Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാം അഭ്യസിക്കേണ്ട...

നാം അഭ്യസിക്കേണ്ട നയതന്ത്രപാഠങ്ങള്‍

text_fields
bookmark_border
നാം അഭ്യസിക്കേണ്ട നയതന്ത്രപാഠങ്ങള്‍
cancel

നയതന്ത്ര ലോകത്തെ പ്രസിദ്ധമായ പ്രയോഗങ്ങളില്‍ ഒന്നാണ് ‘സ്റ്റൂപ്  ടു കോണ്‍ക്വര്‍’. വിനയഭാവത്തില്‍നിന്ന് എതിര്‍പക്ഷത്തെ അതിജയിക്കുന്ന വിദ്യയാണത്. അഥവാ ദുരഭിമാനം കാട്ടാതെ, പ്രതിസന്ധികളെ തരണംചെയ്യാനുള്ള ശുഭാപ്തി ഉണ്ടെന്ന ആത്മവിശ്വാസപ്രകടനം. ഇന്ത്യ-പാക് നയതന്ത്ര സംഭാഷണങ്ങള്‍ റദ്ദാക്കിയെന്ന വാര്‍ത്ത ശ്രവിക്കെ ഈ പദാവലിയാണ് ഞാന്‍ വീണ്ടും ഓര്‍മിച്ചത്. പാക് നയതന്ത്രത്തിന്‍െറ ബലദൗര്‍ബല്യങ്ങള്‍ വിശകലനവിധേയമാക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല. യഥാര്‍ഥത്തില്‍ ഇന്ത്യയോടുള്ള ഇസ്ലാമാബാദിന്‍െറ സമീപനങ്ങള്‍ ഇപ്പോഴും രൂപപ്പെടുന്നത് പാക് രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നിലനിര്‍ത്താന്‍ ശ്രമിച്ചുവരുന്ന പട്ടാളക്കാരുടെ മസ്തിഷ്കങ്ങളില്‍നിന്നുതന്നെ. അതേസമയം, പാകിസ്താനിലെ സിവില്‍ ഭരണകൂടവും ആ രാജ്യത്തെ പൊതുജനങ്ങളും ഇന്ത്യയുമായി സമാധാനപരമായ ബന്ധം ആഗ്രഹിക്കുന്നവരാണ്.
വിദേശ സെക്രട്ടറി തലത്തില്‍ സംഭാഷണം നടത്താനുള്ള നീക്കം നേരത്തേതന്നെ പരാജയപ്പെട്ടിരുന്നു; ഒരുപക്ഷേ, നിസ്സാരമായ ഒരു കാരണത്താല്‍. ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്ന് പാക് ഹൈകമീഷണര്‍ നിര്‍ബന്ധംപിടിച്ചതോടെ നയതന്ത്രനീക്കങ്ങള്‍ സ്തംഭിക്കുകയായിരുന്നു. ഹുര്‍റിയത്ത് നേതാക്കളുമായി മുമ്പും പാക് നയതന്ത്ര പ്രതിനിധികള്‍ നിരവധി തവണ സംഭാഷണങ്ങള്‍ നടത്തുകയുണ്ടായി. അപ്പോഴൊന്നും ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കാതെ അനുമതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ അത്തരം സംഭാഷണങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. ഹുര്‍റിയത്തിന്‍െറ പല പ്രവൃത്തികളും പ്രകോപനപരമാണ്. അവര്‍ സര്‍ക്കാറിനെ ശക്തമായി എതിര്‍ക്കുന്നു എന്നതും യാഥാര്‍ഥ്യം. പക്ഷേ, ലോകത്തെ വലിയ ഈ ജനാധിപത്യ രാജ്യത്തിന് ഇത്തരം നിസ്സാരമായ മുള്ളുകള്‍കൊണ്ട് എന്ത് പോറലേല്‍ക്കാന്‍? എന്നിട്ടും ഗവണ്‍മെന്‍റ് എന്തുകൊണ്ട് ഇത്തരമൊരു പിടിവാശിക്ക് മുതിര്‍ന്നു? ഒരുപക്ഷേ, കശ്മീര്‍ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നപക്ഷം റേറ്റിങ് വര്‍ധിക്കുമെന്ന് സ്തുതിപാഠകര്‍ മോദിക്ക് ഉപദേശം നല്‍കിയിരിക്കും. സയാമീസ് ഇരട്ടകള്‍പോലെ പുലരുന്ന രണ്ട് രാജ്യങ്ങളുടെ ബന്ധത്തില്‍ ഇത്തരം വ്യക്തിപരമായ താല്‍പര്യങ്ങളുടെ കലര്‍പ്പുകള്‍ ചേരുന്നത് ഒട്ടും ഭൂഷണമായി കരുതാന്‍ വയ്യ.
