Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംഘ്പരിവാറിലെ...

സംഘ്പരിവാറിലെ പിളര്‍പ്പുകള്‍

text_fields
bookmark_border
സംഘ്പരിവാറിലെ പിളര്‍പ്പുകള്‍
cancel

ബി.ജെ.പി അധികാരത്തില്‍ എത്തിയതിനു ശേഷമുള്ള ഇന്ത്യ നമ്മുടെ കണ്‍മുന്നില്‍ നമുക്ക് അപരിചിതമാവുകയാണ്. ഇതുവരെയുള്ള ഭരണകൂടങ്ങള്‍ പിന്തുടര്‍ന്ന  രീതികളില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സമീപനമാണ് സംഘ്പരിവാറിന്‍െറതെന്ന് കൂടുതല്‍ വ്യക്തമാവുന്ന സംഭവങ്ങളാണ് ഇന്ത്യയില്‍ പലയിടത്തായി കാണാന്‍ കഴിയുന്നത്.

ഹിന്ദുത്വരാഷ്ട്രീയത്തിലെ വ്യത്യസ്തവിഭാഗങ്ങള്‍ തങ്ങളുടെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷ ദളിത് വിരുദ്ധവുമായ ഒരു സമീപനം ഈ വിഭാഗങ്ങള്‍ക്കെല്ലാം പൊതുവായുണ്ടെങ്കിലും ഇതൊക്കെ നടപ്പാക്കുന്നതിനുള്ള അവരുടെ പ്രായോഗികപരിപാടികള്‍ രാമക്ഷേത്ര രഥയാത്രയിലൊക്കെ എന്നപോലെ ഏകോപിപ്പിക്കപ്പെടുന്നില്ല. ഈ ഏകോപനമില്ലായ്മയില്‍ത്തന്നെയുണ്ട്, അപകടങ്ങള്‍ പതിയിരിക്കുന്ന ഒരു ക്രുദ്ധരാഷ്ട്രീയത്തിന്‍െറ ഭയപ്പെടുത്തുന്ന ചില സങ്കീര്‍ണതകള്‍.

ഹിന്ദുത്വവാദികള്‍ക്കിടയിലെ വിവിധ വിഭാഗങ്ങളുടെ തന്നിഷ്ടപ്രകാരമുള്ള കലുഷിതപ്രവര്‍ത്തനങ്ങള്‍ക്ക്മൗനാനുവാദം നല്‍കുന്ന രീതിയാണ് ഒൗദ്യോഗിക നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് നേതൃത്വത്തത്തെന്നെ പലതായി പിളര്‍ത്തിയിരിക്കുകയാണ്. ഒരുവശത്ത് മോദിയുടെ സൂക്ഷ്മ മൃദു ഫാഷിസ്റ്റ് നീക്കങ്ങള്‍ക്ക്  പിന്തുണ നല്‍കി ഭരണകൂടത്തിലെ പിടി ശക്തിപ്പെടുത്തണം എന്നാഗ്രഹിക്കുന്ന വിഭാഗവും, മറുവശത്ത് കൂടുതല്‍ പ്രാദേശിക ഇടപെടലുകളിലൂടെ ഹിന്ദുത്വ അജണ്ട നിര്‍ദാക്ഷിണ്യം നടപ്പിലാക്കണം എന്നു കരുതുന്ന ഒരു വിഭാഗവും  കൃത്യമായി  ഉയര്‍ന്നുവന്നിരിക്കുന്നു. ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ക്കിടയില്‍ മോദി അനുകൂലികളും പ്രവീണ്‍ തൊഗാഡിയ വിഭാഗവും തമ്മിലുണ്ടായിട്ടുള്ള പിളര്‍പ്പ് ഒരു അധികാരവടംവലിയിലേക്ക് തന്നെ നീങ്ങുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മോദിക്ക് വ്യക്തിപരമായ അജണ്ടകള്‍ കൂടിയുണ്ട് എന്നത് മറുവിഭാഗത്തെ അസ്വസ്ഥരാക്കുകയും സംശയാലുക്കളാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍െറ  അത്തരം സ്വകാര്യ അജണ്ടകള്‍ തങ്ങളുടെ വളര്‍ച്ചക്ക് വിലങ്ങുതടിയാവുകയോ കാലതാമസം  വരുത്തുകയോ  ചെയ്യുമോ എന്ന സംശയം അവര്‍ക്കുണ്ട്. മോദി^അമിത് ഷ^ആര്‍.എസ്.എസ് അച്ചുതണ്ടിന്‍െറ സ്ഥാപനവത്കരണ സമീപനത്തിന്‍െറ പ്രയോജനങ്ങള്‍ അവര്‍ക്ക്  ബോധ്യമാവുന്നുണ്ടെങ്കിലും ക്ഷമാപൂര്‍വം അതിന്‍െറ ഫലസിദ്ധിക്കുവേണ്ടി കാത്തിരിക്കാന്‍ അവര്‍ സന്നദ്ധരല്ല. ഇത് മോദിയും ഇവരും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചിരിക്കുകയാണ്.    

