സാമൂഹികനീതി നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം?
text_fieldsസംവരണത്തിനും സാമൂഹിക നീതിക്കുംവേണ്ടി നടന്ന പോരാട്ടങ്ങള്‍ ലക്ഷ്യത്തിനടുത്തേക്ക് എത്തുന്നതില്‍ നിര്‍ണായക തീരുമാനമെടുത്ത രാജ്യത്തെ മൂന്നു പ്രമുഖരില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശികൂടിയായ പി.എസ്. കൃഷ്ണന്‍. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന മണ്ഡല്‍ കമീഷന്‍ ശിപാര്‍ശ നടപ്പാക്കിയവര്‍, അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ്, മന്ത്രി രാംവിലാസ് പസ്വാന്‍, പിന്നെ വകുപ്പ് സെക്രട്ടറിയായിരുന്ന പി.എസ്. കൃഷ്ണനും ആയിരുന്നു. 10 വര്‍ഷം സര്‍ക്കാര്‍ അലമാരയിലുറങ്ങിയ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തതും ചുവപ്പുനാടയുടെ വിമര്‍ശങ്ങളും സംശയങ്ങള്‍ക്കും മറുപടി നല്‍കി കാബിനറ്റ് നോട്ടാക്കിയതും കൃഷ്ണനായിരുന്നു. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷവും സംവരണ-സാമൂഹിക നീതി വിഷയങ്ങളില്‍ പോരാട്ട രംഗത്തുള്ള അദ്ദേഹം മനസ്സുതുറക്കുന്നു.
സംവരണം, സാമൂഹിക നീതി എന്നീ മേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് താങ്കള്‍. ഇതിലേക്ക് നയിച്ച സാഹചര്യം?
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ 1953ല്‍ ബാച്ചുകാരനാണ് ഞാന്‍. സ്വദേശം പഴവങ്ങാടിയും. അന്ന് സര്‍വകലാശാലയില്‍ ഒന്നാമനായിരുന്നു. ഫിലോസഫിയായിരുന്നു വിഷയം. എന്നാല്‍, എനിക്ക് എം.എക്ക് കോളജില്‍ പ്രവേശം നിഷേധിക്കപ്പെട്ടു. പ്രവേശം നല്‍കാന്‍ പ്രിന്‍സിപ്പലിന് ചില കാരണങ്ങളാല്‍ താല്‍പര്യമുണ്ടായില്ല. അതുകൊണ്ടാണ് ഞാന്‍ പുറത്തേക്ക് പോയത്. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍. തുടര്‍ന്ന് ഐ.എ.എസില്‍ ചേര്‍ന്നു. അവിടത്തെ പരിചയം ദുര്‍ബല വിഭാഗങ്ങളുടെ വിഷയങ്ങളില്‍ എങ്ങനെ ചെയ്യണമെന്ന അറിവ് നല്‍കി. ഭരണ വ്യവസ്ഥയില്‍ സര്‍ക്കാറിനെ എങ്ങനെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുകൂലമായി ചായ്ക്കാം എന്നതായിരുന്നു പ്രധാനം. സര്‍ക്കാര്‍ അവരുടെ അടുത്തേക്ക് എത്തണം. അവര്‍ക്ക് ഇങ്ങോട്ട് എത്താന്‍ പ്രയാസമാണ്. ഞാന്‍ ആദ്യം തൊട്ടുതന്നെ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ബലഹീനരായ പിന്നാക്ക ജാതിക്കാരുടെയും ഗ്രാമങ്ങളിലാണ് സന്ദര്‍ശനത്തിന് പോകുമ്പോള്‍ താമസിച്ചിരുന്നത്. സാമൂഹിക നീതി വിഷയങ്ങളിലെ താല്‍പര്യം ചെറിയ വയസ്സില്‍ തുടങ്ങിയതാണ്. ഉദ്യോഗംകൊണ്ട് വന്ന താല്‍പര്യമല്ല. ഞാന്‍ ഇതും കൊണ്ടാണ് ഉദ്യോഗത്തില്‍ വന്നത്. വിദ്യാര്‍ഥിയായ കാലം തൊട്ടുതന്നെ ഈ വഴിയിലേക്ക് തിരിഞ്ഞിരുന്നു. അതിന്‍െറ സാഹചര്യം പറയാന്‍ കൂടുതല്‍ സമയം വേണ്ടി വരും. ഈ നിലപാട് സ്പെഷലൈസ്ഡ് അപ്രോച്ചുമല്ല. ജീവിതത്തിലെ ഒരു പ്രധാന ഭാഗം തന്നെയാണത്. സാമൂഹിക ന്യായം പുലരുന്നതിന് സഹായിക്കുക ജീവിതത്തിന്‍െറ ഭാഗമായിരുന്നു. എന്‍െറ ആദര്‍ശങ്ങള്‍ രൂപംകൊണ്ടത് ഈ മണ്ണില്‍ തന്നെയാണ്. വി.പി. സിങ്ങിന്‍െറ കാലത്ത് ഡല്‍ഹിയില്‍ എന്‍െറ നോട്ടിന്‍െറ അടിസ്ഥാനത്തിലാണ് പിന്നാക്ക സമുദായങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരവും 27 ശതമാനം സംവരണവും ലഭിക്കുന്നത്.
മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കാമോ?
തെക്കേ ഇന്ത്യയില്‍ പിന്നാക്ക വിഭാഗം ശക്തിപ്രാപിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് അവിടെ സംവരണം തുടങ്ങാനായി. എന്നാല്‍, വടക്കേ ഇന്ത്യയില്‍ ഇതായിരുന്നില്ല സാഹചര്യം. കേന്ദ്രത്തിലും ഉണ്ടായില്ല. സ്വാതന്ത്ര്യ ശേഷമാണ് പിന്നാക്ക വിഭാഗം ഇതിനായി രംഗത്തുവന്നത്. അവര്‍ ശക്തിപ്രാപിച്ചതോടെ അവരുടെ ആവശ്യം രാഷ്ട്രീയത്തിലും സജീവമായി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികകളില്‍ ഇത് ഉള്‍പ്പെട്ടു. 1977ല്‍ ജനതാ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ വന്ന കാക്കാ കലേല്‍ക്കര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സാധിച്ചില്ല. അതാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിലേക്ക് വഴിയൊരുക്കിയത്. മണ്ഡല്‍ കമീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉത്തരവില്‍ ആഭ്യന്തര ജോയന്‍റ് സെക്രട്ടറി എന്ന നിലയില്‍ ഞാനാണ് ഒപ്പിട്ടത്. അതിനുശേഷം ആ റിപ്പോര്‍ട്ടില്‍ നടപടി എടുക്കാതെ 10 കൊല്ലം. പിന്നീട് വി.പി. സിങ് ഭരണം വന്നു. ഞാന്‍ വകുപ്പ് സെക്രട്ടറിയായി. അതുവരെ പുതച്ചുകിടന്ന മണ്ഡല്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്ന് ശരിയായി വിശകലനം ചെയ്ത് 10 കൊല്ലത്തില്‍ വന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രിസഭാ നോട്ടാക്കി മുന്നോട്ടു വിട്ടു. അന്ന് ജനതാദള്‍ പ്രകടനപത്രികയില്‍ മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കും എന്ന വാഗ്ദാനം ഉണ്ടായിരുന്നു. 1990 മേയ് ദിനത്തിലാണ് ഞാന്‍ നോട്ട് അയച്ചത്. വി.പി. സിങ്ങില്‍ വരെ എത്തുന്നതിന് മുമ്പ് കാബിനറ്റ് സെക്രട്ടറിയും മറ്റും പതിവുപോലെ നിരവധി സംശയങ്ങള്‍ ഉയര്‍ത്തി. ഉടന്‍ ഞാന്‍ അവക്ക് മറുപടി നല്‍കി. എല്ലാ ചോദ്യങ്ങളും കഴിഞ്ഞ് വി.പി. സിങ്ങിന്‍െറ അടുത്തത്തെി. വി.പി. സിങ് കുറെ ആലോചിച്ചു. അവസാനം ആഗസ്റ്റ് ആറിന് വി.പി. സിങ്ങും രാംവിലാസ് പസ്വാനും ഞാനും ഒരുമിച്ചിരുന്നു. വി.പി. സിങ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനമെടുത്തു. അടുത്ത ദിവസം പാര്‍ലമെന്‍റില്‍ നല്‍കേണ്ട പ്രസ്താവന താന്‍ രാത്രി ഇരുന്ന് തയാറാക്കി. അതാണ് വി.പി. സിങ് പാര്‍ലമെന്‍റില്‍ വായിച്ചത്. പിന്നെ ഉള്ളത് നിങ്ങള്‍ അറിയുന്ന കാര്യങ്ങള്‍. ഞാന്‍ വിരമിക്കുന്നതിന് രണ്ടു മാസം മുമ്പ് വി.പി.സിങ് സര്‍ക്കാര്‍ വീണു.
