സി.പി.എമ്മിലെ ഒരു വിഭാഗത്തിന് രണ്ടു ദശാബ്ദക്കാലമായി മുസ്ലിം ലീഗില്‍ ഒരു കണ്ണുണ്ട്. ലീഗിന് തിരിച്ചും ചില ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുകയും യു.ഡി.എഫിന്‍െറ കെട്ടുറപ്പ് കുറയുകയും ചെയ്യുന്നു എന്നു തോന്നുമ്പോഴാണ് ലീഗില്‍ ഇത്തരം ചിന്തകള്‍ക്ക് നിറംവെക്കാറുള്ളത്. സ്വന്തം മുന്നണിബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇരു പാര്‍ട്ടികളും എക്കാലവും തെരഞ്ഞെടുപ്പുകളില്‍ ഈ അനുഭാവ സമീപനം ഉദാരവത്കരിക്കാറുമുണ്ട്. അതിന് സി.പി.എം നല്‍കിയ ഓമനപ്പേരാണ് അടവുനയം. ഇക്കുറി ഈ ഉദാരവത്കരണം കുറച്ചു കൂടുതല്‍ പരിധിവിട്ടതാണ് സമീപകാലത്തെ അസ്വാരസ്യങ്ങള്‍ക്കു കാരണം. മലപ്പുറത്തും സമീപ ജില്ലകളിലും ലീഗും സി.പി.എമ്മും കാര്യമായി കൈകോര്‍ത്തു. ഇന്ദിര ഭവനില്‍ ഇനി എത്ര യോഗങ്ങള്‍ കൂടിയാലും ഈ സൗഹൃദം തെരഞ്ഞെടുപ്പ് കഴിയുംവരെ മാറില്ല. അത് ഉമ്മന്‍ ചാണ്ടിക്കറിയാം. വി.എം. സുധീരനറിയാം, പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മറ്റു നേതാക്കള്‍ക്കും അറിയാം. ലീഗ് നേതാക്കള്‍ അത് ഏറ്റുപറഞ്ഞുകഴിഞ്ഞു. അവര്‍ക്ക് അതിന് ന്യായീകരണവുമുണ്ട്. കോണ്‍ഗ്രസ് നീചമായി പെരുമാറിയാല്‍ പിന്നെ എന്തു ചെയ്യും. ചിലയിടത്ത് ലീഗ് ഒറ്റക്കും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷവും ഈ അവിശുദ്ധ സഖ്യം തുടരും എന്നു തുറന്നുപറയാന്‍ ലീഗ് നേതാക്കള്‍ മടിക്കുന്നില്ല. എങ്കിലും സംഭവിച്ചതിലുള്ള ദു$ഖം രേഖപ്പെടുത്തിയും അണികളുടെ എടുത്തുചാട്ടത്തില്‍ പഴിപറഞ്ഞും തല്‍ക്കാലം ചര്‍ച്ചകള്‍ക്ക് അര്‍ധവിരാമമിടും. അണികളുടെ അറിവുകേടും എടുത്തുചാട്ടവുമായി ചിത്രീകരിക്കപ്പെടുകയും മേലില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള വഴികളെപ്പറ്റി ചര്‍ച്ചചെയ്തു പിരിയുകയും ചെയ്യും.
ഇക്കുറി സുധീരന്‍ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ മറ്റൊന്നുകൂടി ഉണ്ടായി. മലപ്പുറത്തിനു പുറത്തേക്ക് മുന്നണിഇതര സഖ്യങ്ങള്‍ വ്യാപിപ്പിക്കേണ്ട എന്ന ഒരു തീരുമാനമാണത്. മലപ്പുറത്ത് എന്തുവന്നാലും അടവുനയം നിലനില്‍ക്കും എന്നിരിക്കെ, പുറത്തേക്കു കൂടി വ്യാപിക്കപ്പെടരുതെന്ന ബോധമാണ് ഈ തീരുമാനത്തിന് അടിസ്ഥാനം. എന്നാല്‍, തീരുമാനം വരും മുമ്പുതന്നെ സഖ്യം വേണ്ടവര്‍ കോഴിക്കോട് ജില്ലയിലടക്കം ലീഗിനും സി.പി.എമ്മിനും വേണ്ടിടത്തൊക്കെ സഖ്യം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. മലപ്പുറത്ത് 94 പഞ്ചായത്തുകള്‍ ഉള്ളതില്‍ 25 എണ്ണത്തിലെങ്കിലും സി.പി.എം സഖ്യമുള്ളതായാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. മറ്റു ജില്ലകളില്‍ വേറെയും.
