Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതാഴ്വര കൂടുതല്‍...

താഴ്വര കൂടുതല്‍ മരവിച്ചിരിക്കുന്നു

text_fields
bookmark_border
താഴ്വര കൂടുതല്‍ മരവിച്ചിരിക്കുന്നു
cancel

സംസ്ഥാനത്ത് മാട്ടിറച്ചി നിരോധം സംബന്ധിച്ച് നിലനില്‍ക്കുന്ന ‘പുരാതന’ നിയമത്തെക്കുറിച്ചുള്ള വിവാദം അവസാനിപ്പിക്കാനാണ് യഥാര്‍ഥത്തില്‍ ഒക്ടോബര്‍ 16ലെ വിധിയിലൂടെ കശ്മീര്‍ ഹൈകോടതി ശ്രമിച്ചത്. മാട്ടിറച്ചി നിരോധവുമായി ബന്ധപ്പെട്ട്  രണ്ട് വിധികള്‍ നേരത്തെ ജമ്മുവിലെയും ശ്രീനഗറിലേയും ഡിവിഷന്‍ ബെഞ്ചുകളില്‍നിന്ന് ഉണ്ടായിരുന്നു. രണ്ടും പരസ്പരം വൈരുധ്യമുള്ള വിധികളായിരുന്നു. നിരോധം കര്‍ശനമായി നടപ്പാക്കണമെന്നാണ് ജമ്മു ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്. ശ്രീനഗര്‍ ബെഞ്ചാകട്ടെ, നിരോധത്തിന്‍െറ ഭരണഘടനാ സാധുത ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാറിന്‍െറ അപേക്ഷയില്‍ സുപ്രീംകോടതി ഇടപെടുന്നതും ഹൈകോടതിയുടെ വിപുല ബെഞ്ചിനെ കാര്യങ്ങള്‍ ഏല്‍പിക്കുന്നതും. ഈ ബെഞ്ച്, നേരത്തേയുള്ള രണ്ട് ഉത്തരവുകള്‍ റദ്ദാക്കുക മാത്രമല്ല, സംസ്ഥാനത്ത് വിവിധ മതവിഭാഗക്കാര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ സാഹിദ് റസൂല്‍ ഭട്ട് എന്ന ചെറുപ്പക്കാരന്‍ ജീവനുവേണ്ടി പിടയുകയായിരുന്നു. ഒക്ടോബര്‍ ഒമ്പതിന് രാത്രി ഉദ്ദംപൂരില്‍വെച്ച് സാഹിദിന്‍െറ ട്രക്കിനുനേരെ ഒരുസംഘം ഹിന്ദുത്വ തീവ്രവാദികള്‍ പെട്രോള്‍ ബോംബ് പ്രയോഗിക്കുകയായിരുന്നു. ഡ്രൈവറായ സാഹിദിനും ഒപ്പമുണ്ടായിരുന്ന ആളിനും 70 ശതമാനം പൊള്ളലേറ്റു. ഒക്ടോബര്‍ പത്തിന് സാഹിദ് മരണത്തിന് കീഴടങ്ങി. ‘എന്‍െറ ഉമ്മ എന്നെ കാത്തിരിക്കുന്നു, നമുക്ക് വീട്ടിലേക്ക് മടങ്ങാം’ -ഇങ്ങനെയായിരുന്നു ഈ യുവാവിന്‍െറ അവസാന വാക്കുകള്‍.
