതകള്‍ മാത്രമാണ് നിറവേറ്റുന്നത്. എല്ലാ മനുഷ്യര്‍ക്കുമുണ്ട് ബാധ്യതകള്‍. എപ്പോഴും അവകാശങ്ങളെക്കുറിച്ച് മാത്രമോര്ക്കുകയും ഉത്തരവാദിത്തങ്ങള്‍ മറക്കുകയും ചെയ്യുകയാണ് പക്ഷേ ഇന്ന് ഭൂരിഭാഗം പേരും. നൈസര്ഗികകഴിവുകള് ഉപയോഗപ്പെടുത്താതെ പാഴായ ഒരു ജീവിതം ജീവിച്ചുപോകുകയാണ് മിക്കവരും. എല്ലാം ചടങ്ങിനുമാത്രമാണ്. വായകൊണ്ട് മതം പറഞ്ഞിട്ട് ഹൃദയത്തില്‍ അതിന്‍െറ വിശുദ്ധി കാത്തുസൂക്ഷിക്കാതെ സ്വാര്ഥതാല്പര്യങ്ങള്ക്കായി പ്രവര്‍ത്തിക്കുന്നു. മതവും രാഷ്ട്രീയവുമെല്ലാം താല്പര്യങ്ങള്ക്കനുകരിച്ച് വളച്ചൊടിക്കുകയാണ്. മതംപോലും സ്പര്‍ധ പടര്‍ത്താനുള്ള ആയുധമായി ഉപയോഗിച്ചുതുടങ്ങി. എന്തുവായിക്കുന്നുവെന്നതും വിഷയമാണ്. അശ്ളീല പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ നല്ലത് നിരക്ഷരരായിരിക്കുന്നതാണ്.
’80കളുടെ അവസാനത്തില്‍ വിപ്ളവംപോലെ തുടങ്ങിയ സാക്ഷരതാപ്രവര്ത്തനങ്ങള്പോലും പിന്നെ തളര്ച്ചയിലേക്കുപോയി. അന്ന് ക്ളാസുകളില്‍ ഊര്‍ജസ്വലരായ പഠിതാക്കളും സന്ദര്‍ശകരുമുണ്ടായിരുന്നു. അഭിപ്രായഭിന്നതകളില്ലാതെ ഒരേ താല്പര്യത്തിനായി എല്ലാവരും ഒന്നിച്ചുനിന്നപ്പോള്‍ ലോകത്തിന് മുന്നില്‍ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ നമ്മുടെ സംസ്ഥാനത്തിനായി. അന്ന് ഒരേ ആവേശത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒപ്പംനിന്നു. കമ്പ്യൂട്ടര്‍ സാക്ഷരതയിലും തുടര്വിദ്യാഭ്യാസത്തിലുമെല്ലാം സംസ്ഥാനത്തിന്‍െറ പദ്ധതികള്‍ മുന്നേറി. എന്നാല്‍, പതിയെ ആവേശം കുറഞ്ഞുവന്നു, സ്വാര്‍ഥനേട്ടങ്ങള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ മാറിയതോടെയാണ് സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ മുരടിച്ചുപോയത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള സ്വാര്‍ഥതയും മാറിമാറിവരുന്ന സര്‍ക്കാറുകളുടെ സ്വജനപക്ഷപാതവും വര്‍ധിച്ചതോടെ എല്ലാ തലത്തിലും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജസ്വലത നഷ്ടമായി, പ്രഹസനമായി മാറി.
ഈ ദിവസം ആഗോളതലത്തില്‍ സാക്ഷരതാദിനം ആചരിക്കുമ്പോള്‍ 50 വര്‍ഷംകൊണ്ട് നാം ഒരുപാടൊന്നും എത്തിയിട്ടില്ളെന്ന സത്യം പക്ഷേ കാണാതിരിക്കാനാകില്ല. അന്ന് ചെറിയ തോതില്‍ തുടങ്ങിയ സാക്ഷരതാക്ളാസുകള് ഇന്ന് മൊബൈല്‍ ലൈബ്രറിയിലും പുസ്തകക്കൂമ്പാരങ്ങളിലുമത്തെിനില്ക്കുന്നു. എന്നിട്ടും നാം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായതിന്െറ രജതജൂബിലിയിലത്തെുമ്പോള് വിദ്യാഭ്യാസരംഗത്ത് കാലക്രമേണയുണ്ടായത് ശുഷ്കമായ മുന്നേറ്റമാണെന്ന് വിഷമത്തോടെ ഓര്‍ക്കാതെ വയ്യ. എട്ടുകൊല്ലം മുമ്പ് കുളിമുറിയില്‍ വീണതിനത്തെുടര്‍ന്ന് കിടപ്പായപ്പോള്‍ എഴുതാന്‍ സഹായത്തിന് സ്കൂള്‍കുട്ടികളെ ആശ്രയിക്കേണ്ടിവന്നപ്പോഴാണ് മനസ്സിലാക്കിയത് പലര്‍ക്കും മര്യാദക്ക് എഴുതാനറിയില്ളെന്ന്. വിദ്യാഭ്യാസരീതിയിലുള്ള ശൈലീവ്യതിയാനമാണ് പ്രശ്നം.
കൃത്യമായ അടിത്തറയുള്ള പഠനവും ആരോഗ്യകരമായ ശിക്ഷാനടപടികളും പഴയകാലത്തെ വിദ്യാഭ്യാസത്തെ മെച്ചപ്പെട്ടതാക്കി. ഇന്ന് വിദ്യാര്‍ഥികള്‍ക്ക് എല്ലാ സാങ്കേതികസൗകര്യങ്ങളുമുണ്ട്. എല്ലാം കണ്ടും അറിഞ്ഞും പഠിക്കാം. എന്നാല്‍, ഫലം കുറവാണ്. പുതിയ വിദ്യാഭ്യാസരീതിയെ പഴയതുമായി സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസപ്രക്രിയയിലൂടെയാണ് ഇതിന് പരിഹാരം കാണേണ്ടത്. അതിനൊപ്പം കുട്ടികള്‍ക്ക് ധാര്‍മികമൂല്യങ്ങളും പകര്‍ന്നുകൊടുക്കണം. എല്ലാ മതങ്ങളെയും അറിയാനും ബഹുമാനിക്കാനും അവസരം ഉണ്ടാക്കണം. സ്നേഹത്തിന്‍െറ സന്ദേശം പകരുന്നതാകട്ടെ വിദ്യാഭ്യാസം.
തയാറാക്കിയത്:
വൃന്ദ വേണുഗോപാല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
