കേരളത്തില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പു നടക്കുകയാണ്. ഇത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് എങ്കിലും കേരളത്തിലെ സവിശേഷമായ സാഹചര്യത്തില്‍ ഇതിന്‍െറ രാഷ്ട്രീയപ്രാധാന്യം വിസ്മരിക്കാനാവില്ല. സാധാരണ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയാണ് കൂടുതല്‍ സ്ഥാനങ്ങളില്‍ ജയിക്കാറുള്ളത്. കഴിഞ്ഞ പ്രാവശ്യം അതുണ്ടായില്ല. അതിന്‍െറ അര്‍ഥം ഇക്കുറി ഭരണവിരുദ്ധ വോട്ടുകള്‍ സംസ്ഥാനത്തിന്‍െറയും തദ്ദേശസ്ഥാപനങ്ങളിലെയും കൂടുതല്‍ നേരിടേണ്ടിവരിക യു.ഡി.എഫ് ആയിരിക്കും എന്നതാണ്. എന്നാല്‍, ഇതിനപ്പുറമുള്ള ധ്രുവീകരണത്തിന് കാരണമായേക്കാവുന്ന ചില കൂട്ടുകെട്ടുകള്‍ നാട്ടിന്‍പുറങ്ങളെ കലുഷിതമാക്കിയിരിക്കുന്നു.
തെരഞ്ഞെടുപ്പില്‍ മുന്നണി ഉണ്ടാക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലാണ്. അങ്ങനെ ആയിരിക്കുകയും വേണം. എന്നാല്‍, രാഷ്ട്രീയാധികാരത്തില്‍ നേരിട്ട് കൈകടത്താന്‍ അവകാശമില്ലാത്ത സിവില്‍സമൂഹ സംഘടനയായ എസ്.എന്‍.ഡി.പി ഇക്കുറി തങ്ങള്‍ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നുവെന്നും ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കി മത്സരിക്കുന്നു എന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ഷന്‍ കമീഷന്‍ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞുകേട്ടില്ല എന്നതും ആര്‍ക്കും ഇതേക്കുറിച്ച് സാങ്കേതികമായ പരാതിയില്ല എന്നതും എന്നെ അദ്ഭുതപ്പെടുത്തുന്നു.
ഇതിനുമുമ്പ് എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും മുന്‍കൈയെടുത്തു രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിച്ചിട്ടുണ്ട്. കെ. കരുണാകരന്‍െറ നേതൃത്വത്തിലുള്ള മുന്നണിയില്‍ എന്‍.ഡി.പി, എസ്.ആര്‍.പി എന്നീ കക്ഷികള്‍ ചേരുന്നത് അങ്ങനെയാണ്. ആ പാര്‍ട്ടികള്‍ക്ക് കുറച്ചുകാലം എം.എല്‍.എമാരും മന്ത്രിമാരും ഒക്കെ ഉണ്ടായിരുന്നുതാനും. എഴുപതുകളില്‍ നടന്ന ആ പരീക്ഷണം ഒരു ദശാബ്ദത്തിനുള്ളില്‍ അവസാനിച്ചു എന്ന് പറയാം. മുന്നണിരാഷ്ട്രീയത്തിലെ സമ്മര്‍ദങ്ങള്‍ അവ അതിജീവിച്ചില്ല. കേരള രാഷ്ട്രീയത്തില്‍നിന്ന് രണ്ട് പാര്‍ട്ടി കളും തീര്‍ത്തും അപ്രത്യക്ഷമായി.
