നമ്മുടെ ഭാരതത്തെ ഒരുമിപ്പിച്ചുനിര്‍ത്തുന്ന വലിയ ഘടകങ്ങളിലൊന്നായ സഹിഷ്ണുത സമൂഹത്തില്‍ കുറഞ്ഞുവരുന്നത് വളരെ അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു. എല്ലാത്തിനെയും ഉള്‍ക്കൊള്ളലാണ് ഈ മഹാരാജ്യത്തിന്‍െറ പാരമ്പര്യമെന്ന കാര്യം വിസ്മരിക്കപ്പെടുമ്പോള്‍ സംഭവിക്കുക ഭാരതത്തിന്‍െറ അന്തച്ഛിദ്രം തന്നെയായിരിക്കും. ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നുമുള്ള വേര്‍തിരിവ് നമ്മുടെ രാജ്യത്ത് ശക്തമായി വരികയാണ്. ആശയസമന്വയത്തിനുള്ള മേഖലകളുണ്ടെങ്കിലും എല്ലാവരും ചിന്തിക്കുന്നത് ഭിന്നതയുടെ വഴികളാണ്. പൊരുത്തപ്പെടലിനോട് ആര്‍ക്കും താല്പര്യമില്ല.
അന്ധമായ മതവിശ്വാസം ഒരു പാവപ്പെട്ടവന്‍െറ ജീവനെടുക്കുന്നതില്‍ കലാശിച്ചിരിക്കുന്നു. സ്വതന്ത്രചിന്ത വെച്ചുപുലര്‍ത്തുന്നവര്‍ വധിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും അസഹിഷ്ണുതയുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നു. ആധ്യാത്മികതയുടെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും പൈതൃകവും പേറുന്ന ഭാരതത്തിന് തീരാകളങ്കമാണ് ഇത്തരം കാര്യങ്ങള്‍. ഗ്രാമത്തിലോ, നഗരത്തിന്‍െറ ഒരു കോണിലോ നടക്കുന്ന ഇത്തരം സംഭവങ്ങളുടെ അലയൊലികള്‍ രാജ്യത്തുടനീളം അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വിതക്കാന്‍ പര്യാപ്തമാണെന്ന കാര്യം നാം തിരിച്ചറിയുകയും അതിനെതിരേ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതാണ്. അസഹിഷ്ണുതയുടെ പേരില്‍ ഏതെങ്കിലുമൊരാളുടെ മുഖത്ത് ഒഴിക്കുന്ന കരിഓയില്‍ യഥാര്‍ഥത്തില്‍ ഭാരതാംബയുടെ മുഖത്താണ് പതിക്കുന്നതെന്നും ഭാരതാംബ ലോകരാജ്യങ്ങള്‍ക്ക് നടുവില്‍ അവഹേളനമേറ്റ് നില്‍ക്കേണ്ടിവരുമെന്നും നാം തിരിച്ചറിയണം.
തങ്ങളുടെ മതവിശ്വാസത്തെ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്രയധികം ആളുകള്‍ ഒരുമിച്ചുകഴിയുന്ന ഒരു രാജ്യം ലോകത്ത് വേറൊന്നില്ല. ആ സത്യം നാം നന്നായിത്തന്നെ മനസ്സിലാക്കണം. നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. എല്ലാ പ്രമുഖ മതങ്ങളിലും വിശ്വസിക്കുന്നവര്‍ ഇവിടെയുണ്ട്. അവരെല്ലാം ചേര്‍ന്നതാണ് ഇന്ത്യ. മതവും വംശീയതയും ആശയങ്ങളുമെല്ലാം ലോകത്തുടനീളം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ഇന്ത്യ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കേണ്ടത് വ്യത്യസ്ഥ മതങ്ങളും ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളവര്‍ സമാധാനത്തില്‍ ഒരുമിച്ചുജീവിക്കുന്ന ഒരിടം എന്ന നിലയിലായിരിക്കണം.
