‘ഒരുനാളുണര്ന്നു നോക്കുമ്പോള്‍
സ്വരൂപമാകെ മാറിയിരിക്കുന്നു.
തൊപ്പിക്കു പകരം ‘കുഫിയ്യ’
കത്തിക്ക് പകരം തോക്ക്
കളം നിറയെ ചോര.
ഖല്ബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് ‘ഖഹ് വ’
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേര്: ‘ഭീകരവാദി’
ഇന്നാട്ടില് പിറന്നുപോയി, ഖബറ്
ഇവിടത്തെന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോള്‍ വീട് കിട്ടാത്ത യത്തീം
ആര്‍ക്കുമെന്നെ തുറുങ്കിലടയ്ക്കാം
ഏറ്റുമുട്ടലിലെന്ന് പാടിക്കൊല്ലാം
തെളിവൊന്നുമതി: എന്‍െറ പേര്. ^സച്ചിദാനന്ദന്
ബഷീര്‍ എന്ന പേരുമാത്രം മതിയായിരുന്നു എഴുത്തുകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ മലയാള വിഭാഗം പ്രഫസറുമായ ഡോ. എം.എം. ബഷീറിന് രാമായണത്തെക്കുറിച്ച് എഴുതിയതിന് ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണി ലഭിക്കാന്‍. ഫോണില്‍ ഭീഷണിയും തെറിവിളിയും പതിവായതോടെ മാതൃഭൂമിയില്‍ രാമായണ മാസത്തോടനുബന്ധിച്ച് എഴുതിയ കോളം നിര്‍ത്തുകയായിരുന്നെന്ന് ബഷീര്‍ ഫോണില്‍ പറഞ്ഞു. വിവാദ, തീവ്രവാദ സംഘടനയായ ഹനുമാന് സേനയുടെ പേരില്‍ ബഷീര്‍ ലേഖനമെഴുതിയതിനെ വിമര്‍ശിച്ച് മാതൃഭൂമി ഓഫിസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഹിന്ദുവിനെ അപമാനിക്കുന്ന മാതൃഭൂമി പത്രം ഉപേക്ഷിക്കുക, പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്.
രാമനെ വിമര്‍ശിക്കാന്‍ തനിക്കെന്ത് അധികാരമാണെന്ന് ഫോണില്‍ ചീത്ത പറഞ്ഞവര്‍ ചോദിച്ചതായി ബഷീര്‍ പറഞ്ഞു. കുട്ടികൃഷ്ണ മാരാര്‍ രാമനെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ടല്ളോ എന്ന് ചോദിച്ചപ്പോള്‍ ജി.എന്‍. പിള്ള അടക്കം പല പണ്ഡിതരും ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ടെന്ന് അജ്ഞാത കേന്ദ്രത്തിലിരുന്നുകൊണ്ട് എം.എം. ബഷീര്‍ ഫോണില്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ബഷീര്‍ എന്ന മുസ്ലിം എഴുതിയതാണ് പ്രശ്നം. സച്ചിദാനന്ദന്‍െറ കവിതയിലെ ഒടുവിലത്തെവരി ഞാന്‍ ഒന്നുകൂടി ഉരുവിട്ടു. ‘തെളിവൊന്നുമതി: എന്‍െറ പേര്’ ഗബ്രിയേല്‍ ഗാര്‍സ്യ മാര്കേസിനെയും സക്കറിയയെയും ക്രിസ്ത്യനായും ഒ.വി. വിജയനെയും എന്‍.എസ്. മാധവനെയും ഹിന്ദുവായും വൈക്കം മുഹമ്മദ് ബഷീറിനെയും അക്ബര്‍ കക്കട്ടിലിനെയും മുസ്ലിമായും മാത്രം കാണുന്നിടത്ത് നമുക്കെന്തോ തകരാറുണ്ട്. നമ്മള് പിന്നോട്ട് നടക്കുകയാണ്.
