Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎണ്ണവില താഴേക്ക്,...

എണ്ണവില താഴേക്ക്, ടിക്കറ്റ് മേലേക്ക്

text_fields
bookmark_border
എണ്ണവില താഴേക്ക്, ടിക്കറ്റ് മേലേക്ക്
cancel

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂലി ഈടാക്കുന്ന പൊതുഗതാഗത സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി അഥവാ, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍. ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്‍നിരയിലും ഇതുണ്ട്. സ്വകാര്യ ഗതാഗത സംവിധാനം പൊതുമേഖലയെക്കാള്‍ ചെലവുകുറഞ്ഞ സംസ്ഥാനമെന്ന ചീത്തപ്പേരും ഇതിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ടുപേര്‍ക്ക് ബസില്‍ പോകുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ബൈക്കില്‍ യാത്രചെയ്യാനാവും. ലോകത്ത് നമ്മുടെ നാട്ടില്‍ മാത്രമായിരിക്കും ഈ സ്ഥിതി വിശേഷമുള്ളത്. മുന്‍ മന്ത്രിമാരുടെയും നിലവിലെ എം.എല്‍.എമാരുടെയും അടുത്ത ബന്ധുക്കള്‍ നേതൃത്വം നല്‍കുന്ന സ്വകാര്യ ബസ് ലോബിക്ക് കൊടുംലാഭം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന ഗതാഗത വകുപ്പും സര്‍ക്കാറുമാണ് ഈ സ്ഥിതിക്ക് കാരണം എന്നതില്‍ ഒരു തര്‍ക്കവും വേണ്ട. കെ.എസ്.ആര്‍.ടി.സി. എന്നും നഷ്ടത്തില്‍തന്നെ പ്രവര്‍ത്തിക്കേണ്ടത് സ്വകാര്യ ലോബികളുടെ ആവശ്യമാണ്. ഈ നഷ്ടം ചൂണ്ടിക്കാട്ടിയാണ് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ബസുകൂലി കൂട്ടാന്‍ ഒത്താശ ചെയ്യുന്നത്.
ബസ് സര്‍വിസുകള്‍ നഷ്ടത്തിലാവാന്‍ കാരണമായി ഇതുവരെ ഉടമകള്‍ ഉന്നയിച്ചിരുന്ന കാരണം ഡീസലിന്‍െറ വിലവര്‍ധനയാണ്. ഇന്ധന വില വര്‍ധനയും മറ്റും പരിഗണിക്കുമ്പോള്‍ ബസ് സര്‍വിസുകള്‍ വന്‍ നഷ്ടത്തിലായതിനാലാണ് നിരക്ക് കൂട്ടുന്നതെന്നാണ് ഗതാഗത മന്ത്രാലയവും പറയാറ്. ഒരു വര്‍ഷത്തിനിടെ ഡീസല്‍ വിലയിലുണ്ടായ കുറവ് 14.48 രൂപയാണ്. എന്നിട്ടും ബസ്, ഓട്ടോ, ടാക്സി യാത്രാ നിരക്കുകള്‍ കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുപോലുമില്ല. ഇന്ധനവിലയും ബസ്സര്‍വിസ് നടത്തിപ്പും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ആരും മിണ്ടുന്നില്ല. ബസ് നടത്തിപ്പിനുള്ള ചെലവില്‍ ഡീസലിന്‍െറ പങ്ക് നാല്‍പത് ശതമാനം മാത്രമെയുള്ളൂവെന്ന് ബസുടമകള്‍ യോഗം വിളിച്ച് വിശദീകരിക്കുന്നുണ്ട്. ഡീസലിനെക്കുറിച്ച് ഇതുവരെ പറഞ്ഞതൊക്കെ നുണയായിരുന്നു എന്നല്ളേ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
ഒരു സീറ്റിന് പ്രതിവര്‍ഷം 2760 രൂപ സര്‍ക്കാറിലേക്ക് നികുതി നല്‍കുന്നതാണ് നഷ്ടത്തിന് കാരണം എന്നാണ് ബസുടമകളുടെ പുതിയ നിലപാട്. അതിനാല്‍ നികുതി കുറക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. 2014 ആഗസ്റ്റ്  31ന് ഒരു ലിറ്റര്‍ ഡീസലിന്  63.32 രൂപയായിരുന്നു തിരുവനന്തപുരത്ത്  വില. 2015 സെപ്റ്റംബര്‍ ഒന്നിന് അത്  48.84 രൂപ ആയി. ദിവസം 100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ബസിന് ഇന്ധന വിലയിലെ കുറവുകൊണ്ട് മാത്രം ലഭിക്കുന്ന പ്രതിദിന അധിക ലാഭം 1448 രൂപയാണ്. 4.5 ലക്ഷം ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് 65 ലക്ഷം രൂപയും അധികമായി ലഭിക്കുന്നു. ഇതിന് പുറമെയാണ് മികച്ച റോഡുകള്‍ ഉണ്ടാവുകയും ആധുനിക സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ ലഭ്യമാവുകയും ചെയ്യുന്നതിലൂടെ ലഭിക്കുന്ന ലാഭം. നാറ്റ്പാക്ക് ആണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സര്‍വിസിന് വേണ്ട ചെലവ് കണക്കാക്കുന്നത്. ബസ് നിരക്കും ഓട്ടോ ടാക്സി നിരക്കും നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ഇത് കണ്ണടച്ച് വിശ്വസിച്ചാണ് സംസ്ഥാനത്തെ യാത്രാ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും എന്‍ജിനും ഗിയര്‍ബോക്സും മാറേണ്ടി വരുന്നുവെന്ന നിലയില്‍ കണക്കുകള്‍ സൃഷ്ടിച്ച് നാറ്റ്പാക്ക് സ്വകാര്യ ബസുടമകളെ സഹായിക്കുന്നത് പലതവണ വിവാദമായിരുന്നു.  ബസുകള്‍ അറ്റകുറ്റപണി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന കൂലിവരെ കണക്കാക്കി ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
