Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവര്‍ഗീയത...

വര്‍ഗീയത തിമിര്‍ക്കുന്ന സൈബറിടം

text_fields
bookmark_border
വര്‍ഗീയത തിമിര്‍ക്കുന്ന സൈബറിടം
cancel

അമ്പലങ്ങളേക്കാള്‍ ഇന്ത്യക്ക് ഇപ്പോള്‍ ആവശ്യം കക്കൂസുകളാണെന്ന മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്‍െറ പ്രസ്താവന വിവാദമായത് രണ്ടുവര്‍ഷം മുമ്പാണ്. ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍വെച്ചുകൊണ്ടുള്ള ആ അഭിപ്രായപ്രകടനത്തില്‍ വര്‍ഗീയതയുടെ സ്പര്‍ശമേ ഉണ്ടായിരുന്നില്ളെങ്കിലും അത് ഹിന്ദുവിരോധമായി ചിത്രീകരിച്ച സംഘപരിവാരം അദ്ദേഹത്തെ നിശിതമായി ആക്ഷേപിച്ചു. വി.എച്ച്.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മൂത്രംനിറച്ച കുപ്പി അദ്ദേഹത്തിന്‍െറ വസതിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാനിടയാക്കിയത്, സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായിമാറിയ ബാബരി മസ്ജിദിനെ കക്കുസുമായി ഉപമിച്ചുള്ള  ഒരു മലയാളിയുടെ വിഡിയോ ക്ളിപ് ആണ്. യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി, അവിടത്തെ ഗ്രാന്‍ഡ് മസ്ജിദ് ചുറ്റിക്കണ്ടതിനെ പരാമര്‍ശിച്ച്, തന്‍െറ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനെ മറന്നുപോകരുതെന്ന് ആരോ മോദിയെ ഓര്‍മിപ്പിച്ച് പോസ്റ്റിട്ടതാണ്, ബാബരി മസ്ജിദ് പള്ളിയല്ല, കക്കൂസാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള വിഡിയോ ഫേസ്ബുക് വഴി പ്രചരിപ്പിക്കാന്‍ ഒരാള്‍ക്ക് പ്രേരണയായത്. മുമ്പ് ജയറാം രമേശിന്‍െറ വസതി മൂത്രാഭിഷേകം ചെയ്തവര്‍ ഇത്തവണ ആയിരക്കണക്കിന് ലൈക്കും ഷെയറും കമന്‍റും നല്‍കി ഇതിനെ പിന്തുണച്ചു. കേരളം സൈബര്‍ ലോകത്ത് അതിഭീകരമായി വര്‍ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞുവെന്ന തിക്ത യാഥാര്‍ഥ്യത്തിന്‍െറ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
അന്ധമായി പക്ഷംചേര്‍ന്നുകൊണ്ടുള്ള വര്‍ഗീയ വടംവലികളായി മാറിക്കൊണ്ടിരിക്കുകയാണ് സൈബര്‍ ഇടത്തില്‍ നടക്കുന്ന സംവാദങ്ങള്‍ മിക്കപ്പോഴും. ബാബരി പള്ളിയെ കക്കൂസ് എന്ന് അധിക്ഷേപിച്ച പ്രകോപനപരമായ പോസ്റ്റിന്‍െറ വേരുകള്‍ പരിശോധിച്ചാല്‍, ഫേസ്ബുക്കിനെ തീവ്രവര്‍ഗീയതയുടെ വാഹനമാക്കിമാറ്റാന്‍ വിപുലമായ സംഘം കേരളത്തില്‍ സംഘടിതവും ആസൂത്രിതവുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യം അനാവരണം ചെയ്യപ്പെടും. ഭൂരിപക്ഷ വര്‍ഗീയത മാത്രമല്ല, ന്യൂനപക്ഷ തീവ്രവാദവും മതരഹിത സവര്‍ണ വരേണ്യവാദവുമെല്ലാം ഇന്ന് ആളെടുപ്പ് നടത്തുന്നത് ഫേസ്ബുക് വലയില്‍നിന്നാണെന്ന് ശ്രദ്ധിച്ചുനോക്കിയാല്‍ ബോധ്യമാകും.  
