Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉദയാസ്തമയം

ഉദയാസ്തമയം

text_fields
bookmark_border

ബാര്‍കോഴ കേസില്‍ വിജിലന്‍സ് കോടതിയില്‍നിന്നുണ്ടായ ഉത്തരവ് ചില തിരിച്ചടിയുണ്ടാക്കുന്നുവെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കാന്‍ വലിയ സാധ്യത ആരും കാണുന്നില്ല. പ്രാദേശികമായ വിഷയങ്ങള്‍ മാത്രം കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പിനെ ബാര്‍കോഴയുമായി കൂട്ടിയിണക്കി മുതലെടുക്കാന്‍ ഇടതുപക്ഷത്തിന് സമയവുമില്ല. തെരഞ്ഞെടുപ്പിന് തൊട്ടു തലേന്ന് ഒരു വലിയ പ്രക്ഷോഭം സംഘടിപ്പിച്ച് മുതലെടുപ്പ് നടത്തിക്കളയാമെന്ന മിഥ്യാബോധമൊന്നും അവര്‍ക്കില്ല. അതിനാല്‍ ഈ കോടതി ഉത്തരവില്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്‍െറ മുന്നണിയും തല്‍ക്കാലം അത്ര ആശങ്കാകുലരൊന്നും അല്ലതന്നെ.
എന്നാല്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴ, അതിന്‍െറ ഭാഗം കാര്യമായി നിര്‍വഹിക്കുമെന്നുതന്നെ ഉറപ്പിക്കാം. ഉമ്മന്‍ ചാണ്ടി തുറന്നുവിട്ട് അദ്ദേഹം തന്നെ കുടത്തില്‍ അടക്കാന്‍ ശ്രമിക്കുന്ന ഈ ദുര്‍ഭൂതം നിയമസഭാ തെരഞ്ഞെടുപ്പില്‍ താണ്ഡവമാടുമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുമുണ്ട്. കേസിലെ പരാമര്‍ശം സര്‍ക്കാറിനെ ബാധിക്കില്ളെന്നും അതിനാല്‍ സര്‍ക്കാര്‍ അപ്പീല്‍ പോകില്ളെന്നുമാണ് അദ്ദേഹം പറയുന്നത്. പകരം, വിജിലന്‍സ് വകുപ്പ് അപ്പീല്‍ പോകുമത്രേ. വിജിലന്‍സിന്‍െറ ജോലി സര്‍ക്കാറിനുവേണ്ടി കേസ് നടത്തലാണെന്ന മട്ടിലാണ് ഈ വിശദീകരണം. കേസ് അന്വേഷണത്തിനുള്ള ഈ ഏജന്‍സി കേസ് നടത്തിപ്പിനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ കോടതി എടുത്തിട്ടു കുടയുമെന്ന് അറിയാനുള്ള പ്രാഥമിക നിയമവിജ്ഞാനമെങ്കിലും നിയമമന്ത്രിക്കുണ്ടാകും. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സര്‍ക്കാര്‍തന്നെ അപ്പീലുമായി കോടതിവരാന്തയില്‍ കയറുമെന്നതിന് സംശയമൊന്നും വേണ്ട.
പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി പറയാത്തിടത്തോളം മാണി രാജിവെക്കേണ്ടതില്ളെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ശരിയാണ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സ്ഥാപിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ളെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഏജന്‍സിയെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും നേരിട്ടുള്ള അടി സര്‍ക്കാറിനു തന്നെയാണ്. ഇനി കേസ് ഉണ്ടെന്നുതന്നെ കോടതി പറഞ്ഞാലും രാജിവെക്കാതിരിക്കാനുള്ള കുറുക്കുവഴി കണ്ടുപിടിക്കാന്‍ കൗടില്യനായ മുഖ്യമന്ത്രിക്ക് ഏറെ തലപുകക്കേണ്ടതില്ല. ഏത്രയോവട്ടം അദ്ദേഹം അതു പ്രയോഗിച്ചുകഴിഞ്ഞു. കോടതി എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ രാജിവെക്കാനും രാജിവെപ്പിക്കാനും ശ്രമിച്ചവര്‍ കെ. കരുണാകരനും എ.കെ. ആന്‍റണിയും ഒക്കെയാണ്. കോടതി ഒന്നും പറയാതെതന്നെ പലവട്ടം രാജിവെച്ച മര്യാദരാമനാണ് ആന്‍റണി. അങ്ങനെയൊക്കെ നടന്ന യുഗം കഴിഞ്ഞിരിക്കുന്നു. ബുദ്ധിയില്‍ പത്തുതലയാണ് ഉമ്മന്‍ ചാണ്ടിക്കുള്ളതെന്ന് അദ്ദേഹത്തിന്‍െറ അനുചരവൃന്ദം പറയുന്നു. അങ്ങനെയൊരു രാവണന്  ധാര്‍മികതതേടി അലയാനുള്ള സാവകാശം ആവശ്യമില്ല. അതിവേഗമാണ് ബഹുദൂരം പോകേണ്ടത്. അതിന് കുറുക്കുവഴിയാണ് അഭികാമ്യം. മുന്നണിക്കുവേണ്ടി പ്രശ്നങ്ങളുണ്ടാക്കുകയും അതു വലുതാകുമ്പോള്‍ ലളിതവത്കരിക്കുകയും ചെയ്യും. ബാര്‍കോഴയില്‍ എക്സൈസ് മന്ത്രിയെ വരെഒഴിവാക്കിവിട്ട് മാണിയെമാത്രം നിയമം പിടികൂടിയെങ്കില്‍ അതിനുപിന്നിലെ കൗടില്യതന്ത്രം എത്ര ഗംഭീരമാണ്!
അടുത്ത തെരഞ്ഞെടുപ്പിലും മാണി മത്സരിക്കും, അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നമൊന്നും ഇല്ളെങ്കില്‍. അത് ഒരു നിര്‍ബന്ധിതാവസ്ഥയാണ്. ജയിക്കാന്‍ പ്രയാസമാണെന്ന് മാണിക്കും നന്നായറിയാം. നിയോജകമണ്ഡലം പഴയപോലെ സുരക്ഷിതമല്ല. എതിര്‍പ്പുണ്ട്. ഒരുകാലത്തും പാലായില്‍ കോണ്‍ഗ്രസ് മാണിക്കൊപ്പം നിന്നിട്ടില്ല. ഇക്കുറി നില്‍ക്കുമെന്നു കരുതാന്‍ ഒരു ന്യായവുമില്ല. സഭകളുടെ ശക്തമായ പിന്തുണമാത്രം പോരാ. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നീ സംഘടനകളുടെ പ്രാദേശിക ഘടകങ്ങളെ പിടിച്ചാണ് മാണി അവിടെ മറ്റു പോരായ്മകള്‍ പരിഹരിക്കുന്നത്. ഇക്കുറി ഇതൊക്കെയുണ്ടെങ്കില്‍പോലും ബുദ്ധിമുട്ടാണെന്ന് കേരള കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നു. മാണിക്ക് സ്വന്തം പാര്‍ട്ടിയില്‍ മാത്രമല്ല, തട്ടകത്തിലും എതിര്‍പ്പ് കൂടുന്നു. എന്നിരുന്നാലും മത്സരിച്ചേ പറ്റൂ. ഇത് ഈ കോടതി ഉത്തരവ്  ഉണ്ടാക്കിയ നിര്‍ബന്ധിതാവസ്ഥയാണ്. പിന്മാറിയാല്‍ ബാര്‍കോഴയുടെ പേരിലാണെന്ന അപഖ്യാതി പരക്കും.
