Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിദ്യാഭ്യാസത്തിന്‍െറ...

വിദ്യാഭ്യാസത്തിന്‍െറ കോര്‍പറേറ്റ്വത്കരണം

text_fields
bookmark_border

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല രൂപവത്കരിക്കുന്നത് സംബന്ധിച്ച്  മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. സ്വകാര്യ സര്‍വകലാശാല രൂപവത്കരണ നീക്കം തുടക്കത്തില്‍തന്നെ കല്ലുകടിയോടെയാണ് ആരംഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കേരള ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ സ്വകാര്യ സര്‍വകലാശാല രൂപവത്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ളെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍നിന്ന് ലാഭംകൊയ്യാന്‍ ലക്ഷ്യമിടുന്ന ഏതോ കോര്‍പറേറ്റ് സ്ഥാപനത്തിന്‍െറ സമ്മര്‍ദത്തിനു വഴങ്ങിയാണ് വിദ്യാഭ്യാസ മന്ത്രിയോടു പോലും ആലോചിക്കാതെ മുഖ്യമന്ത്രി സ്വകാര്യ സര്‍വകലാശാല രൂപവത്കരിക്കുന്നതിനുള്ള നീക്കം നടത്തുന്നതെന്ന് വ്യക്തമാണ്. കേരളത്തെ വിദ്യാഭ്യാസ ഹബായി മാറ്റുന്നതിന്‍െറ ഭാഗമായിട്ടാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. എന്താണ് അതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. തന്‍െറ മുന്‍ഗാമിയായ എ.കെ. ആന്‍റണി തുറന്നുവിട്ട സ്വാശ്രയ പ്രഫഷനല്‍ കോളജ് എന്ന ഭൂതത്തിന്‍െറ തുടര്‍ച്ചയായിട്ടാണിപ്പോള്‍ ഉമ്മന്‍ ചാണ്ടി മറ്റൊരു ഭൂതത്തെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് ആവാഹിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.  
മറ്റു സംസ്ഥാനങ്ങളില്‍ സ്വാശ്രയ സര്‍വകലാശാലകള്‍ സ്ഥാപിച്ചിട്ടുള്ളത് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളോ കുടുംബങ്ങളോ ആണ്. കേരളത്തില്‍ സ്വാശ്രയ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നതോടെ വിദ്യാഭ്യാസമേഖലയുടെ  സ്വകാര്യവത്കരണം കോര്‍പറേറ്റ്വത്കരണമായി വികസിക്കാനാണ്  സാധ്യത. സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ നഗരത്തില്‍ 20 ഏക്കറും ഗ്രാമത്തില്‍ 30 ഏക്കറും ഉണ്ടായിരിക്കണം, വിദ്യാര്‍ഥി പ്രവേശത്തില്‍ സംവരണം പാലിക്കണം, യു.ജി.സി നിയമപ്രകാരം സെര്‍ച് കമ്മിറ്റി രൂപവത്കരിച്ച് വേണം വൈസ് ചാന്‍സലര്‍ നിയമനം, എന്‍ജിനീയറിങ്, നിയമം, മാനേജ്മെന്‍റ്, ആയുര്‍വേദം, വിദ്യാഭ്യാസം, സയന്‍സ്, ആര്‍ട്സ്, സോഷ്യല്‍ സയന്‍സ്, ഇകണോമിക്സ് എന്നിവയില്‍ എതെങ്കിലും അഞ്ചു വിഭാഗങ്ങളെങ്കിലും സര്‍വകലാശാലയില്‍ ഉണ്ടായിരിക്കണം, ലാഭം മറ്റു വ്യവസായങ്ങളില്‍ മുടക്കരുത് തുടങ്ങിയ കര്‍ശന നിബന്ധനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫീസ് സര്‍വകലാശാല നിശ്ചയിക്കുമെന്നും സര്‍വകലാശാല പൂട്ടിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി എന്നെല്ലാമുള്ള കര്‍ശന നിബന്ധനകളുമായി ആരംഭിച്ച സ്വാശ്രയ കോളജുകളുടെ അനുഭവം മുന്നിലുള്ളതുകൊണ്ട് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന സ്വകാര്യ സര്‍വകലാശാലകളില്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാന്‍ കഴിയും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയും സര്‍വകലാശാലകളും ഗുരുതരമായ പ്രശ്നങ്ങളെ നേരിട്ടുവരുന്ന സാഹചര്യത്തില്‍ അതൊന്നും പരിശോധിക്കാന്‍ മിനക്കെടാതെയാണിപ്പോള്‍ പുതിയൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നത്. ഉന്നത