Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅക്ഷരപുണ്യം

അക്ഷരപുണ്യം

text_fields
bookmark_border
അക്ഷരപുണ്യം
cancel

സമൂഹസ്വഭാവത്തിന്‍െറ വ്യതിയാനങ്ങള്‍ ചില അടയാളങ്ങളായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. കടുത്ത വാണിജ്യവത്കരണം എത്രപെട്ടെന്നാണ് നമ്മുടെ ഹൃദയങ്ങള്‍ കവരുന്നത്? ഐശ്വര്യവും സമ്പല്‍സമൃദ്ധിയും സ്വപ്നംകാണുന്ന പാവം മനുഷ്യന് സ്വര്‍ണം വാങ്ങാന്‍ ഒരുദിവസം; പ്രണയം വിളംബരം ചെയ്യാന്‍ ഒരുദിവസം; അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും ഓര്‍ക്കാന്‍ വെവ്വേറെ ദിവസങ്ങള്‍... ഇത്യാദി ഓര്‍മദിനങ്ങള്‍ കൊണ്ട് കലണ്ടര്‍ നിറയുന്നു.
വിദ്യാരംഭത്തിന്‍െറ വാണിജ്യസാധ്യതകള്‍ കേരളീയ സമൂഹം ഏറ്റെടുത്തിട്ട് കുറച്ചുനാളുകളായി. ദേവാലയങ്ങളും മാധ്യമസ്ഥാപനങ്ങളും കലാസാംസ്കാരിക സംഘടനകളും ക്ളബുകളും എല്ലാം വിദ്യാരംഭത്തിന്‍െറ ഉത്സാഹവേദികള്‍ ഒരുക്കുന്നു.
ഉദ്ദേശ്യലക്ഷ്യം, പോകുന്നവഴികളെ ന്യായീകരിക്കും എന്നൊരു പ്രമാണമുണ്ട്. അക്ഷരത്തെളിമയാണ് ലക്ഷ്യം. അതുകൊണ്ട് എല്ലാവഴികളും സാധൂകരിക്കപ്പെടുന്നു.
ഇത്തവണയും ഒരു ചടങ്ങില്‍ ഗുരുസ്ഥാനീയനായി ഞാനും പങ്കെടുത്തു. എന്‍െറ നാട്ടിലെ കാര്യമായതുകൊണ്ട് എല്ലാവര്‍ഷവും വ്രതാനുഷ്ഠാനത്തോടെ ഞാന്‍എത്താറുണ്ട്. കാര്യമെന്തുപറഞ്ഞാലും എന്‍െറ നാട്... നാടിന്‍െറ പുന്നാരമണം...
അവിടെ വിസ്മയഭരിതമായ കാഴ്ചകളാണ് എന്നെ എതിരേറ്റത്. ലവകുമാരന്മാര്‍, രണ്ടുപുത്രന്മാര്‍, കോട്ടും പാന്‍റ്സുമിട്ട് സായിപ്പിന്‍െറ കുട്ടികള്‍. അവരെയൊക്കെ അണിയിച്ചൊരുക്കി മാതാപിതാക്കള്‍ കാത്തിരിക്കുകയാണ്. അതിനിടയില്‍ രസകരമായ മറ്റൊരു കാഴ്ചയും കാണാതിരുന്നില്ല. ഈ ചാര്‍ത്തുകളെ വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കുഞ്ഞുങ്ങളുടെ നിര.
മനസ്സില്‍ പ്രാര്‍ഥനാനിരതനായാണ് കുഞ്ഞുങ്ങളുടെ വിരലുകള്‍ ഗ്രഹിക്കുന്നത്. അരിമണികള്‍ വകഞ്ഞുമാറ്റി ഹരിശ്രീ കുറിക്കുമ്പോള്‍ തുടി ഉയരും. ഇത്തവണ ഒട്ടേറെ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളെയും എഴുത്തിനിരുത്തി. അവരെല്ലാവരും തന്നെ അവരവരുടെ ഭാഷയില്‍ എഴുതാന്‍ ശ്രമിച്ച എന്നെ തടഞ്ഞു. കുഞ്ഞുങ്ങള്‍ മലയാള അക്ഷരങ്ങള്‍ എഴുതി പഠിക്കണമെന്ന് ഒറ്റ സ്വരത്തില്‍ പറഞ്ഞു. ഞങ്ങളുടെ നാട് ഇനി കേരളമാണെന്ന് പറഞ്ഞപ്പോള്‍, മലയാളികള്‍ക്ക് അവരോടുള്ള വൈരത്തെപ്പറ്റി ഒരുവേള ഓര്‍ത്തുപോയി. പാലം കടക്കുവാന്‍ അവര്‍വേണം.അതുകഴിഞ്ഞാല്‍...
ഫേസ്ബുക്കില്‍ എന്‍െറ അനുജനും നാട്ടിലെ തഹസില്‍ദാരുമായ സതീഷ്കുമാര്‍ഒരു കവിത അയച്ചുതന്നു.
‘അരിയിലെഴുതണം, ഹരിയെന്നെഴുതണം
അരിവേണമതിനും
അരിതന്നെ ശരണം’...