ആക്രമണോത്സുക വര്‍ഗീയത
കേരളത്തിന്‍െറ സൈബര്‍ ഇടങ്ങളില്‍ ഏറ്റവും പ്രത്യക്ഷവും പ്രകോപനപരവുമായി പ്രവര്‍ത്തനസജ്ജമായത് അക്രമ സ്വഭാവമുള്ള വര്‍ഗീയതയാണ്. വലതുപക്ഷ ഹിന്ദുത്വ തീവ്രശക്തികളാണ് ഇതിനുപിന്നിലെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങളെ വിശിഷ്യാ മുസ്ലിംകളെ അപരവത്കരിക്കുകയും ഇസ്ലാമിനെയും മുസ്ലിംകളെയും ദേശവിരുദ്ധരും ഭീകരവാദികളുമാക്കി മുദ്രയടിച്ച് ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ്, സോഷ്യല്‍മീഡിയവഴി അവര്‍ ചെയ്തുവരുന്നത്. അന്തര്‍ദേശീയവും ദേശീയവുമായ സമകാലിക സാഹചര്യങ്ങള്‍ മുസ്ലിം അപരവത്കരണത്തെ അയത്നലളിതമാക്കുന്നതാണെന്ന വസ്തുതയും പരിഗണിക്കേണ്ടതാണ്. അല്‍ഖാഇദ, ഐ.എസ്, ബോകോ ഹറാം തുടങ്ങിയ ലോക മുസ്ലിം തീവ്രവാദ സംഘടനകളുമായി വിദൂരബന്ധം പുലര്‍ത്തിയതിന് ഒരുതെളിവുപോലും ഇന്നോളം ലഭിച്ചിട്ടില്ലാത്ത കേരള മുസ്ലിംകളുമായി ചേര്‍ത്തുകെട്ടിക്കൊണ്ടുള്ള വിശകലനങ്ങളും ആരോപണങ്ങളും സ്വാഭാവികമായും മുസ്ലിംകളെ പ്രതിരോധത്തില്‍ നിര്‍ത്തി. കേരള മുസ്ലിംകളെയും ലോക തീവ്രവാദ ഇസ്ലാമിന്‍െറ കളത്തില്‍ പേരുചേര്‍ത്ത്, പൊതുസമൂഹത്തില്‍ അവരെക്കുറിച്ചുള്ള ഭീതിയും വിദ്വേഷവും സമര്‍ഥമായി ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘ഇസ്ലാമോ ഫോബിയ’ എന്നുവിളിക്കപ്പെടുന്ന ആഗോളപ്രതിഭാസത്തെ കേരളത്തിലേക്ക് കൊണ്ടുവന്നത് പ്രധാനമായും സോഷ്യല്‍മീഡിയയും ഇന്‍റര്‍നെറ്റും വഴിയാണെന്നത് നിഷേധിക്കാനാവില്ല. ഇത്തരം  പ്രചാരണങ്ങള്‍ മലയാളികളുടെ പൊതുബോധത്തില്‍, പതുക്കെ അതൊരു യാഥാര്‍ഥ്യമായി ഉറച്ചുകഴിഞ്ഞിരിക്കുന്നു.
ന്യൂനപക്ഷങ്ങളെ അന്യവത്കരിക്കുന്ന നിഷേധാത്മക സംവാദങ്ങള്‍ കൊഴുപ്പിക്കാനാണ് ഹിന്ദുത്വവാദികള്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. ‘കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകുന്നു, ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തെ അടക്കിവാഴുന്നു’ തുടങ്ങിയ പ്രചാരണങ്ങള്‍ ഉദാഹരണം. കേരളത്തിന്‍െറ സവിശേഷ മുന്നണി സംവിധാനത്തിനകത്ത് മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ ന്യൂനപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് നിര്‍ണായക പ്രാധാന്യമുള്ളതുകൊണ്ട് ഒറ്റനോട്ടത്തില്‍ ആ വാദം ശരിയാണെന്ന് തോന്നുകയും ചെയ്യാം. സൂക്ഷ്മവിശകലനത്തില്‍ പലപ്പോഴും സത്യവുമായി പുലബന്ധമില്ലാത്ത സാമാന്യമായ അത്തരം പ്രസ്താവങ്ങള്‍ ഏകപക്ഷീയമായി ആവര്‍ത്തിച്ചുറപ്പിക്കാന്‍ പറ്റിയ ഘടനയിലാണ് ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മാധ്യമങ്ങളുടെ സാങ്കേതിക സംവിധാനമെന്നത് വിസ്മരിക്കാവതല്ല.