സാമൂഹിക നീതിയില്‍ ഏറെ വിഷയങ്ങള്‍ നിലനില്‍ക്കുന്നു. മണ്ഡലിന് ശേഷം എല്ലാം ഫലപ്രദമായോ?
ഇഫക്ടിവ് ആയിരുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? താഴെതട്ടില്‍ നടക്കുന്നത് നിങ്ങള്‍ക്ക് അറിയുമായിരിക്കും. സാമൂഹികനീതിക്ക് നിയമമുണ്ടായിരുന്നില്ല. എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ പ്രശ്നം ദാരിദ്ര്യം മാത്രമല്ല. സാമൂഹിക വ്യവസ്ഥ കൊണ്ട് ഉണ്ടാകുന്ന ചില വിവേചനങ്ങള്‍, നിഷേധങ്ങള്‍, നഷ്ടപ്പെടലുകള്‍, ചൂഷണങ്ങള്‍ എന്നിവയുമാണ്.
പിന്നാക്കാവസ്ഥയുടെ പരിഹാര നിര്‍ദേശങ്ങള്‍ വിവേചനപരമെന്ന വാദം ഉയരുന്നുണ്ടല്ളോ?
പട്ടിക-പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ ജനസംഖ്യയെക്കാളും കൂടുതല്‍ കിട്ടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് മറ്റൊരു വിവേചനമാണ്. അവരുടെ ജനസംഖ്യക്ക് തുല്യമായതിനെക്കാള്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് കുറയുകയാണെങ്കില്‍ അവര്‍ക്ക് പരാതിപ്പെടാം. അല്ളെങ്കില്‍, പരാതിപ്പെടുന്നത് ശരിയാണോ? ആഡിക്കേറ്റ് റെപ്രസന്‍േറഷന്‍ ആണ് നമ്മുടെ ഭരണഘടനയില്‍ പറയുന്നത്. പരാതിപ്പെടുന്നത് എപ്പോഴാ? എനിക്ക് ഉള്ള ഓഹരിയെക്കാള്‍ കൂടുതല്‍ കിട്ടിയിരുന്നു. അതില്‍ കുറച്ച് കുറയുന്നു. ഈ പരാതിക്ക് ന്യായമില്ല.
രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ സംവരണത്തിനായി നടന്ന നീക്കങ്ങള്‍ എങ്ങനെയായിരുന്നു?
ഉന്നത വിദ്യാഭ്യാസം എല്ലാ സംസ്ഥാനങ്ങളിലും ശക്തമായെങ്കിലും പ്രവേശത്തില്‍ പിന്നാക്ക സംവരണമുണ്ടായിരുന്നില്ല. സ്വകാര്യ കോളജിലും സ്ഥാപനങ്ങളിലും സംവരണത്തിന് ഭരണഘടനാ ഭേദഗതി 2005ല്‍ പാസാക്കി. സംവരണ ചട്ടം പാസാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. അതനുസരിച്ച് കേരളത്തിലെ പ്രൈവറ്റ് കോളജുകളില്‍ സംവരണം ഉണ്ടായിട്ടുണ്ടോ? കേന്ദ്രത്തിലും ഉണ്ടായിട്ടില്ല. ഈ ഭേദഗതി കൊണ്ടുവരാന്‍ ഇനാംദാര്‍ കേസാണ് കാരണമായത്. മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ സംവരണ പ്രശ്നമാണ് ഇതിലേക്ക് നയിച്ചത്. മുസ്ലിം പ്രൈവറ്റ് കോളജിലും പ്രവേശം കിട്ടുന്നത് പാവപ്പെട്ട മുസ്ലിമിനല്ല. പണക്കാരനായ അമുസ്ലിമിന് പ്രവേശം എളുപ്പമാണ്. അതുപോലെയാണ് ക്രിസ്ത്യന്‍ സമുദായത്തിലും. പേരുപറയുന്നുവെങ്കിലും ആ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് അവസരം കിട്ടുന്നില്ല. ഇവര്‍ സുപ്രീംകോടതിയില്‍ പോയി. ഗവണ്‍മെന്‍റിന് ഞങ്ങളുടെ മേല്‍ നിയന്ത്രണം ചെലുത്താനുള്ള അധികാരം ഉണ്ടാകരുതെന്നായിരുന്നു കോളജ് ഉടമകളുടെ ആവശ്യം. ഇപ്പോഴത്തെ ഭരണഘടനാ വ്യവസ്ഥ പ്രകാരം അധികാരമില്ളെന്നായിരുന്നു വിധി. ഇതിനു പിന്നാലെ പാര്‍ലമെന്‍റില്‍ ഭരണഘടനാ ഭേദഗതി ഐകകണ്ഠ്യേന അംഗീകരിച്ചു. 