Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാര്‍ട്ടികള്‍ക്ക്...

പാര്‍ട്ടികള്‍ക്ക് പുറത്ത്, പ്രതീക്ഷയോടെ

text_fields
bookmark_border
പാര്‍ട്ടികള്‍ക്ക് പുറത്ത്, പ്രതീക്ഷയോടെ
cancel

ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ കടയ്ക്കല്‍ കത്തിവെക്കുന്നവിധം ജാതിയും അതിന്‍െറ ഭീകരതകളും ക്രമാതീതമായി വര്‍ധിച്ചുവരുന്നത് വര്‍ത്തമാനകാലത്തിന്‍െറ ഭയപ്പെടുത്തലുകള്‍ക്ക് ആക്കംകൂട്ടുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ആദിവാസി ഗോത്ര ജനതയുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ക്ക് ഭരണകൂടത്തിന്‍െറ നിശബ്ദമായ അംഗീകാരംകിട്ടുന്നു എന്നത് സവര്‍ണ ഫാഷിസത്തിന് മറനീക്കി പുറത്തുവരാന്‍ അവസരമൊരുക്കുന്നു. കൊച്ചുകുട്ടികള്‍ വരെ ഇരകളാക്കപ്പെടുമ്പോള്‍ ഹൈന്ദവ ജനതയുടെ ഏകോപനമെന്ന സംഘ്പരിവാറിന്‍െറ കാപട്യത്തെയാണ് തുറന്നുകാണിക്കുന്നത്. വികസനത്തിന്‍െറ മറവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണകൂടങ്ങള്‍തന്നെ ആദിവാസി ഗോത്രവിഭാഗങ്ങളെ വേട്ടയാടുമ്പോള്‍ ഗ്രാമങ്ങളിലെ വര്‍ണനീതി എന്നത്തേക്കാളും ശക്തമാവുകയാണ്. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ രൂപംകൊടുത്ത ജാതിവിരുദ്ധ പോരാട്ടങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന ജാതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ്  രാജ്യം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ കലുഷിതമായ കാലത്തെ നേരിടേണ്ടിവരുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴും സാംസ്കാരിക അവബോധത്തിന്‍െറ തീനാമ്പുകള്‍ക്ക് എന്തോ പഞ്ഞംവരുന്നു. കെട്ടകാലത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ ഞെരിച്ച് കൊല്ലുന്നു. ജനാധിപത്യത്തിന്‍െറ കാവലാളാകാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ അഹംബോധത്തെ ഏറ്റെടുക്കാന്‍ നിയമത്തിന്‍െറ പഴുതുകളെപ്പോലും മാറ്റിമറിക്കാന്‍ സവര്‍ണകിരാതത്വത്തിന് കഴിയുന്നു.
വര്‍ത്തമാനകാലത്തിന്‍െറ പോഷിപ്പുകള്‍ക്ക് സമീപകാലത്തെ തിക്താനുഭവങ്ങളുണ്ടെന്ന് മറക്കാന്‍ കഴിയില്ല. എണ്‍പതുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് പഞ്ചാബിലും അസമിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെ മര്‍മപ്രധാനമായ രാഷ്ട്രീയ വഴിത്തിരിവിന് തുടക്കമിടുകയുണ്ടായി. ഇന്ത്യന്‍ അഖണ്ഡതക്ക് കോട്ടംതട്ടുംവിധം അതത്തെിനിന്നപ്പോള്‍ പ്രശ്നങ്ങളുടെ ഉറവിടം മനസ്സിലാക്കി പരിഹരിക്കുന്നതിനു പകരം ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള തീരുമാനങ്ങള്‍ക്ക് മായാത്ത രക്തക്കറ പുരളേണ്ടിവന്നുവെന്നത് ചരിത്രം. ഹിന്ദുത്വത്തിന്‍െറ പ്രത്യേയശാസ്ത്രങ്ങളെ അഖണ്ഡത ഊട്ടിയുറപ്പിക്കാന്‍ ഉപയോഗിച്ചപ്പോള്‍  അറ്റുപോയത് മതേതരത്വത്തിന്‍െറയും ജനാധിപത്യത്തിന്‍െറയും കുരുന്നിലകളാണ്.