ലീഗില്‍ കീഴ്ഘടകങ്ങളാണ് ഈവക തീരുമാനമെടുക്കുക. അതിനുള്ള പച്ചക്കൊടി ഒരിക്കലും ലീഗ് നേതൃത്വം താഴെവെച്ചിട്ടുമില്ല. സി.പി.എമ്മിലും ഈ കാര്യത്തില്‍ കേന്ദ്രവത്കൃത ജനാധിപത്യമൊന്നും ഇല്ല. കീഴ്ഘടകങ്ങള്‍ തീരുമാനിച്ചുകഴിയുമ്പോള്‍ മാത്രം കേന്ദ്രീകൃത നേതൃത്വം കണ്ണടച്ചുകൊണ്ട്, അടവുനയം എന്ന് നൂറ്റൊന്നാവര്‍ത്തിക്കും. അത്രതന്നെ. തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണിയായി ഭരിക്കണമെന്ന നിര്‍ബന്ധം ലീഗിനുമില്ല, കോണ്‍ഗ്രസിനും സി.പി.എമ്മിനുമില്ല. അതിനാല്‍ അടവും നയവും തദ്ദേശഭരണത്തിലും കാണാം. മുന്നണിയും ബന്ധവുമൊക്കെ ആത്മീയ കാര്യങ്ങളില്‍ മാത്രം മതി. ഭൗതിക കാര്യങ്ങളില്‍ ഭൗതികതയെ വിശ്വസിക്കുന്നവരാണല്ളോ നല്ലത്. ഇതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കംതന്നെ. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടവുനയം വേറെയായിരിക്കും എന്നു മാത്രം. അത് സംസ്ഥാന നേതൃത്വമായിരിക്കും തീരുമാനിക്കുക. പതിവുപോലെ വി.എസും കൂട്ടുകാരും അതിനെ തള്ളിപ്പറയുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിലെ അടവുനയത്തെ എം.എ. ബേബിയും മറ്റും തള്ളിപ്പറഞ്ഞിട്ടുണ്ടല്ളോ. അത് മറ്റൊരു അടവായി മാത്രമേ നേതൃത്വം കാണൂ. ഇങ്ങനെ എത്രയെത്ര അടവുകള്‍ പയറ്റിയാലാണ്, രാജ്യത്ത് സോഷ്യലിസം കൊണ്ടുവരാന്‍ കഴിയുക. ബംഗാളിലടക്കം മറ്റു സംസ്ഥാനങ്ങളില്‍ സോഷ്യലിസം എന്ന ലക്ഷ്യം നടപ്പാക്കിക്കൊണ്ട് പാര്‍ട്ടി പിന്മാറിയതും ഇത്തരം അടവുനയങ്ങള്‍ വഴിയായിരുന്നല്ളോ!
കോണ്‍ഗ്രസും മോശമല്ല. റെബലിസം നയമായി എന്നും അംഗീകരിച്ച പാര്‍ട്ടിയാണത്. ഏതു തെരഞ്ഞെടുപ്പിലും റെബലുകള്‍ കോണ്‍ഗ്രസില്‍ ഉറപ്പാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാത്ത റെബലുകള്‍ക്ക് ആദ്യം നോട്ടീസ് നല്‍കും. പുറത്താക്കുമെന്ന് വോട്ടെടുപ്പിനുമുമ്പ് ഭീഷണിപ്പെടുത്തും. വോട്ടെടുപ്പിന്‍െറ തലേന്ന് ചിലപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്യും. എന്നാല്‍, വോട്ടെണ്ണലില്‍ റെബലാണ് ജയിക്കുന്നതെങ്കില്‍ അയാള്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി മാറും. പിന്നെ പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഈ റെബല്‍. ഈ ഇടക്കാലപാരമ്പര്യം കീഴ്ഘടകങ്ങള്‍ ഇക്കുറിയും പരീക്ഷിച്ചിടത്താണ് തെറ്റിയത്. കോണ്‍ഗ്രസിന്‍െറ ഇടക്കാല പാരമ്പര്യം അറിയാത്ത വി.എം. സുധീരന് പിഴച്ചു എന്നേ പറയേണ്ടൂ. റെബലുകളെ പുറത്താക്കാനും റെബല്‍ സ്വഭാവം കാട്ടുന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും സുധീരന്‍ മുതിരരുതായിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യം അതല്ലല്ളോ. സീറ്റ് ആഗ്രഹിച്ചവരെല്ലാം പാര്‍ട്ടിയെ ധിക്കരിച്ച് സ്ഥാനാര്‍ഥികളായി. കീഴ്നേതാക്കള്‍ നടപടിയിലായപ്പോള്‍ തെരഞ്ഞെടുപ്പുരംഗം ആ പാര്‍ട്ടിക്കു മുന്നില്‍ ശുഷ്കമാകുകയും ചെയ്തു. അപ്പോള്‍ സഖ്യകക്ഷികള്‍ പ്രവര്‍ത്തിക്കാന്‍ ആളും സൗകര്യവുമുള്ള മറ്റു പാര്‍ട്ടികളെ തേടിപ്പോകുക സ്വാഭാവികം. ലീഗ് ഇക്കുറി അത്രേ ചെയ്തുള്ളൂ. അതിന് അടവുനയം എന്ന് പരിഹസിക്കുന്നവരല്ളേ വിവരദോഷികള്‍?
ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാലോ. ശേഷം ചിന്ത്യമെന്നാണ് ലീഗ് നേതാക്കളുടെ ആത്മഗതം. ഒന്നിച്ചുതന്നെ ഭരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കാനാകുമെങ്കില്‍ ഏതു സഖ്യവും പഥ്യമാകും എന്ന് മുന്നണിനേതൃത്വത്തെ ബോധ്യപ്പെടുത്തും. അതാണ് തുറുപ്പുശീട്ട്. ഈ കാര്‍ഡ് ഇറക്കിക്കഴിഞ്ഞാല്‍ ഏത് ഉമ്മന്‍ ചാണ്ടിയും താഴെ വരും. സീറ്റുചര്‍ച്ച സുഗമമാകും. ചോദിക്കുന്നതെല്ലാം കൈയില്‍ വരും. അതാണ് ലീഗിന്‍െറ അടവുനയം. പണ്ടൊക്കെ മുന്നണിബന്ധങ്ങള്‍ക്കായി വഴങ്ങുന്ന പാര്‍ട്ടിയായി ലീഗിനെ പഴയ ലീഡറും മറ്റും വാഴ്ത്തിയിട്ടുണ്ട്. ഇപ്പോള്‍ വാഴ്ത്തപ്പെടുന്നതില്‍ ലീഗിന് കാര്യമായ താല്‍പര്യമൊന്നുമില്ല. ചോദിക്കുന്നത് കിട്ടണം. അതിനുള്ള അര്‍ഹത പാര്‍ട്ടിക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തു സഖ്യമായാലും അവിശുദ്ധമായി ആരും കണക്കാക്കേണ്ടതില്ല. നാലു സീറ്റ് കൂടുതല്‍ കിട്ടുകയും നാലിടത്ത് കൂടുതലായി ഭരണം കിട്ടുകയും ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം മുന്നണിയില്‍തന്നെ പ്രതിഫലം കിട്ടും. അതിന് ഖിയാമം നാള്‍ വരെ കാത്തിരിക്കേണ്ടിവരുകയുമില്ല.
പഞ്ചായത്തിലും നഗരസഭകളിലും സഖ്യമായി എന്നുവെച്ച് യു.ഡി.എഫ് വിട്ടുപോകാന്‍ ലീഗ് അത്ര മടയരല്ളെന്നതാണ് കോണ്‍ഗ്രസിനെ ആശ്വസിപ്പിക്കുന്നത്. ഇന്നത്തെ നിലയില്‍ യു.ഡി.എഫിനെ ശക്തമാക്കാന്‍ സി.പി.എം തന്നെ ശ്രമിക്കുമ്പോള്‍ ലീഗ് എന്തിന് മടയത്തം കാട്ടണം? കേന്ദ്രഭരണവും കേരളത്തിലെ എസ്.എന്‍.ഡി.പി നിലപാടും സി.പി.എമ്മിനെ ദുര്‍ബലമാക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളിലെ ആശങ്ക യു.ഡി.എഫിന് അനുകൂലമാകുകയും ചെയ്തിരിക്കെ മുന്നണിച്ചാട്ടം മടയത്തമാകുമെന്ന് ലീഗിലെയും പല നേതാക്കളും കരുതുന്നുണ്ട്. മാത്രമല്ല, ഭരണതല നേട്ടങ്ങള്‍ക്ക് യു.ഡി.എഫുപോലെ മറ്റൊരു സംവിധാനവും ലീഗിന് ലഭിക്കാനില്ളെന്നിരിക്കെ ഈ തെരഞ്ഞെടുപ്പിലെ ഇപ്പോള്‍ കാട്ടുന്ന ശൂരത തദ്ദേശതലത്തില്‍ മാത്രം ഒതുങ്ങുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആശ്വസിക്കുന്നത്. അതേസമയം, സി.പി.എമ്മിലെ പല പ്രമുഖ നേതാക്കളും ഈ ബന്ധത്തിന് പലതരം മാനങ്ങള്‍ കാണുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് താങ്ങായി ലീഗിനെ സ്വപ്നംകാണുന്നവരാണ് സി.പി.എമ്മിലെ ചില നേതാക്കള്‍. എന്നാല്‍, ഈ സഖ്യം ഇടതുപക്ഷത്തിനെ ദുര്‍ബലമാക്കുമെന്ന് കരുതാനാണ് ഇടതുപക്ഷത്തെ ഇപ്പോഴത്തെ രണ്ടാം പാര്‍ട്ടിയായ സി.പി.ഐക്ക് ഇഷ്ടം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2015 7:18 AM GMT Updated On
date_range 2015-10-24T12:48:48+05:30അടവുനയം വീണ്ടും
text_fieldsNext Story