ഗുജറാത്തില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട സംവരണസമരത്തിന്‍െറ പിന്നില്‍ തൊഗാഡിയ വിഭാഗമാണ് എന്ന് സംശയിക്കപ്പെടുന്നു. സാമൂഹികമായും സാമ്പത്തികമായും ഗുജറാത്തിലെ ഏറ്റവും പ്രബലമായ പട്ടേല്‍(പട്ടീദാര്‍) സമുദായം തങ്ങളെ പിന്നാക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും തങ്ങള്‍ക്ക്് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വേണമെന്നും ആവശ്യപ്പെട്ടു നടത്തുന്ന സമരം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചത് ആകസ്മികമായിട്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ആരംഭിച്ച സമരം നയിക്കുന്നത് രണ്ടുമാസം മാത്രം പ്രായമുള്ള ‘പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി’ (പി.എ.എ.എസ്) എന്ന സംഘടനയാണ്. അതിന്‍െറ നേതാവ് ഹര്‍ദിക് പട്ടേല്‍ എന്ന 22കാരനാണ്. തനിക്കു രാഷ്ട്രീയമില്ളെന്ന് പറയുന്ന ഈ ചെറുപ്പക്കാരന്‍ ലക്ഷക്കണക്കിന് പട്ടീദാര്‍ സമുദായാംഗങ്ങളെ തന്‍െറ ഇംഗിതത്തിനൊത്ത് തെരുവിലിറക്കാന്‍ കഴിയുന്ന സ്വാധീനം സൃഷ്ടിച്ചത് ഈ രണ്ടു മാസങ്ങള്‍ക്കിടയിലാണ് എന്നത് വെറുതെ ചിരിച്ചുതള്ളാനും ചരിത്രത്തെക്കുറിച്ച് അല്‍പം സിനിക്കലാവാനും മാത്രമുള്ള വസ്തുതയല്ല.

ഒരു പ്രാദേശിക ബി.ജെ.പി. നേതാവിന്‍െറ മകനാണ് ഹര്‍ദിക്. ബി.കോം ബിരുദധാരിയായ ഈ ചെറുപ്പക്കാരന്‍ ഇന്ന് മറ്റൊരു മോദി ആയി വളര്‍ന്നുവരാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് നേതാവിനൊപ്പം ഹര്‍ദിക് നില്‍ക്കു ന്ന ചിത്രം പുറത്തുവിട്ട് അയാളെ കോണ്‍ഗ്രസ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍തന്നെ താന്‍ ബി.ജെ.പി. നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ ഒപ്പം നില്‍കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടു. തൊഗാഡിയക്കൊപ്പമുള്ള ഒരു വിഡിയോ ക്ളിപ് ആണ് ഇയാളുടെ തീവ്രഹിന്ദുത്വബന്ധങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്.  

