Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightധര്‍മസംസ്ഥാപനാര്‍ഥായ

ധര്‍മസംസ്ഥാപനാര്‍ഥായ

text_fields
bookmark_border
ധര്‍മസംസ്ഥാപനാര്‍ഥായ
cancel

വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്തെ സ്കൂള്‍കുട്ടികളോട് നല്ലമാര്‍ഗം ഉപദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രിയായപ്പോള്‍ നേരെ പോയത് ആര്‍.എസ്.എസിന്‍െറ പാഠശാലയിലേക്കാണ്. ഭാവി തലമുറയില്‍നിന്ന്, അവരെ പഠിപ്പിക്കുന്നവരില്‍നിന്ന് ഒരു രാജ്യം പ്രതീക്ഷിക്കുന്നതിനെക്കുറിച്ച വാക്കുകളുടെ ചൂടാറും മുമ്പേ നടത്തിയ ഈ രാപ്പണി വിദ്യാര്‍ഥികള്‍ക്കോ പൊതുസമൂഹത്തിനോ നല്‍കുന്ന സന്ദേശമെന്താണ്? നരേന്ദ്ര മോദിയുടെ വാക്കിനും പ്രവൃത്തിക്കുമിടയിലെ അരുതായ്മകള്‍ വെളിപ്പെടാന്‍ വെള്ളിയാഴ്ചത്തെ രണ്ടു നേര്‍ക്കാഴ്ചകള്‍ ധാരാളം. പ്രമുഖമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ ഭരണഘടനയിലെ ജനാധിപത്യ മൂല്യങ്ങള്‍ക്കു നല്‍കുന്ന അര്‍ഥവും വിലയുമാണ് അതിനൊപ്പം വെളിപ്പെട്ടത്.
ആര്‍.എസ്.എസിന്‍െറതന്നെ നിലപാടുവെച്ചുനോക്കിയാല്‍, അതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. സാമൂഹിക-സാംസ്കാരിക സംഘടനയാണ്. രാഷ്ട്രീയത്തിലോ ഭരണത്തിലോ ഇടപെടാറില്ളെന്നാണ് അവകാശവാദം. എന്നാല്‍, ഭരണത്തെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണെന്ന് പച്ചയായി വിളിച്ചുപറയുന്ന സമ്മേളനമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നത്. സംഘ്പരിവാര്‍ സംഘടനകളെ നിയന്ത്രിക്കുന്ന 63 പേര്‍, പ്രധാനമന്ത്രി അടക്കം ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ‘സമന്വയ ബൈഠക്’ എന്ന ഈ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ഭരണത്തിന്‍െറ മൊത്തമായ സ്ഥിതി എല്ലാവരും ചേര്‍ന്ന് വിലയിരുത്തി. ഹിന്ദുത്വ കാര്യപരിപാടി സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുണ്ടായി. മോദിയുടെ നേതൃത്വത്തിലുള്ള 15 മാസത്തെ ഭരണം തൃപ്തികരമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ഉപസംഹരിച്ചു.
ജനാധിപത്യ സംവിധാനത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കപ്പുറത്തെ ഭരണബാഹ്യശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കോ, നിര്‍ദേശ-നിയന്ത്രണങ്ങള്‍ക്കോ അതീതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒന്നാണ് സര്‍ക്കാര്‍. ഭരണത്തിനു പുറത്ത് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുത്. ഭരണപരമായ രഹസ്യാത്മകത പൂര്‍ണാര്‍ഥത്തില്‍ കാത്തുസൂക്ഷിക്കാന്‍ സത്യപ്രതിജ്ഞ ഓരോ മന്ത്രിയേയും ബാധ്യസ്ഥനാക്കുന്നു. എന്നാല്‍, ആര്‍.എസ്.എസിന് മുന്നില്‍ ഓച്ചാനിച്ചുനിന്നാണ് മന്ത്രിമാര്‍ ഭരിക്കുന്നതെന്നാണ് സമന്വയ ബൈഠക് വ്യക്തമാക്കിയത്. അതൊരു പുതിയ വിവരമല്ല. പ്രധാനമന്ത്രി അടക്കം ബി.ജെ.പി മന്ത്രിമാര്‍ ഒന്നൊഴിയാതെ ‘സ്വയംസേവക’രാണ്. പക്ഷേ, ഭരണത്തില്‍ ആര്‍.എസ്.എസിനുള്ള നിയന്ത്രണം ഇത്രത്തോളം പരസ്യമാക്കിയ സന്ദര്‍ഭം വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടായിട്ടില്ല. മറക്കപ്പുറത്തേക്ക് മാറിനില്‍ക്കാന്‍ സംഘ്പരിവാര്‍ നേതാക്കള്‍ നിര്‍ബന്ധിതമായിരുന്നു. ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം കിട്ടിയിരിക്കെ, സഖ്യകക്ഷികള്‍ അടക്കമുള്ളവരെ ഭയന്ന് ഉണ്ടാക്കിവെച്ച മറ ഇനി ആവശ്യമില്ളെന്ന് ആര്‍.