പ്രമുഖ കന്നട സാഹിത്യകാരനും ഇടതുപക്ഷ സഹയാത്രികനും പണ്ഡിതനുമായിരുന്ന ഡോ. മല്ളേശപ്പ എം. കല്‍ബുര്‍ഗി ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഹംപി കന്നട വൈസ് ചാന്‍സലര്‍ കൂടിയായ കല്‍ബുര്‍ഗി അന്ധവിശ്വാസങ്ങള്‍ക്കും നഗ്നവിഗ്രഹാരാധനക്കുമെതിരെ നിലപാട് കൈക്കൊണ്ടിരുന്നു. ഇതുകാരണം ഇദ്ദേഹത്തിന് തീവ്രഹിന്ദുത്വ സംഘടനകളില്‍നിന്ന് ജീവന് ഭീഷണിയുണ്ടായിരുന്നു. അന്ധവിശ്വാസം, ദുര്‍മന്ത്രവാദം എന്നിവക്കെതിരെ ശക്തമായ നിലപാടെടുത്തയാളായിരുന്നു കൊല്ലപ്പെട്ട കല്‍ബുര്‍ഗി. ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.പി.ഐ മഹാരാഷ്ട്ര ഘടകം സെക്രട്ടറിയും ഹിന്ദുത്വക്കെതിരെ സംസ്ഥാനത്ത് വലിയ പ്രചാരണം നടത്തുകയും ചെയ്ത ഗോവിന്ദ് പന്‍സാരെയെയും ഹിന്ദുത്വവാദികള്‍ തോക്കിന് ഇരയാക്കിയിരുന്നു. ഒന്നര ലക്ഷം കോപ്പി വിറ്റഴിഞ്ഞ ‘ശിവജി കോന്ത’ എന്ന ഗ്രന്ഥത്തിനെതിരെ ശിവസേനയുള്‍പ്പെടെയുള്ള സംഘടനകളും രംഗത്തുവന്നു. യുക്തിവാദത്തെയും മുസ്ലിംകളെയും അനുകൂലിക്കുന്ന നിലപാടെടുത്തതിനാല്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഭരത് പട്നാക്കര്ക്കും വധഭീഷണിയുണ്ട്.
യു.ആര്. അനന്തമൂര്‍ത്തിയുടെ അവസാനകാലത്ത് അദ്ദേഹത്തിനെതിരെ വര്‍ഗീയശക്തികള്‍ എടുത്ത നിലപാടും ഹിന്ദുത്വ ശക്തികളുടെയും ജാതിസംഘടനകളുടെയും ഭീഷണിയില്‍ മനംനൊന്ത് തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകന് എഴുത്ത് നിര്‍ത്തേണ്ടിവന്നതും നമുക്കറിയാം.
പുസ്തകങ്ങളെയും ആശയങ്ങളെയും എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? ‘സാത്താനിക് വേഴ്സസ്’ എഴുതിയതിന്‍െറ പേരില്‍ സല്മാന് റുഷ്ദി ഇന്നും വധഭീഷണിയുടെ നിഴലിലാണ്. ഏറ്റവും തമാശയുള്ള മറ്റൊരു കാര്യമുണ്ട് സര് സിപിയുടെ ഭരണകാലത്ത് വൈക്കം മുഹമ്മദ് ബഷീറിന്‍െറ പ്രേമലേഖനം നിരോധിച്ചിരുന്നു.
ഡോ. എം.എം. ബഷീറിന് രാമായണത്തെക്കുറിച്ചും കെ.പി. രാമനുണ്ണിക്ക് മുസ്ലിമിനെക്കുറിച്ചും പറയാന്‍ അവകാശമില്ല എന്ന് പറയുന്ന പൈങ്കിളി മതേതരത്വമാണ് നിര്‍ഭാഗ്യവശാല്‍ എം.എന്‍. കാരശ്ശേരിയെപ്പോലുള്ളവര്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. ‘ഇസ്ലാമിന്‍െറ വന്മല’ എഴുതിയ ഇടശ്ശേരിക്ക് മുസ്ലിം പ്രീണനമെന്ന് പറഞ്ഞ് ശിക്ഷവിധിക്കരുത്.
മതരഹിതമായ മതേതരത്വമല്ല എല്ലാ മതങ്ങളെയും ആദരിക്കുകയും അവയുടെ അസ്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ഭരണഘടന.
ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അതേസമയം വ്യക്തിഹത്യ നടത്തുകയും അപരന്‍െറ അന്തസ്സ് ഇടിച്ചുകാണിക്കുകയും ചെയ്യാന്‍ ഒരു പൗരനും അവകാശമില്ല. നമ്മുടെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് നടക്കുന്നതതാണ്.
ഓണം എന്ന് കേള്‍ക്കുമ്പോള്‍ മുക്രയിടുന്നവരും മനസ്സില്‍ പൂക്കളം മായ്ച്ച് മരുഭൂമി തീര്‍ക്കുന്നവരാണ്. എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകുന്ന ഒരു പൂക്കാലമാണ് നാം സ്വപ്നം കാണേണ്ടത്.
അസഹിഷ്ണുത പെരുമഴപോലെ പെയ്യുമ്പോള്‍, ഞാന്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ ഡോ. എം.എം. ബഷീറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. l
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2015 7:35 AM GMT Updated On
date_range 2015-09-06T13:05:09+05:30എം.എം. ബഷീര്‍ രാമനെക്കുറിച്ച് മിണ്ടരുത്!
text_fieldsNext Story