പുരാണത്തില്‍ ദേവരാജാവ് ഇന്ദ്രന്‍െറ ഭാര്യയാണ് ഇന്ദ്രാണി. സ്വര്‍ഗത്തിലെ കൊട്ടാരമായ അമരാവതിയാണ് വസതി. സഞ്ചരിക്കാനുള്ള വാഹനം ഐരാവതം എന്ന ആന. സ്വര്ഗീയസൗഖ്യങ്ങളുടെ നിലനില്പിന് തടസ്സമാവുന്ന എന്തിനെയും എതിരിടുന്നതായിരുന്നു ഇരുവരുടെയും ശീലമെന്ന് പുരാണം. അഭിനവ ഇന്ദ്രാണിക്ക് പേരിലെ പുരാണകഥാപാത്രത്തിന്െറ ജീവിതപശ്ചാത്തലവുമായി സാമ്യങ്ങളേറെ. സ്റ്റാര്‍ ടി.വിയുടെ വിനോദവ്യവസായം ഇന്ത്യയില്‍ നയിക്കാന്‍ മാധ്യമപ്രഭു റൂപര്‍ട്ട് മര്‍ഡോക് നിയോഗിച്ച പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ. കോന്‍ ബനേഗ ക്രോര്‍പതി എന്ന ജനപ്രിയ പരിപാടിയാല്‍ ഇന്ത്യന്‍ ജനതയുടെ വിനോദശീലങ്ങളെ മാറ്റിമറിച്ച, ഇന്ദ്രനെപ്പോലെ വിളങ്ങുന്ന മുഖമുള്ള മന്നവേന്ദ്രന്െറ സഹധര്മിണിയായതു മുതല്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു. അങ്ങനെ കയറിക്കയറി ലോകം ശ്രദ്ധിക്കേണ്ട 50 സ്ത്രീകളില്‍ ഒരാള്‍ എന്ന് 2008ല്‍ അമേരിക്കന്‍ ബിസിനസ് പത്രം വാള് സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിക്കുന്നതുവരെയത്തെി വളര്‍ച്ച. ഇന്ദ്ര നൂയിക്കും പത്മ വാര്യര്ക്കുമൊപ്പമായിരുന്നു സ്ഥാനം. രാജ്യത്തെ ഉത്തരേന്ത്യന്‍ സമൂഹത്തിന്‍െറ പ്രോത്സാഹനത്തിനായി നിലകൊള്ളുന്ന ഉത്തര ഭാരതീയ മഹാസംഘ് ഉത്തരരത്ന ബഹുമതി നല്കി ആദരിച്ചു. ആ ഉയരങ്ങളില്‍നിന്നുള്ള പതനത്തിലാണിപ്പോള്. മകള്‍ ഷീനയെ കൊലപ്പെടുത്തിയവള്‍ എന്നാണ് പൊലീസ് ഭാഷ്യം. അതുകൊണ്ടുതന്നെ ആരുഷി തല്‍വാര്‍ കേസിനുശേഷം ദേശീയ മാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ നിറഞ്ഞുനില്പുണ്ട്.
പത്താംക്ളാസില്‍ പഠിച്ചിരുന്നപ്പോള്‍ മകള്‍ ഷീന എഴുതിയ ഡയറിക്കുറിപ്പുകളില്‍ അമ്മ ദുര്‍മന്ത്രവാദിനിയാണ്. ദുര്‍ന്നടപ്പുകാരിയാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കെ ഉരുത്തിരിയുന്ന ഇന്ദ്രാണിയുടെ പ്രതിച്ഛായ മാധ്യമങ്ങളില്‍ തെളിയുന്നതും അങ്ങനെയൊക്കത്തെന്നെയാണ്. ഇന്ദ്രാണി മകളെ കൊന്നിരിക്കാം, ഇല്ലായിരിക്കാം. അത് നിയമം കണ്ടെത്തേണ്ട കാര്യങ്ങളാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുകതന്നെ വേണം. പക്ഷേ, മാധ്യമങ്ങള്‍ ഇപ്പോള്‍ വിചാരണ നടത്തി ശിക്ഷിച്ചിരിക്കുന്നത് കൊലപാതകക്കുറ്റത്തിനല്ല, മറിച്ച് ഇന്ദ്രാണിയുടെ ജീവിതരീതിയുടെ പേരിലാണ്. ഒൗപചാരികമായ കുറ്റപത്രസമര്പ്പണത്തിനും മുമ്പാണ് ഈ വിധി.