ഹുര്‍റിയത്തിനെ മൂന്നാം കക്ഷിയായി കാണേണ്ടതില്ളെന്നും അവര്‍ സംഭാഷണങ്ങളില്‍ അവിഭാജ്യഘടകമായി സംബന്ധിക്കേണ്ടവരാണെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പറയുന്നു. കൗശലംനിറഞ്ഞ പ്രസ്താവന മാത്രമാണ് ശരീഫ് നടത്തിയിരിക്കുന്നത്. മുഫ്തിക്കും പി.ഡി.പിക്കും നാഷനല്‍ കോണ്‍ഫറന്‍സിനും ഇല്ലാത്ത പ്രാധാന്യം ഹുര്‍റിയത്തിനുണ്ടോ? ഈ പാര്‍ട്ടികളെ ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയെന്ന യാഥാര്‍ഥ്യം തമസ്കരിക്കപ്പെടരുത്. ഹുര്‍റിയത്ത് ഒരു തവണപോലും ജനവിധി തേടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തില്ല. ഒരുപക്ഷേ ഹുര്‍റിയത്ത് നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിരുന്നെങ്കില്‍ അവരുടെ നിലപാടുകള്‍ തുറന്നുകാട്ടാന്‍ സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കും അവസരം ലഭിക്കുമായിരുന്നു. വാസ്തവത്തില്‍, ജമ്മു-കശ്മീരിനെ സംബന്ധിച്ച യഥാര്‍ഥ നിലപാട് ഹുര്‍റിയത്ത് നേതാക്കള്‍ വെളിപ്പെടുത്താറുമില്ല (കശ്മീരിനെ പാകിസ്താനോട് ചേര്‍ക്കണമെന്ന നിലപാട് പുറത്തുവിട്ടത് ഗീലാനി മാത്രം). നിലവിലെ അതിര്‍ത്തികള്‍ ലംഘിക്കപ്പെടരുതെന്നും ഇന്ത്യയുടെ ഭാഗമായ കശ്മീരിന് ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം പ്രത്യേക പദവി ഉണ്ടെന്നും മഹാഭൂരിപക്ഷം ഇന്ത്യക്കാരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. എന്നാല്‍, കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നും അതിര്‍ത്തികള്‍ 1947നുമുമ്പുള്ള അവസ്ഥയിലേക്ക് മാറ്റണമെന്നും നിര്‍ദേശിക്കുകയാണ് ഹുര്‍റിയത്ത്. അതേസമയം, കശ്മീരിന്‍െറ ചില ഭാഗങ്ങള്‍ പാകിസ്താനും ചൈനയും കൈവശംവെക്കുന്നതിനെ ചോദ്യംചെയ്യാന്‍ എന്തുകൊണ്ട് ഹുര്‍റിയത്ത് ആര്‍ജവം കാണിക്കുന്നില്ല? ഏതായാലും, നിസ്സാരമായ കാരണം ഉന്നയിച്ച് അന്നത്തെ നയതന്ത്ര ചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറിയത് ബാലിശമായേ വിലയിരുത്താനാകൂ. സംവാദത്തില്‍ പങ്കെടുക്കാന്‍ ഹുര്‍റിയത്തിന് അവസരം നല്‍കിയാല്‍ ഗവണ്‍മെന്‍റിന്  അവരെ  ജനവിധി തേടാന്‍ വെല്ലുവിളിക്കാന്‍ സാധിക്കുമായിരുന്നു.