എസ്.എസ് തീരുമാനിച്ചു നടപ്പാക്കിയിരിക്കുന്നു.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നെഹ്റുകുടുംബം ഭരണത്തെ ബാഹ്യമായി നിയന്ത്രിക്കുന്നുവെന്ന് അടിക്കടി കുറ്റപ്പെടുത്തിയവരാണ് ബി.ജെ.പിക്കാര്‍. ജനാധിപത്യ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തില്‍ അനാവശ്യമായ ഇടപെടല്‍ ഉണ്ടാവുന്നത് നെഹ്റുകുടുംബത്തില്‍നിന്നായാലും അനുവദിക്കാന്‍ കഴിയുന്നതല്ല. പക്ഷേ, രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന പദവിയാണ് സോണിയ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ ഉള്ളത്. ബി.ജെ.പിയുടെ അമിത് ഷാക്കും സമാനമായ പദവി അവകാശപ്പെടാം. പക്ഷേ, സാംസ്കാരിക സംഘടനയെന്ന് സ്വയം അവകാശപ്പെടുകയും, ഹിന്ദുരാഷ്ട്രമെന്ന അജണ്ട മുന്നോട്ടുവെച്ച് ജനാധിപത്യ-മതേതര ഇന്ത്യക്ക് അനഭിമതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയില്‍നിന്ന് ഉത്തരവ് സ്വീകരിച്ച് മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നതിലെ അപകടം മറ്റൊന്നാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരം കൈയാളുന്ന പ്രധാനമന്ത്രിയും മന്ത്രിമാരും ഏതെങ്കിലും ഒരു വിഭാഗത്തിന്‍േറതല്ല. വിവിധ ജനവിഭാഗങ്ങള്‍ക്കു വേണ്ടി, നിഷ്പക്ഷവും നീതിപൂര്‍വകവുമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ്.
കഴിഞ്ഞ വര്‍ഷമാണ് ഹിന്ദുമത സമ്മേളനം നടന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി ഒറ്റക്ക് കേവല ഭൂരിപക്ഷത്തോടെ ഹിന്ദുക്കള്‍ക്ക് കിട്ടിയ സുവര്‍ണാവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന അജണ്ടയാണ് ആ സമ്മേളനത്തിലൂടെ ഉറപ്പിച്ചത്. അതില്‍ പങ്കെടുത്ത പല പ്രമുഖരും ‘സമന്വയ ബൈഠകി’ലെയും പ്രധാനികളായിരുന്നു. മോഹന്‍ ഭാഗവത് മുതല്‍ പ്രവീണ്‍ തൊഗാഡിയ വരെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. അവരുടെ കുറിപ്പടി വാങ്ങുകയും സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയുമാണ് മന്ത്രിമാര്‍ ചെയ്തത്. ഇത്തരമൊരു സമ്മേളനം കൂടാതെയും ആവശ്യമായ അജണ്ടകള്‍ മന്ത്രിമാരെക്കൊണ്ട് ചെയ്യിക്കുന്നതിന് ആര്‍.എസ്.എസിന് ഇന്ന് സാധിക്കും. എന്നിട്ടും ഒൗപചാരികമായ സമ്മേളനം നടത്തിയത് ആര്‍.എസ്.എസിന്‍െറ പ്രാമാണ്യം ഒൗപചാരികമായും പരസ്യമായും ഉറപ്പിക്കാനാണ്. സമന്വയ ബൈഠകില്‍ പങ്കെടുത്ത് ഭരണാധികാരിയായ സ്വയംസേവകന്‍െറ വിവിധ ഉത്തരവാദിത്തങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിക്കൂറുകള്‍ക്കു മുമ്പ് വിദ്യാര്‍ഥി സമൂഹത്തെ ഉപദേശിച്ചത് വലിയ സ്വപ്നങ്ങള്‍ കാണാനും ഗുണപരമായി ചിന്തിക്കാനുമൊക്കെയാണ്. അതിനേക്കാള്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ അടക്കമുള്ളവയിലൂടെ സ്വന്തം മഹിമ സമര്‍ഥമായി വില്‍ക്കാനാണ് ശ്രദ്ധിച്ചത്. നിര്‍ധനനായ, സ്വയം തുണി അലക്കിയിരുന്ന, കൊണ്ടുനടക്കാന്‍ എളുപ്പത്തിന് കൈനീളം വെട്ടി ചെറുതാക്കിയ, അണിയുന്ന വേഷങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഫാഷന്‍ ഡിസൈനര്‍ ഇല്ലാത്ത, കുറിപ്പുപോലുമില്ലാതെ പ്രസംഗിക്കുന്നൊരു പ്രധാനമന്ത്രിയാണെന്ന് മോദി വിദ്യാര്‍ഥികളോട് പറഞ്ഞു. തങ്കനൂലുകൊണ്ട് പേരെഴുതിയ കോട്ടിട്ട്, പ്രോംപ്ടറുടെ സഹായത്തോടെ വാക്ചാതുരി കാട്ടുന്ന നരേന്ദ്ര  ദാമോദര്‍ദാസ് മോദിയെ അവരില്‍ എത്രപേര്‍ അറിയാതിരിക്കും?വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ‘ധര്‍മ സംസ്ഥാപനാര്‍ഥായ’ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിക്കു കീഴില്‍ ഹിന്ദുത്വ അജണ്ടകള്‍ പലരൂപത്തില്‍ നടപ്പായിവരുന്നു. ഹിന്ദുത്വ ശക്തികള്‍ അഴിഞ്ഞാട്ടം നടത്തുന്നു. പരിഷ്കൃത രാജ്യങ്ങള്‍ ചെയ്തപോലെ വധശിക്ഷാ സമ്പ്രദായം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ജസ്റ്റിസ് എ.പി. ഷായുടെ നേതൃത്വത്തിലുള്ള നിയമകമീഷന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിധി പറയുന്ന ജഡ്ജിമാരെ സ്വാധീനിക്കാറുണ്ട്, യാക്കൂബ് മേമന്‍െറയും അഫ്സല്‍ ഗുരുവിന്‍െറയുമൊക്കെ വധശിക്ഷകള്‍ രാഷ്ട്രീയപ്രേരിതമാണ് തുടങ്ങിയ പരാമര്‍ശങ്ങള്‍ ടി.വി അഭിമുഖത്തില്‍ അദ്ദേഹം നടത്തുകയും ചെയ്തു. ജയിലില്‍ മാത്രമല്ല ‘രാഷ്ട്രീയപ്രേരിത’മായ വധശിക്ഷകള്‍ നടപ്പാവുന്നത്. ബജ്റംഗ്ദള്‍ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണികള്‍ക്കിടയിലാണ് കര്‍ണാടകയില്‍ മുന്‍ വൈസ് ചാന്‍സലര്‍ എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍െറ സുഹൃത്തായിരുന്ന ഗോവിന്ദ് പന്‍സാരെയും സമാന സാഹചര്യങ്ങളിലാണ് മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍തന്നെ നരേന്ദ്ര ദാഭോല്‍കര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നിയമവലക്ക് പുറത്താണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പടനയിച്ചവര്‍ക്ക് വധശിക്ഷ വിധിച്ചത് ആരാണ്? പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ സമന്വയ ബൈഠകില്‍ മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി പ്രത്യേകമായ അഭ്യര്‍ഥന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകംതന്നെ,  അക്കാദമിക്-സാംസ്കാരിക സ്വയംഭരണ സ്ഥാപനങ്ങളിലെ അഭിപ്രായ വൈവിധ്യങ്ങളുടെയും കഥകഴിച്ചുകൊണ്ടിരിക്കുകയാണ്. കാവിച്ചന്തമുള്ളവര്‍ക്കായി ഐ.ഐ.ടികള്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഐ.സി.എച്ച്.ആര്‍ തുടങ്ങിയവയിലെ പദവികള്‍ സംവരണം ചെയ്യുന്നു. ഡല്‍ഹിയില്‍ ഒൗറംഗസീബ് റോഡിന്‍െറ പേരു മായ്ച്ചു. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ മഹത്ത്വം ഉയര്‍ത്തിക്കാട്ടുന്നതിനെക്കാള്‍ മുഗള്‍ ചരിത്രം മറവിയിലേക്ക് തള്ളാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. 49 കൊല്ലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തിയുടെ പേര് ഇന്ത്യയില്‍ 177 നഗര-ഗ്രാമങ്ങളില്‍ കൊത്തിവെച്ചിട്ടുണ്ടെന്നാണ് 2011ലെ സെന്‍സസ് പറയുന്നത്. അതെല്ലാം മായ്ച്ചുകളഞ്ഞ് മുഗള്‍ഭരണകഥ അപ്രത്യക്ഷമാക്കാന്‍ സംഘ്പരിവാറിന് എങ്ങനെ കഴിയും? അതുകൊണ്ട് എന്താണ് ഗുണം? ആദ്യപ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായിരുന്ന നെഹ്റു മ്യൂസിയം ‘പരിഷ്കരിച്ച്’ മറ്റു ഭരണനേതാക്കളുടെ ചിത്രങ്ങളും മഹിമകളുംകൂടി ഉള്‍ക്കൊള്ളിക്കാനുള്ള പുറപ്പാടും തുടങ്ങിക്കഴിഞ്ഞു.
ഇനിയാണ് നരേന്ദ്ര മോദി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഉപദേശത്തില്‍നിന്ന് വായിക്കേണ്ടത്: ‘രക്ഷിതാക്കള്‍ സ്വപ്നവും ചിന്തയുമെല്ലാം പുതുതലമുറയില്‍ അടിച്ചേല്‍പിക്കരുത്. സ്വയം കണ്ടത്തൊന്‍ അവരെ അനുവദിക്കുക. അവര്‍ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരട്ടെ.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story