Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാനുഷികതയുടെ...

മാനുഷികതയുടെ പഞ്ചായത്തുകള്‍ ഉണ്ടാകട്ടെ

text_fields
bookmark_border
മാനുഷികതയുടെ പഞ്ചായത്തുകള്‍ ഉണ്ടാകട്ടെ
cancel

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നാമെന്തൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത്? തെരുവുവിളക്കും പൈപ്പ്വെള്ളവും റീടാറിങ്ങും എന്നു തുടങ്ങിയവയുടെ പങ്കുവെപ്പിനും പതിവ് വാഗ്ദാനങ്ങള്‍ക്കും ഇടയില്‍ ഉയര്‍ന്നുവരേണ്ടതായ മറ്റു ചിന്തകള്‍ ഏതെല്ലാമാണ്? രാഷ്ട്രനിര്‍മാണത്തിന്‍െറ അടിസ്ഥാനബിന്ദുവായ ഗ്രാമങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണം സാധ്യമാകുന്ന വിഷയങ്ങള്‍ പ്രകടനപത്രികകളില്‍ കാര്യമായി വന്നുവോ? കൃഷി, പരിസ്ഥിതി സംരക്ഷണം,  മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ കാഴ്ചപ്പാടുകള്‍ വോട്ടര്‍മാരായ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ? ഈ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ജനപക്ഷ അജണ്ടകള്‍ സ്വരൂപിക്കുകയാണിവിടെ

 