ചെറിയ പ്രകോപനങ്ങളെ സമചിത്തതയോടെ കാണാന്‍ നയതന്ത്രജ്ഞര്‍ തയാറാകണം. അമേരിക്ക-ഇറാന്‍ ആണവ കരാര്‍, അമേരിക്ക-ക്യൂബ നയതന്ത്രബന്ധ ധാരണ എന്നീ സമീപകാല ധാരണകളില്‍നിന്ന് നയതന്ത്രജ്ഞതയുടെ പാഠങ്ങള്‍ നാം അഭ്യസിക്കേണ്ടതുണ്ട്. ഇന്ത്യയുടെയും പാകിസ്താന്‍െറയും സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും സര്‍താജ് അസീസും ശ്ളാഘനീയമായ രാഷ്ട്രതന്ത്രജ്ഞത പ്രകടിപ്പിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും നിസ്സാരകാര്യങ്ങളില്‍ പ്രകടിപ്പിച്ച ശാഠ്യങ്ങള്‍ ഒടുവില്‍ ലക്ഷ്യങ്ങളെ തകിടംമറിച്ചു. ഊഫ ഉച്ചകോടിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയ നവാസ് ശരീഫും നരേന്ദ്ര മോദിയും എത്തിച്ചേര്‍ന്ന ധാരണ പ്രതീക്ഷകള്‍ ബലപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, കശ്മീര്‍ വിഷയവും കശ്മീര്‍ വിമതന്മാരുമായുള്ള കൂടിക്കാഴ്ചയും ഒഴിവാക്കി ചര്‍ച്ച നടത്താന്‍ പാകിസ്താനെ സമ്മതിപ്പിച്ചെന്ന വീരവാദം ദൗര്‍ഭാഗ്യവശാല്‍ പാകിസ്താനില്‍ നിഷേധാത്മക അന്തരീക്ഷം സൃഷ്ടിക്കാനാണ് ഹേതുവായത്.
കൗശലക്കാരായ ചില ടെലിവിഷന്‍ ചാനലുകള്‍ മാത്രമാണ് ഇന്ത്യയുടെ വീരസ്യത്തിന് പ്രോത്സാഹനമരുളിയത്. അത് സൃഷ്ടിച്ച സമ്മര്‍ദങ്ങളാകാം ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ പാക് രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ദാവൂദ് ഇബ്രാഹീം പാകിസ്താനില്‍ ഉണ്ടെന്ന് തെളിയിക്കാമെന്ന ഇന്ത്യയുടെ ഭീഷണിയും പാകിസ്താനെ അമ്പരപ്പിച്ചിട്ടുണ്ടാകണം. അതോടെ ഏതു നിലക്കും അപമാനകരമായ സംവാദത്തില്‍നിന്ന് പിന്മാറാനുള്ള വഴികള്‍ ആലോചിക്കുകയായിരുന്നു പാകിസ്താന്‍. അതിനിടെയാണ്  സെല്‍ഫ് ഗോളിന് തുല്യമായ പ്രഖ്യാപനങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ പുറത്തുവിട്ടത്. നിഷേധാത്മക നിലപാടിലൂടെ പാകിസ്താന് സാര്‍വദേശീയതലത്തില്‍ പ്രതിച്ഛായാനഷ്ടം ഉണ്ടാകുമെന്നും സര്‍വരാജ്യങ്ങളും ഇസ്ലാമാബാദിനെ പഴിക്കുമെന്നും ഇന്ത്യ കണക്കുകൂട്ടി. എന്നാല്‍, ഇന്ത്യയെ പിന്തുണക്കുന്നതായി കരുതപ്പെടുന്ന അമേരിക്കപോലും പാകിസ്താനെ വിമര്‍ശിക്കാന്‍ തയാറായില്ല. പരസ്യമായി എന്തുതന്നെ പ്രഖ്യാപിച്ചാലും സ്വതാല്‍പര്യങ്ങള്‍ ബലികഴിക്കുന്ന നീക്കങ്ങള്‍ക്ക് ഒരു രാജ്യവും തയാറാകില്ളെന്ന് ബോധ്യമാകാന്‍ നമുക്ക് ചാണക്യന്‍െറയോ മാക്യവല്ലിയുടെയോ ബുദ്ധിവൈഭവം ആവശ്യമില്ല. പാകിസ്താനെതിരെ ഇന്ത്യയെ പരസ്യമായി പിന്തുണക്കാന്‍ അമേരിക്ക എങ്ങനെ തയാറാകും?
ഇത് ജനങ്ങളുടെ ഊഴമാണ്. തങ്ങള്‍ക്കും ഭാവിതലമുറക്കും സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് അതത് ഗവണ്‍മെന്‍റുകളോട് ആവശ്യപ്പെടാനുള്ള അവകാശം ഇരുരാജ്യത്തെയും പൊതുജനങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

(ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story