വിരുദ്ധ ആവശ്യങ്ങള്‍ക്കായാണ് എന്‍.ഡി.പിയും എസ്.ആര്‍.പിയും രൂപവത്കരിക്കപ്പെട്ടത്. എങ്കിലും അവ രണ്ടും ഒരേ മുന്നണിയില്‍ തുടര്‍ന്നു എന്നതില്‍നിന്നുതന്നെ അക്കാലത്തും വലിയ രാഷ്ട്രീയബോധമൊന്നും ഈ പാര്‍ട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാം. ഉത്തരേന്ത്യയില്‍ ബി.എസ്.പി ഉണ്ടായതുപോലെ വിപുലമായ ഒരു സാമൂഹിക അജണ്ടയുടെയും ശാക്തീകരണ രാഷ്ട്രീയത്തിന്‍െറയും പശ്ചാത്തലമൊന്നും എസ്.ആര്‍.പിയുടെ രൂപവത്കരണത്തിനു പിന്നില്‍ ഉണ്ടായിരുന്നില്ല. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാനും അതിനു കഴിഞ്ഞില്ല.
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും എസ്.എന്‍.ഡി.പി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് മത്സരിക്കുമ്പോള്‍ മുമ്പ്് എസ്. ആര്‍.പി ഉണ്ടാക്കിയ കാലത്തെ പരിമിതമായ രാഷ്ട്രീയാവബോധം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയെ, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ ഒരു പ്രതിലോമ ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പരീക്ഷണത്തിന്‍െറ വേദിയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബി.ജെ.പി. അവരുടെ രാഷ്ട്രീയം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടതാണ്. ആ രാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നും എസ്.എന്‍.ഡി.പി യുടെ ചരിത്രത്തിലോ വര്‍ത്തമാനത്തിലോ ഇല്ല. മാത്രമല്ല, ആ രാഷ്ട്രീയം വളര്‍ന്നത്, എസ്.എന്‍.ഡി.പി എന്തിനുവേണ്ടി രൂപംകൊണ്ടുവോ ആ സമീപനത്തിനു കടകവിരുദ്ധമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. ‘ഭൂരിപക്ഷ മത ഐക്യം’ എന്നൊരു മുദ്രാവാക്യം എസ്.എന്‍.ഡി.പിക്കു ഉണ്ടായിരുന്നില്ല എന്നല്ല, ഒരു കാലത്തും അത് ഭൂരിപക്ഷ മതരാഷ്ട്രവാദത്തെ വിദൂരമായിപോലും പിന്തുണക്കാന്‍വേണ്ടി രൂപവത്കരിച്ചതുമല്ല. എതു മതമാണോ ഇന്ന് എസ്.എന്‍.ഡി. പി തങ്ങളുടെ ഐക്യവേദിയായി കാണുന്നത്, സാമൂഹിക അനീതികളിലൂടെ, അനാചാരങ്ങളിലൂടെ, അധീശത്വത്തിലൂടെ കോടിക്കണക്കിനു കീഴാളവിഭാഗങ്ങളെ സഹസ്രാബ്ദങ്ങള്‍ അടിമകളാക്കിവെച്ച ആ മതത്തിന്‍െറ ഹീനമായ ആര്യവിചാരം ഇന്ത്യയില്‍ ഇല്ലാതാക്കണം എന്ന് ആഗ്രഹിച്ചു സമരമുഖം തുറന്ന സംഘടനയാണ് എസ്.എന്‍.ഡി.