Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതിരിച്ചടിക്ക്...

തിരിച്ചടിക്ക് ഉത്തരവാദി സര്‍ക്കാര്‍മാത്രം

text_fields
bookmark_border

എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തണം എങ്ങനെ നടത്തണം എന്നൊക്കെ തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ്, അതില്‍ കോടതി ഇടപെടില്ല എന്നാണ് ഹൈകോടതി പറഞ്ഞിരിക്കുന്നത്.
ആഗസ്റ്റ് 20ന് ഇതു സംബന്ധിച്ച ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയുണ്ടായിരുന്നു. അഞ്ചുവര്‍ഷ കാലാവധി കഴിയുന്നതിനുമുമ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന്് അന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച അന്തിമ വിധിയാണത്.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് തെരഞ്ഞെടുപ്പ് കമീഷന്‍െറ ഭരണഘടനാപരമായ ചുമതലയാണ്.
തദ്ദേശ ഭരണസ്ഥാപനങ്ങള്‍ അധികാരമേറ്റ് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പുതിയ ഭരണസമിതി നിലവില്‍ വരണം. അതിന് ഒരുദിവസം പോലും വൈകാന്‍ പാടില്ല.
ആ ചുമതല നിര്‍വഹിക്കണമെന്നുതന്നെയാണ് ഹൈകോടതിയും  പറഞ്ഞത്. അതിനുവേണ്ടി എന്തു നടപടിയും സ്വീകരിക്കാം. പുതിയ വാര്‍ഡ് വിഭജനത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തണമോ പഴയ രീതിയില്‍ നടത്തണമോ എന്നൊക്കെ കമീഷന് തീരുമാനിക്കാം.  2006ലെ കിഷന്‍ സിങ് -തോമാര്‍ കേസിന്‍െറ വിധിയില്‍   സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്  ഇത് അംഗീകരിച്ചതുമാണ്.
പുതുതായി രൂപവത്കരിക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും എല്ലാ വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് നടത്തണമെന്നതായിരുന്നു സര്‍ക്കാറിന്‍െറ ആഗ്രഹം. സര്‍ക്കാര്‍ നേരത്തെ വേണ്ടത്ര തയാറെടുപ്പ് സമയബന്ധിതമായി നടത്തിയിരുന്നെങ്കില്‍ ഈ തിരിച്ചടി നേരിടുമായിരുന്നില്ല. കഴിഞ്ഞ തവണ ഒരുമാസം വൈകിയാണ് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വന്നത്. 2011ല്‍തന്നെ സര്‍ക്കാര്‍ പുതിയ പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും രൂപവത്കരിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. യു.ഡി.എഫിന്‍െറ രാഷ്ട്രീയാധികാര സമിതിക്ക് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുക്കാമായിരുന്നു. ഞാന്‍ മനസ്സിലാക്കിയയിടത്തോളം പഞ്ചായത്ത് വകുപ്പ്  ഇക്കാര്യങ്ങളൊക്കെ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിരുന്നു. പക്ഷേ, ചിലരത് വേണ്ടത്ര ചെവിക്കൊണ്ടില്ല.  അവര്‍ക്ക് ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടായിരുന്നു. 2010ലെ വാര്‍ഡ് വിഭജനം മതി പുതിയ വിഭജനം ആവശ്യമില്ളെന്നാണ് അവര്‍ പറഞ്ഞത്. ചില തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടത് 2001ലെ സെന്‍സസ് പ്രകാരമാണ്. വേറെ ചില സ്ഥലങ്ങളില്‍ 2011ലെ സെന്‍സസ് പ്രകാരവും. എല്ലായിടത്തും നിശ്ചിത സമയത്ത് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ എല്ലായിടത്തും പുതിയ ഭരണസമിതികള്‍ രൂപവത്കരിക്കാമായിരുന്നു. അത് ചെയ്തില്ല. ഇതിന് രാഷ്ട്രീയപരമായ കാരണങ്ങളുണ്ടാകുമായിരിക്കാം . ഇതിന്‍െറ അനന്തരഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.  ഇതിന് തെരഞ്ഞെടുപ്പ് കമീഷനെ ചോദ്യംചെയ്യാനാവില്ല.
സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്നതുകൊണ്ട്  ഉണ്ടായ തിരിച്ചടിയാണിത്. കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരണം ജനങ്ങളുടെ ആഗ്രഹത്തിന്‍െറ ഫലമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നവംബര്‍ ഒന്നിന്  അധികാരമേറ്റെടുക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ കണ്ണൂര്‍ കോര്‍പറേഷനടക്കം പലയിടത്തും  തെരഞ്ഞെടുപ്പ് നടത്താനാവില്ല. ഇത് ജനങ്ങളുടെ ആഗ്രഹത്തിനെതിരായ സംഗതിയാണ്. പക്ഷേ, അതിന് ഉത്തരവാദി സര്‍ക്കാര്‍മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷനല്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് വിലയിരുത്തിയപ്പോള്‍ മുസ്ലിം ലീഗ് ഇക്കാര്യത്തിലെടുത്ത നിലപാട് വളരെ കൃത്യമാണ്. ആദ്യം മുതല്‍ അവസാനം വരെ ഒറ്റ നിലപാടാണ് അവര്‍ എടുത്തത്. സര്‍ക്കാറിന്‍െറയും യു.ഡി.എഫിന്‍െറയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ വഴങ്ങിക്കൊടുത്തുവെന്ന് മാത്രം.  ഈ സാഹചര്യത്തില്‍ ഹൈകോടതിക്ക് ഇങ്ങനെ മാത്രമേ അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുകയുള്ളു. അസംബ്ളി, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യം തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ക്കും കൊടുക്കണം.

 (മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാണ് ലേഖകന്‍)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story