അടുത്ത നിയമസഭയില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടുമെന്ന് അതിന്‍െറ നേതാക്കള്‍ പറയുന്നത് പലതരം കണക്കുകള്‍ നിരത്തിയാണ്. അതില്‍ പ്രധാനം, മതന്യൂനപക്ഷങ്ങളുടെ ശക്തമായ പിന്തുണ യു.ഡി.എഫിനുണ്ടെന്നതാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുണ്ടായ അരക്ഷിതബോധം കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ അവസ്ഥയുണ്ടാക്കിയതായാണ് അവര്‍ വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്ള മുന്നണിയെ ന്യൂനപക്ഷങ്ങളുടെ ആശ്രയമായാണ് യു.ഡി.എഫ് നേതൃത്വം കാണുന്നത്. ഈ കാഴ്ചപ്പാട് മാറുമോയെന്നറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം അറിയേണ്ടിവരും.
എന്നാല്‍, മാണിയുടെ ഭാവി അടുത്ത തെരഞ്ഞെടുപ്പോടെ തീരുമാനമാകുമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിലും വലിയ തര്‍ക്കമില്ല. പാലായില്‍ വിജയിക്കാന്‍ മാണി വിഷമിക്കുമെന്നതില്‍ അദ്ദേഹത്തിന്‍െറ അടുത്ത സഹപ്രവര്‍ത്തകര്‍ക്കുപോലും സംശയമില്ല. ഇതുവരെ മത്സരിച്ച മാണിയല്ല, ഇനി മത്സരിക്കുക. ഇതുവരെ അഴിമതി ആരോപണം മാണിയെ വിഷമിപ്പിച്ചിട്ടില്ല. ഇനി അഴിമതിയാണ് മാണിയെ അലട്ടുക. അതോടൊപ്പം പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടുന്ന പ്രശ്നങ്ങള്‍, മണ്ഡലത്തിലെ പ്രശ്നം എന്നിവ വേറെ. 1964നു ശേഷം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായിരുന്ന കേരള കോണ്‍ഗ്രസിന്‍െറ ഭാവിയും ഇതോടെ നിര്‍ണയിക്കാനാകും എന്നു കരുതാം. പി.ടി. ചാക്കോയുടെ മരണത്തെ തുടര്‍ന്ന് ആര്‍. ശങ്കറിനെതിരെ ഉരുത്തിരിഞ്ഞുവന്ന കേരള കോണ്‍ഗ്രസിന്‍െറ രൂപവത്കരണത്തിനു പിന്നില്‍ ജാതീയമായ ചേതോവികാരങ്ങളും ഉണ്ടായിരുന്നു. ദേശീയ കോണ്‍ഗ്രസില്‍നിന്ന് ഭിന്നിച്ച് 1960ല്‍ ബംഗാളില്‍ അജോയ് മുഖര്‍ജി ഉണ്ടാക്കിയ ബംഗ്ളാ കോണ്‍ഗ്രസിന്‍െറ മാതൃകയില്‍ കെ.എം. ജോര്‍ജും മന്നത്ത് പത്മനാഭനും മുന്നില്‍ നിന്നുണ്ടാക്കിയ കേരള കോണ്‍ഗ്രസില്‍ കെ.എം. ജോര്‍ജിനുശേഷം നേതൃത്വം കീഴടക്കിയ മാണിയുടെ അപരാജിത പ്രയാണമാണ് ഇതുവരെ കണ്ടിരുന്നത്. പാര്‍ട്ടി പലപ്പോഴും പല കഷണങ്ങളായി പിളരുകയും തകരുകയും വളരുകയും ക്ഷയിക്കുകയുമൊക്കെ ചെയ്തെങ്കിലും മാണിയുടെ രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടമായിരുന്നില്ല. ഇരുമുന്നണികളിലും ബജറ്റുകള്‍ അവതരിപ്പിച്ചു. മികച്ച വകുപ്പുകള്‍ മാത്രം കൈകാര്യംചെയ്തു. മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണുവെച്ചപ്പോള്‍ മാത്രം തിരിച്ചടി നേരിട്ടു. പ്രഗല്ഭനായ പി.ജെ. ജോസഫിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും ടി.എം. ജേക്കബിനെയുമൊക്കെ ഒതുക്കുന്നതില്‍ മാണി കാട്ടിയ മിടുക്ക് വലുതാണ്. ഇക്കുറി മുന്നണി മാറിച്ചാടാനും മുഖ്യമന്ത്രിയാകാനുമുള്ള ശ്രമമുണ്ടെന്നുവന്നപ്പോള്‍ കിട്ടിയ പ്രഹരമാണ് ഇപ്പോള്‍ മാണിയെ പിന്നോട്ടടിക്കുന്നത്.