പ്രതിരോധാത്മക വര്‍ഗീയത
മതേതര പൊതുമണ്ഡലത്തില്‍ മതത്തെ സംബന്ധിച്ച സംവാദങ്ങളിലേര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ കാര്യത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ നിരക്ഷരരാണെന്ന് വാദിച്ചാല്‍ അതൊരു കുറ്റമാകില്ല. ഇപ്പോഴും സൈബര്‍ ഇടങ്ങളില്‍നിന്ന് മാഞ്ഞിട്ടില്ലാത്ത മുസ്ലിം ലീഗിന്‍െറ അഞ്ചാംമന്ത്രി വിവാദമെടുക്കുക. ഭരണമുന്നണിക്കകത്തെ തികച്ചും രാഷ്ട്രീയമായ ആ പ്രശ്നം ഒരു മുസ്ലിം പ്രശ്നമായി മാറിയതെങ്ങനെയാണ്?  ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടപ്പാക്കിവരുന്ന പരിപാടികള്‍, വിഷലിപ്തമായ പ്രഭാഷണങ്ങളും ആക്രോശവുംകൊണ്ട് ബഹളംസൃഷ്ടിക്കുന്ന തീവ്രഹിന്ദുത്വവാദികളായ നേതാക്കള്‍, ആര്‍.എസ്.എസ് നടപ്പാക്കുന്ന വര്‍ഗീയ കലാപങ്ങള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവയോടൊക്കെയുള്ള മുസ്ലിംകളുടെ പ്രതികരണങ്ങള്‍ പല ഘട്ടങ്ങളിലും പ്രതിവര്‍ഗീയതയായി രൂപംമാറുന്ന അനുഭവങ്ങള്‍ ധാരാളമാണ്. മോദി സര്‍ക്കാറിന്‍െറ നടപടികളെ കണ്ണടച്ച് എതിര്‍ക്കുന്ന മതവാദികളുടെയും സെക്കുലര്‍ രാഷ്ട്രീയക്കാരുടെയും നിലപാടുകളും ചിലപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതക്ക് അനുകൂലമായിത്തീരാം. അതേസമയം, സംസ്കൃതപഠനം, യോഗാചരണം, ഗോസംരക്ഷണം തുടങ്ങിയ ഹിന്ദുത്വ നാഷനലിസ്റ്റ് പദ്ധതികളും അതിന്‍െറ ഭാഗമായ സാംസ്കാരിക ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടതില്ല എന്ന് ഇതിനര്‍ഥമില്ല.
പ്രചാരണാത്മക വര്‍ഗീയത
സൈബര്‍ ഇടങ്ങളുടെ ബഹുസ്വരതയെ ഒട്ടും കാണാതെ, സ്വമതത്തെ പ്രചരിപ്പിക്കാനും ശുദ്ധീകരിക്കാനുമായി  ചില പേജുകള്‍വഴിയും ഗ്രൂപ്പുകള്‍വഴിയും പുറത്തുവിടുന്ന സന്ദേശങ്ങള്‍ മറ്റു മതങ്ങളില്‍ സംശയം ജനിപ്പിക്കത്തക്കതായിത്തീരുന്നു. ഇക്കാര്യത്തില്‍ മുസ്ലിം ഗ്രൂപ്പുകളാണ് മുന്നില്‍. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം മരണപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്‍െറ വിശ്വാസത്തെ ചോദ്യംചെയ്തുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകള്‍ ആ ഗണത്തില്‍പെടുത്താം. അത് മുസ്ലിംകളുടെ ദേശക്കൂറ് ഇല്ലായ്മയും പാക് വിധേയത്വവുമൊക്കെയായിപ്പോലും വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. അബൂദബി ഭരണാധികാരി ഹൈന്ദവക്ഷേത്രം സ്ഥാപിക്കാന്‍ ഭൂമിനല്‍കിയതിനെ മതവിരുദ്ധ നടപടിയായി വിമര്‍ശിച്ചുകൊണ്ട് ഇത്തരം ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തിയ ചര്‍ച്ചകളും ചെന്നുചേരുന്നത്, ‘മുസ്ലിംകളുടെ അസഹിഷ്ണുത’ എന്ന ബോധനിര്‍മിതിയെ സ്ഥാപിക്കുന്നതില്‍ തന്നെയാണ്. ബഹുദൈവത്വം, വിഗ്രഹാരാധന, കാഫിര്‍, ശിര്‍ക്ക് തുടങ്ങിയ ദൈവശാസ്ത്രപരമായ സംജ്ഞകള്‍ പൊതുയിടങ്ങളില്‍ സൂക്ഷ്മതയില്ലാതെ പ്രയോഗിക്കുമ്പോള്‍ അത് മതവര്‍ഗീയതയുടെയും മൗലികവാദത്തിന്‍െറയും ടാഗുകളായി മാറും.