93ാം ഭേദഗതി. അതുപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗം എന്നിവര്‍ക്ക് പ്രൈവറ്റായാലും എയ്ഡഡായാലും ഗവണ്‍മെന്‍റ് കോളജായാലും സംവരണം കൊണ്ടുവരാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഇത്. ഇതിന് ചട്ടം കൊണ്ടുവരേണ്ടത് സര്‍ക്കാറായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഗവണ്‍മെന്‍റ് കോളജില്‍ ചട്ടം കൊണ്ടുവരാന്‍ ഉദ്ദേശിച്ചു. ഇത് നടപ്പാക്കുന്ന ഘട്ടത്തില്‍ എന്നെ സമീപിച്ചു. ഇത് അംഗീകരിച്ചുകിട്ടാന്‍ ഞാനാണ് സഹായിച്ചത്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ പ്രതിഫലം നല്‍കരുതെന്ന വ്യവസ്ഥയില്‍ സഹായിക്കാറുണ്ട്. എനിക്കത് വിട്ടുതന്നു. ആരും ഇടപെട്ടില്ല. ലോയേഴ്സിനെ ഞാന്‍ പഠിപ്പിച്ചു. എന്താണ് സാമൂഹിക നീതി, ജാതി വ്യവസ്ഥ, അതിന്‍െറ പ്രത്യാഘാതം ഒക്കെ പഠിപ്പിച്ചു. ചരിത്ര-സാമൂഹിക വശങ്ങള്‍ നല്‍കി. അവര്‍ അത് കോടതിയില്‍ ഹാജരാക്കിയതുകൊണ്ട് അനുകൂല വിധി കിട്ടി. ഭരണഘടനാ ഭേദഗതിക്കു കീഴില്‍ ചട്ടം പാസാക്കി. 2008ല്‍ അത് നടപ്പായി. പ്രഫഷനല്‍ അടക്കം എല്ലാ കോളജുകളിലും ഭരണഘടനാ ഭേദഗതി നടപ്പാക്കുന്ന വിധത്തില്‍ ചട്ടം കൊണ്ടുവരാന്‍ നാട്ടില്‍ മുന്നേറ്റമുണ്ടായാല്‍ സര്‍ക്കാറുകള്‍ക്ക് അത് ചെയ്യേണ്ടിവരും.
പട്ടികജാതി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി പുലര്‍ന്നുകിട്ടാന്‍ സംവരണം മാത്രം മതിയാകുമോ?
സംവരണം പലതില്‍ ഒന്നു മാത്രമാണ്. ഇടത്തരം വിഭാഗത്തിന് താല്‍പര്യമുള്ള കാര്യമായതുകൊണ്ട് എല്ലാവരും സംവരണത്തിനുവേണ്ടി സംസാരിക്കുന്നു. പട്ടികവിഭാഗം, ഭൂരഹിത തൊഴിലാളികളായാണ് ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും നില്‍ക്കുന്നത്. ഭൂമി വളരെ പ്രധാനമാണ്. കേരളത്തില്‍ ഭൂമി വളരെ കുറവും. എന്നാലും കുറച്ച് ഉണ്ടാകും. ഉള്ളത് അവര്‍ക്ക് കൊടുക്കണം. ആദിവാസി മേഖലകളിലുള്ള ഭൂമി അവര്‍ക്ക് നഷ്ടപ്പെട്ടു. ചട്ടത്തിനും മാനദണ്ഡങ്ങള്‍ക്കും ന്യായത്തിനും എതിരായും അവര്‍ക്ക് ഭൂമി നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇനിയെങ്കിലും നഷ്ടം ഉണ്ടാകാതിരിക്കാന്‍ ചട്ടങ്ങള്‍ ബലപ്പെടുത്തണം. ചട്ടം ഉണ്ടായാല്‍ മാത്രം നടപ്പാകുമെന്ന് കരുതാനാവില്ല. നടപ്പാക്കാനുള്ള സാമൂഹിക സംവിധാനംകൂടി വേണം.