പിന്നീടിങ്ങോട്ട് അധികാരം സ്ഥാപിക്കുന്നതിന് ഭൂരിപക്ഷ വര്‍ഗീയതയെ പിന്‍പറ്റാനുള്ള ശ്രമങ്ങള്‍ ശക്തമായി. ജനാധിപത്യ ബോധത്തിന്‍െറ എല്ലാ അംശങ്ങളെയും വികൃതമാക്കി ഒരു ചരിത്രപിന്‍ബലവുമില്ലാതെ ബാബരി മസ്ജിദ് അടിച്ചുതകര്‍ക്കുന്നതിലേക്കത്തെിച്ചത് ഈയൊരു സാഹചര്യത്തിലാണ്. ജനാധിപത്യ ശക്തികളുടെ ദൗര്‍ബല്യമെത്രമാത്രമാണെന്ന് വെളിപ്പെടുത്തിത്തരുന്നതായിരുന്നു പിന്നീടുള്ള സംഭവം. സവര്‍ണ ഫാഷിസത്തെ ശക്തിപ്പെടുത്താന്‍ പോന്നതായി തുടര്‍ന്നുണ്ടായ രാഷ്ട്രീയ ഗതിവിഗതികള്‍. മാനവികതക്ക് പരിക്കേല്‍പിച്ചുകൊണ്ട് മനുഷ്യപുരോഗതിക്ക് വിഘാതമാകുന്ന വര്‍ണജാതിയുടെ തിരിച്ചുവരവിനെ സഹായിക്കുന്ന സാഹചര്യമൊരുക്കുന്നതില്‍ ഇത് വഴിയൊരുക്കി.
ഈ ഒരു രാഷ്ട്രീയ പരിസരത്ത് കേരളത്തിന്‍െറ പൊതുബോധത്തിലും സാരമായ മാറ്റങ്ങള്‍ക്ക് ഇടംകിട്ടിയത് സ്വാഭാവികം മാത്രം. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഉഴുതുമറിച്ച മണ്ണില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് എളുപ്പം വേരോടാന്‍ കഴിഞ്ഞുവെന്നത് ചരിത്രം. പുരോഗതിക്ക് തടസ്സംനിന്നിരുന്ന ജാതിവ്യവസ്ഥക്കും ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കും പ്രഹരമേല്‍പിക്കാന്‍ കഴിഞ്ഞുവെന്നിടത്ത് പുരോഗമന രാഷ്ട്രീയ ചിന്തകളെ ഉത്തേജിപ്പിക്കാന്‍ സാധ്യമായി. ഏത് പാര്‍ട്ടിയായാലും ഇടതുപക്ഷ ബോധത്തെ സ്വീകരിക്കാന്‍ മലയാളിക്ക് കഴിയുന്ന അന്തരീക്ഷമുണ്ടായി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാര്‍വദേശീയ തലത്തിലുണ്ടായ തിരിച്ചടിയും ഇന്ത്യന്‍ അഖണ്ഡതാ രാഷ്ട്രീയവും കേരളത്തെയും പിടിച്ചുകുലുക്കി.
ചിരസമ്മത പ്രത്യയശാസ്ത്രങ്ങളെ വിശകലനത്തിന് വിധേയമാക്കാന്‍ കഴിയാതെപോയ ചിന്താധാരകള്‍ വഴിമുട്ടിയപ്പോള്‍ പ്രതിസന്ധികള്‍ നേരിടാന്‍ കെല്‍പില്ലാതായിത്തീര്‍ന്നു മലയാളി സ്വത്വബോധം. ഈ ഒരു വിടവിലേക്കാണ് പരമ്പരാഗത മൂല്യവ്യവസ്ഥകള്‍ വീണ്ടും അടിച്ചുകയറിയത്. ഇടതുപക്ഷമെന്നത് കേവലം ഒൗപചാരിക പേരില്‍ ഒതുങ്ങിയത് തലനാരിഴകീറി രാഷ്ട്രീയം ചര്‍ച്ചചെയ്തിരുന്ന കേരളീയന്‍െറ ചിന്തകള്‍ക്ക് മുറിവേല്‍പിക്കാനിടയാക്കി. അധികാരത്തിലേക്കുള്ള എളുപ്പവഴിതേടിയത് അവശേഷിച്ചിരുന്ന മൂല്യവിചാരങ്ങള്‍ക്കും തടയിട്ടു. രാഷ്ട്രീയ സദാചാരങ്ങള്‍ക്ക് വിരാമമിട്ട് കുരുക്കുവഴികള്‍ തേടിയുള്ള യാത്ര സാമൂഹിക മുന്നേറ്റത്തെ ഗുരുതരമായ പ്രതിസന്ധിയിലത്തെിച്ചു.
സമൂഹത്തെ പിന്നോട്ടടുപ്പിക്കാന്‍ ഏത് ശക്തികള്‍ ശ്രമിച്ചാലും താല്‍ക്കാലിക തിരിച്ചടികളെ അതിജീവിച്ച് മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്ന ചരിത്രനിയമം അനിവാര്യമാണെന്ന് വിളിച്ചോതുന്ന പ്രകടനങ്ങള്‍ കേരളീയ ജീവിതത്തിലും ഉയര്‍ന്നുവരുന്നത് തീര്‍ച്ചയായും പ്രത്യാശക്ക് വകനല്‍കുന്നുണ്ട്. പരമ്പരാഗത രാഷ്ട്രീയ സമസ്യകളെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്‍െറ പൊതുബോധത്തെ ത്രസിപ്പിക്കുംവിധം ശക്തമായ ഇടപെടലുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ജലസാക്ഷരത ലോകത്തെ പഠിപ്പിച്ച പ്ളാച്ചിമട, സ്ത്രീക്കരുത്ത് തെളിയിച്ച മൂന്നാര്‍, ജനവിരുദ്ധ നിയമങ്ങളെ തോല്‍പിച്ച വിളപ്പില്‍ശാല, കാസര്‍കോട്ടെ അമ്മമാരുടെ എന്‍ഡോസള്‍ഫാന്‍ സമരം, ചെറുതുംവലുതുമായ ഒട്ടേറെ പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ - ഒന്നും പരമ്പരാഗത ചിന്തകളില്‍നിന്ന് ആര്‍ജവം കൊണ്ടതല്ല.