ഇതിന്‍െറയൊക്കെ സത്യാവസ്ഥ എന്തുതന്നെയായാലും പി.എ.എ.എസ് ഉന്നയിക്കുന്ന ആവശ്യം നീതിമത്കരിക്കത്തക്കതല്ല. സംവരണത്തിന് ചില ഭരണഘടനാപരമായ അടിസ്ഥാനങ്ങള്‍ ഉണ്ട്. അവയെ പൂര്‍ണമായും തള്ളിക്കളയുന്ന സമീപനം ആത്യന്തികമായി  ചരിത്രപരമായ നീതികേടുകള്‍ യഥാര്‍ഥത്തില്‍ അനുഭവിച്ച വിഭാഗങ്ങള്‍ക്ക്  ആ ആനുകൂല്യം നിഷേധിക്കുന്നതിലേക്കാവും ചെന്നത്തെുക. ഗുജറാത്തിലെ പട്ടീദാര്‍ സമുദായം ചരിത്രപരമായി ഉയര്‍ന്ന  ശ്രേണിയിലാണ്.  ഇവര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഗുജറാത്തിലെ സൗരാഷ്ട്രയിലെ രജപുത്രന്മാരുടെ പാട്ടക്കാരായിരുന്നു.  1951ല്‍ യു. എന്‍. ധേബാര്‍ സൗരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കോണ്‍ഗ്രസ് നടപ്പാക്കിയ ധീരമായ ഭൂപരിഷ്കരണം ഈ പാട്ടക്കാരെ മുഴുവന്‍ കൃഷിഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റി. കൃഷിയിലും പിന്നീട് കാര്‍ഷികോല്‍പന്ന വ്യവസായങ്ങളിലുംകൂടി പ്രമുഖ സാമ്പത്തിക ശക്തിയായി മാറിയ സമുദായം ആഗോള/അമേരിക്കന്‍ കുടിയേറ്റത്തിലൂടെയും മറ്റും പ്രബല പ്രവാസിസമൂഹമായും മാറിയിട്ടുണ്ട്. ഒരുവിധത്തിലുള്ള സാമ്പത്തിക/സാമൂഹിക പിന്നാക്കാവസ്ഥയും ഇവര്‍ അനുഭവിച്ചിട്ടില്ല. അപ്പോള്‍ ഈ സമരം എന്തിനാണ് എന്നത് ഉറക്കെ ചിന്തിക്കേണ്ട കാര്യമാവുന്നു. ഇതിനകംതന്നെ ഇത് സംഘപരിവാറിന്‍െറ സംവരണവിരുദ്ധ അജണ്ട വീണ്ടും ആളിക്കത്തിക്കാനുള്ള ആദ്യപടിയാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.  

പട്ടേല്‍ സമുദായം ആദ്യകാലത്ത് കോണ്‍ഗ്രസിനെ അനുകൂലിച്ചിരുന്നു. എന്നാല്‍, എഴുപതുകളില്‍ ബക്ഷി കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് മുസ്ലിം പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് അനുകൂലമായ സംവരണനിയമങ്ങള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതോടെ അവര്‍ കോണ്‍ഗ്രസിനെ കൈവിടാന്‍ തുടങ്ങി. കോണ്‍ഗ്രസിന്‍െറ ഈ സമീപനം പിന്നാക്കവിഭാഗങ്ങളില്‍നിന്നും മുസ്ലിം ദലിത്ആദിവാസി വിഭാഗങ്ങളില്‍നിന്നും  ധാരാളം പേര്‍ക്ക് ജനപ്രതിനിധികളും മന്ത്രിമാരും ഒക്കെയാവുന്ന സാഹചര്യം സൃഷ്ടിച്ചു. കോണ്‍ഗ്രസിന്‍െറ ഈ ശരിയായ രാഷ്ട്രീയസമീപനത്തോട് പട്ടേല്‍ സമുദായത്തിനുള്ളില്‍ അസ്വസ്ഥത വളര്‍ത്തി  സംഘ്പരിവാര്‍  അവരെ തങ്ങളിലേക്കടുപ്പിക്കുകയായിരുന്നു. തന്നെയുമല്ല, എഴുപതുകളിലെ ജനസംഘം സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് വലതുപക്ഷ പ്രതിലോമരാഷ്ട്രീയം ജനതാപാര്‍ട്ടിയായി മാറി അടിയന്തരാവസ്ഥക്കുമുമ്പുതന്നെ ഗുജറാത്തില്‍ അധികാരത്തിലത്തെുകയും ചെയ്തു. എങ്കിലും എണ്‍പതുകളിലും കോണ്‍ഗ്രസ് ഈ നയം തന്നെയാണ് പിന്തുടര്‍ന്നത്. 1981ലും പിന്നീട് 1985ല്‍ റാണെ കമീഷന്‍ നിര്‍ദേശങ്ങള്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചതിന്‍െറ പേരിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെതിരെ സംവരണവിരുദ്ധ അക്രമസമരങ്ങള്‍ നടന്നിരുന്നു.  