എന്നിരുന്നാലും, പാര്‍ട്ടിയില്‍ ഇപ്പോഴും മാണിതന്നെയാണ് നേതാവ്. ചോദ്യംചെയ്യാന്‍ വന്നവരാരും പാര്‍ട്ടിയില്‍ ശേഷിച്ചിട്ടില്ല. മാത്രമല്ല, പിളര്‍ന്നുണ്ടായ കേരള കോണ്‍ഗ്രസുകള്‍ എല്ലാം ഏതാണ്ട് തീര്‍ന്നുകഴിഞ്ഞു. അവസാനമായി ജേക്കബ് ഗ്രൂപ്പുപോലും തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വിഷമിക്കുന്നു. പിള്ള ഗ്രൂപ് എവിടെയാണെന്ന് പിള്ളക്കുപോലും ഇപ്പോള്‍ അറിവില്ല. മികവോടെ അവശേഷിക്കുന്നത്, മാണിയുടെ പാര്‍ട്ടിയാണ്. എന്നാല്‍, മാണിയും അഴിമതിയെയും തുടര്‍ന്നുള്ള അപവാദങ്ങളെയും നേരിടുന്നു. പി.ജെ. ജോസഫാണെങ്കില്‍ ആരോഗ്യപരമായ തിരിച്ചടികള്‍ നേരിട്ട് പിന്‍വലിയുകയാണ്. അരനൂറ്റാണ്ടു കാലത്തെ നിര്‍ണായക  സാന്നിധ്യത്തിനുശേഷം കേരള കോണ്‍ഗ്രസ് അതിന്‍െറ അസ്തമയ വഴികള്‍ അന്വേഷിച്ചുതുടങ്ങിയോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകരില്‍ ഉയരുന്നുണ്ട്. കേരള കോണ്‍ഗ്രസ് പോയാല്‍  ആ ജന വിഭാഗത്തെ ആകര്‍ഷിക്കുക കോണ്‍ഗ്രസായിരിക്കുമെന്ന തോന്നല്‍ കോണ്‍ഗ്രസ് നേതാക്കളിലും ഉണ്ട.് ഇതിനു കാരണമായത് ദേശീയതലത്തില്‍ മോദിയുടെ വരവാണെന്നതുതന്നെ. എല്ലാവരും ലക്ഷ്യമിടുന്നത് താല്‍ക്കാലിക രാഷ്ട്രീയ ലാഭം മാത്രമാണ്. ആയതിനാല്‍ കേരള കോണ്‍ഗ്രസിനെ ശക്തമാക്കി നിലനിര്‍ത്തണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. മാണിയെപ്പോലെ പ്രാഗല്ഭ്യമുള്ള നേതാക്കള്‍ ഉയര്‍ന്നു വരാത്തിടത്തോളം ആ പാര്‍ട്ടിയുടെ ഭാവികൂടിയാണ് ബാര്‍കോഴ കേസില്‍ നിര്‍ണയിക്കുന്നത് എന്നു കരുതേണ്ടിവരും.
 

Show Full Article
TAGS:ഉമ്മന്‍ചാണ്ടി കെ.എം മാണി km mani oommen chandy 
Next Story