അസമിലെ ഒന്നുമില്ലായ്മയില്നിന്നും ലോകത്തെ പ്രബലരായ അമ്പത് ബിസിനസ് വനിതകളിലൊരാളായി വളര്‍ന്ന സ്ത്രീയുടെ വഴികള്‍ ശരിയല്ളെന്നും അതുകൊണ്ടുതന്നെ അവള് കൊടുംകുറ്റവാളിയാണെന്നും മാധ്യമങ്ങള്‍ വിധിച്ചിരിക്കുന്നു. സുനന്ദ പുഷ്കറിന്െറയും നീരാ റാഡിയയുടെയും പതനങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച അതേ നിലപാട്. തീവ്രമായ ഉത്കര്‍ഷേച്ഛയുള്ള, ഉന്നതങ്ങളില്‍ ചെന്നത്തെണമെന്നും പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെടണമെന്നും ആഗ്രഹമുള്ള ഏതൊരു ഇന്ത്യന്‍ വനിതയുടെയും വഴികള്‍ തെറ്റായിരിക്കുമെന്ന് അവ അടിവരയിട്ടു പറയുന്നു. ബിസിനസ് കുടുംബത്തിനും ഉപരിവര്‍ഗത്തിനും പുറത്തുനിന്നു വരുന്ന ഒരാളെ അവിശ്വസിക്കുന്നതിന്െറ ചിതറിയ ചിത്രങ്ങളാണ് നാം കാണുന്നത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഡിഗ്രിയോ പാരമ്പര്യമായി കിട്ടിയ പൂത്ത പണമോ ഇല്ലാതെ ഉയരങ്ങളിലത്തെിയ യുവതി ‘പിശാചിന്‍െറ കണ്ണുകള്‍ ഉള്ളവള്‍’ എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു.
‘സോഷ്യല്‍ ബട്ടര്‍ഫൈ്ള’ എന്നാണ് ഒരു മുന്‍നിര ഇംഗ്ളീഷ് പത്രം മുഖപ്രസംഗത്തില്‍ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്‍െറ ഉന്നതങ്ങളില്‍ കയറിപ്പറ്റാന്‍ ഒരു പൂവില്‍നിന്ന് മറ്റൊരു പൂവിലേക്ക് മാറി മാറിച്ചെന്ന് തേന്‍ കുടിക്കുന്ന ചിത്രശലഭമാണ് ഇന്ദ്രാണിയെന്ന് വ്യംഗ്യം. ബിസിനസില്‍ വിജയിച്ച പല വനിതകളുടെയും ചിത്രം ഇന്ത്യന്‍ മാധ്യമങ്ങള്‍ വരച്ചിട്ടത് അങ്ങനെയൊക്കത്തെന്നെ. ശൂന്യതയില്‍നിന്ന് ശരീരം കൊണ്ടാണ് അവര്‍ എല്ലാം നേടിയത് എന്ന് സൂചിപ്പിച്ചാല്പിന്നെ വിജയിക്കുന്ന വനിതകളുടെ ചുവടുകളെ സമൂഹത്തിന് സംശയിക്കാമല്ളോ. സുനന്ദയുടെ മുന്കാലബന്ധങ്ങളെക്കുറിച്ചും ഡല്‍ഹിയിലെ ആഡംബരവസതിക്കു മുന്നില്‍ നീരാ റാഡിയയെ വശീകരിക്കാന്‍ ക്യൂനിന്നിരുന്നവരെക്കുറിച്ചും മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞിട്ടുണ്ട്.