ആദിവാസി ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഉണര്‍ത്തെഴുന്നേല്‍പ്പുകള്‍ ജാതിവിരുദ്ധ പോരാട്ടത്തിന്‍െറ അടയാളമായി മാറുന്നുണ്ടിവിടം. സ്വന്തമായി വഴികള്‍ തേടുമ്പോള്‍ വ്യവസ്ഥാപിത താല്‍പര്യങ്ങളെ അത് വെല്ലുവിളിക്കുന്നു. കേരളീയാന്തരീക്ഷത്തിലേക്ക് പഴയ ജാതീയതയെ അതേപടി തിരിച്ചുകൊണ്ടുവരാന്‍ സവര്‍ണ ജാതികള്‍ക്ക് കഴിയില്ളെങ്കിലും വര്‍ഗീയ മതിലുകള്‍ തീര്‍ക്കാന്‍ ആരംഭംകുറിച്ചുകഴിഞ്ഞു. മുസ്ലിംവിരുദ്ധ വികാരങ്ങള്‍ക്ക് തിരികൊളുത്തി ബ്രാഹ്മണാധിപത്യ പ്രത്യയശാസ്ത്രങ്ങളെ ജ്വലിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടന്നുവരുന്നത്. വര്‍ഗീയമായി ചിന്തിക്കുന്ന മനസ്സുകളെ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം ജനവിരുദ്ധ രാഷ്ട്രീയത്തിന്‍െറ അനന്തരഫലം അനീതിയും കെടുകാര്യസ്ഥതയും കൊണ്ട് ഭരണരംഗം പാടേ മാറുന്നുവെന്നതാണ്. ഇതിന്‍െറ തിക്തഫലങ്ങള്‍ വേണ്ടുവോളം അനുഭവിച്ചുവരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഒട്ടേറെ സവിശേഷതകളുള്ള യുവത സോഷ്യല്‍ മീഡിയകളിലൂടെയെങ്കിലും കരുത്താര്‍ജിച്ചുവരുന്നുണ്ട്. എങ്കിലും കക്ഷിരാഷ്ട്രീയത്തിന്‍െറ  ചങ്ങലകള്‍ പൊട്ടിക്കാന്‍ അവര്‍ക്കാകുന്നില്ളെന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. സ്ത്രീപുരുഷ തുല്യത കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീപീഡനങ്ങളുടെയും കപട സദാചാരത്തിന്‍െറയും ശക്തികേന്ദ്രമായി കേരളം മാറുന്നു എന്നത് വിരോധാഭാസമായിത്തീരുന്നു.
ഇവിടെ ജനപക്ഷം എന്നത് വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള സംഗതിയാവുകയാണ്.  ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീപക്ഷം, ദലിത് മുന്നേറ്റം, പരിസ്ഥിതി- നവസാമൂഹിക പ്രസ്ഥാനങ്ങള്‍ ജനപക്ഷത്തുനിന്ന് സംസാരം തുടങ്ങിവെച്ചത് ആശാവഹമായ സാഹചര്യത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മെല്ളെയെങ്കിലും ജനപക്ഷ കാഴ്ചപ്പാടുകളെ അഭിസംബോധന ചെയ്യാന്‍ അന്വേഷണാത്മകമായ സമീപനം സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്.
ജനപക്ഷത്തുനിന്നുകൊണ്ടുള്ള സമരങ്ങളും ഇടപെടലുകളും ജനാധിപത്യ പ്രക്രിയകളെ ത്വരിപ്പിക്കുന്നതിന് പ്രേരണയാവുന്നുണ്ട്. അതോടൊപ്പം ചൂഷണാധിഷ്ഠിത വ്യവസ്ഥയെ ചോദ്യംചെയ്യാനുള്ള പര്യാപ്തതയും നേടുന്നു.

(എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനറാണ് ലേഖകന്‍)

Show Full Article
TAGS:
Next Story