വിദ്യാഭ്യാസമേഖലക്ക് അക്കാദമിക് നേതൃത്വം നല്‍കേണ്ട  സര്‍വകലാശാലകള്‍ നിരവധി പ്രതിസന്ധികളില്‍പെട്ട് ഫലത്തില്‍ നിഷ്ക്രിയമായിക്കൊണ്ടിരിക്കയാണ്. സര്‍വകലാശാലകളുടെ ഘടനയും പ്രവര്‍ത്തനരീതിയുമെല്ലാം സമഗ്രമായ പരിഷ്കരണത്തിനും നവീകരണത്തിനും വിധേയമാക്കേണ്ട ചുമതലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുനിന്നുകൊണ്ട് പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനാവാത്ത പുതിയ പരീക്ഷണങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ നമുക്കിതുവരെ സമുചിതമായ വികസന പരിപ്രേക്ഷ്യമോ  നയരൂപവത്കരണമോ നടത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ തയാറാക്കിയ ഉന്നത വിദ്യാഭ്യാസ കരട് നയരേഖയും ഇപ്പോഴത്തെ  കൗണ്‍സില്‍ നിയോഗിച്ച ജെ.എ.കെ തരീന്‍ ചെയര്‍മാനും  ഡോ. ഷീന ഷുക്കൂര്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച നിര്‍ദേശങ്ങളും പൂര്‍ണമായി അവഗണിക്കുകയാണുണ്ടായത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയാറാക്കിയ സ്റ്റാറ്റ്യൂട്ടിന്‍െറയും ആക്ടിന്‍െറയും ബലത്തിലാണ് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലകളില്‍ നിക്ഷിപ്തമായിട്ടുള്ള അക്കാദമിക് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഒട്ടും പ്രാപ്തമല്ലാത്ത ഭരണ രീതികളാണ് ഇപ്പോള്‍ പിന്തുടര്‍ന്നുവരുന്നത്. ചട്ടങ്ങളിലും നിയമങ്ങളിലും ഉചിതമായ  മാറ്റങ്ങള്‍ വരുത്തിയും സുതാര്യതയും കാര്യക്ഷമതയും വേഗവും ഉറപ്പാക്കിക്കൊണ്ടുള്ള ആധുനികീകരണം നടപ്പാക്കിയും സര്‍വകലാശാലയില്‍ നിക്ഷിപ്തമായ അക്കാദമിക് അജണ്ട സാക്ഷാത്കരിക്കാന്‍ സഹായകമായ ഭരണപരിഷ്കാരം നടപ്പാക്കേണ്ടതായിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വിഷയാടിസ്ഥാനത്തിലുള്ള നിരവധി സര്‍വകലാശാലകള്‍ കേരളത്തില്‍ നിലവില്‍ വന്നിട്ടുമുണ്ട്.  പൊലീസ്, അറബിക്, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ പുതിയ സര്‍വകലാശാലകള്‍ക്കായി സമ്മര്‍ദവും നടന്നുവരുകയാണ്. ഇതൊന്നും ഗൗരവമായി പരിശോധിക്കാതെയാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ പോകുന്നത്.
സ്വകാര്യ സ്വാശ്രയ പ്രഫഷനല്‍  കോളജുകളുടെ കടന്നുവരവ് കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ നിലവിലുള്ള പ്രതിസന്ധികള്‍ രൂക്ഷമാക്കുകയും പുതിയ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള സമൂഹികനീതി, ഗുണമേന്മ, തൊഴില്‍സാധ്യത തുടങ്ങിയ എല്ലാ തലങ്ങളിലും കേരളം ഇന്നു പിറകോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
വൈദ്യസേവനത്തില്‍ അഭിരുചിയോ അതിലേക്കാവശ്യമായ മനോഭാവമോ തീരെയില്ലാത്ത കുട്ടികളെ മെഡിക്കല്‍ രംഗത്തേക്ക് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചയക്കുകയാണ്. ലക്ഷക്കണക്കിന് രൂപ നല്‍കി എം.ബി.ബി.എസും കോടിക്കണക്കിന് രൂപ നല്‍കി പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടുന്ന ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്ര നൈതികത പിന്തുടരാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. വ്യക്തികളെന്ന നിലയില്‍ ഇവരില്‍ പലരും ധാര്‍മികബോധമുള്ളവരാണെങ്കില്‍പോലും കുടുംബാംഗങ്ങളും ബന്ധുക്കളും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അവരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് തീര്‍ച്ചയാണ്.  