ഇന്ദ്രാണിയുടെ കാര്യത്തില്‍ ധാര്‍മികതയുടെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. മാതൃത്വത്തിന്‍െറ പരിശുദ്ധിയെ കളങ്കപ്പെടുത്തിയ വനിത എന്ന വിമര്‍ശമാണ് അതിലൊന്ന്. സാമൂഹികപദവിക്കും പ്രതിച്ഛായക്കും കോട്ടം തട്ടുമെന്ന ഭീതിയില്‍ മകളെയും മകനെയും സഹോദരങ്ങളായി അവതരിപ്പിച്ചുവെന്നതാണ് പ്രശ്നം. പാരമ്പര്യമാതൃത്വത്തെയും ദാമ്പത്യത്തെയും തള്ളിക്കളഞ്ഞ് ഇന്ദ്രാണി തന്‍െറ ശാരീരികമായ ആകര്‍ഷണത്വത്തെ സ്വതന്ത്രജീവിതത്തിനും സാമൂഹികമായ ഒൗന്നത്യങ്ങള്‍ എത്തിപ്പിടിക്കുന്നതിനും ഉപയോഗിച്ചുവെന്നാണ് പൊതുവായ ആരോപണം. വിവാഹബന്ധത്തിലേര്‍പ്പെട്ട മൂന്നു പുരുഷന്മാരും ഉന്നതങ്ങളിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമായിരുന്നുവെന്ന് പത്രങ്ങള്‍ അടക്കം പറയുന്നു. മനുഷ്യബന്ധങ്ങളില്‍ എന്തു സംഭവിച്ചുവെന്ന് നേരിട്ട് അറിയാതെ അവള് അവസരവാദിയായ പെണ്ണാണെന്ന ഗോസിപ്പിങ്ങിന്െറ സ്വരമാണ് ഇതില്‍ മുഴങ്ങുന്നത്. വിവാഹത്തെ സാമ്പത്തികമായ ഉന്നമനത്തിനു വിനിയോഗിച്ചുവെന്ന ആരോപണത്തിനും എതിര്‍വാദങ്ങള്‍ ഉയരുന്നുണ്ട്. സ്ത്രീധനത്തിലൂടെയും മറ്റും വിവാഹം സ്ഥാപനവത്കരിക്കപ്പെട്ട ഇന്ത്യയില്‍ വിവാഹത്തെ സാമ്പത്തികനേട്ടത്തിനായി വിനിയോഗിച്ച ആദ്യത്തെ സ്ത്രീയല്ല ഇന്ദ്രാണി. അമൃതദത്തയെയും അഞ്ജലി പുരിയെയും അമൃത മുഖര്‍ജിയെയും പോലുള്ള എഴുത്തുകാരികള്‍ ഈ മാധ്യമവിചാരണക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്. ബിസിനസില്‍ അവള് മിടുക്കിയായിരുന്നുവെന്ന് ശേഖര്‍ ഗുപ്തയെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
1972ല്‍ ഗുവാഹതിയില്‍ ജനനം. പിതാവ് ഉപേന്ദ്രകുമാര്‍ ബോറ, മാതാവ് ദുര്‍ഗ റാണി. ജനിച്ചപ്പോള്‍ വീണ പേര് പോരി ബോറ. ഷില്ളോങ്ങിലായിരുന്നു ഉപരിപഠനം. 1986ല്‍ സിദ്ധാര്ഥദാസിനെ കണ്ടുമുട്ടി. ആ ബന്ധത്തില്‍ ഷീനയും മിഖായേലും പിറന്നു.1990ല്‍ മക്കളെ തന്‍െറ മാതാപിതാക്കളെ ഏല്പിച്ച് കമ്പ്യൂട്ടര്‍ പഠിക്കാന്‍ കൊല്‍ക്കത്തയില്‍ പോയി. അവിടെ കണ്ടുമുട്ടിയ സഞ്ജീവ് ഖന്നയെ 1993ല്‍ വിവാഹം കഴിച്ചു. 1997ല്‍ വിധി എന്ന മകള്‍ പിറന്നു. 2001ല്‍ വാണിജ്യതലസ്ഥാനമായ മുംബൈയിലേക്കു താമസം മാറ്റി. സഞ്ജീവ് ഖന്നയുമായുള്ള ദാമ്പത്യത്തില്‍ താളപ്പിഴകള്‍ വന്നപ്പോള്‍ മുംബൈയില്‍ പരിചയത്തിലായ പീറ്റര്‍ മുഖര്‍ജിയെ 2002ല്‍ വിവാഹം കഴിച്ചു. കൊല്‍ക്കത്തയില്‍ തുടങ്ങിയ ഐ.എന്‍.എക്സ് സര്‍വീസ് എന്ന റിക്രൂട്ട്മെന്റ് കമ്പനിയുടെ മുഖ്യ ക്ളയന്റുകള്‍ സ്റ്റാര്‍ ഇന്ത്യയും റിലയന്സുമൊക്കെയായിരുന്നു. പീറ്ററിന്‍െറ സഹായത്തോടെ വിപുലമായ മാധ്യമശൃംഖല പണിയാനായി ഇന്ദ്രാണിയുടെ ശ്രമം. അങ്ങനെ പീറ്റര്‍ 2008ല്‍ സ്റ്റാര്‍ ഇന്ത്യ വിട്ടു. ഐ.എന്‍.എക്സ് മീഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്നു ഇന്ദ്രാണി. പക്ഷേ, മാധ്യമവ്യവസായം കോടികളുടെ കടംവരുത്തി. ഒരു ബോളിവുഡ് കഥയെ അതിശയിപ്പിക്കുന്ന ജീവിതം വൈകാതെതന്നെ വെള്ളിത്തിരയില്‍ വരും. രാഖി സാവന്ത് ആണ് നായിക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2015 7:42 AM GMT Updated On
date_range 2015-09-06T13:12:08+05:30കഥാനായിക
text_fieldsNext Story