Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു അരാഷ്ട്രീയവാദിയുടെ ...

ഒരു അരാഷ്ട്രീയവാദിയുടെ ചിന്തകള്‍

text_fields
bookmark_border
ഒരു അരാഷ്ട്രീയവാദിയുടെ ചിന്തകള്‍
cancel


ഈ വരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഫാഷിസം വിഷയമാവരുത്. മോദിയും ഭരണകൂട ഭീകരതയും മതേതരത്വവും ജനാധിപത്യവും ഒന്നും ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യങ്ങളല്ല. അതൊക്കെ ദേശീയപ്രശ്നങ്ങളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍പോലും വരേണ്ട വിഷയങ്ങളേയല്ല അതൊന്നും. വേണമെങ്കില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കേണ്ട ഗൗരവമുള്ള വിഷയങ്ങളാണ്.
ഇങ്ങനെയാണ് ചിരിച്ചുകൊണ്ട് രാഷ്ട്രീയക്കാര്‍ നമ്മളോട് പറയുന്നത്. ഞാനൊരു അരാഷ്ട്രീയവാദിയായതിനാലാകാം എനിക്കിത് ദഹിക്കുന്നില്ല.
തീര്‍ച്ചയായും റോഡുകളും കുടിവെള്ളവും കക്കൂസുകളുമൊക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ വിഷയങ്ങളായി വരേണ്ടത്. പക്ഷേ ഈ അരാഷ്ട്രീയവാദിക്ക് ചില സന്ദേഹങ്ങളുണ്ട്.
നമുക്ക് ഒരു വീട്ടില്‍ ഒന്നിലേറെ കാറുകളുണ്ട്. മരണംപോലെ കറുത്ത നീണ്ട മനോഹരമായ പാതകള്‍ വേണം. അത് നാലുവരിപ്പാതയായാല്‍ ഏറെ നന്ന്. പക്ഷേ ആ പാതയിലൂടെ ആരാണ് സഞ്ചരിക്കേണ്ടത്? മന്ത്രിമാര്‍ക്ക് ചീറിപ്പാഞ്ഞുപോകാനുള്ള ആ പാതയില്‍ ചിമ്മി എന്ന തോണ്ണൂറ് വയസ്സുള്ള ദലിതനുകൂടി യാത്രചെയ്യണം. അമ്പലത്തില്‍ കയറിയാല്‍ തീയിട്ടുകൊല്ലപ്പെടുന്ന ചിമ്മി എങ്ങനെ  ഒരു പൊതുനിരത്തിലൂടെ യാത്രചെയ്യും? ഇത് കേരളമല്ളേ സര്‍ ഇവിടെ അയിത്തമൊന്നുമില്ളെന്ന് ഖദറിട്ടവരും കാവിയണിഞ്ഞവരും ചുവപ്പും പച്ചയും  കുത്തിയവരും ഒന്നിച്ച്.  പട്ടികവിഭാഗക്കാരനായ രജിസ്ട്രേഷന്‍ ഐ.ജി എ.കെ. രാമകൃഷ്ണന്‍ സര്‍വിസില്‍നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം ഉപയോഗിച്ചിരുന്ന ഓഫിസ് മുറിയും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചത് കേരളത്തിന്‍െറ തലസ്ഥാനമായ സാക്ഷാല്‍ തിരുവനന്തപുരത്താണ്. കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി പഞ്ചായത്ത് വക മനോഹരങ്ങളായ കെട്ടിടങ്ങളുണ്ടാക്കുമ്പോള്‍ ദലിതര്‍ക്ക് വേറെ മുറികള്‍ ഉണ്ടാക്കുമോ? വികസനം വികസനം എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഇതേക്കുറിച്ചൊന്നും ഒന്നും പറയരുതെന്നാണോ?
നമുക്ക് നല്ല ശൗച്യാലയങ്ങള്‍ മാത്രമല്ല അടുക്കളകളും വേണം. ആ അടുക്കളയില്‍നിന്ന് ബീഫിന്‍െറയും മീനിന്‍െറയും മണം അടുത്ത വീട്ടിലത്തൊതിരിക്കാന്‍ ജനലുകളൊന്നായി അടച്ചിടണമെന്ന് പഞ്ചായത്ത് നിയമം കൊണ്ടുവരുമോ?  ഇടക്കിടെ തദ്ദേശ ഭരണവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വന്ന് നമ്മുടെ ഫ്രിഡ്ജുകള്‍ തുറന്ന് അത് ഗോമാംസമല്ളെന്ന് ഉറപ്പുവരുത്തുമോ? ഇത് കേരളമാണെന്നും ഉത്തര്‍പ്രദേശിലെ ദാദ്രിയല്ളെന്നും രാഷ്ട്രീയക്കാര്‍. മാടുകളെ കയറ്റിക്കൊണ്ടുപോകുന്ന വണ്ടി തടഞ്ഞുനിര്‍ത്തി അതിന്‍െറ ഡ്രൈവറെ മര്‍ദിച്ചത് ഇക്കഴിഞ്ഞ ദിവസം വടകരയില്‍നിന്നായിരുന്നു.
ദാദ്രിയില്‍നിന്ന് വടകരയിലേക്ക് ഒരുപാട് ദൂരമൊന്നുമില്ളെന്ന്  ഈ അരാഷ്ട്രീയവാദി. ഇതൊന്നും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പറയാന്‍ പാടില്ളേ? അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുവരെ ഈ വിഷയങ്ങളൊക്കെ നീട്ടിവെക്കണോ?
തീര്‍ച്ചയായും നമുക്ക് നല്ല പാതകള്‍ വേണം. കുടിവെള്ളം വേണം. പാലങ്ങള്‍ വേണം. പക്ഷേ ഇതൊക്കെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാനുള്ളതായിരിക്കണം.
രാജ്യവും ജനാധിപത്യവും മതേതരത്വവും ഐ.സി.യുവില്‍ കിടക്കുമ്പോള്‍ ഫാഷിസം എന്ന വാക്ക് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉരിയാടിക്കൂടെന്ന് എന്തിനാണ് പലതരം ചായംതേച്ച തുണിക്കഷണങ്ങളുപയോഗിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെ വാശിപിടിക്കുന്നത്?

Show Full Article
TAGS:
Next Story