മാനുഷികതയുടെ പഞ്ചായത്തുകള്‍ ഉണ്ടാകട്ടെ

ഫാ. പോള്‍ തേലക്കാട്ട്

നമ്മുടെ നാട്ടില്‍ ഒരന്ധകാരം വ്യാപിക്കുന്നു എന്ന വല്ലാത്ത ആശങ്കയുടെ അവസ്ഥയുണ്ട്. നന്മയുടെ ദൈവങ്ങള്‍ ഓടി മറയുകയാണ് എന്ന അങ്കലാപ്പ്. നമ്മുടെ ഭൂമി കുത്തിക്കവരുന്ന സ്ഥിതിയുണ്ട്. വെള്ളവും വായുവും നിരന്തരമായി മലിനമാകുന്നു. മാത്രമല്ല നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ വൈരവും പരസ്പരസ്പര്‍ധയും സാംക്രമിക രോഗങ്ങളായി പടരുന്നു. വലിയ നേതാക്കള്‍ വളരെ ഹീനമായ നടപടികള്‍ക്കും വൈരത്തിന്‍െറ പ്രകരണങ്ങള്‍ക്കും ഇടനല്‍കുകയും അപകടകരമായ മൗനം പുലര്‍ത്തുകയും ചെയ്യുന്നു.
ഒരാളെ തല്ലിക്കൊന്ന വാര്‍ത്ത കണ്ട് ആസ്വദിക്കുന്ന വല്ലാത്ത ലാഘവബോധവും യുദ്ധം വെടിക്കെട്ടായി കാണുന്ന വല്ലാത്ത മരവിപ്പും നമ്മെ ബാധിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ മനുഷ്യാത്മാവില്‍ ഇരുട്ടുകയറുകയാണ്. സ്പര്‍ധയും പരദൂഷണവും ഏഷണിയും വര്‍ധിക്കുമ്പോള്‍ സമൂഹങ്ങള്‍ വ്യക്തികളാകാതെ ഉത്തരവാദിത്തരഹിതമായ ആള്‍ക്കൂട്ടമായി പരിണമിക്കുന്നു.
ഇവിടെയാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് ചോദിക്കലും കൊടുക്കലുമാണ് നടക്കുന്നത്. വോട്ട് ചോദിച്ചിറങ്ങുന്ന പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരോക്ഷമായെങ്കിലും അംഗീകരിക്കുന്നു - എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണ്. ഒരു സ്ഥാനാര്‍ഥിയും എനിക്ക് നിങ്ങളുടെ വോട്ട് വേണ്ടെന്ന് പറയില്ല. ഈ ജനാധിപത്യ ബോധവും അതിന്‍െറ സംസ്കാരവും കാത്തുസൂക്ഷിക്കുകയാണ് ത്രിതല പഞ്ചായത്തുകളുടെ മൗലികധര്‍മം. എല്ലാവരും വേണ്ടപ്പെട്ടവരാണെന്ന ബോധ്യവും ബോധവും ഉണ്ടാകണം. ജയിക്കുന്ന ആളുടെ പാര്‍ട്ടി എല്ലാ ജനങ്ങളുടെയും പാര്‍ട്ടിയാകണം. ഒരു പാര്‍ട്ടിയും ഒരുവിഭാഗം ജനങ്ങള്‍ മാത്രം തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാകാതിരിക്കട്ടെ. അതൊരു സംസ്കാരമാണ്; വൈവിധ്യത്തെ അംഗീകരിക്കുന്ന കാഴ്ചപ്പാട്. അത് എല്ലാ പക്ഷങ്ങള്‍ക്കും ഒരുപോലെ ഉണ്ടാകേണ്ട കാലമാണിത്. അതുണ്ടാക്കാതെ വിഭജിക്കുന്ന രാഷ്ട്രീയതന്ത്രം പ്രയോഗിക്കുമ്പോള്‍ സമൂഹങ്ങളെ തമ്മില്‍തല്ലിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. സാമൂഹികജീവിതത്തിന്‍െറ അന്തരീക്ഷം വെറുപ്പും വിദ്വേഷവും നിറഞ്ഞതാകുന്നത് ഏതുവിധവും തടയപ്പെടേണ്ടതാണ്.
വികസനമെന്നത് വാമനവികസനമല്ല. അപരന്‍െറ തലയില്‍ കാലുചവിട്ടിത്താഴ്ത്തുന്ന വികസനത്തിന്‍െറ സ്വാര്‍ഥതയല്ല പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ ഉണ്ടാകേണ്ടത്.