തൊട്ടടുത്ത ദിവസം, സാഹിദിന്‍െറ മരണത്തില്‍ അനുശോചിച്ച് കശ്മീര്‍ താഴ്വരയിലും ജമ്മുവിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിലും ബന്ദ് ആചരിച്ചു. സംസ്ഥാനത്തിന്‍െറ വലിയൊരു ഭാഗം അന്ന് നിശ്ചലമായി. കേന്ദ്രത്തിലും സംസ്ഥാനത്തും ഹിന്ദുത്വവാദികള്‍ ഭരണത്തില്‍ പിടിമുറുക്കിയതിന്‍െറ പ്രതിഫലനമായിട്ടാണ്  സാഹിദ് സംഭവം പൊതുവില്‍ വിലയിരുത്തപ്പെട്ടത്. എട്ടുമാസം മുമ്പ്, ബി.ജെപിയുമായി ചേര്‍ന്ന് കശ്മീരില്‍ സര്‍ക്കാര്‍ രൂപവതക്രിച്ച മുഫ്തി മുഹമ്മദ് സഈദിന് തന്‍െറ മന്ത്രിസഭയില്‍ ഹിന്ദുത്വയുടെ സ്വാധീനം ഇനിയും വ്യക്തമായിട്ടില്ളെന്ന് വേണം കരുതാന്‍. സ്വതന്ത്ര എം.എല്‍.എ ആയ എന്‍ജിനീയര്‍ റാഷിദിനെ സാമാജികര്‍ക്കുള്ള ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന്‍െറ പേരില്‍ ബി.ജെ.പിയുടെ നിയമസഭാംഗങ്ങള്‍ മര്‍ദിച്ചത് മുഫ്തി മുഹമ്മദ് സഈദിന്‍െറ സാന്നിധ്യത്തിലായിരുന്നുവെന്ന കാര്യം ശ്രദ്ധിക്കുക. രാജ്യമൊട്ടാകെ അലയടിക്കുന്ന ബീഫ് നിരോധ വിവാദ പശ്ചാത്തലത്തിലായിരുന്നു റാഷിദ് പ്രതിഷേധ സൂചകമായി ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ ഹിന്ദുസേന പ്രവര്‍ത്തകരുടെ കരിമഷി പ്രയോഗത്തിനും അദ്ദേഹം ഇരയായി.
സാഹിദിന്‍െറ മരണശേഷം, തെക്കന്‍ കശ്മീരില്‍ ജനരോഷം തിളക്കുന്നുണ്ട്. ഈ മേഖലകളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ഫ്യൂ പ്രതീതിയാണ്. വിഘടനവാദി നേതാക്കള്‍ പലരും വീട്ടുതടങ്കലിലാണ്. ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവക്ക് കര്‍ശന നിയന്ത്രണം വേറെയുമുണ്ട്. ബി.ജെ.പി-പി.ഡി.പി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇതുതന്നെയാണ് ഇവിടത്തെ അവസ്ഥ. ജനങ്ങളുടെ അതൃപ്തി തണുപ്പിക്കാന്‍ ചില പൊടിക്കൈകളൊക്കെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ട്. സാഹിദിന്‍െറ മൃതദേഹം സ്വീകരിക്കാന്‍ മകളും പാര്‍ലമെന്‍റ് അംഗവുമായ മെഹ്ബൂബ മുഫ്തിയെ പറഞ്ഞയച്ചതും മരണത്തില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തിയതും നഷ്ടപരിഹാരം പ്രഖ്യാപിച്ചതുമെല്ലാം അതിന്‍െറ ഭാഗമായിട്ടാണ്. പക്ഷേ, അതുകൊണ്ടൊന്നും ഭരണകക്ഷികള്‍ക്കിടയിലെ  താല്‍പര്യങ്ങളുടെ വൈരുധ്യങ്ങള്‍ മറച്ചുവെക്കാനാകില്ല.