പി. വേദകാല ഭാരതം എന്ന സങ്കല്‍പ ത്തില്‍ പടുത്തുയര്‍ത്തിയ നിരവധി സംഘടനകള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉണ്ടായി. വിദ്യാസമ്പന്നരായ, പാശ്ചാത്യരീതികളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന, ഉല്‍പതിഷ്ണുക്കളായ ജാതിഹിന്ദുക്കള്‍ തന്നെയായിരുന്നു ഇത്തരം സംഘടനകളുടെ രൂപവത്കരണത്തിന് മുന്‍കൈ എടുത്തത്. സതി നിര്‍ത്തലാക്കാനും ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കാനും മുന്‍കൈ എടുത്ത രാജാ റാം മോഹന്‍ റോയ് ബ്രഹ്മസമാജം ഉണ്ടാക്കിയത് വേദകാല ഭാരതം എല്ലാ നന്മകളുടെയും വിളനിലമായിരുന്നു എന്ന സങ്കല്‍പത്തിന്‍െറ അടിസ്ഥാനത്തില്‍ ആയിരുന്നു. പാശ്ചാത്യപരിഷ്കാരങ്ങളെ സ്വീകരിച്ചു കൊണ്ടുതന്നെ സാമൂഹിക പുനര്‍നിര്‍മിതി വേദകാലമതത്തെ മുന്‍നിര്‍ത്തിമാത്രം ആവിഷ്കരിക്കുക എന്നതു ബ്രഹ്മസമാജിന്‍െറ പ്രഖ്യാപിത മുദ്രാവാക്യമായിരുന്നു. ഹിന്ദുത്വവാദത്തിന്‍െറ ആദ്യ പ്രകാശനങ്ങളിലൊന്ന് ബ്രഹ്മസമാജിന്‍േറതായിരുന്നു. തുടര്‍ന്ന് ആര്യ സമാജും ഇത്തരം ഒരു വേദിക് സുവര്‍ണാകാലത്തെയാണ് അടിസ്ഥാന മുദ്രാവാക്യമാക്കിയത്. റാം മോഹനില്‍നിന്ന് വ്യത്യസ്തമായി ആര്യസമാജ വേദങ്ങള്‍ക്ക്് ഏറ്റവും ഉയര്‍ന്ന ദൈവശാസ്ത്രപദവി നല്‍കുകയും സമകാല ഹിന്ദുമതം വേദകാല മതരൂപത്തെ പൂര്‍ണമായും പിന്തുടരാത്തത് ജീര്‍ണതയായി നോക്കിക്കാണുകയും ചെയ്തു. അവര്‍ സ്വയം ആര്യന്മാര്‍ എന്നാണു വിശേഷിപ്പിച്ചിരുന്നത്, ഹിന്ദു എന്നല്ല. പശുസംരക്ഷണം അടക്കമുള്ള അജണ്ടകള്‍ക്ക് (ഗോരക്ഷിണി സഭ) നിയതമായ രാഷ്ട്രീയരൂപം നല്‍കിയത് ആര്യസമാജം ആയിരുന്നു. ഹൈന്ദവേതര മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് തിരിച്ചുപോകാനുള്ള ശുദ്ധികര്‍മം ആവിഷ്കരിച്ചുകൊണ്ട് ആര്യസമാജം ഇന്നുകാണുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് അടിത്തറ ഇടുകയായിരുന്നു.
1857ലെ സമരപരാജയത്തിനു ശേഷമുള്ള കാലത്താണ് നവഹൈന്ദവ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നത്. അതിന്‍െറ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാനങ്ങള്‍ ചരിത്രരഹിതമായ വേദവിചാരവും കടുത്ത മുസ്ലിം വിരുദ്ധതയുമായിരുന്നു. അക്കാലത്തെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഈ രണ്ട് ധാരകളും ശക്തമായി കടന്നുവന്നിരുന്നു. വൈദികകാല മതത്തില്‍നിന്ന് ഇന്ത്യ പിന്നോട്ടുപോയതാണ് പില്‍ക്കാലത്തെ തകര്‍ച്ചക്കുള്ള കാരണം എന്നതായിരുന്നു നവഹൈന്ദവരാഷ്ട്രീയത്തിന്‍െറ പ്രധാന നിഗമനങ്ങളിലൊന്ന്. ഇതിനു പിന്നില്‍ രണ്ടാം സഹസ്രാബ്ദം മുതല്‍ ഇന്ത്യന്‍ പ്രവിശ്യകള്‍ക്കുമേല്‍ മുസ്ലിം ഭരണാധികാരികള്‍ക്ക് അധികാരം ലഭിച്ചതാണ് എന്നും അവര്‍ നിഗമനത്തിലത്തെി. വൈദികകാലത്തെ സാമൂഹികവ്യവസ്ഥയെ ഉദാത്തീകരിക്കുന്ന ചില സമീപനങ്ങള്‍ ഇക്കാലത്ത് ഓറിയന്‍റലിസ്റ്റുകളുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നത് വിസ്മരിക്കാന്‍ കഴിയില്ല.