പൗരന്മാര് പരസ്പരം പുലര്‍ത്തുന്ന വിശ്വാസമാണ് സമൂഹത്തില്‍ സുരക്ഷിതത്വബോധം നിലനിര്‍ത്തുന്നത്. സമൂഹത്തില്‍ വിതക്കപ്പെടുന്ന അരക്ഷിതാവസ്ഥമൂലം ഉണ്ടാകുന്ന മുറിവുകള്‍ കാലത്തിനുപോലും ഉണക്കാന്‍ കഴിയാത്ത വലിയ മുറിവുകളായി പിന്നീട് തീര്‍ന്നേക്കാം. തന്‍െറ മതം മാത്രമാണ് സത്യത്തിലേക്കുള്ള ഏക വഴിയെന്ന അന്ധവിശ്വാസവും അധികാരത്തിനും ആള്ബലത്തിനുമടക്കം സാധാരണക്കാരെ തെറ്റായ ഉപദേശങ്ങളിലൂടെ വഞ്ചിക്കുന്ന രാഷ്ട്രീയ, മതനേതാക്കളും ഇന്ത്യയുടെ അസഹിഷ്ണുതയില്‍ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്. രാഷ്ട്രീയ, മത നേതാക്കള്‍ സമാധാനത്തിന്‍െറ ഏജന്റുമാരാകേണ്ടതിനുപകരം വിദ്വേഷത്തിന്‍െറയും പകയുടെയും വിത്തുകള്‍ വിതക്കുന്നവരായിത്തീര്ന്നിരിക്കുകയാണ്. ദേശസ്നേഹത്തിന്‍െറയും മതത്തിന്‍െറയും പേരില്‍ വെറുപ്പ് പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയുകയും അക്രമരഹിത മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്പിക്കുകയുമാണ് വേണ്ടത്. നമുക്ക് ശ്രദ്ധിക്കാന്‍ വേറെ ഏറെ കാര്യങ്ങളുണ്ട്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്ത ഏതാണ്ട് 40 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യമാണിത്. ഒട്ടുമിക്ക രാജ്യങ്ങളുടെയും മൊത്തം ജനസംഖ്യപോലും ഇത്രയും വരില്ല. പാര്‍പ്പിടമടക്കമുള്ള പല വിഷയങ്ങളിലും സമത്വം ഇനിയും ഏറെ ദൂരെയാണ്. ജാതിപ്പിശാചിനെ തൂത്തെറിയാനായിട്ടില്ല. നിരക്ഷരത, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അങ്ങനെ പരിഹരിക്കപ്പെടേണ്ടതായ മറ്റ് അനവധി പ്രശ്നങ്ങള്‍. ഇവക്കെല്ലാമെതിരെ ഒത്തൊരുമിച്ചുപോരാടേണ്ടവര് പരസ്പരം തല്ലാനും കൊല്ലാനും ഇറങ്ങിയാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ആഴത്തില്‍ ആലോചിക്കണം.
ശാസ്ത്രത്തിന്‍െറയും സാങ്കേതികവിദ്യയുടെയും അതിവേഗത്തിലുള്ള വളര്‍ച്ചമൂലം മനുഷ്യകുലം ഭൗതികമായി ഏറെ പുരോഗമിച്ചിരിക്കാം. നമ്മള് ഇന്നനുഭവിക്കുന്ന സൗകര്യങ്ങള്‍ ഒരമ്പതുകൊല്ലം മുമ്പുവരെ ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് സങ്കല്പിക്കാന്പോലും കഴിയാതിരുന്നവയായിരിക്കാം. പക്ഷേ, തതുല്യമായി മനസ്സിന് വികാസം സംഭവിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ നാം വിചിന്തനം നടത്തണം. മനസ്സ് ആകാശംപോലെ വിശാലമാകണമെന്നും ഹൃദയം കടലുപോലെ ആഴമുള്ളതാകണമെന്നുമുള്ള മഹാത്മാക്കളുടെ ദര്‍ശനങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നില്ല. നമ്മുടെ മനസ്സ് അനുദിനം ചെറുതായി ചെറുതായി വരികയാണ്. അതുകൊണ്ടാണ് നമുക്ക് നമ്മുടെ സഹോദരന്‍െറ ജീവിതരീതി ഉള്‍ക്കൊള്ളാനാകാത്തത്, അവന്‍െറ ഭക്ഷണശീലം കൊലക്ക് പ്രേരണയാകുന്നത്, അവന്‍െറ വിമര്‍ശങ്ങള്‍ക്ക് മറുപടിയായി തോക്കെടുക്കുന്നത്.
അസഹിഷ്ണുതയുടെ ഈ കാലത്തില്‍ സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ മതേതരത്വത്തിനും മതനിരപേക്ഷതക്കും ഏറെ പ്രസക്തിയുണ്ട്. മതാന്തരസംവാദങ്ങളിലൂടെയും തുടര്‍ചര്‍ച്ചകളിലൂടെയും മതേതരത്വം എന്ന ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരണം. എല്ലാ മതങ്ങളുടെയും അന്തസാരം ഈശ്വരസാക്ഷാത്കാരമാണെന്നും മതസ്ഥാപകര്‍ വെറുക്കാന്‍ പഠിപ്പിച്ചിരുന്നില്ളെന്നും മതനേതാക്കള്‍ അനുയായികളെ ബോധവത്കരിക്കണം. സ്ഥാപിത താല്പര്യത്തോടെ തങ്ങളെ ചൂഷണം ചെയ്തേക്കാവുന്ന മത-രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ജനങ്ങളും കരുതിയിരിക്കണം.