ഇതുപോലെ തന്നെ പ്രധാനമാണ് സമൂഹജീവിതത്തില്‍ പാലിക്കേണ്ട മാലിന്യ പ്രശ്നവും. മാലിന്യക്കൂമ്പാരങ്ങള്‍ ഉണ്ടാക്കുന്ന ജീവിതശൈലിയാണ് കമ്പോള സമ്പന്നതയുടേത്. മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതശൈലികള്‍ ഉണ്ടാക്കുക. തങ്ങളുടെ മാലിന്യം ഓരോവീട്ടിലും പരിഹരിക്കുന്ന സാധ്യതയില്ലാത്തപ്പോള്‍ മാത്രമേ അത് സമൂഹത്തിന്‍െറ പരിഹാര വിഷയമാകാവൂ. ജീവിതത്തിന്‍െറ വികാസം നിലവാരമുള്ള ജീവിതത്തിന്‍െറ സൗകര്യങ്ങളാണ്. മാലിന്യക്കൂമ്പാരങ്ങളുടെ കോര്‍പറേഷനുകള്‍ ജീവിതത്തെ പ്രാകൃതമാക്കുന്നു.
വികസനമെന്നത് കൊതുകുകടിയില്ലാത്തതും കൊതുകുതിരിയുടെ വിഷവായുവില്ലാത്തതുമായ ജീവിതസൗകര്യമാണ്. ഈ സൗകര്യങ്ങളുണ്ടാക്കാന്‍ ഭരണക്രമങ്ങള്‍ക്ക് സാധിക്കട്ടേയെന്നാണ് ആശംസിക്കുന്നത്. അതുപോലെ മനുഷ്യന് പുതിയ പുതിയ രോഗങ്ങള്‍ വരുന്നത് ജീവിതസാഹചര്യങ്ങള്‍ കൊണ്ടാണ്. ശ്വാസകോശരോഗം ശ്വാസത്തിന്‍െറയും ശ്വാസകോശത്തിന്‍െറയും പ്രശ്നം മൂലമാകാം. അതിലാദ്യത്തേത് ചികിത്സിക്കേണ്ടത് വൈദ്യരല്ല, രാഷ്ട്രീയക്കാരാണ്. ആഹാരം വിഷം നിറഞ്ഞതാകുമ്പോള്‍ ജീവിതക്രമം അനാരോഗ്യകരമാകുമ്പോള്‍ കിഡ്നി, ലിവര്‍, ഹൃദയ, ശ്വാസകോശരോഗങ്ങള്‍ സംജാതമാകുന്നു. ഇതൊക്കെ പരിഹരിക്കാന്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളല്ല വേണ്ടത്. ആരോഗ്യകരമായ ജീവിതാന്തരീക്ഷവും ഭക്ഷണവുമാണ് സമൂഹങ്ങള്‍ക്ക് ലഭ്യമാകേണ്ടത്. ഈ വിധത്തില്‍ നാം ചിന്തിക്കുമ്പോള്‍ ഒരു പഞ്ചായത്ത് സര്‍വജനങ്ങള്‍ക്കും ജീവിതം സുഖകരമാക്കാനുള്ള നിശ്ചയങ്ങളുടെയും നടപടികളുടെയും ഫലമാകണം.
കാളിദാസന്‍ വാല്മീകിയെക്കുറിച്ച് പറഞ്ഞത് രുദിതാനുസാരി കവിയെന്നാണ്. കരച്ചിലിന്‍െറ പിന്നാലെ പോകുന്ന കവിയെന്നര്‍ഥം. ഭരിക്കുന്നവര്‍ ഏറ്റവും പ്രാമുഖ്യംകൊടുക്കേണ്ടത് കരയുന്നവര്‍ക്കാണ്. കരച്ചിലിന്‍െറ കാരണങ്ങള്‍ തേടിപ്പോകാന്‍ നേതാക്കള്‍ക്ക് കഴിയണം; കരയുന്നവരെ ആശ്വസിപ്പിക്കാനും. കരച്ചില്‍ കേള്‍ക്കുന്ന ഹൃദയമുള്ളവര്‍ ഗ്രാമങ്ങളിലും നാടുകളിലും ഉണ്ടാകട്ടെ. കരയിക്കുന്ന കഷ്ടനഷ്ടങ്ങളും സഹനദുരിതങ്ങളും അകറ്റിനിര്‍ത്തുന്ന ജാഗ്രത നാട്ടിലുണ്ടാകണം.
ഏവര്‍ക്കും സ്വപ്നംകാണാനും സ്വപ്നങ്ങളുടെ പിന്നാലെപോകാനും പേടികൂടാതെ രാവുംപകലും നടക്കാനും പറ്റിയ അഭയമാണ് നാട് നല്‍കേണ്ടത്. അവരുടെ മതമോ പാര്‍ട്ടിയോ ജാതിയോ അല്ല പ്രശ്നം, മനുഷ്യത്വമാണ്. മനുഷ്യത്വത്തിന് വേലികെട്ടാതെ മനുഷ്യനെ സേവിക്കുമ്പോള്‍ അവര്‍ മാനുഷികതയുടെ മഹാന്മാരാകും. അങ്ങനെ പഞ്ചായത്തില്‍ ആര്‍ക്കും ഗൃഹാതുരത്വം ഉണ്ടാകാത്ത നല്ല ഇടങ്ങളാകും. സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത് കഴിയട്ടെ എന്നാശംസിക്കുന്നു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കണം