തീര്‍ച്ചയായും ഈ ഭരണസഖ്യത്തില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകയുന്നുണ്ട്. ബി.ജെ.പിയും തങ്ങളുടെ പാര്‍ട്ടിയും മിക്കപ്പോഴും രണ്ട് ധ്രുവങ്ങളിലാണെന്ന് തുറന്നുപറഞ്ഞത് മുഫ്തി മുഹമ്മദ് സഈദ് തന്നെയാണല്ളൊ. ഈ സര്‍ക്കാറിന്‍െറ തുടക്കം മുതലേ ഈ കല്ലുകടി പ്രകടമായിരുന്നു. അണികള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ക്കും, ഒരു വേള സംഘര്‍ഷത്തിനുവരെ കാരണമായ പ്രതികരണങ്ങള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുമുണ്ടായി. അതിനെയൊന്നും ചെറുക്കാന്‍ പി.ഡി.പിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞില്ല. ഈ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും മുഫ്തി മുഹമ്മദ് സഈദിന് ആകെയുള്ള ആശ്വാസം ബി.ജെ.പിയുടെതന്നെ നേതൃത്വത്തിലുള്ള കേന്ദ്രത്തില്‍നിന്നുള്ള സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ്. പക്ഷേ, അവിടെയും അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വന്നിരിക്കുന്നു. 2014ലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെയും വീട് നഷ്ടപ്പെട്ടവരുടെയും കുടുംബത്തിനുള്ള സഹായത്തുക ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ്. അതുപോലും ഇതുവരെ മോദി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മോദിയിലുള്ള പ്രതീക്ഷയെല്ലാം പാഴായിരിക്കുന്നു.
2008ല്‍, അമര്‍നാഥ് ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, കശ്മീരിലെ ഹിന്ദുത്വവാദികള്‍ സംസ്ഥാനത്ത് ഒരുതരം സാമ്പത്തിക ഉപരോധം അവിടെയുള്ള മുസ്ലിം വ്യാപാരികള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്നു. സാഹിദിന്‍െറ ട്രക്കിനുനേരെയുള്ള ആക്രമണവും അതുപോലെ മറ്റൊന്നാണോ എന്ന ആശങ്ക ഇവിടത്തെ മുസ്ലിം വ്യാപാരികള്‍ പങ്കുവെക്കുന്നുണ്ട്. കശ്മീര്‍ താഴ്വരയിലേക്കുള്ള പ്രധാന വ്യാപാരപാത ശ്രീനഗര്‍-ജമ്മു നാഷനല്‍ ഹൈവേയാണ്. ഈ ഹൈവേയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് താഴ്വരയിലെ വ്യാപാരികളെ ഭയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്താനാണ് ഉദ്ദംപൂരിലെയും മറ്റും ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്. ഉദ്ദംപൂരിലെ ഈ ഓപറേഷനിലാണ് സാഹിദ് കൊല്ലപ്പെടുന്നത്.
എട്ടുമാസത്തിനിടെ, മുഫ്തിയുടെ ഏക വികസനപ്രവര്‍ത്തനം എന്നുപറയുന്നത് താഴ്വരയിലേക്കുള്ള റോഡുകള്‍ നവീകരിച്ചതാണ്. എങ്കിലും ഇവിടത്തെ സുരക്ഷാ ക്രമീകരണങ്ങളൊക്കെയും അദ്ദേഹത്തിന്‍െറ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷയുടെ പേരില്‍ സകല മനുഷ്യാവകാശങ്ങളും ഇവിടെ ലംഘിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തില്‍ അധികൃതരുടെ സമീപനം തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ഇന്‍റര്‍നെറ്റ് സംവിധാനങ്ങളെല്ലാം നിശ്ചലമാക്കിക്കൊണ്ട്  ആഘോഷദിനത്തില്‍ താഴ്വരയെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തി. പതിവുപോലെ പല വിഘടനവാദി നേതാക്കളെയും വീട്ടുതടങ്കലിലാക്കി. കന്നുകാലികളെ ബലിയറുക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുമോ എന്ന് സര്‍ക്കാറിന് ആശങ്കയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍, അത് സംഘര്‍ഷത്തിന് ഇടയാക്കും. മാട്ടിറച്ചിനിരോധം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന, അഞ്ച് ബില്ലുകള്‍  തള്ളുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് ഈ പ്രശ്നം മുഫ്തി മുഹമ്മദ് സഈദ് പരിഹരിച്ചത്. ഇപ്പോഴത്തെ മാട്ടിറച്ചി വിവാദത്തെ മുഖ്യമന്ത്രി അതിജയിക്കുമായിരിക്കും. പക്ഷേ, ഈ സര്‍ക്കാറിന്‍െറ വിശ്വാസ്യത എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

Show Full Article
TAGS:
Next Story