ഞാന്‍ മലയാളത്തിന്‍െറ അക്ഷരലോകത്തിലേക്ക് കടന്നുവന്നത് വൈകിയാണ്. ‘അ,ആ,ഇ’.... എന്ന അക്ഷരങ്ങളൊക്കെ എനിക്കന്ന് ചിത്രലിപികളായിരുന്നു. വീട്ടിലിരുന്ന് അക്ഷരമാല പഠിപ്പിക്കാന്‍ അമ്മ ഒരു സാറിനെ ഏര്‍പ്പാട്  ചെയ്തു. ഷര്‍ട്ടൊന്നുമില്ലാതെ, തോളിലൊരു സഞ്ചിയുമായി, മുടന്തന്‍ കാലുമായി എന്നും അദ്ദേഹം പടി കടന്നുവരും. മൂക്കുപ്പൊടി വലിച്ചുകയറ്റിയിട്ട് ശക്തമായി ഒന്നുരണ്ടുതവണ തുമ്മും. പിന്നീടാണ് അധ്യാപനം തുടങ്ങുന്നത്. ഞാന്‍ നിലത്ത്; അദ്ദേഹം കസേരയില്‍. മണ്ണിലെഴുതിയാണ് ഞാന്‍ അക്ഷരങ്ങള്‍ പഠിച്ചത്. തെറ്റിക്കുമ്പോള്‍ ചെവി ശക്തിയായി മുറുക്കും. കണ്ണുതുറിച്ചു പേടിപ്പിക്കും. അദ്ദേഹത്തെ നാട്ടുകാരെല്ലാം ‘മുണ്ടന്‍കാലി സാര്‍’ എന്നാണ് വിളിച്ചിരുന്നത്. സത്യം പറഞ്ഞാല്‍, യഥാര്‍ഥ പേരെന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല.
വിരലുകളിലൂടെ അക്ഷരങ്ങള്‍ സഞ്ചരിച്ചു. മനസ്സിലേക്ക് വാക്കുകളായി ചേക്കേറി. ഇതെന്‍െറ പൂര്‍വചരിത്രം!
എന്‍െറ ജീവിതത്തിലുണ്ടായ ഒരു ദിവ്യ മുഹൂര്‍ത്തത്തെ നന്ദിപൂര്‍വം ഓര്‍ത്തെടുക്കുന്ന സമയമാണിത്.  ഞാന്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ കൃഷ്ണകുമാര്‍ എട്ടാം ക്ളാസിലാണ്. പണ്ടൊരുനാള്‍, ഒരു ജനുവരി ഒന്നാംതീയതി ഞങ്ങള്‍ പതിവ് സഞ്ചാരപാതകളിലേക്ക് ഇറങ്ങിയതാണ്. പലതും പറഞ്ഞതിന്‍െറ കൂട്ടത്തില്‍ ഗുരുനാഥനായി കരുതിയിരുന്ന എന്‍.എസ്. വാര്യരുടെ നിര്യാണം കൃഷ്ണകുമാറിനെ ദു$ഖിതനാക്കിയിരുന്നു. അന്നൊക്കെ അദ്ഭുതാതിരേകത്തോടെയാണ് ഞാനീ കൂട്ടുകാരനെ കണ്ടിരുന്നത്; ഞാന്‍ മാത്രമല്ല, പഠിപ്പിച്ചിരുന്ന അധ്യാപകന്‍പോലും. സംസ്കൃതം, മലയാളം, ഇംഗ്ളീഷ് ഭാഷകളില്‍ അഗാധമായ ജ്ഞാനം, അറിവിന്‍െറ നിറകുടം -അന്ന് പിരിയുംമുമ്പ് ഒരു ചെറിയ കുറിപ്പ് എനിക്ക് തന്നിരുന്നു  -‘നിന്‍െറ ഏഴാമിന്ദ്രിയം അക്ഷരങ്ങളിലേക്ക് തിരിയണം’ -ഞാന്‍ ഒരു വാക്ക് കാത്തു.
അതോര്‍ത്തെടുക്കാന്‍ മറ്റൊരു കാരണവും ഈയിടെയുണ്ടായി. ന്യൂയോര്‍ക്കിലെ ഒരു ഗൃഹസദസ്സില്‍ ഞങ്ങള്‍ക്കുവേണ്ടി ആതിഥേയയായ  കലാമേനോന്‍ അതിമനോഹരമായി പാടി. ബാബുരാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഒരു ഗാനം -‘താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമത്തെയി’ലുരുളുന്ന മധുമാസ ചന്ദ്രലേഖയെക്കുറിച്ചുള്ള പാട്ട്. അക്ഷരങ്ങളിലൂടെ, വാസ്തുശില്‍പി സഞ്ചരിക്കുമ്പോള്‍ അഭൗമകാന്തി കൈവരുന്നു. വാക്കുകള്‍ അതുല്യസഞ്ചാരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. ഇതിനൊക്കെ കാരണഭൂതനായത് കൃഷ്ണകുമാറാണ്. പില്‍ക്കാലത്ത് അദ്ദേഹം ‘ആത്മാരാമന്‍’ എന്ന തൂലികാനാമം സ്വീകരിച്ച് സാഹിത്യ വിമര്‍ശത്തിലേക്ക് തിരിഞ്ഞു.
വാക്കുകള്‍ തീജ്ജ്വാലയായും അമൃതവര്‍ഷമായും മനസ്സില്‍ പതിച്ചേക്കാം. വ്യഥയായും ആധിയായും വളര്‍ന്നേക്കാം. ഒരു പക്ഷേ, അതുതന്നെയാവണം അക്ഷരയാത്രയുടെ ലാവണ്യവും.