ഒന്നുകില്‍ തങ്ങള്‍ക്ക് സംവരണം നല്‍കുക,  അല്ളെങ്കില്‍ ആര്‍ക്കും നല്‍കരുത് എന്നാണ് ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെടുന്നത്. സമരം പ്രഖ്യാപിക്കപ്പെട്ട രീതിയും പശ്ചാത്തലങ്ങളും അതിന്‍െറ സത്വരമായ വളര്‍ച്ചയും കേവലം സംവരണാനുകൂല്യം നേടാനുള്ള നിഷ്കളങ്കമായ സമരമായി ഇതിനെ കാണുന്നതില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു.

ഇതില്‍ മോദിയുടെതന്നെ ഒരു രാഷ്ട്രീയച്ചൂത് കാണുന്നവരുമുണ്ട്.  അതെത്ര ശരിയാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, മറ്റൊന്നുമല്ല. അദ്ദേഹത്തിന്‍െറ പുതിയനയം ഓരോ സംസ്ഥാനത്തെയും ജാതിസംഘടനകളുടെ തലപ്പത്തു തന്നെ പിന്തുണക്കുന്നവരെ എത്തിക്കുക എന്നതാണ്. അതിനുവേണ്ടി സമുദായനേതൃത്വങ്ങളെ പിളര്‍ത്തുകയോ അല്ളെങ്കില്‍ കേരളത്തില്‍ എസ്.എന്‍.ഡി.പി.യുടെ കാര്യത്തില്‍ എന്നപോലെ നിലവിലുള്ള ഒൗദ്യോഗിക നേതൃത്വത്തെ തന്‍െറ വരുതിയില്‍ ആക്കുകയോ ചെയ്യുന്നു. ഇത്രയും അക്രമമുണ്ടായിട്ടും എല്ലാവരും ശാന്തരാകാനുള്ള ഒരു ആഹ്വാനത്തില്‍ മോദി പ്രതികരണം ഒതുക്കിയത് വെറുതെയല്ല.

ഈ സമരത്തിന്‍െറ ദുരൂഹതകള്‍ പലതും ഇനിയും നീങ്ങാനുണ്ട്. എങ്കിലും ഇതിന്‍െറ ആത്യന്തികമായ സംവരണവിരുദ്ധ ഹിന്ദുത്വമുഖം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഈ സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ പൊലീസ് മന$പൂര്‍വം പ്രകോപനം സൃഷ്ടിച്ചു കുത്തിയിളക്കിയതായി തോന്നിയിരുന്നു. പലയിടത്തും അക്രമം പൊലീസ് തടയാഞ്ഞത് പലരെയും 2002നെ ഓര്‍മിപ്പിച്ചു. ആ ഓര്‍മയുടെ നടുക്കമുണ്ടാക്കുന്നതാണ്. മാത്രമല്ല, ആദ്യമായി ഒരു സാധാരണ സമരത്തെ നേരിടാനെന്നപേരില്‍ ദിവസങ്ങളായി പൊതുജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് മൊബൈല്‍ സൗകര്യങ്ങള്‍ ഭരണകൂടം നിഷേധിക്കുകയാണ്. ഇത് തീര്‍ത്തും നിയമവിരുദ്ധമാണ്. ഞാനിത് എഴുതുമ്പോഴും ഇന്‍റര്‍നെറ്റ് മൊബൈല്‍ വിലക്ക് പിന്‍വലിക്കപ്പെട്ടിട്ടില്ല. പുതിയ കാര്യമല്ളെങ്കിലും, സാമൂഹികമാധ്യമങ്ങളുടെ ശക്തി ഇങ്ങനെ ഭരണകൂടത്തിന്‍െറ വിരല്‍ത്തുമ്പില്‍ നിര്‍ത്താമെന്നതും സൈബര്‍ രാഷ്ട്രീയത്തിന്‍െറ പരിമിതികളെക്കുറിച്ച് ഒന്നുകൂടി ഓര്‍മിപ്പിക്കുകയുമാണ്.

Show Full Article
TAGS:
Next Story