കെ.വി. ദയാല്‍

കേരളത്തില്‍ ഈയിടെയായി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജൈവകൃഷിയെ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്നത് കാണുന്നുണ്ട്. തികച്ചും പ്രശംസനീയാര്‍ഹമായ ഒന്നാണിത്. എന്നാല്‍, ഒട്ടും ശാസ്ത്രീയമല്ലാതെയാണ് അവ ഉല്‍പാദിപ്പിക്കുന്നതെന്നത് ഖേദകരവുമാണ്. ജൈവകൃഷി എന്നത് മണ്ണിനെയും കൃഷിയെയും അറിഞ്ഞ് പഠിച്ചുചെയ്യേണ്ട ഒന്നാണ്. അല്ലാത്തപക്ഷം അതൊരു ചടങ്ങായിമാത്രം മാറും. ജൈവ കൃഷിയിലെ അറിവ് ഏതെങ്കിലും യൂനിവേഴ്സിറ്റിയില്‍ പഠിച്ചാലും ലഭിക്കില്ല. രാസവളകൃഷി മാത്രമേ അവിടങ്ങളില്‍ കൃത്യമായി പഠിപ്പിക്കുന്നുള്ളൂ. ജൈവകൃഷിയില്‍ അവഗാഹമുള്ള ധാരാളം കര്‍ഷകര്‍ ഇന്ന് കേരളത്തിലുണ്ട്. അവരെ സമീപിച്ച് ഒരു സിലബസ് തയാറാക്കി യൂനിവേഴ്സിറ്റി തലത്തില്‍ പഠനവിഷയമാക്കുകയും അവര്‍ മുഖേന നമ്മുടെ തദ്ദേശസ്ഥാപനങ്ങളില്‍ ഒരു 10 ദിവസമെങ്കിലും പരിശീലന ക്ളാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യണം. 30 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞാനടക്കമുള്ളവര്‍ ഇത്തരം ശ്രമങ്ങളുടെ പിറകെയാണ്.
എം.ജി യൂനിവേഴ്സിറ്റിയില്‍ ഒരു കോഴ്സ്തന്നെ ആരംഭിച്ചിട്ടുണ്ട്. ആറു ബാച്ചുകള്‍ അവിടെ നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞു.  യൂനിവേഴ്സിറ്റിക്കുകീഴിലെ 100 കോളജുകള്‍, 100 ഗ്രാമങ്ങളെയാണ് ദത്തെടുത്തിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളില്‍ വിദ്യാര്‍ഥികള്‍ പരിശീലനം നല്‍കുന്നുണ്ട്. പലയിടത്തുനിന്നും നല്ല പ്രതികരണം ലഭിച്ചുതുടങ്ങി. കേരളത്തില്‍ മാലിന്യനിര്‍മാര്‍ജ്ജനം വലിയൊരു വെല്ലുവിളിയായിരിക്കുന്നു. മാലിന്യങ്ങളില്‍നിന്ന് ജൈവമാലിന്യങ്ങള്‍ വേര്‍പ്പെടുത്തി ജൈവകൃഷിക്ക് വളമായി ഉപയോഗിച്ചാല്‍ വളരെ ചെലവുകുറഞ്ഞ രീതിയില്‍ കൃഷിചെയ്യാന്‍ കഴിയുമെന്നതാണ് വസ്തുത. ജൈവ ഉല്‍പന്നങ്ങളുടെ ചെലവുകുറഞ്ഞാല്‍ മാത്രമാണ് സാധാരണ ജനങ്ങള്‍ക്ക് അത് വാങ്ങിക്കഴിക്കാന്‍ പറ്റുകയുള്ളൂ. അതിന് ഇത്തരം ജൈവമാലിന്യങ്ങള്‍ (മത്സ്യ-മാംസ മാലിന്യങ്ങള്‍, മറ്റു ഭക്ഷ്യവസ്തുകള്‍) ഒരു കമ്പോസ്റ്റാക്കി കൃഷിയിടത്തിലേക്കത്തെിച്ചാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും. അതത് പഞ്ചായത്തുകള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണിത്. ഇതിനൊരു പുതിയ കമ്പോസ്റ്റിങ് ടെക്നോളജി ഞാന്‍ ഡെവലപ് ചെയ്തിട്ടുണ്ട്. അത് കാര്‍ബണ്‍ കമ്പോസ്റ്റിങ് രീതിയാണ്. ഉമിയുടെ കരി റൈസ് മില്ലുകളില്‍നിന്നും നമുക്ക് ഫ്രീയായി ലഭിക്കും. അതില്‍ മേല്‍പറഞ്ഞ ജൈവ മാലിന്യങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ 15  ദിവസംകൊണ്ട് അത് സ്വയം കമ്പോസ്റ്റായി മാറും. ചെടികളുടെ വേരോട്ടത്തിന് വളരെ ഗുണകരമായ ഒരു നല്ലവളമാണ് ഉമി. ഉമിയില്‍ മണമുള്ള ഇത്തരം  മാലിന്യങ്ങള്‍ ചേരുന്നതോടെ വളത്തിന്‍െറ വീര്യംകൂടും. ഉല്‍പാദനം ഇപ്പോള്‍ ലഭിക്കുന്നതിന്‍െറ ഇരട്ടിയാകും. മാലിന്യനിര്‍മാര്‍ജനവുമാകും ജൈവകൃഷി ഉല്‍പാദനവുമാകും.
 ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെടുക്കാന്‍ കുറ്റമറ്റ സംവിധാനം വേണം. ആവശ്യക്കാര്‍ നിരവധിയുണ്ടെങ്കിലും മാര്‍ക്കറ്റിലെ വിലകാരണം കൃഷി അവസാനിപ്പിക്കേണ്ടിവരുന്നു. ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ പരീക്ഷണാര്‍ഥം ഒരു സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഒരു കടക്കാരനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെടുത്തു. 20 കര്‍ഷകരെ ഒരു കൂട്ടമായി തിരിച്ച് അവരുടെ ഉല്‍പന്നങ്ങള്‍ ഈ കടക്കാരന് നല്‍കുന്നുണ്ട്. ഒരു ന്യായമായ വില ഒരുമിച്ചിരുന്ന് പറഞ്ഞുറപ്പിച്ചാണ് തുടക്കം. കര്‍ഷകരുടെ പേരില്‍ ബാങ്കില്‍ നാലുശതമാനം നിക്ഷേപിക്കത്തക രീതിയില്‍ സംവിധാനവുമൊരുക്കിയിട്ടുണ്ട്. ഇത്  വിജയിച്ചാലാണ് അടുത്തഘട്ടമെന്ന നിലയില്‍ വ്യാപിപ്പിക്കാനൊക്കുകയുള്ളൂ. കര്‍ഷകന്‍ പൊതുസമൂഹത്തിലേക്ക് ഇത്രയും കൃഷിയിറക്കിനല്‍കി എന്നതിന് രേഖയും ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നാലുശതമാനം സര്‍ക്കാര്‍കൂടി കര്‍ഷകന് നല്‍കിയാല്‍  കാര്‍ഷികമേഖലയില്‍ അതിന്‍െറഫലം വലിയതായിരിക്കും.
കാര്‍ഷികസംബന്ധമായ സബ്സിഡി കര്‍ഷകരുടെ സംഘങ്ങള്‍ക്കല്ല, വ്യക്തികള്‍ക്കാണ് നല്‍കേണ്ടത്. ട്രാക്ടര്‍ വാങ്ങിക്കാന്‍ സബ്സിഡി കൊടുക്കുന്നത് സംഘങ്ങള്‍ക്കാണ്. എന്നാല്‍, കൃഷിയുടെ സീണണ്‍ കഴിഞ്ഞാല്‍ എവിടെങ്കിലും കൊണ്ടിട്ട് പ്രസിഡന്‍റും സെക്രട്ടറിയും അവരവരുടെ വഴിക്കുപോകും. ട്രാക്ടര്‍ അവിടെക്കിടന്ന് നശിക്കും. കര്‍ഷകരുടെ കൂട്ടമായുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കരുത്. മാര്‍ക്കറ്റിങ്ങിന് സംഘങ്ങളാവാം. കൃഷി ഒറ്റക്കുചെയ്യണം. വ്യക്തികളെ പഞ്ചായത്തുകള്‍ വേണ്ടരീതിയില്‍ പ്രോത്സാഹിപ്പിക്കണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ ജൈവ പഞ്ചായത്തായും ഗ്രാമമായും എല്ലാമുള്ള പ്രഖ്യാപനങ്ങള്‍ കാണുന്നുണ്ട്. ജൈവകൃഷിയില്‍ തുടങ്ങുകയും രാസവളത്തിലൂടെ കൃഷിയെ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കുന്നതാകരുത്. കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ ഭരണകൂടത്തില്‍നിന്ന് ഏറെ അകന്നിരിക്കുന്നു. അടുപ്പിക്കാനുള്ള ശ്രമങ്ങളാരംഭിക്കണം. ചുറ്റുമുള്ള അനുകൂലസാഹചര്യങ്ങള്‍ കണ്ടില്ളെന്നുനടിച്ച്,  പരിമിതികള്‍പറഞ്ഞ് ഭരിക്കുന്നവര്‍ ഒഴിഞ്ഞുമാറിയാല്‍ ജനങ്ങള്‍ക്ക് വിഷംതന്നെ ഭക്ഷണമാക്കേണ്ടിവരും.

തയാറാക്കിയത്: ഫഹീം ചമ്രവട്ടം

Show Full Article
TAGS:
Next Story