ഒരു പിന്‍കുറിപ്പ്
ഈ കുറിപ്പിന്‍െറ അവസാനഭാഗം എഴുതിത്തീര്‍ക്കുന്നത് ഒരുവിമാനയാത്രക്കിടയിലാണ്. ഉച്ചയായതുകൊണ്ട് തൊണ്ടവരളുകയാണ്. ഒരു ചൂടുകാപ്പി കുടിച്ചാല്‍ കൊള്ളാമെന്നുണ്ട്. പോക്കറ്റില്‍ തപ്പിയപ്പോള്‍ കാശില്ല. നിരാശനായി കുറിപ്പിലേക്ക് മടങ്ങുമ്പോള്‍ മുമ്പില്‍ ചിരിക്കുന്ന ഒരു മുഖം-തിരുവല്ലക്കാരന്‍ വില്‍സന്‍. അദ്ദേഹം വിമാനക്കമ്പനിയിലെ ജോലിക്കാരനാണ്. ‘സാറിനെ എനിക്കറിയാം, പത്രത്തിലെഴുതുന്ന കുറിപ്പുകള്‍ ശ്രദ്ധാപൂര്‍വം എല്ലായ്പ്പോഴും വായിക്കാറുണ്ട്’. സ്നേഹപൂര്‍വം അദ്ദേഹം ഒരു കാപ്പി സൗജന്യമായി സമ്മാനിച്ചു. അക്ഷരങ്ങള്‍ കൊണ്ട് അങ്ങനെയും ചില പ്രയോജനങ്ങളുണ്ടെന്ന് കൂട്ടിക്കോളൂ.

Show Full Article
TAGS:
Next Story