നാറ്റ്പാക്കിന്‍െറ കണക്കനുസരിച്ച് 2014 സെപ്റ്റംബറില്‍, ഒരു കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ക്ക് വേണ്ടിവരുന്ന മൊത്തം ചെലവ് 37.29 രൂപയാണ്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് 2014 മേയ്  20  മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍വന്നത്. ഓര്‍ഡിനറി സര്‍വിസിന് മിനിമം ചാര്‍ജ് ആറു രൂപയില്‍നിന്ന് ഏഴു രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 58 പൈസയില്‍നിന്ന് 64 പൈസയാക്കി. സൂപ്പര്‍ ക്ളാസ് സര്‍വീസുകളുടെ നിരക്കുകളും വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നായിരുന്നു അന്ന് ബസ്സുടമകളുടെ ആവശ്യം. 2012 സെപ്റ്റംബറിലാണ് അതിനുമുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇന്ധന വില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എപ്പോഴും ബസ് നിരക്ക് കൂട്ടാനാവില്ളെന്നും അതിനാല്‍ ഭാവിയിലുണ്ടാകുന്ന ഡീസല്‍ വില വര്‍ധന കൂടി കണക്കിലെടുത്താണ് ബസ്ചാര്‍ജ് വര്‍ധിപ്പിക്കുന്നതെന്നും രേഖപ്പെടുത്തിയാണ് രാമചന്ദ്രന്‍ കമ്മിറ്റി നിരക്ക് കൂട്ടാനുള്ള ശിപാര്‍ശ നല്‍കിയത് എന്ന് ഓര്‍ക്കണം. 2015 ഏപ്രില്‍ മാസമായപ്പോള്‍ ഡീസല്‍ വിലയില്‍ 10 രൂപവരെ കുറഞ്ഞു. നിരക്കുകള്‍ കുറക്കണമെന്ന് സമൂഹത്തിന്‍െറ വിവിധ മേഖലകളില്‍നിന്ന് ആവശ്യമുയര്‍ന്നു. സമ്മര്‍ദം കൂടിയപ്പോള്‍ നിരക്ക് കുറക്കാനാണ് വ്യക്തിപരമായ താല്‍പര്യമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. നിരക്ക് കുറച്ചില്ളെങ്കില്‍ ചക്രസ്തംഭന സമരം നടത്തുമെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐയും രംഗത്തുവന്നു. സര്‍ക്കാരിന് നിവേദനം നല്‍കി കാത്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചു. എന്നാല്‍, രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും അവരുടെ  റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ നിരക്ക് കുറക്കാനാവൂ എന്നുമാണ് ഗതാഗത വകുപ്പ് നിലപാടെടുത്തത്.
ബസ് സര്‍വിസുകളുടെ ചെലവിനെക്കുറിച്ച് നാറ്റ്പാക്കും, വരുമാനം സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളും സര്‍ക്കാറിന് നല്‍കിയ കണക്കുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍തന്നെ നിരക്ക് വര്‍ധനയിലെ തട്ടിപ്പ് തെളിയും.  ഒരു കിലോമീറ്റര്‍ സര്‍വിസ് നടത്താന്‍ 21.86 രൂപ ചെലവുവരുമെന്നാണ് നാറ്റ്പാക് കണ്ടത്തെിയിരുന്നത്.  ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍െറ കണക്കനുസരിച്ച്  പ്രതിദിനം 250 കിലോമീറ്റര്‍ ഓടുന്ന ബസിന് ഒരു കിലോമീറ്ററില്‍നിന്ന് കിട്ടുന്ന ശരാശരി വരുമാനം 22.17 രൂപ ആണ്.  ഇതിനിടയിലാണ് 15 വര്‍ഷം പഴക്കമുള്ള ബസുകള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി 20 വര്‍ഷമാക്കി നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്.
വസ്തുതകള്‍ ഇതായിരിക്കെ കാലാകാലങ്ങളില്‍ ആര്‍ക്ക് വേണ്ടിയാണ് ബസ് നിരക്ക് കൂട്ടുന്നതെന്ന് മനസ്സിലാക്കാനാവും. 2000ല്‍ 10214 സ്വകാര്യ ബസുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത്  2011 ആയപ്പോഴേക്കും 17,444 ബസുകളായതും ഈ മേഖലയിലെ മികച്ച ലാഭത്തിന് തെളിവാണ്. കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തില്‍,  ഷെഡ്യൂള്‍ റദ്ദാക്കലിലൂടെ അവര്‍ മൂന്ന് വര്‍ഷം കൊണ്ടുണ്ടാക്കിയ നഷ്ടം 846 കോടി രൂപയാണ്. ജീവനക്കാരുടെ സേവ് കെ.എസ്.ആര്‍.ടി.സി ക്യാമ്പയിനിന്‍െറ ഫലമായി കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ് വരുമാനം കിട്ടിയതുകൂടി ഇതിനോട് ചേര്‍ത്തു വായിക്കുക.             
 

Show Full Article
TAGS:
Next Story