ഇന്ത്യയില്‍ എമ്പാടും ശക്തമായിക്കൊണ്ടിരുന്ന ഈ സമീപനത്തിന് ഒരു പരിധിവരെ തടയിട്ടത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ ആവിര്‍ഭാവം ആയിരുന്നു. വളരെ പെട്ടെന്ന് ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യ സങ്കല്‍പരങ്ങള്‍ക്കും മുതലാളിത്ത വികസനമോഹങ്ങള്‍ക്കും വേദിയാവാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞതോടെ വൈദിക മതരാഷ്ട്രവാദം പിന്നിലേക്ക് തള്ളപ്പെട്ടു. അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്‍െറയും ഒക്കെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായ സാമൂഹികമുന്നേറ്റങ്ങള്‍ വൈദിക മതരാഷ്ട്രവാദത്തിന്‍െറ ചുവടുപിടിച്ചുള്ളതായിരുന്നില്ല; ‘ബംഗാളിലെ നവോത്ഥാനം’ എന്നൊക്കെയുള്ള അമൂര്‍ത്തവും ചരിത്രവിരുദ്ധവുമായ സങ്കല്‍പങ്ങളോട് കൂട്ടിക്കെട്ടാന്‍ കഴിയുന്നതുമല്ല. ഗുരുവിന്‍െറ ആദ്യകാല ഹൈന്ദവസമീപനം പോലും ആര്യസമാജിന്‍െറയും ബ്രഹ്മസമാജിന്‍െറയും ഒന്നും മതരാഷ്ട്രവാദ സമീപനത്തെ സ്വീകരിക്കുന്നതായിരുന്നില്ല. എസ്.എന്‍.ഡി.പിയുടെ ഞാന്‍ കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തമായ മുദ്രാവാക്യം വൈദികമതരാഷ്ട്രവാദത്തെ വെല്ലുവിളിക്കുന്നതാണ്.
‘ഭാരതമൊന്നായ് തീരണമെങ്കില്‍
ആര്യവിചാരം പോയെ തീരൂ
ആര്യവിചാരം പോകണമെങ്കില്‍
ഗുരുവിന്‍ വഴിയെ പോയെതീരൂ’ എന്നതാണത്. ഇനി ഒരിക്കലും ഈ മുദ്രാവാക്യം വെള്ളാപ്പള്ളി നടേശന്‍െറ തൊണ്ടയില്‍നിന്ന് ഉയരില്ല.
ഇന്ന് ആര്യവിചാരത്തിന്‍െറ പിന്നാലെ പോകുന്ന എസ്.എന്‍.ഡി.പി, ഇനി തിരിച്ചുവരാന്‍ കഴിയാത്തവണ്ണം ഗുരുവിന്‍െറ വഴിയില്‍നിന്ന് മാറിപ്പോയിരിക്കുന്നു. കേരളത്തിന്‍െറയോ ഭാരതത്തിന്‍െറയോ പ്രബുദ്ധമായ രാഷ്ട്രീയചരിത്രത്തോട് പ്രതിബദ്ധതയുള്ള ആര്‍ക്കും ഈ മാര്‍ഗഭ്രംശത്തിന്‍െറ പെട്ടിയില്‍ വോട്ടു സമര്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് എന്‍െറ ഉറച്ചവിശ്വാസം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2015 7:45 AM GMT Updated On
date_range 2015-10-27T13:15:30+05:30ഉപേക്ഷിക്കപ്പെട്ട ഗുരുവിന്‍െറ വഴി
text_fieldsNext Story