തൊട്ടുകൂടായ്മ ഉള്‍പ്പെടെയുള്ള ജാതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത് നിര്‍ദേശങ്ങളാണ് മുന്നോട്ടു വെക്കാനുള്ളത്?
അവര്‍ക്ക് അധികാരം ഉണ്ടാകാന്‍ സാമൂഹിക സംവിധാനം മാറണം. സ്വതന്ത്രമായ ജീവനോപാധി വേണം. മറ്റുള്ളവരുടെ അടിമത്തം ഇല്ലാതെ സമ്പാദിക്കാനാകണം. കാര്‍ഷിക തൊഴില്‍ സ്വതന്ത്രമായ തൊഴിലല്ല, അസംഘടിത മേഖലയിലെ തൊഴിലും സ്വതന്ത്രമല്ല. സ്വതന്ത്ര ശ്വാസം വലിക്കാന്‍ അവിടെ കഴിയില്ല. വിദ്യാഭ്യാസത്തിന് പ്രീ സ്കൂള്‍ മുതല്‍ പി.ജി വരെ സമാനമായ അവസരം ഉണ്ടായാല്‍ പോര, കിട്ടാനുള്ള സാഹചര്യവും വേണം. അതിന് പട്ടികവിഭാഗ, മത്സ്യതൊഴിലാളി പാര്‍പ്പിടങ്ങളില്‍ മോണ്ടിസോറി പരിശീലനമുള്ള അങ്കണവാടികള്‍ വേണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം വേണം. സമ്പന്ന വര്‍ഗക്കാര്‍ക്കുള്ള വിലകൂടിയ സമ്പ്രദായം അധികം ചെലവില്ലാതെ അതേ നിലവാരത്തില്‍ ഇവര്‍ക്ക് നല്‍കാനാകണം. അവിടെനിന്ന് തുടങ്ങണം. ഗര്‍ഭകാലം മുതല്‍ കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കാനും പോഷകാഹാരം നല്‍കാനുമാകണം.
സാമൂഹിക നീതിയുടെ വിഷയത്തില്‍ അക്കാദമിക സമൂഹത്തിന്‍െറ നിലപാടുകളെ എങ്ങനെ കാണുന്നു?
അക്കാദമിക സമൂഹം ഇപ്പോഴും പാശ്ചാത്യ ചിന്തയുടെ പിറകെയാണ്. അവര്‍ ഉപയോഗിക്കുന്ന ‘അഫര്‍മേറ്റിവ് ആക്ഷന്‍’ എന്നതുതന്നെ തെറ്റായ വാക്കാണ്. അത് അമേരിക്കന്‍ വാക്കാണ്. നമ്മുടെ ഭരണഘടനയില്‍ ഉള്ളതുപോലെ സാമൂഹിക ന്യായത്തിനുവേണ്ടത് എന്തൊക്കെയാണെന്ന് അവരുടേതില്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട്, അവര്‍ക്ക് അഫര്‍മേറ്റിവ് ആക്ഷന്‍ എന്ന വാക്ക് ഉണ്ടാക്കേണ്ടി വന്നു. അത് അവ്യക്തമായ വാക്കാണ്. ഒരു കാര്യം വേണ്ടെന്നു പറയാനുള്ള അധികാരവും അതിലുണ്ട്. നമ്മുടേത് അതല്ല. സാമൂഹിക ന്യായം, സാമൂഹിക സമത്വം എന്നിവ രണ്ടും നമ്മുടെ ഭരണഘടനയില്‍ പ്രിയാമ്പിള്‍ തൊട്ട് പല ആര്‍ട്ടിക്കിളുകളിലുമുണ്ട്. സോഷ്യല്‍ ജസ്റ്റിസാണ് നമുക്ക്. അതില്‍ സംവരണം ഒരു ഭാഗം. സംവരണം മാത്രമല്ല സാമൂഹിക നീതി. അത് ആര്‍ക്കും വേണ്ടെന്നുവെക്കാനുള്ള അധികാരമില്ല. അത് മാന്‍ഡേറ്ററിയാണ്. നമ്മള്‍ അമേരിക്കക്കാര്‍ അവരുടെ പരിസ്ഥിതിയില്‍ ഉണ്ടാക്കിയ വാക്കുകള്‍ ഉപയോഗിക്കുന്നു. അത് ഇറക്കുമതി ചെയ്യുന്നു. നമുക്ക് അനുയോജ്യമല്ല. നമുക്ക് സാമൂഹിക നീതിയിലേക്കുള്ള പോക്കാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