ഓണാഘോഷത്തിന്‍െറയും മറ്റുമൊക്കെ ദൈവശാസ്ത്രപരമായ ചര്‍ച്ചകള്‍ പൊതുയിടങ്ങളില്‍ നടത്തുന്നവര്‍, അത് മറ്റുള്ളവര്‍ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന വശം തീര്‍ത്തും അവഗണിക്കുന്നു. മുസ്ലിം സ്വത്വം, ശരീഅത്ത്, വേഷവിധാനം, അനുഷ്ഠാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലിം വൃത്തങ്ങളില്‍ നടക്കുന്ന ആഭ്യന്തര ചര്‍ച്ചകള്‍ അതേ ഭാഷയില്‍ പൊതുയിടങ്ങളില്‍ കടന്നുവരുമ്പോള്‍ സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടം നല്‍കുകയും അത് വര്‍ഗീയവത്കരണ പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യുന്നു. ഹൈന്ദവക്ഷേത്രങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സംഭാവനനല്‍കാമോ തുടങ്ങിയ വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് മതപണ്ഡിതന്മാര്‍ നല്‍കുന്ന മറുപടികള്‍ കണിശമായ ദൈവശാസ്ത്ര ഭാഷയിലാകുമ്പോള്‍ അത് തെറ്റായി മനസ്സിലാക്കപ്പെടാം. മതപ്രമാണങ്ങളെ ഒരു ബഹുമത സമൂഹത്തിനുകൂടി മനസ്സിലാക്കാവുന്നവിധം വായിക്കാനും വ്യാഖ്യാനിക്കാനും പണ്ഡിതന്മാര്‍ക്കു കഴിയാതെ വരുന്നത് സാമൂഹിക വിഭജനം കനപ്പിക്കുക തന്നെ ചെയ്യും.
സെക്കുലറിസ്റ്റുകളുടെ പങ്ക്
മതരഹിത സെക്കുലറിസ്റ്റുകളും ഏറിയും കുറഞ്ഞും ഇക്കാര്യത്തില്‍ തങ്ങളുടെ പങ്ക് നല്‍കുന്നുണ്ട്. വിവിധ യുക്തിവാദി ഗ്രൂപ്പുകളും സെക്കുലറിസ്റ്റുകളും ഇടപെടുന്ന ഫേസ്ബുക് പേജുകള്‍ നിരീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ദൈവത്തെയും പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയും നീചമായി ചിത്രീകരിച്ചും വിശ്വാസങ്ങളെ പരിഹസിച്ചും നടക്കുന്ന ചര്‍ച്ചകള്‍  സാധാരണ വിശ്വാസികളില്‍ അതിന്‍െറ സംരക്ഷകരെന്ന് ഭാവിക്കുന്ന വര്‍ഗീയവാദികളോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുകയേയുള്ളൂ. അശ്ളീല സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നീക്കമുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍, നഗ്ന ദൈവങ്ങളുടെ ചുവര്‍ചിത്രങ്ങള്‍ പരിഹാസച്ചുവയോടെ സോഷ്യല്‍ മീഡിയയില്‍ പരക്കുകയുണ്ടായി. സത്യത്തില്‍ അത് ആര്‍ക്കാവും ഗുണംചെയ്തിട്ടുണ്ടാവുക?
 

Show Full Article
TAGS:
Next Story