എന്‍ജിനീയറിങ് വിദ്യാഭ്യാസം മറ്റ് ഉന്നതവിദ്യാഭ്യാസമേഖലകളോടൊപ്പം കേരളത്തില്‍ അതിഭീമമായ നിലവാരത്തകര്‍ച്ചയെ നേരിടുകയാണ്. എന്‍ജിനീയറിങ് പരീക്ഷയില്‍ പാസാകുന്ന കുട്ടികളുടെ എണ്ണം മിക്ക സ്വാശ്രയ കോളജുകളിലും വളരെ കുറവാണെന്ന് കാണാന്‍ കഴിയും. മാത്രമല്ല വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍തന്നെ പഠിച്ച വിഷയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആത്മവിശ്വാസമില്ലത്തതുമൂലം എം.ബി.എ തുടങ്ങിയ മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് ചേരുന്ന പ്രവണതയും വര്‍ധിച്ചുവരുന്നു. കെല്‍ട്രോണ്‍, ഇലക്ട്രോണിക് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍, ടെക്നോപാര്‍ക്ക് തുടങ്ങിയ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുമ്പേ സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍, വിവരസാങ്കേതികവിദ്യാ വിപ്ളവത്തിന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നവീനവ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും കേരളത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെല്ലാം നാം അമ്പേ പരാജയപ്പെട്ടത് എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തകര്‍ച്ചമൂലമാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവോടെ കേരള സമൂഹത്തിന്‍െറ ശ്രദ്ധമുഴുവന്‍ മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മാത്രമായി ചുരുങ്ങിനില്‍ക്കുന്നത് വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ചുള്ള  സമഗ്രവും പ്രസക്തങ്ങളുമായ ചര്‍ച്ച അസാധ്യമാക്കുന്നുണ്ട്. സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ എത്രയോ അധികം കുട്ടികള്‍, അതും സാമൂഹിക പിന്നാക്കാവസ്ഥയിലും ദരിദ്രവിഭാഗത്തിലും പെട്ടവര്‍ പഠിക്കുന്ന ഐ.ടി.ഐ, പോളിടെക്നിക്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, സര്‍വകലാശാല ഡിപ്പാര്‍ട്മെന്‍റുകള്‍ തുടങ്ങിയവ നേരിടുന്ന അക്കാദമിക് ഭരണ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടത്തൊനും തൊഴില്‍ മേഖലകളില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവര്‍ക്കൊരിടം ഉറപ്പാക്കാനാവശ്യമായ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ആവിഷ്കരിക്കാനുമാണ് സര്‍ക്കാര്‍  അടിയന്തരമായി ശ്രദ്ധിക്കേണ്ടത്.
ആധികാരികമായി തയാറാക്കിയ മനുഷ്യവിഭവശേഷി ആസൂത്രണത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാണ് പുതിയ കോളജുകള്‍ വിവിധ മേഖലകളില്‍ ആരംഭിക്കേണ്ടത്. സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി സ്വാശ്രയകോളജുകള്‍ അനുവദിക്കുന്ന  ഇന്നത്തെ രീതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരമായി ഇതാ സ്വകാര്യ കോര്‍പറേറ്റ്  സര്‍വകലാശാലകള്‍ കടന്നുവരാന്‍ പോകുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കുള്ള പരിമിതമായ നിയന്ത്രണം പോലുമില്ലാതെയായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുക എന്നും ഓര്‍ത്തിരിക്കേണ്ടതാണ്.

Show Full Article
TAGS:
Next Story